UPDATES

ട്രെന്‍ഡിങ്ങ്

പൃഥ്വിരാജില്‍ നിന്നും പിസി ജോര്‍ജ്ജിന് ചിലത് പഠിക്കാനുണ്ട്

സുപ്രീം കോടതിക്കും മേലെ പിസി ജോര്‍ജ്ജ്

‘സ്ത്രീകള്‍ കള്ളക്കേസ് ചമയ്ക്കുന്നവരോ?’ ഇന്നത്തെ ദേശാഭിമാനി എഡിറ്റോറിയലാണ്. ആദ്യം കരുതിയത് പിസി ജോര്‍ജ്ജിന് എതിരായിരിക്കും എന്നായിരുന്നു.

“നിര്‍ഭയ നേരിട്ടതിനെക്കാള്‍ ക്രൂരമായ പീഡനമാണ് നടിക്കെതിരെ ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ നടി എങ്ങനെയാണ് തൊട്ടടുത്ത ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയത്?” എന്നായിരുന്നല്ലോ പിസി ജോര്‍ജ്ജിന്റെ സംശയം.

കൂടാതെ “ഉഭയസമ്മത പ്രകാരം ശരീരം പങ്കിട്ടതിന് ശേഷമാണ് മിക്ക സ്ത്രീകളും ബലാത്സംഗം ചെയ്തു എന്നു പറഞ്ഞ് കേസ് കൊടുക്കുന്നത്” എന്നും ജോര്‍ജ്ജ് ആക്ഷേപം പറഞ്ഞിരുന്നു. ഒരു പുരുഷ സംരക്ഷണ നിയമം വേണമെന്നായിരുന്നു ഈ നിയമ നിര്‍മ്മാണ വിദഗ്ധന്റെ അഭിപ്രായം.

ദേശാഭിമാനി എഡിറ്റോറിയല്‍ വായിച്ചപ്പോഴാണ് പി.സി എന്ന രാഷ്ട്രീയ വിദ്വാന്‍ പറഞ്ഞത് ഒരു ദേശീയ പ്രസക്തമായ വിഷയമാണ് എന്നു മനസിലായത്. പിസിക്ക് മുന്‍പേ ബഹുമാനപ്പെട്ട സുപ്രീം കോടതിയും ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 498 A (സ്ത്രീധന പീഡനം) പ്രകാരം എടുക്കുന്ന കേസുകളില്‍ കള്ളക്കേസുകള്‍ കൂടുന്നു എന്ന ധ്വനിയുണ്ടാക്കുന്ന തരത്തിലുള്ള നിരീക്ഷണം ജൂലൈ 27ന് സുപ്രീം കോടതി നടത്തുകയുണ്ടായി. പരാതികള്‍ പരിശോധിക്കുന്നതിന് വേണ്ടി ജില്ലാ തലത്തില്‍ കമ്മിറ്റികള്‍ ഉണ്ടാക്കണമെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. Rajesh Sharma and Ors vs State of UP കേസിലാണ് സുപ്രീം കോടതി ഇത്തരമൊരു നീരീക്ഷണം നടത്തിയത്.

എന്തായാലും സുപ്രീം കോടതി നിരീക്ഷണം വനിതാ അവകാശ നിയമങ്ങള്‍ക്ക് ഒരു തിരിച്ചടിയാണ് എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ജൂലൈ 31ന് വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ ഒരു പ്രതിഷേധ മാര്‍ച്ചും നടത്തുകയുണ്ടായി. “സ്ത്രീകളെ കള്ളം പറയുന്നവരെന്ന് മുദ്രയടിക്കാന്‍ ഇടയാക്കുന്ന സുപ്രീം കോടതി ഉത്തരവ് തിരുത്തണമെന്നായിരുന്നു” വനിതാ സംഘടനകളുടെ ആവശ്യം. “സ്ത്രീകള്‍ വീടിനകത്ത് അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് തടയിടാനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ വകുപ്പിനെ ഫലത്തില്‍ ഇല്ലാതാക്കുന്ന നിര്‍ദേശങ്ങളാണ് സുപ്രീം കോടതി അന്വേഷണ, നീതിന്യായ സംവിധാനങ്ങള്‍ക്ക് നല്കിയിരിക്കുന്നത്” എന്നും ദേശാഭിമാനി എഡിറ്റോറിയല്‍ പറയുന്നു.

“രാജ്യത്തു നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല സുപ്രീം കോടതി നിരീക്ഷണം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ പ്രകാരം മൂന്നു സ്ത്രീകളില്‍ ഒരാള്‍ വീതം മാനസികവും ശാരീരികവും വാക്കാലുമുള്ള ഗാര്‍ഹിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒന്നേകാല്‍ ലക്ഷത്തോളം കേസുകള്‍ 498 എ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.” ഇതില്‍ 90 ശതമാനത്തിലും കുറ്റപത്രം നല്കി ക്കഴിഞ്ഞു. വെറും എട്ട് ശതമാനം മാത്രമാണു കള്ളക്കേസുകള്‍ എന്ന രീതിയില്‍ പറയാവുന്നത്.

Also Read: ‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

അപ്പോ പിസി ആള് കൊള്ളാം. സുപ്രീം കോടതിക്കും മേലെയാണ് മൂപ്പരുടെ ചിന്ത പോകുന്നത്. ഗാര്‍ഹിക പീഡന നിയമ കാര്യത്തിലാണ് സുപ്രീം കോടതി അഭിപ്രായം പറഞ്ഞതെങ്കില്‍ പിസി തന്റെ വിവാദ പ്രസ്താവനയ്ക്കിടയില്‍ ഉപയോഗിച്ച നിര്‍ഭയയുടെ ക്രൂര ബാലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് നിലവില്‍ വന്ന സ്ത്രീ സുരക്ഷാ നിയമത്തെ തന്നെയാണ് തള്ളിപ്പറഞ്ഞിരിക്കുന്നത്.

എന്തായാലും വിമന്‍ ഇന്‍ സിനിമ കലക്ടീവ് പി.സിക്കെതിരെ തിരിഞ്ഞു കഴിഞ്ഞു. പിസിയുടെ എംഎല്‍എഷിപ്പ് തെറിപ്പിക്കാനുള്ള സാധ്യതയാണ് വനിതാ കൂട്ടായ്മ ആരാഞ്ഞിരിക്കുന്നത്. അതായത് പിസി പുലിവാല്‍ പിടിച്ചിരിക്കുന്നു എന്നര്‍ത്ഥം.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

“താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാന്‍ തയ്യാറാവുകയും ചെയ്ത ഞങ്ങളുടെ സഹപ്രവര്‍ത്തകയെ കേരളം മുഴുവന്‍ ആദരവോടെ നോക്കുകയും ഒരു മാതൃകയെന്നോണം ലോകം മുഴുവന്‍ അവളെ കാണുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൂഞ്ഞാര്‍ MLA ശ്രീ. PC ജോര്‍ജിന്റെ നിര്‍ഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തില്‍ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല ശ്രീ ജോര്‍ജ്ജ് തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു കണ്ടത്. ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയോടൊപ്പം നില്ക്കാനുള്ള മനസ്സ് കാട്ടിയില്ലാ എന്നതിലുപരി ഈ കേസില്‍ പ്രതിഭാഗത്തോടൊപ്പം ചേര്‍ന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ശ്രീ. PC ജോര്‍ജെന്ന് ഞങ്ങള്‍ സംശയിക്കുന്നു. സ്ത്രീത്വത്തെ തന്നെ അപകീര്‍ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ MLA ക്കെതിരേ നടപടി എടുക്കണമെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നു.”

Also Read: പ്രതിക്കൊപ്പം നിന്നോളൂ, പക്ഷേ പബ്ലിസിറ്റി കിട്ടാന്‍ ഇത്തരം വഷളത്തരങ്ങള്‍ പറയരുത്; പി സി ജോര്‍ജിനോട് സജിത മഠത്തില്‍

ഇനി ഇന്നത്തെ മൂന്നു വാര്‍ത്തകള്‍ കൂടി നോക്കാം.

“നടി ആക്രമിക്കപ്പെട്ട സംഭവം: വനിതാ കമ്മീഷന്‍ ഇടപെടേണ്ട കാര്യമില്ലെന്ന് അംഗം”  (മലയാള മനോരമ) എം എസ് താര. പക്ഷേ പിസി ജോര്‍ജ്ജിന്റെ കാര്യത്തില്‍ കമ്മീഷന് സ്വമേധയാ ഇടപെടാമല്ലോ.  “അമ്മയുടെ യോഗത്തില്‍ പലരും (?) സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് വിമന്‍ ഇന്‍ കലക്ടീവ് നല്‍കിയ പരാതി സ്വീകരിച്ചിട്ടുണ്ട്” എന്നും താര പറഞ്ഞു.  ഈ കാര്യത്തില്‍ എന്തായി തുടര്‍ നടപടികള്‍ എന്നറിയാന്‍ ആഗ്രഹമുണ്ട്.  പിസി ജോര്‍ജ്ജിന്റെ കാര്യത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ വാക്കുകള്‍ക്കും കാതോര്‍ക്കുന്നു.

“പാചക വാതക സബ്സിഡി നിര്‍ത്തലാക്കല്‍; സ്ത്രീകള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.” (ദേശാഭിമാനി) ജനാധിപത്യ മഹിളാ അസോസിയേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നല്ല കാര്യം. പക്ഷേ ഒരു സംശയം. ഈ പാചകവാതകം സ്ത്രീകളുടെ മാത്രം പ്രശ്നമാണോ? അപ്പോള്‍ പിസി ജോര്‍ജ്ജിനെ നിങ്ങള്‍ വെറുതെ വിട്ടോ?

“സാമൂഹ്യ പ്രതിബദ്ധതയില്‍ നിന്നും ഒളിച്ചോടാനാവില്ല: പൃഥ്വിരാജ്” (മലയാള മനോരമ)  “സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ല എന്ന തീരുമാനത്തിന് പിന്നില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്ന്” സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ടാണ് നടന്‍ പറഞ്ഞത്.

ഇനി പിസി ജോര്‍ജ്ജിനോട് എംഎല്‍എയോട് ഒരഭ്യര്‍ത്ഥന. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് തെരുവിലേക്ക് വലിച്ചറിയപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ധീരതയ്ക്ക് സമൂഹ മന:സാക്ഷി നല്‍കിയ വിളിപ്പേരാണ് നിര്‍ഭയ. ദയവു ചെയ്തു താങ്കളുടെ നാവിലൂടെ ആ വാക്ക് പുറത്തു വരരുത്. തനിക്കേറ്റ പീഡനത്തിനെതിരെ പരാതി കൊടുത്ത നടിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി വീണ്ടും പീഡിപ്പിക്കുകയാണ് താങ്കള്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ആ സംഭവത്തിന് തൊട്ടടുത്ത ദിവസം നടിയോടൊപ്പം അഭിനയിച്ച നടനാണ് പൃഥ്വിരാജ്. താങ്കളുടെ മകന്റെ പ്രായമുള്ള ആ യുവാവില്‍ നിന്നെങ്കിലും പഠിക്കൂ, എങ്ങനെ സ്ത്രീകളെ ബഹുമാനിക്കണമെന്ന്.

Also Read: പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? പിസി ജോര്‍ജ്ജിനോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍