UPDATES

ട്രെന്‍ഡിങ്ങ്

കണ്ണന്താനം ബീഫ് പെരട്ട് (ഓണം സ്പെഷ്യല്‍)

വികാരിയച്ചന്‍മാര്‍ അറിയാതെയോ മറ്റോ ഈ മണിമലക്കാരന്റെ പേര് അമിത് ഷായോട് പറഞ്ഞോ എന്തോ?

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദം മലയാളികള്‍ക്കുള്ള ഓണസമ്മാനം ആണെന്നാണ് ബിജെപിയുടെ ഓണപ്പാട്ട്. കേരള നേതാക്കള്‍ അങ്ങനെ അധികം കൊട്ടിഘോഷിച്ചില്ലെങ്കിലും. പക്ഷേ അതങ്ങനെയാണോ എന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്.

ഇങ്ങനെ തോന്നാന്‍ കാരണം കണ്ണന്താനത്തിന്റെ ഇന്നലത്തെ പ്രസ്താവനയാണ്.

‘മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരും’ എന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രസ്താവന.

ഓണത്തിന്റെ ഔദ്യോഗിക മെനുവില്‍ ബീഫ് ഇതുവരെ സ്ഥാനം പിടിച്ചിട്ടില്ലല്ലോ. നാടൊട്ടുക്കും ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന സഖാക്കള്‍ പോലും ഓണത്തിന് ബീഫ് കഴിക്കുമെന്ന് തോന്നുന്നില്ല. അപ്പോള്‍ പിന്നെ ഈ ‘ഓണ സമ്മാനം’ ഇങ്ങനെ പറയാന്‍ കാരണം എന്താണാവോ?

“ബീഫ് കഴിക്കരുതെന്ന് ബിജെപി കല്‍പ്പിക്കുകയില്ല. ഏതെങ്കിലും സ്ഥലത്തെ ആഹാരശീലം എന്താകണമെന്ന് നിര്‍ബന്ധിക്കുകയില്ല. അത് ജനങ്ങള്‍ തീരുമാനിക്കും പോലെയാണ്.” കണ്ണന്താനം വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോവന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറിനെയാണ് ഈ കാര്യത്തില്‍ കണ്ണന്താനം മാതൃകയാക്കിയിരിക്കുന്നത്. ബിജെപിയുടെ താരമുഖ്യന്‍മാരായ യോഗി ആദിത്യനാഥിനെയോ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫദ്നാവിസിനെയോ അല്ല.

Also Read: ഒരു നസ്രാണിയെ കേന്ദ്രമന്ത്രിയാക്കുക വഴി മോദി-ഷാ കാണുന്ന ഇരട്ടസ്വപ്നങ്ങള്‍

എന്നാല്‍ ദി ഇന്ത്യന്‍ എക്സ്പ്രസ്സിലെ റിപ്പോര്‍ട്ടില്‍ കണ്ണന്താനം പറഞ്ഞതായി ഇങ്ങനെ ഒരു വാചകമുണ്ട്- “People are free to eat what they want, subject to national regulations”. അപ്പോള്‍ എന്താണാവോ ദേശീയ നിയന്ത്രണങ്ങള്‍? ഇറച്ചിക്കായി കന്നുകാലികളെ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര ഗവണ്‍മെന്‍റ് ഉത്തരവാണോ അത്? പിന്നീട് മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും അത് സുപ്രീം കോടതി ശരിവയ്ക്കുകയും തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ഉത്തരവ് പുനഃപരിശോധിക്കും എന്ന് കേന്ദ്രം പറയുകയും ചെയ്തിരുന്നു.

ഇന്നലത്തെ കണ്ണന്താനത്തിന്റെ പ്രസ്താവന കേട്ടാല്‍ തോന്നും അദ്ദേഹം കേരളത്തിന്റെ മാത്രം മന്ത്രിയാണെന്ന്. ബീഫ് കഴിക്കണം എന്നാഗ്രഹിക്കുന്ന വടക്കേ ഇന്ത്യയിലെ ബീഫ് തീനികള്‍ കണ്ണന്താനം മന്ത്രിയുടെ അധികാര പരിധിയില്‍ വരില്ലേ എന്തോ? അവര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തോട്ടെ എന്നാണോ?

പശുവുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ ഏറ്റവും മോശം വര്‍ഷമാണ് 2017. ഇരുപതില്‍ അധികം ആക്രമണങ്ങളാണ് ഈ വര്‍ഷം ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2010 മുതല്‍ 2017 വരെയുള്ള കണക്ക് പ്രകാരം 63 സംഭവങ്ങളിലായി 28 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 87 ശതമാനം പേരും മുസ്ലീങ്ങളാണ് എന്ന കാര്യവും ശ്രദ്ധിക്കുക. ഇതില്‍ ബഹുഭൂരിപക്ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്ന കാര്യം കണ്ണന്താനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇവിടങ്ങളില്‍ മനുഷ്യര്‍ ആക്രമിക്കപ്പെട്ടത് എന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ആയിരുന്നില്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും ലഭ്യമാകുന്നതുമായ ഭക്ഷണം കഴിക്കാനും തങ്ങളുടെ ഉപജീവനത്തിനായി ഒരു തൊഴിലില്‍ ഏര്‍പ്പെടാനും വേണ്ടിയായിരുന്നു. ഡല്‍ഹിയുടെ പ്രശസ്തനായ ‘ഡിമോളിഷന്‍ മാന്‍’ അറിഞ്ഞില്ലെന്ന് നടിച്ചതോ?

Also Read: എന്തിനാണ് അവര്‍ ഞങ്ങളെ ഇത്രമാത്രം വെറുക്കുന്നത്? ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട 16കാരന്റെ കുടുംബം ചോദിക്കുന്നു

എന്തായാലും ഷാ-മോദി ടീം തന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നു കണ്ണന്താനത്തിന് കൃത്യമായി അറിയാം. “ബിജെപിക്കും ക്രിസ്ത്യൻ സമൂഹത്തിനുമിടയിലുള്ള പാലമായി താൻ പ്രവർത്തിക്കും” എന്നാണ് കണ്ണന്താനം വ്യക്തമാക്കിയിരിക്കുന്നത്.

ജൂണ്‍ രണ്ടിന് കൊച്ചിയില്‍ വന്നിറങ്ങിയ ഉടനെ അമിത് ഷാ കേരളത്തിലെ പ്രമുഖ കൃസ്തീയ മത മേലധ്യക്ഷന്‍മാരെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അടച്ചിട്ട മുറിയില്‍ രാഷ്ട്രീയം പറഞ്ഞില്ല എന്നാണ് അച്ചന്‍മാര്‍ പറയുന്നത്. അകത്ത് എന്തായിരിക്കാം സംസാരിച്ചത് എന്നതിനെ കുറിച്ച് പൂര്‍ണ്ണമായ ചിത്രം ആര്‍ക്കുമില്ല. ചര്‍ച്ചയ്ക്കിരുന്നത് ഒരു വശത്ത് അമിത് ഷായും മറുവശത്ത് പുരോഹിതന്‍മാരും ആയതുകൊണ്ട് സംഗതി പകല്‍ വെളിച്ചം പോലെ ഊഹിച്ചെടുക്കാം.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഷാ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് നല്‍കിയ ഉപദേശം ‘ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വിശ്വാസം നേടിയെടുക്കണം’ എന്നാണ്.

അന്ന് വികാരിയച്ചന്‍മാര്‍ അറിയാതെയോ മറ്റോ ഈ മണിമലക്കാരന്റെ പേര് പറഞ്ഞോ എന്തോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍