UPDATES

ട്രെന്‍ഡിങ്ങ്

കുമ്മനത്തിന്റെ യാത്ര ഒരു ‘ചരിത്ര സംഭവ’മാണ്: 5 കാര്യങ്ങള്‍

സരോജ് പാണ്ഡേ പറഞ്ഞത് പോലെ സിപിഎമ്മുകാരുടെ കണ്ണു ചൂഴ്ന്നെടുക്കാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് കുമ്മനം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞു, “ജനരക്ഷാ യാത്ര ഒരു ചരിത്ര സംഭവമാണ്”. കുമ്മനത്തിനോട് വിയോജിക്കുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു മൂന്നാം കക്ഷി ഉയര്‍ന്നു വരുന്നതിന്റെ സൂചനകള്‍ തരുന്നത് തന്നെയായിരുന്നു ജനരക്ഷാ യാത്ര. കേരളത്തില്‍ ഒരു പാര്‍ട്ടി ഇത്രയേറെ ദേശീയ നേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും അണിനിരത്തി നടത്തുന്ന ഒരു മാര്‍ച്ച് ആദ്യമായിട്ടായിരിക്കും. പൊതു സമൂഹവും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളും എന്തു തന്നെ വിലയിരുത്തിയാലും കേരള ബിജെപിയുടെ ചരിത്രത്തില്‍ ഈ യാത്ര ഒരു നാഴികക്കല്ലാവും എന്ന കാര്യത്തില്‍ സംശയമില്ല.

അഞ്ചു കാര്യങ്ങള്‍ കൊണ്ടാണ് ജനരക്ഷാ യാത്ര അവര്‍ക്ക് ചരിത്രപരമാകുന്നത്;

1. കേരളത്തെ ആകെ പ്രതിനിധീകരിക്കുന്ന രീതിയില്‍ പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും ഒരു നേതാവില്ല എന്നതായിരുന്നു ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നേരത്തെ ബിജെപിയെ പ്രതിനിധീകരിച്ച സംസ്ഥാന നേതാക്കള്‍ക്ക് ആര്‍ക്കും തന്നെ അണികളെയോ പൊതുജനങ്ങളെയോ ആകര്‍ഷിച്ചു നിര്‍ത്താനുള്ള കരിസ്മ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അത് വളര്‍ത്തിയെടുക്കാനുള്ള രാഷ്ട്രീയ സാഹചര്യവും ഉണ്ടായിരുന്നില്ല. അവരെല്ലാവരും തന്നെ ഏതൊരു ജനാധിപത്യ പാര്‍ട്ടിയിലെ നേതാക്കളെയും പോലെ കേരളത്തിന്റെ മതേതര, സാമൂഹ്യ അന്തരീക്ഷത്തിലേക്ക് തങ്ങളെയും ബിജെപിയെയും ഉള്‍ച്ചേര്‍ക്കാനാണ് ശ്രമിച്ചത്; പുറമേക്ക് എങ്കിലും. അതുകൊണ്ട് തന്നെ ഹിന്ദുത്വ എന്ന ആശയത്തിലൂന്നി ബിജെപിയിലേക്ക് ആകൃഷ്ടരായി എത്തിയ പ്രവര്‍ത്തകരെ വളര്‍ത്തി എടുക്കാനോ ഹിന്ദുത്വയുടെ ആവരണമുള്ളതുകൊണ്ട് പൊതുസമൂഹത്തെ ആകര്‍ഷിക്കാനോ ബിജെപിക്ക് കഴിഞ്ഞില്ല.

പ്രത്യക്ഷത്തില്‍ വലിയ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം ഇല്ലാതിരുന്നിട്ടും കുമ്മനത്തെ നേതൃ പദവിയിലേക്ക് ബിജെപി ദേശീയ നേതൃത്വവും ആര്‍എസ്എസും കൊണ്ടുവന്നത് ജനാധിപത്യ പാര്‍ട്ടി നേതാവിന്റെ ചില ഏനക്കേടുകള്‍ അദ്ദേഹത്തിന് ബാധിച്ചിട്ടില്ല എന്നതുകൊണ്ടുകൂടിയാണ്. ഹിന്ദു ഐക്യവേദി നേതാവ് എന്നനിലയിലും, അയ്യപ്പ സേവാ സംഘം നേതാവ് എന്ന നിലയിലും ആര്‍എസ്എസ് ഉദ്ദേശിക്കുന്ന ഹിന്ദുത്വ, കൃത്യമായി നടപ്പിലാക്കാനും കുമ്മനത്തിന് പറ്റും. അപ്പോള്‍ ഒരു ഹിന്ദുത്വ നേതാവിനെ കേരളത്തിന്റെ ജനാധിപത്യ സമൂഹത്തിനു മുന്‍പില്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്ന ചരിത്രപരമായ കടമയാണ് ബിജെപി ദേശീയ നേതൃത്വം നിര്‍വ്വഹിച്ചത്. അത് വിജയിക്കുമോ ഇല്ലയോ എന്നുള്ളത് വരുന്ന മൂന്നു വര്‍ഷങ്ങള്‍ തെളിയിക്കട്ടെ.

കടുംകാവി രാഷ്ട്രീയം കുമ്മനം വഴി

2. ബോധപൂര്‍വ്വം തന്നെ തങ്ങളുടെ വിമര്‍ശന ശരങ്ങളില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ബിജെപി നടത്തിയ പ്രചരണം. കേരളത്തില്‍ കോണ്‍ഗ്രസിനെ ഒരു എതിരാളിയായി കാണുന്നേ ഇല്ല എന്നുതന്നെയാണ് ബിജെപിയുടെ ഭാവം. അതിലൂടെ രണ്ടാം സ്ഥാനത്ത് തങ്ങളാണ്, സിപിഎമ്മിനെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തില്‍ തങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടിയുടെ കേരള ഘടകത്തിലെ ഒരു ഡസന്‍ നേതാക്കള്‍ അഴിമതി, ലൈംഗിക പീഡന കേസുകളില്‍ പരാമര്‍ശ വിധേയരായിട്ടും അവര്‍ക്കെതിരെ എന്തെങ്കിലും കൂടുതല്‍ പറയാന്‍ നില്‍ക്കാതെ ജാഥയുടെ മുദ്രാവാക്യത്തില്‍ തന്നെ ഉറച്ചു നിന്നുകൊണ്ടാണ് ജനരക്ഷാ യാത്ര മുന്നോട്ട് പോയത്. നെഗറ്റീവ് പബ്ലിസിറ്റി പോലും തളര്‍ന്ന് കിടക്കുന്ന കോണ്‍ഗ്രസിന് നല്‍കേണ്ടതില്ല എന്നത് ഒരു തന്ത്രപരമായ തീരുമാനമായിരിക്കാം.

ഇന്നലെ അമിത് ഷാ തിരുവനന്തപുരത്ത് പറഞ്ഞത് “ജനരക്ഷാ യാത്രയിലെ ജനപങ്കാളിത്തം കണ്ട് പരിഭ്രാന്തനായ മുഖ്യമന്ത്രിക്ക് സോളാര്‍ കേസില്‍ നടപടി എടുക്കാന്‍ പേടി” എന്നാണ്. (മാതൃഭൂമി). ജനരക്ഷാ യാത്രയിലൂടെ അനൌദ്യോഗിക പ്രതിപക്ഷമായി ഉയര്‍ന്നുവരാന്‍ ബിജെപിക്ക് സാധിക്കും എന്നാണ് അവരുടെ ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്. അങ്ങനെയായാല്‍ അതിനെ തിരഞ്ഞെടുപ്പ് നേട്ടമാക്കിമാറ്റാന്‍ വരുന്ന മൂന്നു വര്‍ഷം നല്ല കാലയളവാണ്. പ്രത്യേകിച്ചും വന്‍ ഭൂരിപക്ഷത്തോടെ കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടിക്ക്.

3. ഇത്രയേറെ കേന്ദ്ര നേതാക്കളും, കേന്ദ്രമന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്ത ഒരു ജാഥ കേരളത്തില്‍ ആദ്യമാണ്. യോഗിയും പരീക്കറും അടക്കമുള്ള നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായെങ്കിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ തങ്ങളുടെ അധികാര ശേഷിയുടെ പ്രദര്‍ശനമാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചു. അമിത് ഷായും യോഗിയും സ്മൃതി ഇറാനിയുമൊക്കെ കൂടെ നടന്നതിന്റെ ഊര്‍ജ്ജം കുറച്ചുകാലത്തെക്കെങ്കിലും പ്രവര്‍ത്തകരില്‍ നിലനില്‍ക്കും. അത് ഗ്രാസ് റൂട്ട് തലത്തില്‍ നടത്തുന്ന പ്രവത്തനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പൊങ്കാല പോലും പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനെ ഉപകരിക്കുകയുള്ളൂ എന്ന്, 2013ല്‍ നരേന്ദ്ര മോദിക്കെതിരായ നെഗറ്റീവ് ക്യാമ്പയിന്‍ എങ്ങിനെയാണ് തങ്ങള്‍ക്ക് ഗുണം ചെയ്തത് എന്നതില്‍ നിന്നും ബിജെപി തിരിച്ചറിഞ്ഞതാണ്.

കുമ്മനത്തിന്റെ യാത്ര ‘പൊളിച്ചത്’ അമിത് ഷായും യോഗിയും..!

4. കേരളത്തില്‍ നിലനില്‍ക്കുന്ന മുന്നണി സംവിധാനത്തില്‍ മൂന്നാം മുന്നണി എന്ന ഘടനയുമായി ഒരു പറ്റം ഈര്‍ക്കിലി പാര്‍ട്ടികളെ കൂടെ കൂട്ടിയാണ് ബിജെപി കഴിഞ്ഞ കാലങ്ങളില്‍ തിരഞ്ഞെടുപ്പുകളെ നേരിട്ടത്. വോട്ടിന്റെ കാര്യത്തിലോ ആശയ തലത്തിലോ യാതൊരു ഗുണവും ചെയ്യാത്ത ഈ പാര്‍ട്ടികളെ ഔദ്യോഗികമായി പങ്കെടുപ്പിക്കാതെ തന്നെ ഒരു ജാഥ നടത്തി വിജയിപ്പിച്ചു തെളിയിക്കുക എന്നത് ബിജെപിക്ക് ആവശ്യമായിരുന്നു. പ്രത്യേകിച്ചും മുന്നണിയില്‍ ഇപ്പോള്‍ മുറുമുറുക്കുന്ന ബിഡിജെഎസ് പോലുള്ള പാര്‍ട്ടികളെ അടക്കി നിര്‍ത്താനും പുതിയ പാര്‍ട്ടികളെ പാളയത്തിലേക്ക് ക്ഷണിക്കാനും. സംഘടനാപരമായി ഒരു മുന്നണിയെ നയിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് തങ്ങളെന്ന് തെളിയിക്കാന്‍ ബിജെപിക്ക് സാധിച്ചോ എന്നത് വരുന്ന തിരഞ്ഞെടുപ്പുകളില്‍ മുന്നണി ബന്ധങ്ങളില്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങള്‍ തെളിയിക്കും.

5. കേരളത്തിലെ പാര്‍ട്ടി സംഘടനയെ നോക്കുകുത്തിയാക്കി പൂര്‍ണ്ണമായും കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നടന്ന ഒരു പരിപാടിയാണ് ജനരക്ഷാ യാത്ര. കേരള ബിജെപിയുടെ കടിഞ്ഞാണ്‍ കയ്യില്‍ പിടിച്ച് കുമ്മനത്തിലൂടെ കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുകയായിരിക്കും അമിത് ഷാ ഇനി ചെയ്യുക. ജനരക്ഷാ യാത്ര വിജയമാണ് എന്ന് കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ സന്ദേശം അവര്‍ക്ക് മനസിലായി എന്നു വേണം കരുതാന്‍. വിവി രാജേഷ് എന്ന യുവ തുര്‍ക്കി ഇപ്പോള്‍ കിടക്കുന്ന കിടപ്പ് ഓര്‍ത്താല്‍ മാത്രം മതി.

കുമ്മനത്തിന്റെ ജനരക്ഷായാത്ര ഇന്ന് തീരുന്നു; അമിത് ഷാ വീണ്ടും കേരളത്തില്‍; അപ്പോള്‍ ഈ യാത്ര എന്തിനു വേണ്ടിയായിരുന്നു?

ജാഥയില്‍ നിന്നു ഇന്നലെ കേട്ട ചില ചരിത്രമുത്തുകള്‍ കൂടി;

കേരളത്തില്‍ ബിജെപിക്കാരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം പിണറായി ഏറ്റെടുക്കണമെന്ന് അമിത് ഷാ.

സരോജ് പാണ്ഡേ പറഞ്ഞത് പോലെ സിപിഎമ്മുകാരുടെ കണ്ണു ചൂഴ്ന്നെടുക്കാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് കുമ്മനം.

കൊലക്കേസ് പ്രതിയായ മുഖ്യമന്ത്രി നാട് ഭരിക്കുന്ന കേരളത്തില്‍ കാട്ടുഭരണവും കാട്ടുനീതിയുമാണെന്ന് കേന്ദ്രമന്ത്രി അശ്വനികുമാര്‍ ചൌബേ.

കേരളത്തില്‍ സിപിഎം നടത്തുന്ന കൊലപാതകത്തെ ചെറുക്കാന്‍ തമിഴ്നാട്ടിലെ ഏഴരക്കോടി ജനങ്ങളെ അണിനിരത്തുമെന്ന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍

പരീക്കര്‍ മുഖ്യമന്ത്രി, താങ്കള്‍ ‘തെമ്മാടികള്‍’ എന്നു വിളിച്ചാക്ഷേപിച്ചത് മോദിയുടെ ടീം ഇന്ത്യയെ തന്നെയാണ്

മറ്റ് ചില വാര്‍ത്തകള്‍

സോളാര്‍ കേസില്‍ മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുത് എന്നും തെറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം തന്റേതാണെന്നും ഡി ജി പി ഹേമചന്ദ്രന്‍ സര്‍ക്കാരിന് കത്തെഴുതി. അതിന്റെ ഭവിഷ്യത്ത് നേരിടാന്‍ താന്‍ തയ്യാറാണ് എന്നു കത്തില്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ നടപടി പ്രഖ്യാപനം പോലീസ് സേനയില്‍ അസ്വസ്ഥത ഉണ്ടാക്കി എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്ത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ഹേമചന്ദ്രന്‍ നേരിട്ടു കൈമാറി.

ശബരിമല ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു എന്നൊരു വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മാളികപ്പുറത്തു നിന്നും വാവര് നടയില്‍ നിന്നും പിണറായി പ്രസാദം സ്വീകരിച്ചു. നേരത്തെ വി എസ്സ് വന്നിട്ടുണ്ടെങ്കിലും തിരുമുറ്റത്ത് കയറി ഇരുന്നില്ല എന്നു മാതൃഭൂമി പറയുന്നു. തിരുമുറ്റത്തേക്ക് കയറിയ പിണറായി “ക്ഷേത്രത്തിനുള്ളിലേക്ക് ഒരു നിമിഷം നോക്കി” എന്ന കാര്യം മാതൃഭൂമി ലേഖകന്റെ സൂക്ഷ്മ ദൃഷ്ടിയില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷേ ഗുരുവായൂരില്‍ കടകംപള്ളി കാണിച്ച ഏര്‍പ്പാടുകള്‍ ഒന്നും കിട്ടാത്തതുകൊണ്ടാകാം അയ്യപ്പന്റെ ചിത്രത്തിന് പുറംതിരിഞ്ഞു നിന്നു കൈകൂപ്പുന്നത് പോലെ നില്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചത്. കുരുത്തം കെട്ട അടിക്കുറിപ്പുകള്‍ ഒന്നും അതിനു നല്‍കിയിട്ടില്ല. എല്ലാം വായനക്കാര്‍ തീരുമാനിക്കട്ടെ.

കടകംപള്ളിയുടെ വൈരുദ്ധ്യാത്മക പുഷ്പാഞ്ജലിയും സിപിഎമ്മിനുള്ള വിശദീകരണ വഴിപാടും

അമിത് ഷായുടെ മകനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിന് കോടതി വിലക്ക്. ജയ് ഷാ ദി വയര്‍. ഇന്നിന് എതിരെ നല്കിയ 100 കോടിയുടെ മാനനഷ്ടക്കേസില്‍ വാദം കെട്ട അഹമ്മദാബാദ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഒക്ടോബര്‍ എട്ടിന് വയര്‍ പ്രസിദ്ധീകരിച്ച ജെയ് ഷായുടെ അഴിമതി സംബന്ധിച്ച വാര്‍ത്ത രാജ്യത്തെ മറ്റ് ഇതര മാധ്യമങ്ങള്‍ ഇനി പ്രസിദ്ധീക്കരുത് എന്നാണ് തീട്ടൂരം. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെ നടത്തിയ ഈ വിധി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണെന്ന് വയര്‍ ആരോപിച്ചു.

ഇന്ത്യക്കാരില്‍ പകുതിയും പട്ടാള ഭരണ മോഹികളാണ് എന്നു അമേരിക്കയിലെ പ്യൂ ഗവേഷണ കേന്ദ്രം നടത്തിയ സര്‍വ്വെ. ഭരണത്തെയും ജനവിശ്വാസത്തെയും കുറിച്ച് 38 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ 53 ശതമാനം പേരും ഇന്ത്യയില്‍ പട്ടാളഭരണം വന്നാല്‍ നന്നാകും എന്നു അഭിപ്രായപ്പെട്ടു.

താജ്മഹല്‍ വിവാദത്തില്‍ യോഗി ആദിത്യനാഥ് വീണ്ടും. ഷാജഹാന്‍ ചക്രവര്‍ത്തി പണിതു എന്നു കൊണ്ടാടുന്ന താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യാക്കാരുടെ വിയര്‍പ്പിലും ചോരയിലുമാണ് എന്നാണ് യോഗി പറഞ്ഞിരിക്കുന്നത്. ശരിക്കും യോഗി ഒരു കമ്യൂണിസ്റ്റ് തന്നെ. ഭരണാധികാരികളല്ല ചരിത്രം നിര്‍മ്മിക്കുന്നത്, മറിച്ച് എവിടേയും രേഖപ്പെടുത്താതെ പോകുന്ന എണ്ണമറ്റ മനുഷ്യരാണ്. മുന്‍ എസ് എഫ് ഐക്കാരന്‍ ആകുമായിരുന്ന യോഗി അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഉത്തര്‍പ്രദേശില്‍ നിന്നും സിപിഎം പൊളിറ്റ് ബ്യൂറോയില്‍ എത്തുമായിരുന്നു. കലികാല വൈഭവം… അല്ലാതെ എന്താ പറയ്വാ..!

റോബര്‍ട്ട് വധേര- ജയ് ഷാ; ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീതിദമായ താരതമ്യങ്ങള്‍, വ്യത്യാസങ്ങളും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍