UPDATES

ട്രെന്‍ഡിങ്ങ്

ഈ നീല കാര്‍ ഒരു തൊണ്ടിമുതല്‍ മാത്രമല്ല

ഡല്‍ഹിയിലെ വി ഐ പി സംസ്കാരത്തിനെതിരെയുള്ള സാധാരണക്കാരുടെ പ്രതിഷേധത്തിന് ഈ കാറും മഫ്ലര്‍ ചുറ്റിയ കുറിയ മനുഷ്യനും ജീവന്‍ പകര്‍ന്നു

അരവിന്ദ് കേജ്രിവാളിന്റെ നീല വാഗണ്‍ ആര്‍ കാര്‍ ഗാസിയാബാദില്‍ നിന്നും കണ്ടെത്തി. ഡെല്‍ഹി സെക്രട്ടറിയേറ്റിന് പുറത്തു നിന്നും മോഷ്ടിക്കപ്പെട്ട കാര്‍ തൊണ്ടി മുതല്‍ എന്നതിനപ്പുറം ഒരു സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയുടെ കേന്ദ്ര ബിന്ദുകൂടിയായി മാറി.

തന്റെ കാര്‍ മോഷ്ടിക്കപ്പെട്ട ഉടനെ കേജ്രിവാള്‍ ശക്തമായ ആക്രമണമാണ് ഡെല്‍ഹി പോലീസിനെതിരെ അഴിച്ചുവിട്ടത്. “എന്റെ കാര്‍ മോഷ്ടിപ്പിക്കപ്പെട്ടു എന്നത് ഒരു ചെറിയ കാര്യം മാത്രമാണ്. എന്നാല്‍ ഡെല്‍ഹി സെക്രട്ടറിയേറ്റിന് തൊട്ട് വെളിയില്‍ വെച്ചു കാര്‍ മോഷ്ടിക്കപ്പെട്ടു എന്നത് ഡല്‍ഹിയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ക്രമ സമാധാനനിലയുടെ സൂചനയാണ്” ലഫ്ട്നന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലിനെഴുതിയ കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിക്ക് ഡല്‍ഹി പോലീസില്‍ യാതൊരു നിയന്ത്രണവുമില്ല. ലഫ്ട്നന്‍റ് ഗവര്‍ണ്ണര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിനുമാണ് ഡെല്‍ഹി പോലീസ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

അതേ സമയം ഡല്‍ഹി സെക്രട്ടറിയേറ്റിന് 200 മീറ്റര്‍ അകലെ സെക്യൂരിയിറ്റില്ലാത്ത പാര്‍ക്കിംഗ് എരിയയിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് എന്നും കാറിന് സെക്യൂരിറ്റി ഡിവൈസുകള്‍ ഒന്നും ഇല്ലാതിരുന്നു എന്നും ആണ് പോലീസ് നല്‍കുന്ന വിശദീകരണം. മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കാറില്‍ നിന്നും ഒരു വാള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കാറിന്റെ ഉടമ കേജ്രിവാള്‍ അല്ലെന്നും ആം ആദ്മി പാര്‍ട്ടിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തക വന്ദന സിംഗാണ് കാര്‍ ഉപയോഗിക്കുന്നത്.

2014ലെയും 2015ലെയും ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനു മുഖ്യ പങ്കുവഹിച്ച ഒരു പ്രതീകം കൂടിയായിരുന്നു ഈ നീല കാര്‍. ഡല്‍ഹിയിലെ വി ഐ പി സംസ്കാരത്തിനെതിരെയുള്ള സാധാരണക്കാരുടെ പ്രതിഷേധത്തിന് ഈ കാറും മഫ്ലര്‍ ചുറ്റിയ കുറിയ മനുഷ്യനും ജീവന്‍ പകര്‍ന്നു. ആപ്പിന്റെ അഴിമതി വിരുദ്ധ പ്രചാരണ പ്രക്ഷോഭ വേദികളില്‍ നീല കാര്‍ ഒരു നിതാന്ത സാന്നിധ്യമായി മാറി ഒഴുകി എത്തി. അത് രാഷ്ട്രീയ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ഇടയിലെ അകലം എത്രകണ്ട് കുറയ്ക്കാം എന്ന സന്ദേശമായി. അധികാര ഗര്‍വ്വിന്റെ പല്ലു കൊഴിച്ചു. അഴിമതിയുടെ ആഡംബര കാഴ്ചകള്‍ക്കെതിരെ ലാളിത്യത്തിന്റെ ചൂണ്ടുവിരലായി. മുഖ്യമന്ത്രിയായതോടെ ആപ്പിന്റെ ഔദ്യോഗിക വാഹനമായി വാഗണ്‍ ആര്‍ കേജ്രിവാള്‍ വിട്ടുകൊടുക്കുകയായിരുന്നു.

മാടമ്പി യാത്രകളെ ആരു തടയും?

കഴിഞ്ഞ മെയ് ഒന്നിന് വി ഐ പി സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിവിഐപി വാഹനങ്ങളില്‍ നിന്നും റെഡ് ബീക്കന്‍ ലൈറ്റുകള്‍ ഉപേക്ഷിക്കുന്നതിലേക്ക് കേന്ദ്ര ഗവണ്‍മെന്റിനെ കൊണ്ട് തീരുമാനമെടുപ്പിക്കുന്നതില്‍ ഈ നീല വാഗണ്‍ ആര്‍ കാര്‍ ചരിത്രപരമായ ദൌത്യം നിര്‍വ്വഹിച്ചിട്ടുണ്ട് എന്ന കാര്യം നിഷേധിക്കാന്‍ കഴിയില്ല.

‘ചരിത്ര വസ്തു’ ആയതുകൊണ്ട് കൂടിയായിരിക്കാം മോഷ്ടാവ് കുറച്ചു മണിക്കൂറിന്റെ “ഉല്ലാസ യാത്രയ്ക്ക്” വാഗണ്‍ ആര്‍ തിരഞ്ഞെടുത്തത്. ഇപ്പോള്‍ കാറിന്‍റെയും കാര്‍ മോഷണത്തിന്റെയും രാഷ്ട്രീയ ധ്വനികള്‍ ആഘോഷിക്കുകയാണ് നവമാധ്യമങ്ങള്‍.

അതിനിടയില്‍ ഡല്‍ഹി-കേരള പൈതൃകോത്സവത്തിന് ഇന്നലെ ഡല്‍ഹിയില്‍ തുടക്കം കുറിച്ച്. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്ക് ഒരു താക്കീത് എന്ന നിലയിലാണ് ഈ സാംസ്കാരിക വിനിമയ പരിപാടി നടക്കുന്നത് എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ തരത്തിലും ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണ് ഇതെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്കാരത്തിലൂടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള മഹനീയ ദൌത്യത്തിനാണ് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത് എന്നു കേജ്രിവാള്‍ പറഞ്ഞു.

ഇതൊരു സാംസ്കാരിക ഐക്യ പരിപാടി എന്നതില്‍ ഉപരി ബിജെപിക്കെതിരെയുള്ള ഒരു രാഷ്ട്രീയ പ്രഖ്യാപനം തന്നെയായി കാണാം.

മറ്റ് പ്രധാന വാര്‍ത്തകള്‍

കോണ്‍ഗ്രസ്സ് ബന്ധത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നു എന്ന വാര്‍ത്തയാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് വളര്‍ന്നുവരുന്ന മോദി വിരുദ്ധ വികാരത്തിനൊപ്പം നിന്നില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്നു അകലുമെന്ന് തോമസ് ഐസക് പറഞ്ഞതായാണ് ജോമി തോമസിന്റെ റിപ്പോര്‍ട്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ യെച്ചൂരിയുടെ ലൈന്‍ പിന്താങ്ങുന്ന നിലപാടാണ് ഐസക് സ്വീകരിച്ചിരിക്കുന്നത് എന്നാണ് മനോരമയുടെ വ്യാഖ്യാനം.

വിദ്യാര്‍ത്ഥി രാഷ്ട്രീയം പുനഃസ്ഥാപിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി ആവശ്യപ്പെട്ടു. ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി സര്‍വ്വ കക്ഷി യോഗം വിളിക്കണം എന്നും ആന്‍റണി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം കേരളത്തിലെ വിദ്യാലയങ്ങളില്‍ വര്‍ഗ്ഗീയ ശക്തികളുടെ അഴിഞ്ഞാട്ടത്തിന് ഇടവരുത്തും. എന്തായാലും ഈ കാര്യം പറയാന് എന്തുകൊണ്ടും അനുയോജ്യനായ നേതാവ് തന്നെയാണ് എകെ ആന്‍റണി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷമുള്ള സാഹചര്യം ഗുരുതരമാണ് എന്നു മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. ഇതിന്റെ ഗുരുതരാവസ്ഥ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദായിപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നിട്ടുള്ള അനഭിലാഷണീയമായ പ്രവണതകളെ കുറിച്ച് സ്വയം വിമര്‍ശനം നടത്തണമെന്ന് സുധീരന്‍ പറഞ്ഞു.

663 പേര്‍ക്ക് ഒരു പോലീസ് ഓഫീസര്‍; ഒരു വിഐപിക്ക് 3 പോലീസുകാര്‍: ഇതാണ് ‘പുതിയ ഇന്ത്യ’

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍