UPDATES

ട്രെന്‍ഡിങ്ങ്

ഗവര്‍ണ്ണര്‍ സദാശിവം തല്‍ക്കാലം രക്ഷപ്പെട്ടു; ബിജെപിക്കാരുടെ ‘ഭള്ള്’ വിളിയില്‍ നിന്ന്

ചില അസാധാരണ ഗവര്‍ണ്ണര്‍മാര്‍

ഇന്നലെ തികച്ചും അസാധാരണമായ ഒരു നീക്കം ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. തലസ്ഥാനത്തെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളില്‍ വിശദീകരണം തേടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും രാഷ്ട്രീയ സംഘട്ടനങ്ങള്‍ തുടര്‍ന്ന് വരികയാണ്. കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ അതിക്രൂരമായി വെട്ടിക്കൊല്ലുകയുണ്ടായി. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട്, ഇരു പാര്‍ട്ടികളിലും പെട്ട കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍മാരുടെ വീടുകള്‍, പ്രവര്‍ത്തകരുടെ വീടുകള്‍ എന്നിവ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു.

എന്തായാലും തന്റെ മൂക്കിന്‍ തുമ്പത്ത് നടക്കുന്ന നിയമലംഘനങ്ങളും ആക്രമ പ്രവര്‍ത്തനങ്ങളും സുപ്രീം കോടതി ചീഫ് ജസ്റ്റീസായി പിരിഞ്ഞ ജസ്റ്റീസ് പി സദാശിവത്തിന് കണ്ടു സഹിക്കാന്‍ പറ്റില്ല. രാജ്യത്തെ മറ്റ് ചില ഗവര്‍ണര്‍മാര്‍ക്ക് അങ്ങനെ സാധിച്ചെന്നു വരും. പ്രത്യേകിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ഹരിയാനയിലും മധ്യപ്രദേശിലുമൊക്കെ പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്ലീങ്ങളെയും ദളിതരെയും തല്ലിക്കൊല്ലുമ്പോള്‍ ഒരു ഗവര്‍ണറും ഒരു മുഖ്യമന്ത്രിയെയും രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയതായി കേട്ടിട്ടില്ല.

കഴിഞ്ഞ ദിവസം ബീഫ് കൈവശം വച്ചതായി പറഞ്ഞ് മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ ഗോരക്ഷകര്‍ മുസ്ലീം സ്ത്രീകളെ ആക്രമിക്കുകയുണ്ടായി. രണ്ട് സ്ത്രീകളെയാണ് അക്രമികള്‍ മര്‍ദ്ദിക്കുകയും തൊഴിക്കുകയും അസഭ്യം വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇത് ഈ വര്‍ഷത്തെ ഇരുപത്തിയേഴാമത്തെ ആക്രമണമാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: മധ്യപ്രദേശില്‍ ഗോരക്ഷകര്‍ മുസ്ലീംസ്ത്രീകളെ ആക്രമിച്ചു, ഈ വര്‍ഷത്തെ 27ാമത്തെ ബീഫ് ആക്രമണം

“അന്വേഷണ പുരോഗതി അറിയുന്നതിന് മുഖ്യമന്ത്രിയെയും ഡിജിപിയെയും രാജ്ഭവനില്‍ വിളിച്ചു വരുത്തി. അക്രമം നടത്തിയവര്‍ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ കര്‍ശന നടപടി ഏടുക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഡിജിപി സംസ്ഥാനത്തെ ക്രമസമാധാന നിലയും വിലയിരുത്തി”. ഇതാണ് ഗവര്‍ണറുടെ പത്രകുറിപ്പിലുള്ള വിശദീകരണം എന്ന് മാതൃഭൂമി. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചു വരുത്തുന്ന കാര്യം ട്വിറ്ററിലൂടെയാണ് ഗവര്‍ണ്ണര്‍ അറിയിച്ചത്.

എന്തായാലും സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഇപ്പോള്‍ ഹാപ്പിയാണ്. കഴിഞ്ഞ തവണ കണ്ണൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ക്ക് നല്കിയ പരാതി മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കുക മാത്രമാണ് പി സദാശിവം ചെയ്തത്. അന്ന് ഹാലിളകിയ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ചെയ്യേണ്ടത് ഒരു പോസ്റ്റ്മാന്‍റെ പണിയല്ല എന്ന് പരിഹസിക്കുകയും ഗവര്‍ണര്‍ക്ക് പിണറായിയെ കണ്ടാല്‍ മുട്ടുവിറയ്ക്കുമെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഒരുവില്‍ കാര്യം കൈവിട്ടു പോകും എന്ന് കണ്ടപ്പോള്‍ ബിജെപി ദേശീയ നേതൃത്വത്തിന് ഇടപെടേണ്ടി വന്നു ശോഭാ സുരേന്ദ്രന്‍, എം ടി രമേശാദികളെ നിലയ്ക്ക് നിര്‍ത്താന്‍.

Also Read: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്ന് എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത്തവണ ബിജെപിക്കാരുടെ ഭള്ള് വിളിയില്‍ നിന്നു എന്തായാലും സദാശിവം തത്ക്കാലം രക്ഷപ്പെട്ടു. മാത്രമല്ല തന്നെ ഇങ്ങോട്ടേക്ക് അയച്ച കേന്ദ്ര മേലാളന്‍മാരെ പ്രീതിപ്പെടുത്താനും പറ്റി. അതിന്റെ ഒരു അനുരണനം ഇതാ സുബ്രഹ്മണ്യന്‍ സ്വാമിയിലൂടെ ഇന്ന് പുറത്തു വന്നിരിക്കുന്നു. “ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന സി.പി.എം എന്നും, മതിഭ്രമം ബാധിച്ചവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമാണ് സ്വാമി ആരോപിച്ചിരിക്കുന്നത്.” സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറയുന്ന കേന്ദ്ര ഇടപെടല്‍ എന്നു പറഞ്ഞാല്‍ അത് പിണറായി സര്‍ക്കാരിനെ പിരിച്ചുവിടല്‍ തന്നെയാണ് എന്ന് സ്വാമി വ്യക്തമാക്കിയിരിക്കുന്നു.

Also Read: കേന്ദ്രം ഒരു ചുവട് കൂടി അടുത്തു; പിണറായി സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് സുബ്രമണ്യം സ്വാമി

അതേസമയം കഴിഞ്ഞ ആഴ്ചയാണ് മറ്റൊരു ഗവര്‍ണര്‍ ജനാധിപത്യത്തെ അപഹസിക്കുന്നത് നാം കണ്ടത്. അങ്ങ് ബീഹാറില്‍. നിതീഷ് കുമാര്‍ രാജിക്കത്ത് കൊടുത്തതിന് പിന്നാലെ ഏറ്റവും വലിയ കക്ഷിയായ ലാലുവിന്റെ പാര്‍ട്ടിയെ ചര്‍ച്ചയ്ക്കായി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി വിളിച്ചിരുന്നു. പക്ഷേ കാര്യങ്ങള്‍ മാറിമറഞ്ഞത് വളരെ പെട്ടെന്നാണ്. ഗവര്‍ണര്‍ ആര്‍ ജെ ഡി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് മുന്‍പ് തന്നെ നിതീഷിന് സത്യ വാചകം ചൊല്ലിക്കൊടുത്തു; ബിജെപി പിന്തുണയോടെ. ജനാധിപത്യം വളരെ ആഭാസകരമായ രീതിയില്‍ അട്ടിമറിക്കപ്പെട്ടു; ഗവര്‍ണ്ണറുടെ ഒത്താശയോടെ.

Also Read: മോദി 2019-നുള്ള വല നെയ്യുമ്പോള്‍

ഇനി ഗുജറാത്തിലേക്ക് നോക്കുക. തങ്ങളുടെ എംഎല്‍എമാരെ ബിജെപിയുടെ കാലുമാറ്റ പദ്ധതിയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ ഇങ്ങ് കര്‍ണ്ണാടകത്തിലേക്ക് നാടുകടത്തി കൊണ്ടുവന്നിരിക്കുകയാണ് ഗതികെട്ട കോണ്‍ഗ്രസ്. വരാന്‍ പോകുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ജനാധിപത്യത്തെ അട്ടിമറിക്കുന്ന അമിത് ഷാ സ്റ്റൈല്‍. തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജനവിധിയെ എങ്ങനെയാണ് അട്ടിമറിക്കപ്പെടുക എന്നതിന്റെ ക്ലാസിക് ഉദാഹരണങ്ങള്‍ കാശ്മീര്‍, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലും കണ്ടു. അതിന്റെ മറ്റൊരു രീതിയിലുള്ള പ്രയോഗം തമിഴ്നാട്ടിലും ബംഗാളിലും ഒക്കെ കാണാന്‍ പോകുന്നതേ ഉള്ളൂ.

തങ്ങളുടേതല്ലാത്ത സംസ്ഥാനങ്ങളില്‍ ബിജെപി പ്രയോഗിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രയോഗങ്ങള്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന പരിപാടി ആയിരിക്കും ഇനി ഗവര്‍ണ്ണര്‍മാര്‍ക്ക് ചെയ്യാനുണ്ടാവുക എന്ന് സാരം. കേരളത്തില്‍ പി സദാശിവം ഒരു ന്യായാധിപന്റെ മാന്യതയോടെ അത് ചെയ്യുന്നു. മറ്റിടങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഉളുപ്പില്ലാത്ത പക്ഷപാതിത്വം ഗവര്‍ണര്‍മാര്‍ കാണിക്കുന്നു.

ആര്‍ക്ക് വേണം ഗവര്‍ണര്‍മാരെ? എന്ന ഒരു എഡിറ്റോറിയല്‍ 2014ല്‍ അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ. ഇന്നതിന് കൃത്യമായ ഉത്തരമുണ്ട്; രാജ്യം ഭരിക്കുന്ന ബിജെപിക്ക് മാത്രം എന്നതാണ് അത്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍