UPDATES

ഇതര സംസ്ഥാന തൊഴിലാളികളെ ‘കൊന്ന്’ കേരളത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുമ്പോള്‍

കേരളത്തോട് തങ്ങളെ കണ്ടു പഠിക്കാന്‍ ഉപദേശിച്ചു പോയ യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം

“കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടൽ ഉടമ പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നു”- വിവിധ മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത കേരളത്തിനെതിരെ സമീപകാലത്തായി നടന്നു കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളില്‍ ഒന്നാണ്.

സര്‍ക്കാര്‍ സഹായത്തോടെയാണ് ഈ കൊലപാതകങ്ങള്‍ നടക്കുന്നത് എന്നു കൂടി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ലക്ഷ്യം ഏറെക്കുറെ വ്യക്തവുമാണ്.

“വാട്സ് അപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമുള്ള പ്രചരണത്തില്‍ ഭയപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം നാലു ദിവസത്തിനിടയില്‍ ഇരുന്നൂറോളം പേര്‍ മടങ്ങിയതായാണ് വിവരം”- ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

“7736721682, 7625019470, 9074020286 എന്നീ നമ്പറുകള്‍ അഡ്മിനായിട്ടുള്ള ഗ്രൂപ്പുകളിലൂടെ ഹിന്ദി, ബംഗാളി ഭാഷകളിലായാണ് ശബ്ദ മെസേജുകള്‍ പ്രചരിക്കുന്നത്. ‘കേരളത്തില്‍ ഹിന്ദിക്കാര്‍ക്കെതിരെ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മാളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ ഹിന്ദിക്കാരാണ് മലയാളികളെക്കാള്‍ കുറഞ്ഞ കൂലിക്ക് ജോലിയെടുക്കുന്നത്. അതുകൊണ്ട് മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു. ഹിന്ദിക്കാരായ തൊഴിലാളികളെ ഇല്ലാതാക്കാന്‍ കേരള സര്‍ക്കാരിന്റെ പിന്തുണയുണ്ട്’ എന്നാണ് ഒരു ശബ്ദസന്ദേശത്തിലുള്ളത്.” – ദേശാഭിമാനി റിപ്പോര്‍ട്ട് തുടരുന്നു.

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളുടെ ‘പേടിച്ചോട്ടം’ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വ്യാപാരികള്‍ അന്വേഷിച്ചപ്പോഴാണ് നവമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണത്തെ കുറിച്ച് അറിഞ്ഞത്. ഇതേ തുടര്‍ന്ന് കേരള ഹോട്ടല്‍ ആന്റ് റസറ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി പോലീസിന് പരാതി നല്‍കുകയായിരുന്നു.

“ഈ ഫോട്ടോകളും സന്ദേശങ്ങളും തൊളിലാളികളുടെ നാട്ടിലും എത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ജോലിമതിയാക്കി തിരികെ എത്തണമെന്ന് രക്ഷിതാക്കളും ഭാര്യമാരും കരഞ്ഞ് പറഞ്ഞ് നിര്‍ബന്ധിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലെടുത്തതിന്റെ കൂലിപോലും വാങ്ങാതെയാണ് പലരും നാട്ടിലേക്ക് വണ്ടികയറിയത്”. (ദേശാഭിമാനി)

കേരളത്തില്‍ 35 ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട് എന്നാണ് അനൌദ്യോഗിക കണക്ക്. സംസ്ഥാനത്തിന്റെ സര്‍വ്വ തൊഴില്‍ മേഖലയിലും ഇവരുടെ സാന്നിധ്യമുണ്ട്. പ്രത്യേകിച്ചും നിര്‍മ്മാണ, ഹോട്ടല്‍, ചെറുകിട വ്യവസായ മേഖലകളില്‍. ഇവരുടെ കൂട്ടത്തോടുള്ള തിരിച്ചുപോക്ക് സസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ സാരമായി തന്നെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു കൂടിയാണ് വ്യാജ പ്രചാരണങ്ങള്‍ വളരെ സംഘടിതമായി നടക്കുന്ന ഒന്നാണ് എന്നു നിരീക്ഷിക്കപ്പെടുന്നത്.

അതേ സമയം കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചു കൊന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ലോകനാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടല്‍ വ്യാപാരികളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുകയാണെന്ന പ്രചരണം കേരളത്തെ ഒരു ഭീകരസംസ്ഥാനമായി ചിത്രീകരിക്കാനുള്ള ആര്‍എസ്എസ് ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കൊടിയേരിയുടെ ആരോപണത്തിന് തെളിവുകളുടെ പിന്‍ബലം ഇല്ലെങ്കിലും ബീഫ് പ്രക്ഷോഭകാലത്ത് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ വന്ന കേരള വിരുദ്ധ ലേഖനങ്ങളും തെരുവുനായ പ്രശ്നം ഉണ്ടായപ്പോള്‍ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് പോകുന്നത് വിലക്കുന്ന രീതിയില്‍ നടന്ന പ്രചരണങ്ങളും സൂചിപ്പിക്കുന്നത് ഇത് സംഘടിതമായ നീക്കമാണെന്നുതന്നെയാണ്. അതിനു പിന്നില്‍ എന്തു രാഷ്ട്രീയമാണ് എന്നത് അന്വേഷണത്തിലൂടെ കണ്ടത്തപ്പെടേണ്ട കാര്യമാണ്.

Also Read: ഓര്‍ഗനൈസറിലെ ഈ മലയാളി വക്കീലിനെ അപകീര്‍ത്തി നിയമം പഠിപ്പിക്കാന്‍ ആരുണ്ട്!

എന്നാല്‍ കോട്ടയത്ത് മോഷ്ടാവാണ് എന്നു തെറ്റിദ്ധരിച്ച് ഒരു ആസാംകാരനായ തൊഴിലാളിയെ നാട്ടുകാര്‍ മര്‍ദിച്ചു കൊന്നതും ജിഷയുടെ കൊലപാതകി അമിറുള്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളിയാണെന്നറിഞ്ഞപ്പോള്‍ നവമാധ്യമങ്ങളില്‍ നടന്ന വിദ്വേഷ വംശീയ പ്രചരണങ്ങളും മറന്നു കൊണ്ടല്ല ഇപ്പോള്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളെ എതിര്‍ക്കുന്നത്. അതും ശക്തമായി അപലപിക്കപ്പെടേണ്ട പ്രവണത തന്നെ.

Also Read: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തരുത്

അതേസമയം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മെഡിക്കല്‍ ക്യാമ്പുകള്‍, ഇന്‍ഷൂറന്‍സ്, സാക്ഷരതാ പദ്ധതികള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. സംസ്ഥാനത്താദ്യമായി ഒരു സ്റ്റേഷൻ പരിധിയിലുള്ള മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളുടെയും വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സംവിധാനം തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ നടപ്പാക്കിയതും ഈ അടുത്തകാലത്താണ്.

Also Read: ഇതര സംസ്ഥാന തൊഴിലാളികളുടെ പൂര്‍ണ ഡാറ്റ ബാങ്കുണ്ടാക്കി തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍

മറ്റ് പ്രധാന വാര്‍ത്തകള്‍

ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോധ്ര കൂട്ടക്കൊലക്കേസിലെ 11 പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമാക്കി എന്ന വാര്‍ത്ത മാതൃഭൂമി മുഖ്യ ലീഡായി കൊടുത്തിട്ടുണ്ട്. 2002ല്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിന് തീവച്ച് കൂട്ടക്കൊല നടത്തി എന്നാണ് കേസ്. സര്‍ക്കാരിന് ക്രമസമാധാനം ഉറപ്പാക്കാനായില്ലെന്നും ഹൈക്കോടതി, വിധിക്കിടെ നിരീക്ഷിച്ചു. അയോധ്യയില്‍ നിന്നും മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 ബോഗി 2002 ഫെബ്രുവരി 7നാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ 59 പേര്‍ മരിച്ചിരുന്നു.

ചരിത്രം വഴിമാറി; തിരുവിതാംകൂറില്‍ ദളിതര്‍ പൂജ ചെയ്തു” എന്ന തലക്കെട്ടോടെ പട്ടികജാതിക്കാര്‍ പൂജാരിമാരായി ചുമതലയേറ്റ വാര്‍ത്തയും മാതൃഭൂമിയുടെ ഒന്നാം പേജില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. “ശാന്തിക്കാര്യത്തില്‍ പാണ്ഡിത്യവും സമര്‍പ്പണവുമാണ് മുഖ്യം. മറ്റ് സര്‍ക്കാര്‍ കാര്യങ്ങള്‍ പോലെ ഇക്കാര്യത്തില്‍ സംവരണം പാടില്ല. ബ്രാഹ്മണ്യം പഠിച്ചാര്‍ജ്ജിച്ചവരെല്ലാം ഒരേപോലെ പരിഗണിക്കപ്പെടണം. ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടില്‍ സംശയമുണ്ട്” എന്നാണ് നമ്പൂതിരി മുതല്‍ നായാടി വരെ പ്രസ്ഥാനത്തില്‍ വെള്ളാപ്പള്ളിയുടെ കൂടെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന അഖിലേന്ത്യാ ബ്രാഹ്മണ ഫെഡെറേഷന്‍ നേതാവ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞത്.

സാമൂഹിക ചരിത്രത്തിലെ രജത രേഖ എന്നപേരില്‍ ഒരു എഡിറ്റോറിയലും മാതൃഭൂമി എഴുതിയിട്ടുണ്ട്. “ശ്രീനാരായണ ഗുരുവിന്റെ ശിവപ്രതിഷ്ഠയും അവര്‍ണരുടെ ക്ഷേത്രപ്രവേശനവും നടന്ന തിരുവിതാംകൂറില്‍ നിന്നു വെളിച്ചത്തിന്റെ മറ്റൊരു വാര്‍ത്ത കൂടി വരുന്നു” എന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടിയെ മാതൃഭൂമി പ്രകീര്‍ത്തിക്കുന്നത്.

ശിവപ്രതിഷ്ഠ 1888ലും ക്ഷേത്രപ്രവേശന വിളംബരം 1936ലുമാണ് നടന്നതെന്ന് ഓര്‍ക്കുക. അതിനു ശേഷം ജനാധിപത്യ ഭരണകൂടം നിലവില്‍ വന്നെങ്കിലും വിപ്ലവകരമായ തീരുമാനം എടുക്കാന്‍ ഒരു നൂറ്റാണ്ടില്‍ അധികം കാത്തിരിക്കേണ്ടി വന്നിരിക്കുന്നു. കേരളം ഒരുപാട് മാറിയെങ്കിലും ജാതിക്കോട്ടകള്‍ ഇളക്കം തട്ടാതെ കിടക്കുകയായിരുന്നു. അതാണ് വേറൊരുതരത്തില്‍ ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

Also Read: ദലിത് പൂജാരിമാരില്‍ നിന്നും നിങ്ങള്‍ പുണ്യാഹം വാങ്ങുമോ? കാസര്‍കോടും ചെട്ടിക്കുളങ്ങരയും തുറന്നുകാട്ടുന്ന ‘നവകേരളം’

കേരളത്തോട് തങ്ങളെ കണ്ടു പഠിക്കാന്‍ ഉപദേശിച്ചു പോയ യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം. ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് 16 കുട്ടികളാണ് മരണപ്പെട്ടത്. ഓഗസ്റ്റില്‍ മാത്രം 63 കുട്ടികള്‍ മരിച്ചിരുന്നു. 1998 മുതല്‍ ഗോരഖ് പൂരിനെ പ്രതിനിധീകരിക്കുന്നത് യോഗിയാണ്.

കേരളം കണ്ടു പഠിക്കുകയാണ്. ഒരു ജനപ്രതിനിധി എങ്ങനെ ആവരുത് എന്നത്.

സാമ്പത്തിക സ്ഥിതി നിരാശ ജനകം എന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വ്വേ വാര്‍ത്തയും ബിജെപിയെ സംബന്ധിച്ചിടത്തോളം കനത്ത അടിയായിരിക്കുകയാണ്. ദേശാഭിമാനിയുടെ മുഖ്യലീഡ് അതാണ്.

തൊഴില്‍ മേഖലയിലും ഉപഭോക്താക്കള്‍ക്കിടയിലും നിലവിലെ സ്ഥിതി ആത്മവിശ്വാസം നല്‍കുന്നതല്ലെന്നാണ് സര്‍വ്വെ വെളിവാക്കുന്നത്. നിലവില്‍ രാജ്യത്തുളള സാമ്പത്തികസ്ഥിതി ശുഭകരമല്ലെന്നാണ് പരക്കെയുളള ധാരണയെന്നും തുടര്‍ച്ചയായ നാലു പാദങ്ങളിലും ധനസ്ഥിതി മോശം അവസ്ഥയാണ് കാണിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. ഈ അവസ്ഥ ഇപ്പോഴും തുടരുകയാണെന്ന് ഒക്ടോബര്‍ 4 ന് ചേര്‍ന്ന ബാങ്കിന്റെ നയ അവലോകന യോഗവും വിലയിരുത്തി. 2017-2018 സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.3 ശതമാനത്തില്‍ നിന്നും 6.7 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നും അവലോകനം പ്രവചിക്കുന്നു.

Also Read: രാജ്യത്തെ ധനസ്ഥിതി ശുഭകരമല്ലെന്ന് റിസര്‍വ് ബാങ്ക് സര്‍വ്വെ

മുഖ്യമന്ത്രി നടത്തുന്ന മന്ത്രിമാരുടെ അവലോകന യോഗമാണ് ഇന്നത്തെ കേരളകൌമുദിയുടെ ലീഡ്. രണ്ടാം വാര്‍ഷികത്തിനായി 12 മെഗാ പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. മന്ത്രിമാരോട് മൂന്നു വീതം പദ്ധതികള്‍ സമര്‍പ്പിക്കാന്‍ പറഞ്ഞതില്‍ നിന്നാണ് പദ്ധതികള്‍ തിരഞ്ഞെടുത്തത്. അവലോകന യോഗം ഇന്നും തുടരും.

ഭരണ നിര്‍വ്വഹണത്തിന്റെ പുതിയ മാതൃകകള്‍ നടപ്പാക്കുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യം തന്നെ.

*കേരളത്തില്‍ കൊലചെയ്യപ്പെട്ടത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ (ദേശാഭിമാനി പ്രസിദ്ധീകരിച്ചത്)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍