UPDATES

പരീക്കര്‍ മുഖ്യമന്ത്രി, താങ്കള്‍ ‘തെമ്മാടികള്‍’ എന്നു വിളിച്ചാക്ഷേപിച്ചത് മോദിയുടെ ടീം ഇന്ത്യയെ തന്നെയാണ്

ബീഫ് വിഷയത്തില്‍ ‘തെമ്മാടി’യായ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ‘നല്ലവനായ’ ഗോവന്‍ മുഖ്യമന്ത്രിക്കും

“കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ.” യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ തുടങ്ങിയവര്‍ക്ക് പിന്നാലെ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയെ രക്ഷിക്കാന്‍ എത്തിയതായിരുന്നു മനോഹര്‍ പരീക്കര്‍.

“ഗോവയും കേരളവും തമ്മിൽ വിദ്യാഭ്യാസം, സംസ്കാരം, ഭക്ഷണരീതി, ജല ലഭ്യത, ഹരിതാഭ തുടങ്ങിയ കാര്യങ്ങളിൽ സമാനതകളുണ്ട്. എന്നാൽ വ്യത്യാസം ഗോവ ബിജെപിയും കേരളം തെമ്മാടികളും ഭരിക്കുന്നു എന്നതാണ്”- ഇന്നലെ കൊല്ലത്ത് പരീക്കര്‍ ഇങ്ങനെ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ യാത്രയുടെ തുടക്കം മുതല്‍ കുമ്മനം കേട്ടുകൊണ്ടിരിക്കുന്ന പഴിയാണ്, പുറത്തു നിന്നെത്തുന്ന ബിജെപി നേതാക്കള്‍ കേരളത്തെ അപമാനിക്കുകയാണ് എന്ന പ്രചരണം. യാത്ര കേരളത്തിനെതിരല്ല എന്ന് ഒരു ഘട്ടത്തില്‍ കുമ്മനത്തിന് വിശദീകരിക്കേണ്ടി വരികപോലും ചെയ്തു. കേരളത്തെ ജിഹാദി സംസ്ഥാനം എന്നാണ് പല ദേശീയ നേതാക്കളും വിശേഷിപ്പിക്കുന്നത്. യു പിയെ കണ്ടു പഠിക്കൂ എന്ന യോഗി ആദിത്യനാഥിന്റെ ഉപദേശത്തെ അത്ര മൃഗീയമായാണ് സോഷ്യല്‍ മീഡിയ ട്രോളി കൊന്നത്.

ഈ ഒരു പശ്ചാത്തലത്തിലൊക്കെ ആയിരിക്കാം പ്രത്യേകിച്ച് യാതൊരു ജോലിയുമില്ലാത്തതിനാലാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിക്കുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കഴിഞ്ഞ ദിവസം പറയേണ്ടി വന്നത്.

കണ്ണന്താനം ബീഫ് പെരട്ട് (ഓണം സ്പെഷ്യല്‍)

മനോഹര്‍ പരീക്കര്‍ എന്തുപറഞ്ഞാലും ഗോവയും ഫെനിയും മലയാളിയുടെ പ്രിയപ്പെട്ട വാക്കുകളായി തുടരും എന്ന കാര്യത്തില്‍ സംശയമില്ല. വെക്കേഷന്‍ അടിച്ചുപൊളിക്കണം എന്നു പ്ലാന്‍ ചെയ്യുമ്പോള്‍ ഗോവയല്ലാതെ വേറെ ഏത് സ്ഥലമാണ് മലയാളി യുവാക്കളുടെ മനസില്‍ ഓടിയെത്തുക. ഗോവയുടെ സ്വന്തം മദ്യം ഫെനി ഒരു തവണയെങ്കിലും രുചിച്ചു നോക്കാന്‍ ആഗ്രഹിക്കാത്ത മദ്യപര്‍ ആരുണ്ടിവിടെ. പരീക്കര്‍ പറഞ്ഞതുപോലെ സമാനതകള്‍ ഒരുപാടുണ്ട് കേരളവും ഗോവയും തമ്മില്‍.

ഉത്തരേന്ത്യ മുഴുവന്‍ ബീഫിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന സംഘപരിവാര്‍ കലാപരിപാടി അരങ്ങേറുമ്പോള്‍ ഗോവയില്‍ ബീഫ് ലഭ്യത കുറഞ്ഞാല്‍ തൊട്ടടുത്ത കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യും എന്നു പറഞ്ഞ ‘ജനകീയ’ മുഖ്യമന്ത്രിയാണ് പരീക്കര്‍. ഈ പ്രസ്താവനയുടെ പേരില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ശകാരം കേട്ടയാളാണ് അദ്ദേഹം. ഗോവക്കാരുടെയും അവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെയും തീന്‍ മേശയില്‍ ബീഫ് എന്താണ് എന്നറിയാവുന്ന പരീക്കര്‍ ഈ കാര്യത്തില്‍ തന്റെ നിലപാട് മാറാന്‍ തയ്യാറായതുമില്ല. അതുകൊണ്ടു തന്നെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം മന്ത്രിയായി ചുമതല ഏറ്റയുടനെ ബീഫ് വിഷയത്തില്‍ ഉദ്ധരിച്ചത് പരീക്കറുടെ നിലപാടായതും. പിന്നീട് തിരുത്തി എങ്കിലും.

ബീഫ് വിഷയത്തില്‍ ‘തെമ്മാടി’യായ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ‘നല്ലവനായ’ ഗോവന്‍ മുഖ്യമന്ത്രിക്കും എന്നു സാരം.

ബീഫില്‍ മാത്രമല്ല. ഇന്നത്തെ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളം ഗോവയെ പോലെ ഫെനിയുണ്ടാക്കാന്‍ പോവുകയാണ് എന്നാണ്. ഏകദേശം 10,000 ടണ്‍ കശുമാങ്ങകളാണ് കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ അഴുകി നഷ്ടപ്പെട്ടു പോകുന്നത്. ഇവയെ നല്ല സുന്ദരന്‍ പാനീയങ്ങളാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കൃഷി വകുപ്പ്.

“ഇതിനെ ഫെനി എന്നു വിളിക്കാന്‍ കഴിയില്ല. കാരണം അത് ഗോവയുടെ സ്വന്തം പ്രൊഡക്ട് ആണ്. നമ്മുടെ ലക്ഷ്യം കശുമാങ്ങയില്‍ നിന്നും മദ്യം ഉണ്ടാക്കുക എന്നതല്ല. വൈനും മൃദുപാനീയങ്ങളും ഉണ്ടാകുകയാണ്”- കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഗോവയ്ക്ക് കശുമാങ്ങയില്‍ നിന്നും മദ്യം ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് കേരളത്തിന് സാധിക്കില്ല. നമ്മുടെ സ്വന്തം മദ്യമായ ജവാനെ അന്വേഷിച്ച് ബീവറേജസ് ഷോപ്പുകളില്‍ എത്തുന്നത് നിരവധി പേരാണ്. ചരക്ക് കിട്ടാതെ തിരിച്ചുപോകുന്നവരും. അതുപോലെ കേരളത്തിന്റെ സ്വന്തം കാശുമാങ്ങ കഷായം അഭിമാനത്തോടെ കുടിക്കുന്ന ഒരു കാലം ഇവിടുത്തെ മദ്യപന്‍മാര്‍ക്കും വേണ്ടേ, മന്ത്രി? സുനില്‍ കുമാറിനോട് ചോദിച്ചിട്ടെന്താ, ഉത്തരം പറയേണ്ടത് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനാണ്.

പരീക്കര്‍ മുഖ്യമന്ത്രിയോട് ഒരു കാര്യം കൂടി. താങ്കളുടെ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ടീം ഇന്ത്യയില്‍ കേന്ദ്ര മന്ത്രിസഭ മാത്രമല്ല, എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും മന്ത്രിമാരും ഒക്കെ ഉള്‍പ്പെടും. അങ്ങനെ നോക്കുമ്പോള്‍ ടീം ഇന്ത്യയെ തന്നെയാണ് താങ്കള്‍ തെമ്മാടികള്‍ എന്നു വിളിച്ചു അധിക്ഷേപിച്ചിരിക്കുന്നത്. ഒപ്പം മോദിയെയും. പ്രവര്‍ത്തകര്‍ പരസ്പരം എന്തും വിളിച്ചോട്ടെ. അത് രാഷ്ട്രീയം എന്നു പറഞ്ഞു തള്ളിക്കളയാം. എന്നാല്‍ അയല്‍ സംസ്ഥാന ഭരണാധികാരികളെ തെമ്മാടികള്‍ എന്നു വിളിച്ചത് തികഞ്ഞ ജനാധിപത്യ മര്യാദ കേടായിപ്പോയി. താങ്കളെപ്പോലെ തന്നെ ഭരണഘടനാപരമായി ജനം തിരഞ്ഞെടുത്ത ഒരു സര്‍ക്കാരും അതിനെ നയിക്കുന്ന ഒരു മുഖ്യമന്ത്രിയുമാണ്‌ ഇവിടെയുള്ളത് എന്നെങ്കിലും ഓര്‍ക്കണം; അങ്ങനെ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്ത മലയാളികള്‍ മുഴുവന്‍ തെമ്മാടികള്‍ ആണ് എന്നാണോ താങ്കള്‍ കരുതുന്നത്?

ഗോവ എന്നു കേട്ടാല്‍ തിളയ്ക്കും ഫെനി നമുക്ക് ഞരമ്പുകളില്‍, കേരളമെന്നു കേട്ടാല്‍ ബിജെപിക്കാര്‍ക്കോ..?

മറ്റ് ചില പ്രധാന വാര്‍ത്തകള്‍

വേങ്ങര തന്നെയാണ് മുഖ്യ ലീഡ്. എല്ലാ പത്രങ്ങളും അടിവരയിട്ടു പറയുന്ന ഒരു കാര്യം യുഡിഎഫിന് ഇത് ആശ്വാസ ജയം മാത്രമാണ് എന്നാണ്. മലയാള മനോരമ പോലും മുഖ്യ ലീഡില്‍ അമിതാഹ്ളാദം പ്രകടിപ്പിക്കുന്നില്ല. എന്തായാലും ലീഗിന് ഭയപ്പെടാനുള്ള ചില വിത്തുകള്‍ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. സിപിഎം വിചാരിച്ചാല്‍ അവരുടെ കോട്ടകൊത്തളങ്ങള്‍ പിടിച്ചെടുക്കാം. മറ്റൊന്നു എസ് ഡി പി ഐയുടെ വോട്ടില്‍ ഉണ്ടായ വര്‍ദ്ധനവ്.

വേങ്ങരയിലെ കണക്കുകള്‍, കളിയല്ല കാര്യമാണ്; എല്‍ഡി എഫിനും യുഡിഎഫിനും

ഐടി കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍ വാര്‍ത്ത മാതൃഭൂമി ഒന്നാം പേജില്‍ വേങ്ങരയോളം പ്രാധാന്യത്തോടെ നല്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 1000 പേര്‍ക്കാണ് കേരളത്തിലെ വിവിധ ഐടി കമ്പനികളില്‍ നിന്നായി ജോലി നഷ്ടപ്പെട്ടത്. ചിലര്‍ പിരിച്ചുവിടപ്പെടുമ്പോള്‍ മറ്റ് ചിലരെ നിര്‍ബന്ധിത രാജിക്ക് അവസരമുണ്ടാക്കി പുറത്തുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണ്. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന മുതിര്‍ന്ന ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടുന്നത്.

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളുടെ കരിയര്‍ അനിശ്ചിതത്വത്തില്‍; അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കൂട്ടപ്പിരിച്ചുവിടലിന് സാദ്ധ്യത

“താഴെ തട്ടിലുള്ള കമ്പനികള്‍ പ്രൊജക്ടുകള്‍ നല്‍കാതെയും മറ്റുമാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. എതിര്‍ക്കുന്നവരുടെ ലോഗിന്‍ ആക്സസുകള്‍ ഒഴിവാക്കും. പിന്നീട് നിരന്തര സമ്മര്‍ദത്തിലാക്കി രാജിയിലേക്ക് നയിക്കും”- അടുത്തിടെ ഒരു കമ്പനിയില്‍ നിന്നും പുറത്തുപോകേണ്ടി വന്ന ഒരു ജീവനക്കാരന്‍ പറഞ്ഞതായി എം ബഷീറിന്റെ റിപ്പോര്‍ട്ട് പറയുന്നു.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ബൊളീവിയന്‍ കാടുകള്‍

കുട്ടികള്‍ക്ക് മികച്ച ഉച്ചഭക്ഷണം നല്‍കുന്ന സ്കൂളുകള്‍ക്ക് പുരസ്കാരം നാല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ ഉച്ചഭക്ഷണ സംസ്ഥാന തല മോണിറ്ററിംഗ് സമിതിയാണ് തീരുമാനമെടുത്തത്. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ വളരെ മാതൃകാപരമായിട്ടാണ് മിഡ് ഡെ മീല്‍ പദ്ധതി കൈകാര്യം ചെയ്യുന്നത്. പല വിദ്യാലയങ്ങളിലും ഉച്ചഭക്ഷണം കൂടാതെ ആവശ്യമായ കുട്ടികള്‍ക്ക് രാവിലത്തെ പ്രാതലും നല്‍കാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്കൂള്‍ തലത്തിലുള്ള കമ്മിറ്റികളാണ് ഈ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും. സര്‍ക്കാരിന്റെ പുതിയ നീക്കം പോഷകാഹാര സമൃദ്ധമായ സദ്യ തന്നെ കുട്ടികള്‍ക്ക് നല്കാന്‍ സ്കൂളുകള്‍ക്ക് പ്രചോദനം ആവും എന്നു പ്രതീക്ഷിക്കാം. അപ്പോള്‍ പഠന നിലവാരത്തിലും അതിന്റെ ഫലം ഉണ്ടാകുകയും ചെയ്യും.

ബിജെപിക്കെതിരെ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തുകൊണ്ടുള്ള രാഷ്ട്രീയ നീക്കത്തിനെ സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. വി എസ്, യെച്ചൂരിയുടെ നിലപാടിനെ അനുകൂലിച്ചു എന്നൊരു ബോക്സ് വാര്‍ത്തയും കൌമുദി നല്കിയിട്ടുണ്ട്.

ബെംഗളൂരു നഗരത്തില്‍ നിന്നുളള വെള്ളപ്പൊക്ക വാര്‍ത്ത ആവര്‍ത്തിച്ചു വരുന്ന നഗരദുരന്തങ്ങളുടെ മറ്റൊരു ദൃഷ്ടാന്തമായിരിക്കുന്നു. 2015ല്‍ ചെന്നൈ, കഴിഞ്ഞ മാസം മുംബൈ, ഇപ്പോഴിതാ ബെംഗളൂരുവും.

ചെന്നൈ വെള്ളപ്പൊക്ക കാലത്ത് അഴിമുഖം പ്രസിദ്ധീകരിക്കുകയും കഴിഞ്ഞ മാസത്തെ മുംബൈ വെള്ളപ്പൊക്കത്തിന്റെ സമയത്ത് അഴിമുഖം ക്ലാസിക്കായി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത എഡിറ്റോറിയല്‍ താഴെ വായിക്കാം;

ചെന്നൈയില്‍ നിന്നും മുംബൈ പഠിക്കാത്തത്; അരാജക നഗരങ്ങളുടെ നേര്‍ക്കാഴ്ചകള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍