UPDATES

ട്രെന്‍ഡിങ്ങ്

കോവളം കൊട്ടാരം; ആര്‍ക്കാണ് കല്ലെറിയാന്‍ അവകാശം?

യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന് കോവളം കൊട്ടാരം വില്‍ക്കാനുള്ള അവകാശം ഉണ്ടായിരുന്നോ?

മറ്റൊരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം ആര്‍ പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തു വന്നു. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഇടതു സര്‍ക്കാരിന്റെ തീരുമാനം. ബുദ്ധിപൂര്‍വ്വമായ തീരുമാനമെന്ന വാദവുമായി സര്‍ക്കാര്‍ അനുകൂലികളും സ്വജനങ്ങളുടെയും സ്ഥാപിത താത്പര്യകാരുടെയും സമ്മര്‍ദത്തിന് വഴങ്ങി നടത്തിയ രാഷ്ട്രീയ അഴിമതി എന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു കഴിഞ്ഞു.

ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന നിയമ യുദ്ധത്തിനാണ് താത്ക്കാലികമായി തിരശീല വീഴുന്നത്. എങ്കിലും സര്‍ക്കാറിന്റെ തീരുമാനം ധൃതി പിടിച്ചായിരുന്നോ?

“ഹൈക്കോടതി വിധി അനുസരിച്ച് വസ്തു കൈമാറ്റത്തിന് എതിരെ ആര്‍ പി ഗ്രൂപ്പ് കോടതി അലക്ഷ്യത്തിന് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമ വകുപ്പിന്റെ ഉപദേശം തേടുകയുണ്ടായി. സുപ്രീംകോടതി സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ തള്ളിയ സാഹചര്യത്തില്‍ വീണ്ടും അപ്പീലിന് സാധ്യതയില്ലെന്നാണ് നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും അഭിപ്രായപ്പെട്ടത്.” ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ട് കൈമാറാന്‍ തീരുമാനിച്ചത് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാവിയില്‍ സിവില്‍ കേസ് നല്‍കാനുള്ള അവകാശം നില നിര്‍ത്തുന്നതിന് പകരം എന്തുകൊണ്ടാണ് ഉടന്‍ തന്നെ സിവില്‍ കേസിന് പോകാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരിക്കുന്നത്?

ഈ കാര്യത്തില്‍ ഒരു വ്യക്തതയുള്ള വിശദീകരണം സര്‍ക്കാര്‍ ഭാഗത്തു നിന്നും വന്നിട്ടില്ല. കോവളം കൊട്ടാരത്തിന് വേണ്ടി ശക്തിയുക്തം വാദിക്കുകയും പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്ത വി എസ് അച്യുതാനന്ദന്‍ പറയുന്നത് സര്‍ക്കാര്‍ സിവില്‍ കേസിന് പോകാനുള്ള സാധ്യത ആരായണം എന്നാണ്. അല്ലെങ്കില്‍ ഭാവിയില്‍ ഇത് സ്വകാര്യ വ്യക്തികളുടെ കയ്യില്‍ എത്തിപ്പെടാന്‍ ഇടയാക്കും എന്നും വി എസ് പറയുന്നു.

മുന്‍ മുഖ്യമന്ത്രി എന്ന നിലയിലും ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലും വി എസ് ഉന്നയിക്കുന്ന വാദത്തെ തളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ഈ കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസും നിയമ വകുപ്പും വിശദീകരണം നല്‍കേണ്ടി വരും.

അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തേണ്ട മറ്റൊരു വിഷയം ഉണ്ട്. എന്തായിരുന്നു 1970-ല്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന് കൊട്ടാരം കൈമാറിയതിലെ ചട്ടങ്ങളും നിബന്ധനകളും?

കോവളം കൊട്ടാരം കേസില്‍ ആഴത്തില്‍ പരിശോധിക്കപ്പെടേണ്ടത് ഈ കൈമാറ്റമാണ്. ദൌര്‍ഭാഗ്യവശാല്‍ ഇന്നിറങ്ങിയ ഒരു പത്രത്തിലും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല.

“1970ല്‍ കൊട്ടാരവും ഭൂമിയും കേന്ദ്ര സർക്കാറിെൻറ വിനോദസഞ്ചാരവകുപ്പിന് കൈമാറി. കൈമാറ്റ നടപടികൾ തീരുമാനിക്കാൻ അന്ന് ടൂറിസം, റവന്യൂ സെക്രട്ടറിമാരെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അവർ അന്ന് കാര്യമായ വ്യവസ്ഥകളൊന്നും ഉണ്ടാക്കിയില്ലെന്നുവേണം കരുതാൻ.” എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. (കോവളം കൊട്ടാരത്തി​ൽ സർക്കാറിന്​ ഇനി അവകാശം പേരിനുമാത്രം)

2017 ജൂണ്‍ 15-ന് ദി ന്യൂ ഇത്യന്‍ എക്സ്പ്രസ്സ് ഇത് സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടില്‍ 1970ലെ ഗവണ്‍മെന്‍റ് ഓര്‍ഡര്‍ സംബന്ധിച്ചു ഇങ്ങനെ പറയുന്നു. (GO 1970: Kovalam Palace belongs to govt. But do they want to retain it?)

The GO issued on July 18, 1970 (a copy of which is with Express), says: “The government hereby sanctions the possession of the Kovalam Palace and the adjacent property, measuring 43 acres, acquired for the Kovalam project being handed over to the Department of Tourism, Government of India, with immediate effect pending finalisation of the terms and conditions of transfer.”

ഈ ഉത്തരവില്‍ പറഞ്ഞതു പ്രകാരമുള്ള ചട്ടങ്ങളും നിബന്ധനകളും എന്താണെന്ന് ഇപ്പൊഴും നിഗൂഡമായി തുടരുന്നു എന്നതാണ് യാഥാര്‍ഥ്യം.

യഥാര്‍ത്ഥത്തില്‍ ഐ ടി ഡി സിക്ക് കോവളം കൊട്ടാരം വില്‍ക്കാനുള്ള അവകാശം ഉണ്ടായിരുന്നോ?

2002ലാണ് തങ്ങളുടെ സ്വകാര്യവത്ക്കരണ നയത്തിന്റെ ഭാഗമായി വാജ്പേയീ സര്‍ക്കാര്‍ കോവളം കൊട്ടാരം എംഫാര്‍ ഗ്രൂപ്പിന് വില്‍ക്കുന്നത്. കാബിനെറ്റ് കമ്മിറ്റി ഓണ്‍ ഡിസിന്‍വെസ്റ്റ്മെന്‍റ് 2002 മാര്‍ച്ച് 27ന് കോവളം കൊട്ടാരം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഒരു മാസം കൊണ്ട് പരിഹരിക്കണം എന്ന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന് നിര്‍ദേശം നല്കിയാതായി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊട്ടാരവുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമായതുകൊണ്ടാണ് വില്‍പ്പന നീണ്ടു പോയത് എന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്പോള്‍ ആ രേഖകള്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത് 2002ലാണ് എന്നു വ്യക്തം. (Govt firm on ITDC Kovalam, Khajuraho hotels’ sell-off)

ഇനി ചില രാഷ്ട്രീയ ചോദ്യങ്ങള്‍

ബിജെപി സര്‍ക്കാര്‍ കോവളം കൊട്ടാരം വില്‍ക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി എന്തു ചെയ്യുകയായിരുന്നു? വിഷയത്തില്‍ ‘ധവള പത്രം ഇറക്കണം’ എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്ന വി എം സുധീരനും ‘തീരുമാനം വിചിത്ര’മെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അപ്പോള്‍ പാര്‍ലമെന്‍റ് അംഗങ്ങളായിരുന്നു എന്ന കാര്യവും ശ്രദ്ധിക്കുക.

ഇനി ആര്‍പി ഗ്രൂപ്പിന് കൈമാറിയതില്‍ അഴിമതി ആരോപിക്കുന്ന ബിജെപിയോട്. ഇന്ന് കോവളം കൊട്ടാരം രവി പിള്ളയുടെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പ്രാഥമിക ഉത്തരവാദി നിങ്ങള്‍ തന്നെയാണ്. കോവളം കൊട്ടാരം വിറ്റത് ഇവിടത്തെ ഇടതു, വലതു സര്‍ക്കാരുകളല്ല മറിച്ച് വാജ്പേയി സര്‍ക്കാരാണ് എന്ന കാര്യം ഒളിച്ചുവെക്കാന്‍ കഴിയില്ല.

ഇനി സിപിഎം – സിപിഐ തര്‍ക്കത്തിലേക്ക് വരാം. റവന്യൂ മന്ത്രിയുടെ അഭാവത്തില്‍ നിര്‍ണ്ണായകമായ തീരുമാനം എടുത്തത് ശരിയോ?

ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വിഷയം അവതരിപ്പിച്ചത്. വിനോദ സഞ്ചാര വകുപ്പിന്റെ വിഷയം എന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. യോഗത്തില്‍ റവന്യൂ മന്ത്രി അടക്കം മൂന്നു സിപിഐ മന്ത്രിമാര്‍ പങ്കെടുത്തിരുന്നില്ല. ആര്‍ പി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തെ പി തിലോത്തമന്‍ എതിര്‍ത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. “കേസിന് പോകണമെന്നാണ് റവന്യൂ വകുപ്പിന്റെയും സിപിഐയുടെയും നിലപാടെന്ന്” പി തിലോത്തമന്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും സിപിഎമ്മും സിപിഐയും തമ്മിലുള്ള മറ്റൊരു രാഷ്ട്രീയ തര്‍ക്കത്തിലേക്ക് കാര്യം നീളും എന്ന കാര്യത്തില്‍ സംശയമില്ല. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്തു പറയുന്നു എന്നത് കേള്‍ക്കാന്‍ രാഷ്ട്രീയ കേരളത്തിന് തീര്‍ച്ചയായും താത്പര്യമുണ്ടാകും.

ഇനി സിപിഎമ്മിനോട്.

ആ ചോദ്യം വി എസ് ചോദിച്ചു കഴിഞ്ഞു: എന്നാണ് ഉടമസ്ഥത ഉറപ്പിക്കുന്നതിനുള്ള സിവില്‍ കേസ് കൊടുക്കുന്നത്?

കുറച്ച് ചരിത്രവും കൂടി വായിക്കാം: കോവളം കൊട്ടാരം വിറ്റത് ബിജെപി സര്‍ക്കാര്‍; കൊട്ടാരം വളഞ്ഞത് സിപിഎം; ഒളിച്ചുകളികളുടെ പിന്നാമ്പുറങ്ങള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍