UPDATES

ട്രെന്‍ഡിങ്ങ്

വീണ്ടും ‘ജോര്‍ജ്ജേട്ടന്‍സ്’ പൂരം

അപ്പോള്‍ പിസി ജോര്‍ജ്ജ് എം എല്‍ എ, താങ്കള്‍ ആരാണ്? രാഷ്ട്രീയ താരമോ അതോ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റോ?

ദിലീപിന്റെ മാത്രമല്ല എല്ലാ നടന്‍മാരുടെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്ന ആവശ്യവുമായി പി.സി ജോര്‍ജ്ജ് എംഎല്‍എ. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപ കാലത്ത് പറ്റിയ ചില രാഷ്ട്രീയ അബദ്ധങ്ങള്‍ കാരണം ജോര്‍ജ്ജിന്റെ വാര്‍ത്താ മൂല്യം കുറഞ്ഞു പോയതുകൊണ്ടാണോ എന്തോ, മറ്റ് മുഖ്യധാര പത്രങ്ങള്‍ ഒന്നും ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരള കൌമുദി പത്രം മാത്രം പി.സി തന്റെ ചെക്കോസ്ലോവാക്യന്‍ മെയ്ഡ് പിസ്റ്റള്‍ ഉയര്‍ത്തിക്കാണിക്കുന്ന കളര്‍ പടം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്വേഷണം ദിലീപില്‍ മാത്രം ഒതുക്കുന്നത് കടുത്ത അനീതിയാണ് എന്നാണ് പി.സി ജോര്‍ജ്ജ് പറഞ്ഞിരിക്കുന്നത്. അതായത് പി.സി തന്റെ തോക്കിന്‍ കുഴലിലൂടെ ചിലരെ ഉന്നമിടുന്നുണ്ട് എന്നു സാരം. സ്വാഭാവികമായും അതിന്റെ അങ്ങേയറ്റത്ത് മുഖ്യമന്ത്രി പിണറായിയും ഉണ്ട്.

അപ്പോള്‍ അതാണ് കാര്യം. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നിശബ്ദതയ്ക്ക് ശേഷം കൈത്തോക്കുമായി താങ്കള്‍ നടത്തിയ സിനിമാറ്റിക് എന്‍ട്രി കണ്ടപ്പോഴേ എന്തൊക്കെയോ ആവനാഴിയില്‍ കരുതിയുള്ള വരവാണ് എന്ന് തോന്നിയിരുന്നു. അത് ശരിവെക്കുന്നതാണ് ദിലീപിന് വേണ്ടി ഘോരഘോരം വാദിക്കുന്ന പി.സിയുടെ പ്രകടനം.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് “ദിലിപിനോട് കേരള ജനത മാപ്പ് പറയേണ്ടി വരും” എന്ന് പി.സി പറഞ്ഞിരുന്നു.  ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റോ ദിലീപിന്റെ കുടുംബാംഗങ്ങളോ ഇപ്പോഴും ദിലീപ് വിധേയത്വം ഉറച്ചു പ്രഖ്യാപിക്കാന്‍ ധൈര്യമുള്ള സിനിമാക്കാരോ ഇത്രത്തോളം ശക്തമായി ആവശ്യപ്പെട്ടിരുന്നില്ല.

പിണറായി വിജയനും, നടന്‍ ഉപേക്ഷിച്ചുപോയ സ്ത്രീയും ഒരു വേദി പങ്കിട്ടതിന് ശേഷമാണ് ദിലീപിനെതിരെ ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നുമുള്ള പിസിയുടെ ആരോപണവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി ചാനലില്‍ ‘ഒരു പാവം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മൂന്നു വര്‍ഷമൊന്നും ഗൂഡാലോചന നടത്തേണ്ട ആവശ്യമില്ലെന്ന’ അപഹാസ്യമായ വാദമാണ് പിസി ഉയര്‍ത്തിയത്. കൂട്ടത്തില്‍ ഐ എസ് ആര്‍ ഓ ചാരക്കേസില്‍ നമ്പി നാരായണനെ പോലീസും മാധ്യമങ്ങളും ഒക്കെക്കൂടി കുടുക്കിയ കഥയും ഓര്‍മ്മിപ്പിച്ചിരുന്നു.

ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എം വി നികേഷ് കുമാര്‍ ഷോയില്‍ പൊലീസുകാരെ കുറിച്ച് വളരെ മോശമായ പരാമര്‍ശങ്ങളാണ് പി.സി ജോര്‍ജ്ജ് നടത്തിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അഡ്വ. ശിവന്‍ മഠത്തില്‍ ജനപ്രതിനിധിയായ ഒരാള്‍ ഇത്തരത്തില്‍ പോലീസിനെ കുറിച്ച് പറയരുത് എന്നു പറഞ്ഞുകൊണ്ടു പി.സി ജോര്‍ജ്ജിനെ വിമര്‍ശിക്കുകയുണ്ടായി.

എന്തായാലും ദിലീപ് കുറ്റവാളി ആണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നാവര്‍ത്തിക്കുന്ന പി.സിക്ക് പക്ഷേ തന്റെ നിലപാട് സാധൂകരിക്കാന്‍ പര്യാപ്തമായ വാദങ്ങളൊന്നും ഉയര്‍ത്താനുണ്ടായിരുന്നില്ല.

Read More: തോക്കും ഭീഷണിയുമായി ഇതാ മൂന്ന് ജനാധിപത്യ പൂജാരികള്‍

കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയില്‍ ആള്‍ കേരള ദിലീപ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷന്‍ റിയാസ് ഖാനുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. പി.സി പറഞ്ഞ നമ്പി നാരായണന്‍ ഉദാഹരണം റിയാസും ഉന്നയിച്ചു എന്നതാണ് കൌതുകകരമായ കാര്യം. “ആര്‍ക്കെതിരെ വേണമെങ്കിലും തെളിവുകള്‍ ഉണ്ടാക്കാം. നമ്പിനാരായണ്‍ വരെ ഇരയായില്ലേ” എന്നാണ് റിയാസ് ചോദിക്കുന്നത്.

അപ്പോള്‍ പി.സി ജോര്‍ജ്ജ് എംഎല്‍എ, താങ്കള്‍ ആരാണ്? രാഷ്ട്രീയ താരമോ അതോ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റോ?

Read More: എവിടെ ആ ആരാധക കൂട്ടം? അഥവാ ഒരു പൂന്താനം സ്റ്റൈല്‍ ജീവിതാവസ്ഥ

ദിലീപിന് 600 കോടിയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ഉണ്ടെന്ന ഇന്നത്തെ മലയാള മനോരമ വാര്‍ത്ത ഒരുവട്ടം കൂടി വായിച്ചിട്ട് മതിയാകില്ലേ പിസി ജോര്‍ജ്ജേ, ദിലീപിന്റെ ആളൂരാകാനുള്ള ഈ പ്രകടനം.

*പിസി ജോര്‍ജ്ജ് ചിത്രം: കടപ്പാട് -കേരളകൌമുദി

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍