UPDATES

“ഞാന്‍ നവംബര്‍ 27നു വേണ്ടി കാത്തിരിക്കുന്നു”- ഹാദിയ

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആരുടെ കൂടെ? സ്ത്രീകളുടെയോ? അതോ സംഘപരിവാറിന്റെയോ?

വൈക്കത്തെ ടിവി പുരത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞത് ഹാദിയ ‘സുരക്ഷിതയും സന്തോഷവതി’യും ആണ് എന്നാണ്. അവള്‍ സന്തോഷവതിയാണ് എന്നു ബോധ്യപ്പെടുത്താന്‍ സംയമനവും ശാന്തതയും കളിയാടുന്ന തന്റെ മൊബൈലില്‍ പകര്‍ത്തിയ ഹാദിയയയുടെ ചിത്രവും കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു.

രേഖാ ശര്‍മ്മ പറഞ്ഞത് തല്‍ക്കാലം അവിശ്വസിക്കേണ്ട കാര്യമില്ല. ഒരാഴ്ച മുന്‍പ് തന്റെ കാര്യത്തില്‍ സുപ്രീം കോടതി നടത്തിയ ഇടപെടലുകള്‍ അത്രയേറെ ആശ്വാസം നല്‍കിയിട്ടുണ്ടാകും ആ പെണ്‍കുട്ടിക്ക്.

“സ്വന്തം തീരുമാനപ്രകാരമാണോ വിവാഹം കഴിച്ചതെന്ന് പരിശോധിക്കണം. പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ക്രിമിനലിനെ പ്രണയിക്കുന്നതിനും വിവാഹം ചെയ്യുന്നതിനും നിയമ തടസ്സമുണ്ടോ? വിഷയം വിവാഹ ബന്ധവും ഹേബിയസ് കോര്‍പ്പസുമാണ്. എങ്ങനെയാണ് പിതാവിന് അധികാരം നല്‍കുക?” ഹാദിയയയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടുകൊണ്ട് സുപ്രീം കോടതി ഒക്ടോബര്‍ 30-നു ചോദിച്ചു.

ഇതേ ചോദ്യം തന്നെയാണ് രേഖാ ശര്‍മ്മയോടും ചോദിക്കാനുള്ളത്. ഒരു ക്രിമിനലിനെ (ഇവിടെ തീവ്രവാദ ബന്ധം ആരോപിക്കുന്ന ഒരു മുസ്ലീം ചെറുപ്പക്കാരനെ) വിവാഹം കഴിച്ചു എന്നത് ഹാദിയയയെ വീട്ടില്‍ അടച്ചിടാനുള്ള കാരണമാവുമോ? വനിതാ കമ്മീഷന്‍ നിലകൊള്ളുക ഹാദിയയയുടെ കൂടെയോ അതോ ഹാദിയയയെ ‘ട്രാപ്പി’ല്‍ പെടുത്തിയതാണ് എന്നു ആരോപിക്കുന്ന കുടുംബത്തിനും സംഘപരിവാര്‍ സംഘടനകള്‍ക്കും ഒപ്പമോ?

ദേശിയ വനിതാ കമ്മീഷന്റെ വെബ്സൈറ്റില്‍ പറയുന്നത് ‘സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി, അവര്‍ക്ക് നിയമ സഹായം കൊടുക്കാന്‍ വേണ്ടി’ 1992-ല്‍ സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് ഇത് എന്നാണ്. കമ്മീഷന്‍ അധ്യക്ഷ “Committed to the cause of women” ആയിരിക്കണം എന്നാണ് അതിന്റെ ഭരണഘടന പറയുന്നത്.

ഹാദിയ: ‘മനഃശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകല്‍’ അഥവാ ‘അവള്‍ക്ക് ഭ്രാന്താണ്’

എന്നാല്‍ രേഖ ശര്‍മ്മ ഇന്നലെ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്നതോ? വിവിധ പത്രങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു

1. പണവും ജോലിയും നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേരളത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നു.
2. ഹാദിയായയുടെ കേസ് ലൌ ജിഹാദ് അല്ലെങ്കിലും ലൌ ജിഹാദുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ കേരളത്തില്‍ നിന്നും വരുന്നു.
3. ഹാദിയ വീട്ടില്‍ സുരക്ഷിത, ആരോഗ്യവതി, മര്‍ദ്ദനം നടന്നിട്ടില്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടില്ല, ഭക്ഷണം കഴിക്കുന്നുണ്ട്. എല്ലാറ്റിനും ഉപരി അവള്‍ പുഞ്ചിരിക്കുന്നുണ്ട്.

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

സുപ്രീംകോടതി കേള്‍ക്കാനിരിക്കുന്ന ഹാദിയയുടെ വാക്കുകള്‍ അതിനു മുന്‍പേ കേള്‍ക്കാനെത്തിയ രേഖാ ശര്‍മ്മ ആരുടെ കൂടെയാണ് എന്നു ഈ വര്‍ത്തമാനം തെളിയിക്കുന്നു. ഹാദിയ എന്ന പെണ്‍കുട്ടിയുടെ കൂടെ അല്ല എന്നുറപ്പ്. കാരണം അവര്‍ ഇന്നലെ പറഞ്ഞത് മുഴുവന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം കാരണം കഷ്ടത അനുഭവിക്കുന്ന പെണ്‍കുട്ടികളെ കുറിച്ചാണ്. പരോക്ഷമായി ഹാദിയ അതില്‍ ഒരാളാണെന്ന് സൂചിപ്പിക്കുക തന്നെയാണ് അവര്‍ ചെയ്തത്. അത് എന്‍ ഐ എ അന്വേഷിക്കുന്ന കാര്യവും കൂടിയാണ്. ലൌ ജിഹാദ് എന്ന തട്ടിപ്പിനെ കുറിച്ചാണ്. അതായത് ഹാദിയ വിഷയത്തില്‍ സംഘപരിവാറും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനും ഹാദിയയയുടെ പിതാവും ഒക്കെ പറയുന്ന കാര്യങ്ങള്‍ തന്നെ.

എന്നാല്‍ രേഖ ശര്‍മ്മ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്; അത് ഹാദിയയുടെ വാക്കുകളാണ്- “ഞാന്‍ നവംബര്‍ 27നു വേണ്ടി കാത്തിരിക്കുകയാണ്”.

ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!

(ചിത്രം-കടപ്പാട്: മലയാള മനോരമ)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍