UPDATES

രമേശ് ചെന്നിത്തല എന്ന മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ ഹര്‍ത്താല്‍ ‘ഗുണ്ട’യും അറിയാന്‍

കെപിസിസി സൈറ്റില്‍ ഇപ്പോഴും കിടക്കുന്ന ആ മഹത്തായ ലേഖനം ചെന്നിത്തല ഒരാവര്‍ത്തി കൂടി വായിക്കുമോ?

“പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്ത നിയമ വിരുദ്ധ ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കണം എന്നു ഹൈക്കോടതി. (ഈ മാസം) 16-ലെ യു ഡി എഫ് ഹര്‍ത്താലില്‍ സര്‍ക്കാര്‍ സംരക്ഷണം നല്കുമെന്ന് ജനങ്ങളെ അറിയിക്കണമെന്നും മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താലില്‍ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഭയന്ന് ജനങ്ങള്‍ പുറത്തിറങ്ങാത്ത സാഹചര്യമുണ്ടെന്നും ജനമനസിലെ ഭയാശങ്ക നീക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി”- കേരള ഹൈക്കോടതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്പീഡ് പോസ്റ്റിലൂടെ നോട്ടീസയക്കുകയും ചെയ്തു. ഈ നോട്ടീസ് കൈപ്പറ്റുന്ന ബഹുമാന്യ ദേഹം തന്നെയായിരുന്നു ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ 2015 കൊണ്ടുവരുമ്പോള്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്നതാണ് പരിഹാസ്യമായ വൈരുദ്ധ്യം.

ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇദ്ദേഹം തന്നെ എഴുതിയ ലേഖനം കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ഇപ്പൊഴും ഉണ്ട്. ചില പ്രസക്ത ഭാഗങ്ങള്‍; “ഈ ആക്റ്റ് നിലവില്‍വന്നാല്‍ ആക്റ്റ് പ്രകാരം അനുവദനീയമായ രീതിയിലല്ലാതെ ഏതെങ്കിലും വ്യക്തിക്കോ, സംഘത്തിനോ, സംഘടനക്കോ എതെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുവാനോ നടത്തുവാനോ ഉള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല.”

“ഹര്‍ത്താലുകള്‍ ജനജീവിതത്തിന് ആവിശ്യമായ വ്യാപാരത്തെയോ, പ്രവര്‍ത്തനത്തെയോ ബാധിക്കുന്നതാണെങ്കില്‍ അത് മൂന്ന് ദിവസത്തെ നോട്ടീസ് നല്‍കിയിട്ടുള്ളതാണെങ്കില്‍ പോലും സര്‍ക്കാരിന് നിരോധിക്കാം.”

“ഈ ആക്റ്റിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയോ, നടത്തുകയോ ചെയ്താല്‍ കുറ്റം തെളിയുകയാണെങ്കില്‍ ആറുമാസം വരെയുള്ള കാലയളവിലേക്കുള്ള തടവോ അല്ലെങ്കില്‍ പതിനായിരം രൂപവരെയുള്ള പിഴയോ, രണ്ടും കൂടിയോ ലഭിക്കാനുള്ള വ്യവസ്ഥകളും ആക്റ്റില്‍ വിഭാവനം ചെയ്യുന്നു.”

ആ ലിങ്ക് താഴെ കൊടുക്കുന്നു. ഒപ്പം സ്ക്രീന്‍ ഷോട്ടും (തൊണ്ടിമുതല്‍ അപ്രത്യക്ഷമായാലോ?).

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍: ഒരു പുതുയുഗത്തിന്റെ നാന്ദി

Also Read: മുദ്ര ശ്രദ്ധിക്കണം മുദ്ര; ഹര്‍ത്താല്‍ നിരോധനമല്ല, നിയന്ത്രണമായിരുന്നത്രേ ചെന്നിത്തലയും ഹസ്സനും കണ്ട സ്വപ്നം

ഇനി ചെന്നിത്തല 2016 സെപ്തബര്‍ 28ന്, തിരുവനന്തപുരത്ത് നടത്തിയ ഹര്‍ത്താലിനെ ന്യായീകരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ അവസാന ഭാഗം വായിച്ചു നോക്കൂ…

“തികച്ചും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമുള്ള പ്രതിഷേധമെന്ന നിലയിലാണ് ഞങ്ങള്‍ ഹര്‍ത്താലിനെ നോക്കിക്കാണുന്നത്. അത് കൊണ്ടാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് എന്ന പേര് അതിന് നല്‍കിയത്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം പ്രഖ്യാപിക്കാനുള്ളതാണ് ഹര്‍ത്താല്‍ എന്നതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഇന്നത്തെ ഹര്‍ത്താല്‍ അടിയന്തിരവും അനിവാര്യവുമായിരുന്നു. ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ. ഈ ബില്ല് പാസാക്കാന്‍ അന്ന് ഇടതുപക്ഷം സഭയില്‍ സഹകരിച്ചിരുന്നെങ്കില്‍ ഈ ഹര്‍ത്താല്‍ നടക്കില്ലായിരുന്നു.”

അപ്പോള്‍ ഒക്ടോബര്‍ 16-ന് ചെന്നിത്തല പ്രഖ്യാപിച്ച ഹര്‍ത്താലിന് കാരണം എല്‍ഡിഎഫാണ്. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ എല്‍ഡിഎഫ് സഹകരിച്ചിരുന്നെങ്കില്‍ ഇന്നീ ഗതി വരില്ലായിരുന്നു പോലും.

പഴയ പോസ്റ്റിന് കീഴെ ഒരു ‘പൊതുജനക്കഴുത’ പോസ്റ്റ് ചെയ്ത കമന്‍റ് കൂടി വായിക്കുക;

ഞാനും ഹർത്താലിന്റെ സുഖം ഇന്ന് ശരിക്കും അറിഞ്ഞു …
പനി കൂടിയത് മൂലം ഹോസ്പിറ്റിലേക്കു കൊണ്ട് പോയ എന്റെ മോളെയും കുടുംബത്തെയും ഹർത്താൽ അനൂകൂലികൾ റോഡിൽ തടഞ്ഞു വെക്കുകയും, പിന്നെ കേട്ടാൽ അറക്കുന്ന മലയാള വ്യാകരണം, ഉന്തും തള്ളും…
കുഞ്ഞിന്റെ കരച്ചിൽ കേട്ടെങ്കിലും മന:സാക്ഷി ഉണ്ടായിരുന്നു എങ്കിൽ പറഞ്ഞു വിടാമായിരുന്നു….
(പിന്നെ ബോധം, വിവരം ഇവ ഇല്ലാത്തവരോട് പറഞ്ഞിട്ട് എന്ത് )
ഹർത്താൽ അനുകൂലികൾ പറഞ്ഞത് ..
ഞങ്ങളുടെ ഹർത്താൽ ആണ് എന്ന് നിങ്ങൾ അറിഞ്ഞില്ലേ?
കൊച്ചിന് ഇന്ന് തന്നെ പനി കൂടിയോ,
കുറച്ചു നേരം കൂടി റോഡിൽ കിടന്നാൽ പനി പമ്പ കിടക്കും?
എന്റെ കൂട്ടുക്കാരെ പിന്നെ നിങ്ങൾ എന്തിനാണ് ഹർത്താലിൽ നിന്നും പാൽ, പത്രം, ഹോസ്പ്പിറ്റൽ എന്നിവയെ ഒഴിവാക്കി എന്ന് പറയുന്നത്?
നിങ്ങളുടെ ഹർത്താൽ ഞങ്ങളെ പോലെ സാധാരണക്കാരെ തടഞ്ഞത് കൊണ്ടും ഉപദ്രവിച്ചത് കൊണ്ടും വിജയിക്കുമോ?
കൊടി കെട്ടിയ വാഹനങ്ങൾ നിങ്ങൾ തടയുമോ?
നിങ്ങളുടെ മക്കൾക്ക് ആണ് അസുഖം എങ്കിൽ ഹർത്താലിന് സപ്പോർട്ട് ചെയ്തു വീട്ടിൽ ഇരിക്കുമോ?
എല്ലവർക്കും നിയമം പല രീതിയിൽ,
നമ്മുടെ നിയമങ്ങളുടെ ചുവപ്പു നാടയും മനസിലായി
നന്ദി ഹർത്താൽ… മറക്കില്ല ഈ ദിവസം… ഹർത്താലിന്റെ സുഖം ശരിക്കും പഠിപ്പിച്ചു തന്നു
നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി ഇല്ല എങ്കിലും എന്റെ കുടുംബത്തെ പോലെ ഉള്ള കുറെ പേരെ തടഞ്ഞു എന്ന് ഓർത്തു നിങ്ങൾക്കു സംതൃപ്തി അടയാം…
#ഇടുക്കി ഹർത്താൽ.

ഹര്‍ത്താലുകളുടെ പ്രഖ്യാപിത ശത്രുവായ കെപിസിസി (താത്കാലിക) അധ്യക്ഷന്‍ എംഎം ഹസനും ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എന്ന ചരിത്രപരമായ നിയമം, നിയമസഭയില്‍ അവതരിപ്പിച്ചു ജനപ്രീതി വര്‍ദ്ധിപ്പിച്ച മുന്‍ ആഭ്യന്തര മന്ത്രിയും പ്രഖ്യാപിച്ച ജനനന്മയ്ക്ക് വേണ്ടിയുള്ള ഹര്‍ത്താല്‍ വിജയിക്കട്ടെ എന്നാശംസിക്കുന്നു.

ജനകീയ കോടതിയില്‍ നിന്നുള്ള നിയമപരമായ മുന്നറിയിപ്പ്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വലഞ്ഞു നില്‍ക്കുന്ന പത്തു പതിനഞ്ചു നേതാക്കള്‍ ഈ ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തിറങ്ങാതിരുന്നാല്‍ അവര്‍ക്ക് കൊള്ളാം.

ജനകീയ കോടതിയാണ്. അവിടെ നിയമം വേറെയുമാണ്.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍

മറ്റ് പ്രധാന വാര്‍ത്തകള്‍

സോളാര്‍ അന്വേഷണം ഏറ്റെടുക്കാന്‍ രാജേഷ് ദിവാനും ദിനേന്ദ്ര കാശ്യപിനും മടി എന്നൊരു വാര്‍ത്ത മലയാള മനോരമയുടെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംഘത്തലവനായ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ അടുത്ത ഏപ്രിലില്‍ വിരമിക്കും എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം. ദിനേന്ദ്ര കാശ്യപിനാണെങ്കില്‍ സോളാര്‍ എന്താണെന്ന് പോലും അറിയില്ല പോലും!

സൊളാറില്‍ കോണ്‍ഗ്രസ് കോടതിയിലേക്ക് എന്നതാണ് മാതൃഭൂമിയുടെ ലീഡ്. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിക്കഴിഞ്ഞു.

Also Read: ‘ചുവപ്പ് ജിഹാദി’ല്‍ ശിരസ്സറ്റ് കോണ്‍ഗ്രസ്; കുമ്മനം എവിടെ എത്തിയോ എന്തോ?

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ മകന്‍ ടവറില്‍ നിന്നും ചാടി മരിച്ചു എന്നൊരു ഞെട്ടിക്കുന്ന വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്മയുടെ വേദന കണ്ടു നില്‍ക്കാനാവാതെയാണ് ബദിയടുക്കയിലെ മനോജ് (17) മരിച്ചത്. മനോജിന്റെ അമ്മ 12 വര്‍ഷമായി ശരീരം തളര്‍ന്ന് കിടക്കുകയാണ്. അമ്മയെ പരിചരിക്കുന്നതിന് പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ് മനോജ്.

Also Read: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ എന്ന അധിക ബാധ്യത

രോഗികളെ പരിശോധിച്ച ശേഷം വിശ്രമിക്കാന്‍ പോയ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ഡിയോ തോറാസിക് സര്‍ജറി വിഭാഗം മേധാവി തിരുവനന്തപുരം സ്വദേശി ഡോ. വി ആര്‍ രാജശേഖരനാണ് മരണപ്പെട്ടത്. അമിത ജോലിഭാരം കാരണമായിട്ടുള്ള സ്ട്രെസ്സാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം.

ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ-സാംസ്കാരിക സംഘടനയായ യുനെസ്കോയില്‍ നിന്നും അമേരിക്ക പിന്‍മാറി. യുനെസ്കോയുടെ പാലസ്തീന്‍ അനുകൂല നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി. സംഘടനയുടെ ഇസ്രയേല്‍ വിരുദ്ധ നടപടിയെയും അമേരിക്ക വിമര്‍ശിച്ചു.

Also Read: വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ബൂമറാംഗാകുമോ? ടി പി കേസില്‍ ബിജെപി സി ബി ഐയെ ഇറക്കുമോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍