UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

പൊന്‍തൂവല്‍ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്, കൂട്ടത്തില്‍ ഇരിക്കട്ടെ ഒന്ന് സിപിഐക്കും

ലവ്ഡേല്‍ കോട്ടേജ് ഒഴിപ്പിക്കല്‍; ഹൈക്കോടതി വിധിയുടെ രാഷ്ട്രീയ നാനാര്‍ത്ഥങ്ങള്‍

“മൂന്നാര്‍ കോട്ടേജ്: ഹൈക്കോടതി ഇടപെട്ടില്ല.” മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇന്നലെ ഉണ്ടായ നിര്‍ണ്ണായകമായ ഹൈക്കോടതി വിധി സംബന്ധിച്ച വാര്‍ത്തയുടെ തലക്കെട്ടാണ് ഇത്. ഒരു സാധാ വാര്‍ത്ത. പത്രത്തിന്റെ അഞ്ചാം പേജിലാണ് ഈ ഒറ്റക്കോളം വാര്‍ത്ത വന്നിരിക്കുന്നത്. ഇനി പത്രം ഏതെന്നല്ലേ? ദേശാഭിമാനി. കഴിഞ്ഞ ദിവസം കൂടി വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വലിയ പ്രാധാന്യത്തോടെ കൊടുത്ത പത്രത്തിന് ഇതെന്താണ് ഒരു അപ്രധാന വാര്‍ത്ത ആയിപ്പോയത് എന്ന് ആരും സംശയിക്കും. മറ്റെല്ലാ പ്രമുഖ പത്രങ്ങളും (മലയാള മനോരമ ഒഴിച്ച്) ഒന്നാം പേജില്‍ പ്രധാന തലക്കെട്ടായും അല്ലാതെയും കൊടുത്ത വാര്‍ത്തയാണിത് എന്ന കാര്യം ശ്രദ്ധിക്കണം.

അപ്പോള്‍ ദേശാഭിമാനിക്കും മനോരമയ്ക്കും ഈ കാര്യത്തില്‍ എന്താണ് പൊതുതാല്‍പ്പര്യം എന്ന സംശയം ന്യായമായി ഉയരാം. പ്രത്യേകിച്ചും പിണറായി വിജയനെ പ്രതിയാക്കാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം മനോരമ വെറുതെ കളയുമോ?

ഇനി ദേശാഭിമാനി വാര്‍ത്തയിലേക്ക് തിരിച്ചു വരാം. “മൂന്നാറിലെ ലൌ ഡെയിലില്‍ രണ്ട് കോട്ടേജ് ഭൂമി ഒഴിപ്പിക്കാനുള്ള നടപടികളില്‍ ഹൈക്കോടതി ഇടപെട്ടില്ല” എന്നാണ് വാര്‍ത്തയുടെ ആദ്യ വാചകം. ഇതില്‍ തന്നെ ലേഖകന്റെ വിമ്മിട്ടം വായനക്കാരന് മനസിലാകും. ലൌ ഡെയില്‍ എന്നു പറയുന്നത് ഒരു ഹോം സ്റ്റേയുടെ പേരാണ് എന്നറിയാതെ ആണോ ‘മൂന്നാറിലെ ലൌ ഡെയിലില്‍’ എന്ന പ്രയോഗം നടത്തിയത് എന്നറിയില്ല. ആകെ ഒരു ആശയകുഴപ്പം. രണ്ട് കൊട്ടേജ് ഭൂമി എന്നെഴുതി നിസാരവത്ക്കരിക്കുന്നതിന് പകരം 22 സെന്റ്‌ ഭൂമി എന്നെഴുതിയാല്‍ എന്താ കുഴപ്പം? “ഒഴിപ്പിക്കാനുള്ള നടപടികളില്‍” എന്നീ രണ്ടു വാക്കുകള്‍ക്കിടയില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ ഇടതു സര്‍ക്കാര്‍ അല്ലെങ്കില്‍ പിണറായി സര്‍ക്കാര്‍ എന്നീ വാക്കുകള്‍ കൂടി കൂട്ടി ചേര്‍ത്താല്‍ അതൊരു പൊന്‍തൂവലല്ലേ? കോടതിയില്‍ നിന്നും അടിക്കടി അടി വാങ്ങിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന് അപൂര്‍വ്വമായി കിട്ടുന്ന അംഗീകാരം ദേശാഭിമാനി ഒന്നാം പേജില്‍ ആഘോഷിക്കണ്ടേ? മൂന്നാര്‍- ദേവികുളം റോഡിന് സമീപമുള്ള 22 സെന്‍റ് എന്നത് ചില കയ്യേറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന ചെറുതായി തോന്നുമെങ്കിലും ഭൂമിയുടെ മൂല്യം വെച്ചു നോക്കിയാല്‍ വന്‍കിട കയ്യേറ്റം തന്നെയാണ്. അപ്പോള്‍ ഒരു വന്‍കിട കയ്യേറ്റം ഒഴിപ്പിക്കാന്‍ കിട്ടിയ കോടതിയുടെ ക്ലീന്‍ചിറ്റിനെ സിപിഎം മുഖപത്രം എന്തുകൊണ്ട് ആഘോഷിച്ചില്ല എന്നതാണ് സിപിഐയും മറ്റ് പത്രങ്ങളും ഒക്കെ ആരോപിക്കുന്ന സിപിഎമ്മിന്റെ ഗൂഢതാത്പര്യം ആ പാര്‍ട്ടിക്ക് ഉണ്ടോ എന്ന സംശയം ഉയരുന്നത്.

മലയാള മനോരമയ്ക്ക് വി.വി ജോര്‍ജ്ജ് എന്ന റിസോര്‍ട്ട് ഉടമയുടെ കാര്യത്തില്‍ താത്പര്യമുണ്ടാകാന്‍ വഴിയുണ്ട്. അതിലൊരു കാരണം ഇദ്ദേഹം പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവും പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളുമായി അടുപ്പം കാത്തു സൂക്ഷിയ്ക്കുന്ന ആളുമാണ്. വി എസ് സര്‍ക്കാരിന്റെ കാലത്ത് കൊടുത്ത ഒഴിപ്പിക്കല്‍ നോട്ടീസ് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് പരണത്ത് വെച്ചത് എന്നതും ഓര്‍ക്കുക.

90 ശതമാനവും പരസ്യങ്ങള്‍ കൊണ്ട് നിറച്ച അഞ്ചാം പേജിലാണ് (ഹൈക്കോടതി വാര്‍ത്തകള്‍ക്ക് പ്രാധാന്യം കിട്ടാറുള്ള കൊച്ചി എഡിഷന്‍ ആയിട്ടും) ഈ വാര്‍ത്ത കൊടുത്തതെങ്കിലും തലക്കെട്ടില്‍ ദേശാഭിമാനിയേക്കാള്‍ വ്യക്തത മനോരമയ്ക്കുണ്ട്. “ലവ്ഡേല്‍ ഹോംസ്റ്റേ ഒഴിപ്പിക്കല്‍: നടപടിയില്‍ കോടതി ഇടപെട്ടില്ല” എന്നാണ് തലക്കെട്ട്. കഴിഞ്ഞ ജൂണ്‍ ആറിന് ദേവികുളം തഹസില്‍ദാര്‍ നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസില്‍ ഹോം സ്റ്റേ ഉടമ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി എന്ന് വ്യക്തമായി തന്നെ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ പിണറായിയെ അടിക്കാന്‍ കിട്ടിയ വടി ആഞ്ഞുപ്രയോഗിക്കുന്നതിലെ ആവേശം ഇല്ലെന്നു മാത്രം. (മറ്റ് പത്രങ്ങള്‍ അത് വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് താനും)

എന്തായാലും ഹൈക്കോടതിയില്‍ തോറ്റത് വി.വി ജോര്‍ജ്ജല്ല, മറിച്ച് പിണറായി വിജയന്‍ ആണെന്ന് തോന്നിപ്പിക്കുന്ന വാര്‍ത്തയ്ക്ക് ഇന്ന് നല്ല മാര്‍ക്കറ്റുണ്ട്. പ്രത്യേകിച്ചും കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ കുത്തകപ്പാട്ടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം റവന്യൂ മന്ത്രി ബഹിഷ്ക്കരിച്ചതിന് ശേഷം വന്ന വിധി എന്ന നിലയ്ക്ക്. വി.വി ജോര്‍ജ്ജിന്റെ പ്രശ്നം ചര്‍ച്ച ചെയ്യാനാണ് ഈ യോഗം എന്നായിരുന്നു മാധ്യമ വിമര്‍ശനം. എന്നാല്‍ അന്നത്തെ യോഗത്തില്‍ പട്ടയ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാനും കോടതിയുടെ പരിഗണനയിലും കേസില്‍ പെട്ടതായും ഉള്ള ഭൂമിയുടെ കാര്യത്തില്‍ കോടതി വിധി വരെ കാത്തിരിക്കാനുമാണ് തീരുമാനിച്ചത്. അപ്പോള്‍ പിന്നെ വി.വി ജോര്‍ജ്ജിന് വേണ്ടിയാണ് യോഗം നടത്തിയത് എന്നു പറയുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്. “നിയമം നടപ്പാക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന” (മാതൃഭൂമി) സിപിഐയുടെ യുക്തിയാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ശരിയുമാണ്. പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഒത്തു കൂടിയിരുന്നു മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ എന്തെങ്കിലും ചര്‍ച്ച ചെയ്താല്‍ ലോകം ഇടിഞ്ഞുവീഴുമോ?

ഇനി മുഖ്യമന്ത്രിയോട് ഒരു ചോദ്യം. സിപിഐക്ക് മേല്‍ രാഷ്ട്രീയ വിജയം നേടാനുള്ള തിരക്കിനിടയില്‍ നിര്‍ണ്ണായകമായ ഹൈക്കോടതി വിധി കൂടി കാത്തിരുന്നതിന് ശേഷം സര്‍വ്വകക്ഷി യോഗം നടത്തിയാല്‍ പോരായിരുന്നില്ലേ? കയ്യേറ്റകാരനായ ജോര്‍ജ്ജിന് വേണ്ടിയല്ല മറിച്ച് കരം പിരിക്കുന്നത് നിര്‍ത്തിവെക്കപ്പെട്ട നിരപരാധികള്‍ക്ക് വേണ്ടിയാണ് യോഗം എന്നെങ്കിലും പൊതുജനങ്ങളെ ബോധ്യപ്പെടുത്താമായിരുന്നില്ലേ? മൂന്നാര്‍ വിഷയത്തില്‍ അടിക്കടി സംശയത്തിന്റെ നിഴലില്‍ ആകുന്ന സ്വന്തം പാര്‍ട്ടിക്കും തനിക്കും വീണ്ടും അടി കിട്ടാനുള്ള അവസരം ഒരുക്കി എന്നല്ലാതെ എന്തു രാഷ്ട്രീയ നേട്ടമാണ് ആ യോഗം കൊണ്ടുണ്ടായത് മുഖ്യമന്ത്രി ചിന്തിക്കുന്നത് നന്നായിരിക്കും. എന്തായാലും “റവന്യൂ വകുപ്പ് നിലപാടിന് ഹൈക്കോടതി അംഗീകാരം” (സര്‍ക്കരിനല്ല) എന്ന ജനയുഗത്തിന്റെ ഒന്നാം പേജ് വാര്‍ത്തയിലെ ആഹ്ളാദം തത്ക്കാലം അംഗീകരിച്ച് കൊടുത്തേ പറ്റൂ.

പൊന്‍തൂവല്‍ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് അവകാശപ്പെട്ടതാണെങ്കിലും കൂട്ടത്തില്‍ ഇരിക്കട്ടെ ഒന്ന് സിപിഐക്കും.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍