UPDATES

ട്രെന്‍ഡിങ്ങ്

കേശവേന്ദ്ര കുമാറിന്റെ മാപ്പില്‍ തെളിയുന്ന കെ എസ് യുക്കാരുടെ കരിഓയിലും എസ് എഫ് ഐക്കാരുടെ പടക്കവും

നീതിയും നിയമവും ധാര്‍മ്മിക ബോധവും ഒക്കെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്നു കാണാം

“പ്രതി ചേര്‍ക്കപ്പെട്ടവര്‍ മാനസികാരോഗ്യ കേന്ദ്രത്തിലും സര്‍ക്കാര്‍ ആശുപത്രികളിലും ശിചീകരണം നടത്തി, സൌജന്യ ഭക്ഷണം വിതരണം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിചരിച്ചു. ഡോക്ടര്‍മാര്‍ ഈ സേവനമൊക്കെ സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റും ഫോട്ടോകളും പ്രതികള്‍ ഹാജരാക്കി. ഇതോടെ കേശവേന്ദ്ര കുമാര്‍ സര്‍ക്കാരിന് എഴുതി. അവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ടു. വാദിയായ എനിക്കു ഇനി ഈ കേസുമായി മുന്‍പോട്ട് പോകാന്‍ താത്പര്യമില്ല.” (മലയാള മനോരമ)

2013 ഫെബ്രുവരിയില്‍ ഫീസ് വര്‍ദ്ധനയ്ക്ക് എതിരെ സമരം ചെയ്ത കെ എസ് യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കണ്ടറി ഡയറകടര്‍ ആയിരിക്കെ ഡോ. കേശവേന്ദ്ര കുമാര്‍ ഐ എ എസിന്റെ ദേഹത്ത് കാരി ഓയില്‍ ഒഴിച്ച കേസിന്റെ ക്ലൈമാക്സ് ഇങ്ങനെ. അത് നല്‍കുന്നത് ഒരു നല്ല സന്ദേശവും.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ പ്രതികളെ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കേസ് ചാര്‍ജ്ജ് ചെയ്തു പോലീസ് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് 2015ല്‍ ഈ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനം ഏറെ വിവാദമാവുകയുണ്ടായി.

വിവാദ തീരുമാനത്തെ കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എം ബി സന്തോഷ് അഴിമുഖത്തില്‍ ഇങ്ങനെ എഴുതി; “സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പുമന്ത്രിയായ പി.കെ.അബ്ദുറബ്ബിനോ ഈ മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിക്കോ മാത്രമായിരിക്കെ അത് നടപ്പാക്കാന്‍ ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുക എന്നത് കാടത്തമാണെന്ന് അന്ന് പൊതു അഭിപ്രായം ഉണ്ടായിരുന്നു. കരിഓയില്‍ ഒഴിച്ചേ തീരൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയോ അബ്ദുറബ്ബോ ആയിരുന്നു അതിനര്‍ഹര്‍. കാരണം, അവരാരെങ്കിലും ‘വേണ്ട’ എന്ന് പറഞ്ഞിരുന്നെങ്കില്‍ കേശവേന്ദ്ര കുമാറല്ല, അതിനുമുകളിലുള്ള പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറിയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ, എന്തിന് ചീഫ് സെക്രട്ടറിയോ വിചാരിച്ചാല്‍പോലും ഹയര്‍സെക്കന്‍ഡറിക്കാരുടേതല്ല ആരുടേയും ഫീസ് കൂട്ടാന്‍ കഴിയുമായിരുന്നില്ല.”

പ്രിയപ്പെട്ട ക്രിമിനലുകളെ, ഈ മുഖ്യമന്ത്രിയെ സ്തുതിക്കുക. അദ്ദേഹം നിങ്ങളുടെ രക്ഷകന്‍!

എന്തായാലും ഐ എ എസ് അസോസിയേഷനും കേശവേന്ദ്ര കുമാറും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് യു ഡി എഫ് ഗവണ്‍മെന്‍റ് തീരുമാനം പിന്‍വലിച്ചു തലയൂരി.

രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് വേണ്ടി ചുടുചോര്‍ വാരിയ തങ്ങളുടെ മക്കളെ ഉപേക്ഷിക്കാന്‍ എന്തായാലും രക്ഷിതാക്കല്‍ക്ക് ആവില്ലല്ലോ. അവരുടെ ഭാവികാര്യങ്ങള്‍ നോക്കണ്ടേ? അപ്പോഴേക്കും യുഡിഎഫ് ഗവണ്‍മെന്റിന്റെയും ലീഗിന്റെയും കണ്ണിലെ കരാടായി മാറിയ കേശവേന്ദ്ര കുമാറിനെ വയനാട് കളക്ടറായി സ്ഥലം മാറ്റിയിരുന്നു. അതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവിടെ എത്തി കളക്ടറോട് തെറ്റ് ഏറ്റുപറയുകയും ചെയ്യുകയായിരുന്നു.

ഡോ.കേശവേന്ദ്ര കുമാറിന്റെ ഭൂതകാലം കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍ ഇനിയും കരി ഓയില്‍ കാനുമായി സമരാഭാസത്തിനിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ അതറിഞ്ഞിരിക്കണം.

പാവപ്പെട്ട ഒരു ബീഹാറി കുടുംബത്തില്‍നിന്ന് കഠിനാദ്ധ്വാനത്തിലൂടെ ഐ എ എസ് ഉദ്യോഗസ്ഥനായി വളര്‍ന്ന് വന്നയാളാണ് കേശവേന്ദ്ര കുമാര്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലൂടെ പളസ്ടുവിന് തുല്യമായ കോഴ്‌സ് പഠിച്ച് പശ്ചിമബംഗാളില്‍ റെയില്‍വേയുടെ ബുക്കിംഗ് ക്‌ളാര്‍ക്ക് ആയി ജോലി ചെയ്തു. ജോലി ചെയ്തുകൊണ്ട് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നൊ)യില്‍നിന്ന് ഹിന്ദിയില്‍ ബിരുദമെടുത്തശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. അതുവരെയുള്ള 27 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ‘ഇഗ്നോ’യില്‍നിന്നുള്ള ഒരു ബിരുദധാരിക്ക് ഐ.എ.എസ് ലഭിച്ചിരുന്നില്ല. 2008ല്‍ ഐ.എ.എസ് ലഭിച്ച കുറഞ്ഞ പ്രായക്കാരില്‍ രണ്ടാമനായിരുന്നു കേശവേന്ദ്ര കുമാര്‍. വയസ്സ് ഇരുപത്തിരണ്ട്. (കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച വിദ്യാര്‍ത്ഥികള്‍ക്കും അത്രയൊക്കെ വയസ്സേ ഉണ്ടായിരിക്കുകയുള്ളൂ)

യുഡിഎഫ് ഗവണ്‍മെന്‍റ് വയനാട്ടിലേക്ക് നാടു കടത്തിയ കേശവേന്ദ്ര കുമാര്‍ പരിസ്ഥിതി ദുര്‍ബല മേഖലയായ ജില്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് തടയിട്ടുകൊണ്ട് റിസോര്‍ട്ട് – റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് തലവേദനയായതും അറിഞ്ഞിരിക്കേണ്ട ചരിത്രം. ഇപ്പോള്‍ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ ആണ് ഡോ. കേശവേന്ദ്ര കുമാര്‍.

വയനാടിനെ വീണ്ടെടുക്കാന്‍ ഒരു പച്ചയായ ശ്രമം

ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ളാദ പ്രകടനം നടത്തുന്നതിനിടെ കമ്മീഷണര്‍ ഓഫീസിന്‍റെ വളപ്പിലേക്ക് പടക്കമെറിഞ്ഞു പൊട്ടിച്ചതിന്റെ പേരില്‍ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. എസ് എഫ് ഐ യൂണിറ്റ് ഭാരവാഹിയെ പിടികൂടുകയും ചെയ്തു. കണ്ടാലറിയാവുന്ന ഒരു സംഘം എസ് എഫ് ഐക്കാര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

കെ എസ് യു പ്രവര്‍ത്തകരെ പോലെ എസ് എഫ് ഐക്കാരും മാപ്പപേക്ഷ നല്‍കി സാമൂഹിക സേവനത്തിന് ഇറങ്ങുമോ? കമ്മീഷണര്‍ കേശവേന്ദ്ര കുമാറിനെ പോലെ മാപ്പ് നല്‍കുമോ? അതോ ഉമ്മന്‍ ചാണ്ടി ചെയ്തത് പോലെ കുട്ടികളുടെ കുരുത്തക്കേടുകള്‍ ക്ഷമിച്ച് പിണറായിയുടെ പോലീസ് കേസ് പിന്‍വലിക്കുമോ?

നീതിയും നിയമവും ധാര്‍മ്മിക ബോധവും ഒക്കെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്നു കാണാം. ഡോ. കേശവേന്ദ്ര കുമാറിന്റെ നടപടി ആര്‍ക്കെങ്കിലും തിരിച്ചറിവു പകരുമോ എന്നുള്ളതും.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍