UPDATES

കോടതിയിലെ ‘വെടിവെപ്പ്’; വിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത് ഇങ്ങനെയാണ്

പാതയോര മദ്യ വില്‍പ്പന ശാലയുടെ കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന് എന്താണ് പ്രത്യേക താത്പര്യം?

“കോടതിയുടെ ചുമലില്‍ ഇരുന്നു വെടിവെക്കരുത്. തിരിച്ചു വെടിവെക്കാനും അറിയാം,” ദേശീയ പാതയോരത്തെ മദ്യ വില്‍പ്പന ശാലകള്‍ സംബന്ധിച്ച ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത സര്‍ക്കാര്‍ നടപടിയെ തിരുത്തിക്കൊണ്ട് ഇന്നലെ ഹൈക്കോടതി ഇങ്ങനെ പറഞ്ഞതായി ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി ഭാഷയുടെ ആലങ്കാരികത പലപ്പോഴും കൊള്ളുന്നവന് സാരമായ വേദനയുണ്ടാക്കാറുണ്ട്. പണ്ട് സീസറുടെ ഭാര്യയുടെ കാര്യം എടുത്തിട്ട് മാണി സാറിനെ കുഴപ്പിച്ചത് ഒടുവില്‍ അവസാനിച്ചത് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാന പരിത്യാഗത്തിലാണ് എന്നോര്‍ക്കുക. (മാത്രമല്ല ആ ഒരൊറ്റ വരിയില്‍ പിടിച്ച് ട്രോളമാര്‍ ഉണ്ടാക്കിയ നാണക്കേടിന് കയ്യും കണക്കുമില്ല) ഇവിടെ അടികൊണ്ടിരിക്കുന്നത് സര്‍ക്കാരിനാണ്. സര്‍ക്കാരിനെന്ന് പറയുമ്പോള്‍ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും. അതില്‍ ജി സുധാകരന്‍ പ്രതികരിച്ചു കഴിഞ്ഞു.

“മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകും. അങ്ങനെ വന്നാല്‍ മണിച്ചന്‍മാരും താത്തമാരും ഉണ്ടാകും. ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെ. ജനത്തിന് ഭരണഘടനാപരമായ അവകാശം നല്‍കണം”- സുധാകരന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി ടിപി രാമകൃഷ്ണന്‍ അസുഖ അവധിയില്‍ പ്രവേശിച്ചപ്പോള്‍ താത്ക്കാലികമായി കിട്ടിയ എക്സൈസ് വകുപ്പിന്റെ അനുഭവപരിചയത്തില്‍ നിന്നായിരിക്കാം പുള്ളി ഇങ്ങനെ പറഞ്ഞത്. എന്നാല്‍ സുധാകരന്‍ മന്ത്രി താന്‍ മറുപടി പറയേണ്ട റോഡിനെ കുറിച്ച് കാര്യമായൊന്നും പറഞ്ഞില്ല താനും. “ഹൈക്കോടതിയില്‍ വന്ന കേസില്‍ സര്‍ക്കാരിന്റെയോ പൊതുമരാമത്ത് വകുപ്പിന്റെയോ അഭിപ്രായം ചോദിച്ചിട്ടില്ല. ചോദിച്ചിരുന്നെങ്കില്‍ പറയുമായിരുന്നു. ദേശീയ പാതകളെ അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടതുണ്ട്.” ഇതായിരുന്നു റോഡ് മന്ത്രി ജി സുധാകരന്റെ അഭിപ്രായം.

കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും തുറന്ന മദ്യശാലകള്‍ അടച്ചെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറന്നത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്നലെ കോടതി നടത്തിയ പ്രധാന പരാമര്‍ശങ്ങള്‍ കേള്‍ക്കൂ: 1. ദേശീയ പാതയാണോ എന്നു പരിശോധിച്ചും സുപ്രീം കോടതി വിധിയിലെ മാനദണ്ഡങ്ങള്‍ പാലിച്ചും ബാറുടമകളുടെ അവകാശവാദത്തിന് തീര്‍പ്പ് കല്‍പ്പിക്കണം. 2. വിധിയില്‍ അവ്യക്തത ഉണ്ടെങ്കില്‍ സര്‍ക്കാരിന് വ്യക്തത തേടി ബെഞ്ചിനെ സമീപിക്കാമായിരുന്നു. 3. ഹര്‍ജിക്കാര്‍ പറയുന്ന പാതകള്‍ ദേശീയ പാതയോ സംസ്ഥാന പാതയോ അല്ലെന്ന് വിധിയില്‍ പ്രഖ്യാപിച്ചിട്ടില്ല. 4. ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിയും വിജ്ഞാപനവും മാനദണ്ഡങ്ങളും പരിഗണിച്ച് ഹര്‍ജിക്കാരുടെ മദ്യശാലകള്‍ക്കുള്ള അനുമതി പരിശോധിക്കാനാണ് അവസാന ഖണ്ഡികയില്‍ എക്സൈസ് കമ്മീഷണറോട് കോടതി ഉത്തരവിട്ടിരിക്കുന്നത് (മാതൃഭൂമി)

അപ്പോള്‍ എന്താണ് സംഭവിച്ചത്? എക്സൈസ് വകുപ്പ് ആര്‍ക്ക് വേണ്ടിയാണ് ഇത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് വേണ്ടിയോ മദ്യ മുതലാളിമാര്‍ക്ക് വേണ്ടിയോ? വിധിയുടെ അടിസ്ഥാനത്തില്‍ വളപട്ടണം–കുറ്റിപ്പുറം റോഡും തിരുവനന്തപുരം- ചേര്‍ത്തല റോഡും ദേശീയ പാതയാണോ അല്ലയോ എന്നു വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണര്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും പരിശോധന നടത്തിയതായി പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടോ? “വിധി വന്ന ഉടനെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പൊതുമരാമത്ത് വകുപ്പിലെ ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയര്‍ കെപി പ്രഭാകരനുമായി അനൌദ്യോഗികമായി സംസാരിച്ചു” എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ പാത അല്ലെന്ന ബാര്‍ ഉടമകളുടെ വാദം ശരിയല്ലെന്നാണ് ചീഫ് എഞ്ചിനീയര്‍ പറഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ അപ്പീലിന് പോകാന്‍ ഋഷിരാജ് സിംഗ് തീരുമാനിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പോള്‍ ഈ കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന് എന്താണ് പ്രത്യേക താത്പര്യം? അതോ കോടതി വിധിയെ തീര്‍ത്തും നിരുത്തരവാദപരമായി കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ച പിഴയാണോ? വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് അപ്പീല്‍ കൊടുക്കാന്‍ തീരുമാനിച്ച എക്സൈസ് വകുപ്പിനെയും മേല്‍പ്പറഞ്ഞ രണ്ടു പാതകളും ദേശീയ പാതകളാണ് എന്നു പറഞ്ഞ പൊതുമരാമത്ത് വകുപ്പിനെയും എന്തിനാണ് എജിയുടെ ഓഫീസ് ഇരുട്ടില്‍ നിര്‍ത്തുന്നത്?

യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചത് നിയമത്തിന്റെ ദുര്‍വ്യാഖ്യാനമാണ്. അങ്ങനെ ചെയ്യാന്‍ സ്ഥാപിത താത്പര്യക്കാര്‍ക്ക് അവസരമുണ്ടായതെങ്ങനെ എന്ന് ഡോ. സെബാസ്റ്റ്യന്‍ പോളും അഡ്വക്കേറ്റ് കാളീശ്വരം രാജും അര്‍ഥശങ്കയ്ക്കിടയില്ലാതെ മാതൃഭൂമിയില്‍ പറയുന്നുണ്ട്. “കോടതിവിധികള്‍ യഥാസമയം പൊതുജനങ്ങളിലെത്തിയിരുന്നെങ്കില്‍ മദ്യശാലകളുടെ കാര്യത്തിലുണ്ടായ ആശയക്കുഴപ്പം ഇത്രയും നീളുമായിരുന്നില്ലെ”ന്നാണ് പ്രമുഖ അഭിഭാഷകന്‍ കൂടിയായ സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടത്. വിധിന്യായങ്ങള്‍ “മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിയില്ലെങ്കില്‍ പൊതു വിലയിരുത്തലും ജാഗ്രതയും നഷ്ടമാകും”- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സെബാസ്റ്റ്യന്‍ പോള്‍ ഓര്‍മ്മിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ സ്വതന്ത്രമായി കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാത്ത സമീപകാല സാഹചര്യത്തെ കുറിച്ചാണ്.

“ഉത്തരവാദപ്പെട്ട നീതിന്യായ സംവിധാനവും ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തനവും ചേര്‍ന്ന് ഉത്തരവാദപ്പെട്ട ജനാധിപത്യ ശീലങ്ങള്‍ സൃഷ്ടിക്കണം” എന്നാണ് മാധ്യമ ജാഗ്രത അതിപ്രധാനം എന്ന, മാതൃഭൂമി എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തില്‍ അഡ്വ. കാളീശ്വരം രാജ് ആവശ്യപ്പെട്ടത്.

കാളീശ്വരം രാജ് ആവശ്യപ്പെടാത്ത ഒരു ‘മാധ്യമ ജാഗ്രത’ ഇന്നത്തെ മനോരമയിലുണ്ട്. “ഹൈക്കോടതി ഉത്തരവില്‍ ദുരൂഹതയുണ്ട് എന്ന ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയും പരാമര്‍ശിക്കപ്പെട്ടു” എന്ന മനോരമ വാചകത്തിലെ രാഷ്ട്രീയ നേതാവ് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍ ആണ് എന്ന് കോടതി അര്‍ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിട്ടുള്ളതാണ്. കേസില്‍ കക്ഷി ചേരാനെത്തിയ സുധീരന്റെ അഭിഭാഷകനോടാണ് ഈ കാര്യം പറഞ്ഞത്. സുധീരന്റെ മാത്രമല്ല മതമേലധ്യക്ഷന്‍മാരുടെ നിലപാടിനെയും കോടതി വിമര്‍ശിച്ചു എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപ്പോള്‍ മതമേലധ്യക്ഷന്‍മാരുടെ കാര്യം മനോരമ നൈസായി മുക്കുകയും ചെയ്തു. അപ്പോള്‍ ഇതാണ് ഹേ, നിങ്ങളുടെ കോടതി റിപ്പോര്‍ട്ടിംഗിന്റെ പ്രശ്നം എന്ന് നാട്ടുകാര്‍ ചോദിച്ചാല്‍ നേരും നെറിയുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്ത് ഉത്തരം പറയും?

പാതയോര മദ്യശാല കേസില്‍ വിശദമായ വാദം കേട്ട് കോടതി ഇന്ന് വിധിപറയും. തോല്‍ക്കാനായി ചന്തുവിന്റെ ജീവിതം പിന്നേയും ബാക്കി എന്ന മിമിക്രിക്കാര്‍ ക്ലീഷേയാക്കിയ അതിപ്രശസ്ത എംടിയന്‍ ഡയലോഗ് വീശി തല്‍ക്കാലം നിര്‍ത്തുന്നു. കോടതിയുടെ അടികൊള്ളാനായി സര്‍ക്കാരിന്റെ…

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍