UPDATES

ട്രെന്‍ഡിങ്ങ്

ആക്ഷന്‍ ഹീറോ ബിജുമാരോട് ബെഹ്റ; ‘ക്ഷൌരം വേണ്ട’

ലോക്കപ്പ് മര്‍ദ്ദനം, മൂന്നാം മുറ, അഴിമതി എന്നിവ നടത്തുന്ന പോലീസുകാര്‍ക്കെതിരെ കടുത്ത നടപടി എന്ന് പിണറായി വിജയന്‍

“മുടി നീട്ടി വളര്‍ത്തിയ പിള്ളേരെ പിടികൂടി അത് വെട്ടിക്കുന്നത് പോലുള്ള കലാപരിപാടികള്‍ പോലീസിന് ചേര്‍ന്നതല്ലെന്ന” ഡിജിപി ലോകനാഥ് ബെഹ്റ. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരികുമ്പോഴാണ് ബെഹ്റ ഇങ്ങനെ പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും പറയേണ്ട വേദിയില്‍ തന്നെയാണ് പോലീസ് മേധാവി കാര്യം പറഞ്ഞിരിക്കുന്നത്. പക്ഷേ കേള്‍ക്കേണ്ടവരുടെ തലച്ചോറിലേക്ക് ഇത് കയറുമോ എന്നതാണ് പ്രശ്നം.

“ഇത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. ഇത്തരത്തില്‍ സദാചാര പോലീസ് ജോലി അനുവദിക്കാനാവില്ല” ബെഹ്റ പറഞ്ഞു (മലയാള മനോരമ)

തൃശൂര്‍ പാവറട്ടി പോലീസ് സ്റ്റേഷനില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാരിനെയും പോലീസിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന വേളയിലാണ് ബെഹ്റയുടെ തുറന്നു പറച്ചില്‍. “എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും ഏതെങ്കിലും ഓഫീസര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകള്‍ പോലീസ് സേനയെ മൊത്തത്തില്‍ കളങ്കപ്പെടുത്തും.” എന്ന തിരിച്ചറിവും തന്റെ സഹപ്രവര്‍ത്തകരോട് ബെഹ്റ പങ്കുവെയ്ക്കുകയുണ്ടായി.

വിനായകന്റെ മരണം സംബന്ധിച്ച കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഇന്നലെ തന്നെ ഡിജിപി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേ സമയം വിനായകന്റെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ ഊരാളി ബാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാരും, പാട്ടുകാരും ചിത്രകാരും തൃശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ ഒത്തുകൂടുകയുണ്ടായി.

ഒരു ദളിത് യുവാവിന്റെ മരണം സംഭവിക്കേണ്ടി വന്നു കേരളത്തിന്റെ പോലീസ് മേധാവിക്ക് മുടിമുറിക്കല്‍ സംബന്ധിച്ച പ്രസ്താവന ഇറക്കാന്‍ എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എഴുത്തുകാരി സാറാ ജോസഫിന്റെ വിമര്‍ശനം. “യുവാക്കളെ അടിച്ചമര്‍ത്തുന്നതിന് പകരം ഭരണകൂടം ചെയ്യേണ്ടത് എന്തുകൊണ്ടാണ് അവര്‍ വ്യത്യസ്തമായി തങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നു മനസിലാക്കുകയാണ്” സാറാ ടീച്ചര്‍ പറഞ്ഞു.

“വ്യക്തി സ്വാതന്ത്ര്യത്തെ വിലവെച്ചുകൊടുക്കാനുള്ള പക്വത പോലീസ് കാണിക്കണം” എന്നു കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്ത മാര്‍ട്ടിന്‍ ഊരാളി പറഞ്ഞു.

നേരത്തെ മുടി നീട്ടി വളര്‍ത്തിയതിന്റെ തിക്തഫലം തൃശൂര്‍ പോലീസില്‍ നിന്നും നേരിട്ടിട്ടുള്ള ആളാണ് മാര്‍ട്ടിന്‍.

2016 മാര്‍ച്ച് മാസം മനുഷ്യസംഗമം എന്ന പ്രതിഷേധ കൂട്ടായ്മയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സുഹൃത്തിനൊപ്പം പോകുമ്പോഴാണ് അയ്യന്തോള്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യാതൊരു പ്രകോപനമൊന്നുമില്ലാതെ മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പോലീസ് സ്റ്റേഷന് മുന്‍പില്‍ മാര്‍ട്ടിനും ഊരാളി ബാന്‍ഡും നടത്തിയ പാട്ടുപാടി പ്രതിഷേധം വലിയ പൊതുശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Also Read: ഊരാളിക്കെതിരെ പോലീസ് അതിക്രമം; പ്രതിഷേധ സംഗീത പരിപാടി പോലീസ് സ്റ്റേഷന് മുന്നില്‍

പ്രസ്താവനയ്ക്കപ്പുറം പോലീസിലെ ആക്ഷന്‍ ഹീറോ ബിജുമാരെ ശിക്ഷിക്കാനുള്ള നടപടികളാണ് ഡിജിപിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.

ലോക്കപ്പ് മര്‍ദ്ദനം, മൂന്നാം മുറ, അഴിമതി എന്നിവ നടത്തുന്ന പോലീസുകാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും എന്ന് ഇതേ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മുഖവിലയ്ക്കെടുക്കാമെങ്കില്‍ ബെഹ്റയ്ക്ക് മുന്നോട്ട് പോകാം. പോലീസിനെ ശുദ്ധീകരിക്കാം.

ഒപ്പം മുടി മാത്രമല്ല പ്രശ്നമെന്നും ഒളിഞ്ഞിരിക്കുന്നത് ജാതി വെറിയാണെന്നും രാഷ്ട്രീയ സമൂഹം തിരിച്ചറിയണം.

Also Read: ജാതിക്കോളനികളില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി തല്ലിക്കൊല്ലുന്ന കേരളം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍