UPDATES

ട്രെന്‍ഡിങ്ങ്

പ്രണയത്തിന്റെ ബോംബ് പൊട്ടിയ മുക്കത്ത് മറ്റൊരു ‘ബോംബ്’

ഗെയ്ല്‍ പദ്ധതി വിരുദ്ധ സമരത്തിന് പിന്നില്‍ ഇസ്ളാമിക തീവ്രവാദികള്‍ എന്നു സിപിഎമ്മും ബിജെപിയും

കോഴിക്കോട്ടെ മുക്കം മലയാളിക്ക് അപരിചിതമായ ഒരു ദേശം അല്ല. അത് മൊയ്തീന്‍റെ നാടെന്ന നിലയില്‍ ഏറെ പ്രശസ്തമാണ്. 70 കളില്‍ രാഷ്ട്രീയവും സംസ്കാരവും ഒപ്പം പ്രണയവും തിളച്ച നാട്.

ആ പ്രദേശം ഇപ്പോള്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുമ്പോള്‍ മറ്റൊരു നാടിനേക്കാള്‍ പൊതുജന ശ്രദ്ധ അതിനു കിട്ടും. അതുകൊണ്ടു തന്നെ ഗെയില്‍ വിരുദ്ധ സമരം ഇപ്പോള്‍ കേരളം ഒന്നടങ്കം അറിയുന്ന സമരമാണ്.

എറണാകുളത്ത് നിന്നും പാലക്കാട് എത്തി അവിടെ നിന്നും മംഗളൂരുവിലേക്കും ബാംഗളൂരുവിലേക്ക് പോകുന്ന പ്രകൃതി വാതക പൈപ്പ് ലൈന്‍ 4500 കോടിയുടെ ഒരു കേന്ദ്ര നിക്ഷേപക പദ്ധതിയുടെ ഭാഗമാണ്. ഇന്നലെ കേരള വ്യവസായ മന്ത്രി എ സി മൊയ്തീന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിശദീകരണത്തില്‍ ഇങ്ങനെ പറയുന്നു;

“എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും പ്രകൃതിവാതകത്തിന്റെ ഗുണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കൊച്ചിയില്‍ എല്‍.എന്‍.ജി പെട്രോനൈറ്റ് സ്ഥാപിച്ചത്. കൊച്ചിയിലെ എല്‍.എന്‍.ജി പെട്രോനെറ്റില്‍ നിന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ കൂടി ഗ്യാസ് പൈപ്പ് ലൈന്‍ വഴി മംഗലാപുരത്തേക്കും കോയമ്പത്തൂരേക്കും ഗ്യാസ് അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ പ്രകൃതി വാതകം (എല്‍.എന്‍.ജി) എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കൂടിയാണ് ഗെയില്‍ പൈപ്പ് കടന്നുപോകുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പതിനയ്യായിരം കിലോമീറ്ററോളം ദൂരത്തില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ ശൃംഖലകളുണ്ട്. കേരളത്തില്‍ 503 കിലോമീറ്റര്‍ ദൂരത്തില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ വീടുകളിലേക്കുള്ള പാചകവാതക വിതരണം (സിറ്റി ഗ്യാസ് ഡിസ്ട്രിബൂഷന്‍) കൊച്ചിയില്‍ ആരംഭിച്ചിരുന്നു. ഇതിനു പുറമെ കൂടുതല്‍ വീടുകളിലേക്കുള്ള പൈപ്പ് ലൈനിന്റെയും വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രകൃതി വാതക ഇന്ധന വിതരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇതിനുപുറമേ കൊച്ചിയിലെ വ്യവസായശാലകള്‍ക്കും എല്‍.എന്‍.ജി നല്‍കുന്നുണ്ട്.”

ഗെയില്‍ പദ്ധതി തടസ്സപ്പെടുത്തുന്നവര്‍ കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നവര്‍; വ്യവസായ മന്ത്രിയുടെ വിശദീകരണം

അതേ സമയം സമരസമിതി ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ഇതാണ്; ജനവാസ മേഖലയിലൂടെ കടന്നു പോകുന്നത് ഒഴിവാക്കണം. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ല, സുരക്ഷാ ഭീതി.

“കാര്‍ഷിക വിളയ്ക്കും ഭൂമിക്കും എത്രയാണ് നഷ്ടപരിഹാരം എന്നു വ്യക്തതയില്ല എന്നും മുന്‍കൂട്ടി നോട്ടീസ് പോലും നാല്‍കാതെയാണ് എരഞ്ഞിമാവില്‍ പണി ആരംഭിച്ചത്” എന്നും സമരസമിതി പറയുന്നു. “നാലും അഞ്ചും സെന്‍റുള്ളവര്‍ക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. വാതക പൈപ്പ് ലൈന്‍ ഇട്ടാല്‍ ഭൂമി പിന്നീട് വില്‍ക്കാന്‍ കഴിയുമോ എന്നാണ് പ്രധാന ആശാങ്കയെന്ന് സംയുക്ത സമര സമിതി നേതാവ് കരീം പഴങ്കന്‍ പറഞ്ഞതായി” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഭൂമി വിലയുടെ 50 ശതമാനം നഷ്ടപരിഹാരം നല്‍കുമെന്നും സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നുമാണ് ഗെയില്‍ അധികൃതര്‍ പറയുന്നതു. “എരഞ്ഞിമാവില്‍ രേഖകള്‍ നല്‍കിയ 31 പേരുടെ ചെക്ക് വില്ലേജ് ഓഫീസില്‍ എത്തിയിട്ടുണ്ട്. ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിന്‍ മുറയ്ക്ക് നഷ്ടപരിഹാരതുക വിതരണം ചെയ്യും” എന്നും പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സുനില്‍ പറഞ്ഞു.

പദ്ധതിക്കായി ഏതെങ്കിലും വീട് പൊളിക്കുകയോ ഭൂമി ഗെയിലിന് കൈമാറുകയോ ചെയ്യേണ്ടതില്ല എന്നും ഗെയില്‍ അധികൃതര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ 30 മീറ്റര്‍ ഭൂമി എടുക്കുമ്പോള്‍ കേരളത്തില്‍ 20 മീറ്റര്‍ മാത്രമേ എടുക്കുന്നുള്ളൂ. പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് 10 മീറ്റര്‍ ഉടമയ്ക്ക് തിരിച്ചു നല്കുകയും ചെയ്യും. പൈപ്പ് കടന്നു പോകുന്ന ഭൂമി വില്‍ക്കാനോ വാങ്ങാനോ തടസമില്ലെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പാചക വാതകം ബോംബല്ല, തനിയെ തീ പിടിക്കില്ല’ എന്ന തലക്കെട്ടില്‍ എന്തുകൊണ്ട്പ്രകൃതിവാതക പൈപ്പ് ലൈന്‍ സുരക്ഷിതമാണ് എന്ന ഒരു വാര്‍ത്തയും ദേശാഭിമാനി കൊടുത്തിട്ടുണ്ട്. “വായുവിനേക്കാള്‍ മര്‍ദ്ദം കുറഞ്ഞതാണ് പ്രകൃതിവാതകം. അതിനാല്‍ ഇത് മേല്‍പ്പൊട്ട് ഉയര്‍ന്നുപൊങ്ങും. പാചകവാതകമായി ഉപയോഗിയ്ക്കുന്ന എല്‍ പി ജി പോലെ നിലത്ത് തളം കെട്ടി കിടക്കില്ല. പ്രകൃതി വാതകം സ്വയം കത്തുന്നതിനുള്ള ചൂട് 580 ഡിഗ്രി സെല്‍ഷ്യസ് ആണ്”

എന്നാല്‍ ഗെയില്‍ വിരുദ്ധ സമരത്തില്‍ മറ്റൊരു ‘ബോംബ്’ ഉണ്ടെന്നാണ് ദേശാഭിമാനി പറയുന്നതു. ജനകീയ സമരമെന്ന പേരില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വര്‍ഗ്ഗീയ-തീവ്രവാദ സംഘടനകള്‍ ശ്രമം നടത്തുന്നു എന്നാണ് ആരോപണം. “എസ് ഡി പി ഐ, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകളാണ് സമരത്തിന്റെ മുന്‍ നിരയില്‍” ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. “അയല്‍ ജില്ലയില്‍ നിന്നും ഇത്തരം വര്‍ഗ്ഗീയ സംഘടനകളുടെ നേതാക്കള്‍ മുക്കത്തും പരിസരങ്ങളിലും തമ്പടിച്ചാണ് ആക്രമണത്തിന് കോപ്പ് കൂട്ടുന്നത്.” ഇവര്‍ക്ക് എം ഐ ഷാനവാസ് എം പിയുടെയും ലീഗിന്റെയും പിന്തുണയുണ്ട് എന്നും ദേശാഭിമാനി ആരോപിക്കുന്നു. ഒപ്പം എളമരം കരീമിന്റെ കാലത്തെ ‘കിനാലൂര്‍’മോഡല്‍ സമരമാണ് ലക്ഷ്യമെന്നും പറയുന്നു.

കേരളത്തിന്റെ പുരോഗതിക്ക് അതീവ പ്രാധാന്യമുള്ള പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നത് ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ ആണെന്ന് പത്രകുറിപ്പിലൂടെ സിപിഎമ്മും ആരോപിച്ചു. ഒപ്പം തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ടാങ്കര്‍ ലോറി ഉടമകളുടെ നിക്ഷിപ്ത താത്പര്യം ഉണ്ടെന്നും സി പി എം ആരോപിക്കുന്നു.

താപനിലയങ്ങള്‍ സുരക്ഷിതമാക്കാന്‍ കഴിയാത്തവരുടെ ആണവോര്‍ജ്ജ വാചകമടികള്‍

കൌതുകകരമായ കാര്യം പല കാര്യത്തിലും കടുത്ത വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന സി പി എമ്മും ബി ജെ പിയും ഈ കാര്യത്തില്‍ ഏറെക്കുറെ സമാന നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നു എന്നുള്ളതാണ്. കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും സഹായത്തോടെ തീവ്രവാദ സംഘടനകള്‍ നടത്തുന്ന സമരമാണ് ഇതെന്നാണ് ബിജെപി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്. അതേ സമയം ജനങ്ങളെ വിശ്വാസത്തിലെടുത്തു പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആരോപണം ബിജെപി ഉയര്‍ത്തുന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും സമരത്തിന് പിന്നിലെ തീവ്രവാദ സംഘടന ബന്ധത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഡി ജിപി ലോകനാഥ ബെഹറ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പദ്ധതിക്കു വേണ്ട എല്ലാ സംരക്ഷണവും പോലീസ് നല്‍കും എന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

‘എതിര്‍ക്കുന്നവര്‍ അവര്‍ക്ക് തീവ്രവാദികള്‍; ഇത് ഞങ്ങളുടെ നിലനില്‍പ്പിനായുള്ള സമരം’- ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ മുക്കത്തുകാര്‍ പറയുന്നു

മുക്കത്തെ സമരം കോണ്‍ഗ്രസ്സ് ഏറ്റെടുക്കും എന്നാണ് കാസര്‍കോട്ടെ പടയൊരുക്ക ജാഥയില്‍ നിന്നും രമേശ് ചെന്നിത്തല അറിയിച്ചത്. “എം എം ഹസ്സനും പി കെ കുഞ്ഞാലിക്കുട്ടി എം പിയും മുക്കം സന്ദര്‍ശിക്കും. സമരത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല” ചെന്നിത്തല പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സമരത്തില്‍ യു ഡി എഫ് നേരിട്ടു പങ്കെടുക്കില്ല എന്നായിരുന്നു കാസര്‍കോട് നടത്തിയ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നത്.

പ്രണയത്തിന്റെ ബോബ് പൊട്ടിയ നാടാണ് മുക്കം. ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും ജനകീയ സമര സംഘടനകളും തീവ്രവാദ സ്വഭാവമുള്ള സംഘടനകളും പോലീസും ഒക്കെ ചേര്‍ന്ന് മറ്റൊരു ബോംബിന് തീ കൊടുക്കാന്‍ ഒരുങ്ങുകയാണ് വീണ്ടും.

ഗെയ്ല്‍ പദ്ധതിയുടെ ഗുണം ആര്‍ക്ക്? സുരക്ഷയ്ക്ക് എന്തു ഗ്യാരണ്ടി?-സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍