UPDATES

മുഖ്യമന്ത്രി പറഞ്ഞ ‘നാടിന്റെ ഇന്നത്തെ നില’; ഐഎസ്, മുജാഹിദ് ലഘുലേഖ, തിരൂരിലെ കൊല

കേരളത്തിന്റെ മതേതര മത സൌഹാര്‍ദ അന്തരീക്ഷത്തെ തകര്‍ത്തു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ എസ് ) ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതായുള്ള ഇന്നത്തെ മാതൃഭൂമി വാര്‍ത്ത ഞെട്ടലോടുകൂടിയല്ലാതെ വായിക്കാന്‍ കഴിയില്ല. “സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത്. ഐ എസിന്റെ കേരള തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശേരിയും കൊല്ലപ്പെട്ടവരിലുണ്ട്.” മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു. കാസര്‍ഗോഡും കണ്ണൂരും മലപ്പുറത്തു നിന്നുമുള്ള യുവാക്കളുടെ പേരുവിവരങ്ങള്‍ അടക്കം വിശദമായി മാതൃഭൂമി ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയയിലും അഫ്ഗാനിലെ നംഗര്‍ഹാര്‍ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴും ഉണ്ടെന്നാണ് നിഗമനം എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ജൂലൈ മാസത്തിലാണ് കേരളത്തില്‍ നിന്നും അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടി നാടുവിടുന്നതായി വാര്‍ത്തകള്‍ പരന്നത്. ഇരുപത്തിയൊന്നോളം പേര്‍ ഐ എസില്‍ ചേര്‍ന്നതായാണ് അന്ന് പുറത്തു വന്ന കണക്കുകള്‍. ഇവരില്‍ ചിലര്‍ ഹിന്ദു, കൃസ്ത്യന്‍ മതങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്തു വന്നവരാണ് എന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ അസ്വസ്ഥതയുടെ കനലുകള്‍ കോരിയിടാന്‍ തക്ക ശേഷിയുള്ള വിവരമായിരുന്നു. ഇവരില്‍ പലരും ചെന്നു ചേര്‍ന്നത് അഫ്ഗാനിസ്ഥാനിലാണ് എന്നത് നാട്ടിലുള്ള ബന്ധുക്കളെ വിളിച്ച് അവര്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നീട് പത്തു മാസങ്ങള്‍ക്ക് ശേഷം ഇങ്ങനെ അപ്രത്യക്ഷമായവരുടെ മരണ വാര്‍ത്തകളാണ് ബന്ധുക്കളെ തേടിയെത്തിയത്. അഫ്ഘാനിസ്ഥാനില്‍ ഐ എസിനെതിരെയുള്ള ആക്രമണം അമേരിക്ക ശക്തമാക്കിയതോടെയാണ് മലയാളികള്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. ജൂലൈയില്‍ ഐ എസിലേക്ക് ചേരാന്‍ പോയ 21 പേരില്‍ പത്തോളം പേര്‍ കാസര്‍ഗോഡ് ജില്ലയിലെ പടന്നയില്‍ നിന്നായിരുന്നു എന്നതായിരുന്നു അമ്പരപ്പിച്ച മറ്റൊരു വസ്തുത.

സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തുര്‍ക്കി അധികൃതരുടെ  പിടിയിലാവുകയും പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത കണ്ണൂര്‍ കൂടാളി സ്വദേശി ഷാജഹാനെ കഴിഞ്ഞ മാസമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഐ എസില്‍ ചേര്‍ന്ന പതിനേഴോളം മലയാളികള്‍ സിറിയയിലും ഇറാഖിലും ഉണ്ടെന്നാണ് ഷാജഹാന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. “ഷാജഹാന്‍ സുഹൃത്തുക്കളായ മിദാജ്, റാഷിദ്, അബ്ദുള്‍ റസാക്ക് എന്നിവരോടൊപ്പം തുര്‍ക്കി വഴി സിറിയന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയായിരുന്നു” എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷാജഹാന്‍ നല്‍കുന്ന വിവരങ്ങള്‍ അടക്കം സൂചിപ്പിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിന് കേരളത്തിലെ മുസ്ലീം യുവാക്കള്‍ക്കിടയില്‍ ശക്തമായ സ്വധീനം ഉണ്ടെന്നാണ്. “വിവിധ ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 70-80 ആളുകള്‍ ഇറാഖ് സിറിയ, അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉണ്ട്” എന്ന് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ ഭൂരിഭാഗം പേരും മലയാളികള്‍ ആണ്. ഗവണ്‍മെന്‍റ് ഓഗസ്ത് രണ്ടിന് പാര്‍ലമെന്റിനെ അറിയിച്ചത് എന്‍ ഐ എയും വിവിധ സംസ്ഥാന പോലീസുകളും ചേര്‍ന്ന് 54 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്.

ഈ പശ്ചാത്തലത്തില്‍ വേണം കഴിഞ്ഞ ദിവസം ഏറണാകുളത്ത് നടന്ന മുജാഹിദ് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരുടെ അറസ്റ്റും കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ കെ ബിബിന്റെ കൊലപാതകവും കാണാന്‍. കേരളത്തിന്റെ മതേതര മത സൌഹാര്‍ദ അന്തരീക്ഷത്തെ തകര്‍ത്തു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട് എന്നു തന്നെയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

മതതീവ്രവാദം പ്രചരിപ്പിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന് ആരോപിച്ച് എറണാകുളം പറവൂരില്‍ 39 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായിട്ടാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്. ഐ എസ് വിരുദ്ധ പ്രചാരണം ലക്ഷ്യമാക്കിയുള്ള ലഘുലേഖയ്ക്ക് പുറമേ അഖ്ലാഖ്, ജുനൈദ് തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സംഘപരിവാര്‍ ഫാസിസ്റ്റ് വിരുദ്ധ പ്രചാരണവും ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു.  ഇതാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

“വടക്കേക്കര പഞ്ചായത്തിലെ കൊട്ടുവളളിക്കാട്, തറയില്‍കവല എന്നിവിടങ്ങളില്‍ നിന്ന് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വീടുകയറി ലഘുലേഖ വിതരണം നടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ ഒരു സംഘം തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. ലഘുലേഖകളില്‍ പരമത വിദ്വേഷം ആരോപിച്ച് ഇവര്‍ക്ക് നേരെ കൈയ്യേറ്റവുമുണ്ടായി. ഇതോടെ മാല്യങ്കര, ചെട്ടിക്കാട്, പുതിയകാവ്, കുര്യാപ്പിളളി ലേബര്‍ ജംഗ്ഷന്‍, കരിമ്പാടം തുടങ്ങിയ ഭാഗങ്ങളിലെല്ലാം ലഘുലേഖ വിതരണത്തിലേര്‍പ്പെട്ടവരെ തടഞ്ഞു വയ്ക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ഇവരുടെ പക്കല്‍ നിന്ന് പ്രദേശത്തെ ചില ദേവാലയങ്ങളുടേയും ഇതര മതസ്ഥര്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളുടേയും റൂട്ട് മാപ്പ് പിടിച്ചെടുത്തുവെന്ന പ്രചാരണവും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.” അഴിമുഖം റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: ലഘുലേഖ; ചേരിതിരിഞ്ഞ് ആരോപണം; തീവ്രവാദബന്ധമില്ലെന്ന് പൊലീസ്‌

“ബഹുദൈവത്തിലും വിഗ്രഹാരാധനായിലും വിശ്വസിക്കുന്നവരെ വിമര്‍ശിക്കുന്ന തരത്തിലായിരുന്നു പറവൂരില്‍ മുജാഹിദുകള്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ ഒന്നിന്റെ ഉള്ളടക്കം” എന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞു. “നാടിന്റെ ഇന്നത്തെ നിലകൂടി മനസിലാക്കി പെരുമാറേണ്ടതായിരുന്നു” എന്നും മുഖ്യമന്ത്രി പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. “നാട്ടില്‍ കലാപമുണ്ടാക്കാന്‍ കാത്തിരിക്കുന്ന ആര്‍ എസ് എസ് പോലുള്ള സംഘടനകള്‍ക്ക് മരുന്നിട്ടുകൊടുക്കുന്ന സമീപനം കൈക്കൊള്ളരുത്” എന്നും പിണറായി വിജയന്‍ പറഞ്ഞതിലെ ആപത് സൂചന കാണാതെ പോകരുത്.

Also Read: മുജാഹിദ് സ്‌നേഹ സംവാദം സംഘപരിവാറിന് ആളെ കൂട്ടാനോ?

എന്നാല്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ലഘുലേഖയാണ് മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തത് എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരുടെയും പോലീസിന്റെയും വാദം തെറ്റാണ് എന്നു പറവൂര്‍ എം എല്‍ എ വിഡി സതീശന്‍ സഭയില്‍ പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുന്‍പും ഇതുപോലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും വിഡി സതീശന്‍ പറയുന്നു. അപ്പോള്‍ ആര്‍ എസ് എസുകാരുടെ ഭാഗത്ത് നിന്നു പ്രകോപനമുണ്ടായതിന് പിന്നില്‍ മറ്റെന്തെങ്കിലും സ്വാധീനം ഉണ്ടോ എന്ന് കൂടി പോലീസ് പരിശോധിക്കേണ്ടിയിരിക്കുന്നു എന്നാണ് വിഡി സതീശന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.

മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ചു 153 എ വകുപ്പ് ചുമത്തി കേസ് എടുക്കുകയും സംഘര്‍ഷത്തിന് ശ്രമിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്ത പോലീസിന്റെ നടപടിയെയും വി ഡി സതീശന്‍ വിമര്‍ശിച്ചു.

Also Read: മുജാഹിദ് പ്രചരണ നോട്ടീസ് ഏറ്റുവാങ്ങിയവരില്‍ രാജഗോപാല്‍, വി.എസ്, തോമസ്‌ ഐസക്; അറസ്റ്റ് മതസ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍

ഇന്നലെ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി കെ ബിബിന്‍ തിരൂരില്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷ സാഹചര്യമാണ് തിരൂരില്‍. കൊലപാതകത്തെ തുടര്‍ന്ന് പതിനഞ്ച് ദിവസത്തേക്ക് തിരൂര്‍, തലക്കാട്, തൃപ്പരങ്ങോട് പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

2016 നവംബര്‍ 19നാണ് അനില്‍ കുമാര്‍ എന്ന ഫൈസല്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് 16 ആര്‍ എസ് എസ് – ബിജെപി പ്രവര്‍ത്തകരെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫൈസലിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമ്മയും രണ്ട് സഹോദരിമാരും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.

Also Read: ഫൈസല്‍ വധം; മലപ്പുറം നല്‍കുന്ന സൂചനകള്‍

ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മാറിയ യാസിര്‍ 1998ല്‍ കൊലചെയ്യപ്പെട്ടതാണ് ഇതിന് മുന്‍പ് നടന്ന സംഭവം. ഈ കൊലപാതകത്തിലും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു പ്രതികള്‍. യാസിര്‍ വധക്കേസിലെ പ്രതികളെ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം യാസിര്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന്‍ തന്നെയാണ് ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതിയും എന്നുള്ളതാണ്. യാസിര്‍ വധക്കേസിലെ രണ്ടാം പ്രതിയായ രവീന്ദ്രന്‍ 2007ല്‍ തിരൂരില്‍ വെച്ച് കൊല്ലപ്പെട്ടു. കൊലയ്ക്ക് പിന്നില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആയിരുന്നു.

Also Read: തിരൂര്‍: പകയുടെ കൊലപാതക പരമ്പര തുടരുന്നു; ആരാണ് ഉത്തരവാദികള്‍?

ഏതാനും ചില മത തീവ്രവാദികള്‍ നടത്തുന്ന സംഘര്‍ഷങ്ങളും കൊലപാതകങ്ങളും എന്ന തരത്തില്‍ ചുരുക്കി കാണാന്‍ പറ്റാത്ത രീതിയില്‍ കാര്യങ്ങള്‍ വളരുന്നതിന്റെ സൂചനയാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ എല്ലാം തരുന്നത്. വടക്കേക്കരയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകരും തിരൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരും ഒക്കെ ചേര്‍ന്ന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കുകയാണ്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെയാണ് ഈ അവസരത്തില്‍ പ്രസക്തം. “നാടിന്റെ ഇന്നത്തെ നില കൂടി മനസിലാക്കി” നാം പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Also Read: ഐ എസ് റിക്രൂട്ടിംഗ്; സത്യം പുറത്തുവരട്ടെ, പക്ഷേ ഇസ്ലാമോഫോബിയ പടര്‍ത്തുന്നവരെ ചെറുക്കുക തന്നെ വേണം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍