UPDATES

ട്രെന്‍ഡിങ്ങ്

പോലീസിനെ നേര്‍വഴിക്ക് നടത്താന്‍ പുതിയ വനിതാ വകുപ്പിന് സാധിക്കുമോ?

മന്ത്രി കെകെ ശൈലജയ്ക്ക് ഇത് ചരിത്ര ദൌത്യം

“സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുതിയ വകുപ്പ്”- ഇതാണ് ഇന്നത്തെ ദേശാഭിമാനിയുടെ മുഖ്യ വാര്‍ത്ത. ചരിത്രപരമായ ഒരു തീരുമാനത്തിന്റെ പ്രാധാന്യം പൂര്‍ണ്ണമായും നല്‍കിക്കൊണ്ടുള്ള അവതരണം. ആ പത്രം ഒരു വലിയ കയ്യടി അര്‍ഹിക്കുന്നു.

അതേസമയം, തൊട്ട് താഴെ ദേശാഭിമാനി പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്ത കൂടി ഈ കുറിപ്പിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന് തോന്നുന്നു. അത് ദിലീപിന്റെ മൊഴി എടുത്തു എന്ന വാര്‍ത്തയാണ്. (മൊഴി ആണോ ചോദ്യം ചെയ്യലാണോ നടന്നത് എന്ന സംശയം അവിടെ നില്‍ക്കട്ടെ). “നടി ആക്രമിക്കപ്പെട്ട കേസില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ്” നടന്റെ മൊഴി എടുത്തത് എന്നും പത്രം പറയുന്നു. ഒട്ടുമിക്ക പത്രങ്ങളും പാതിരാവോളം നീണ്ട പോലീസിന്റെ ചോദ്യംചെയ്യലും അതുമായി ബന്ധപ്പെട്ട നിഗൂഡതകളുമൊക്കെ വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു വേള നടന്‍ അറസ്റ്റിലായി എന്നുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയുണ്ടായി. എന്തായാലും ഒരു നടി എന്നതില്‍ ഉപരി ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസ് എന്ന നിലയില്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായ സംഭവത്തില്‍ എന്തൊക്കെയോ അണിയറ നാടകങ്ങള്‍ നടക്കുന്നുണ്ട് എന്ന സംശയവും ബലപ്പെട്ടു. പോലീസ് അന്വേഷണം പിഴച്ചോ അതോ നേരായ വഴിക്കാണോ എന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് കൂടുതലൊന്നും പറയാന്‍ സാധിക്കുന്നില്ല. പോലീസും തെളിച്ചൊന്നും പറയുന്നില്ല. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നതു കൊണ്ട് മാത്രം അന്വേഷണം നേരായ വഴിക്കാണ് പോകുന്നത് എന്ന് പറയാന്‍ പറ്റില്ല. ഇത്തരം സംഭവങ്ങളില്‍ ഒട്ടുമിക്ക കേസുകള്‍ക്കും എന്താണ് സംഭവിച്ചത് എന്നത് ഞെട്ടിക്കുന്ന ചരിത്രമായി നമ്മുടെ മുന്‍പിലുണ്ട്; പോലീസ് പോലീസ് തന്നെയാണ്.

പുതിയ വനിതാ വകുപ്പിന്റെ വെല്ലുവിളി ഇതാണ്. പോലീസിനെക്കൊണ്ട് എത്രത്തോളം സത്യസന്ധമായും നിയമം മുറുകെപ്പിടിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമ കേസുകളില്‍ ഇരയ്ക്ക് നീതി ഉറപ്പിക്കാം എന്നതിലാണ് വകുപ്പിന്റെ മിടുക്ക് ഇരിക്കുന്നത്. അല്ലെങ്കില്‍ മറ്റൊരു ഉദ്യോഗസ്ഥ സംവിധാനം എന്നതില്‍ കവിഞ്ഞ് കൂടുതലെന്തെങ്കിലും ചെയ്യാന്‍ വനിതാ-ശിശു വികസന വകുപ്പിന് കഴിയുമെന്ന് പൊതുസമൂഹത്തിന് വിശ്വസിക്കാന്‍ സാധിക്കും എന്നു തോന്നുന്നില്ല. “വികസന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനും കുട്ടികളുടെ സംരക്ഷണത്തിനും വകുപ്പ് മുന്തിയ പരിഗണന നല്കും” എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളുടെ നിരവധി കേസുകള്‍ പോലീസ് അന്വേഷണത്തിന്റെ ഘട്ടത്തിലാണ്. കൊട്ടിയൂര്‍, വാളയാര്‍, കുണ്ടറ കേസുകള്‍ സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും പൊതു സമൂഹത്തെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തവയാണ്. അതില്‍ കൊട്ടിയൂര്‍ കേസില്‍ ശിശുക്ഷേമ സമിതിയുടെ നേരിട്ടുള്ള, വഴിവിട്ട കൈകടത്തല്‍ ഉണ്ടായ കേസ് കൂടിയാണ്. കൊട്ടിയൂര്‍, കുണ്ടറ കേസുകളില്‍ പ്രതികളെ നിയമത്തിന്റെ മുന്‍പാകെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും വാളയാറിലെ രണ്ട് സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. രണ്ടു കുട്ടികളും ആത്മഹത്യ ചെയ്തതാണ് എന്ന പോലീസ് റിപ്പോര്‍ട്ട് സംശയത്തോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഇത്തരം കേസുകളിലൊക്കെ ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ പുതിയ വകുപ്പിന് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതികള്‍, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് വിഭജിച്ച് രൂപീകരിക്കുന്ന പുതിയ വകുപ്പിന് കീഴില്‍ വരും എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിക്കുകയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിപദത്തില്‍ എത്തിക്കുകയും ചെയ്ത ജെന്‍ഡര്‍ പാര്‍ക്കിന്റെയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക സുനീത കൃഷ്ണനെ അഡ്വൈസറാക്കി ആരംഭിച്ച നിര്‍ഭയ പദ്ധതിയുടെയും നടത്തിപ്പ് ഒരു സാമൂഹ്യ ഓഡിറ്റിംഗിന് വിധേയമാക്കുന്നത് നന്നായിരിക്കും.

എന്തായാലും തങ്ങളുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നടപ്പാക്കിയതിന് ഇടതുമുന്നണി ഗവണ്‍മെന്‍റിനെ അഭിനന്ദിക്കുന്നതോടൊപ്പം പുതിയ വകുപ്പിന്റെ ആദ്യ മന്ത്രി എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം പിടിച്ച ശൈലജ ടീച്ചര്‍ക്ക് കൂടുതല്‍ തെളിച്ചത്തോടെയും നിശ്ചയദാര്‍ഡ്യത്തോടെയും വനിതാ വികസന വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍