UPDATES

ട്രെന്‍ഡിങ്ങ്

സഖാവെ, തോമസ് ചാണ്ടിയെ പുറത്താക്കേണ്ട, ദയവായി ആ ബ്രാക്കറ്റില്‍ നിന്നും മാര്‍ക്‌സിനെ ഒഴിവാക്കൂ

സി പി ഐ (എം) സി പി ഐ ആകരുത് എന്നു വ്യംഗ്യം

“പണത്തിന്റെ വലിപ്പം ഇങ്ങോട്ട് വേണ്ട”. പന്ന്യന്‍ രവീന്ദ്രന്‍ ഇന്നലത്തെ എല്‍ ഡി എഫ് യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയോട് പറഞ്ഞു. എന്തായാലും ഇന്നലത്തെ എല്‍ ഡി എഫ് യോഗത്തോടെ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഏകദേശം തീരുമാനം ആയി എന്നര്‍ത്ഥം. ഇതുവരെ സരക്ഷിച്ചിരുന്ന സിപിഎം കളം മാറി എന്നു മാത്രമല്ല സിപിഐ കൂടുതല്‍ അറ്റാക്കിംഗ് മോഡിലേക്ക് മാറുകയും ചെയ്തിരിക്കുന്നു. സ്വന്തം പാര്‍ട്ടിയും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ ചാണ്ടിയെ നിര്‍ബന്ധിക്കുന്നു.

“നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ ആ വലുപ്പം ഇവിടെ വന്ന് എല്‍ഡിഎഫ് യോഗത്തില്‍ കാണിക്കേണ്ട. അത് ഇവിടെ ചെലവാകില്ല.” പന്ന്യന്‍ ചാണ്ടിയുടെ മുഖത്തുനോക്കി തുറന്നടിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിന്, “നിങ്ങള്‍ സീനിയര്‍ നേതാവാണ്. ഇങ്ങനെ സംസാരിക്കരുത്” എന്നായിരുന്നു ചാണ്ടിയുടെ മറുപടി. “സീനിയറാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ആ മര്യാദ കാണിക്ക്. അവിടെ ഇരിക്കെന്നായി” പന്ന്യന്‍. ഇങ്ങനെ പോകുന്നു സുജിത് നായരുടെ മനോരമക്കഥ.

ഒരു വശത്ത് പന്ന്യനും മറുവശത്ത് ചാണ്ടിയുമായതുകൊണ്ട് ഇമ്മാതിരിയൊക്കെ സംഭാഷണം നടന്നിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ പറഞ്ഞു എന്നു പുറത്തു വരേണ്ടത് പറഞ്ഞവരുടെ രാഷ്ട്രീയ ആവശ്യം ആയതുകൊണ്ട് മാധ്യമങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ല.

തോമസ് ചാണ്ടി തുല്യന്‍; മേജര്‍ രവി എന്ന ഹിന്ദുത്വ തീവ്രവാദി; സത്നാം സിംഗിനോട് മാപ്പ്

പന്ന്യനല്ല, കാനമായിരുന്നു ആദ്യം ചാണ്ടിയുമായി കോര്‍ത്തത് എന്നാണ് മനോരമ പറയുന്നത്. തന്റെ ജനജാഗ്രത യാത്ര കുട്ടനാട് വെച്ചു കായലില്‍ മുക്കി കളഞ്ഞത് ചാണ്ടിയായിരുന്നു എന്നാണ് സി പി ഐ സെക്രട്ടറിയുടെ ആരോപണം. അത് ശരിയുമാണ്.

കോടിയേരി മിനികൂപ്പര്‍ കൊണ്ട് ആഘോഷമാക്കുമ്പോള്‍, ആരാലും അറിയാതെ തെക്കന്‍ മേഖലയില്‍ നിന്നും ഒരു മന്ദമാരുതനെ പോലെ നീങ്ങിയിരുന്ന കാനത്തിന്റെ ജാഥ ഒരു ടൊര്‍ണാഡോ ആയത് കുട്ടനാട് വെച്ചാണ്.

“അന്വേഷണ സംഘത്തിന് എനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ കഴിയില്ല” എന്നായിരുന്നു അന്ന് തോമസ് ചാണ്ടി കാനത്തെ വേദിയിലിരുത്തിയാണ് ഇങ്ങനെ പറഞ്ഞത്. ഇത് കാനത്തെ ലക്ഷ്യമിട്ടായിരുന്നു എന്നു ആര്‍ക്കാണ് അറിയാത്തത്? റവന്യൂ മന്ത്രിയുമായി മന്ത്രിസഭാ യോഗത്തില്‍ ഏറ്റുമുട്ടിയതും നിയമം നിയമത്തിന്റെ വഴിക്കു പോകും എന്നു പല വേദികളില്‍ കാനം ആവര്‍ത്തിച്ചതും ഒക്കെ മനസില്‍ വെച്ചുകൊണ്ടു തന്നെയാണ് തോമസ് ചാണ്ടി ഇത് പറഞ്ഞത്.

തോമസ് ചാണ്ടിയും സുരേഷ് ഗോപിയും ജനങ്ങളെ കൊള്ളയടിക്കുന്ന ചില നിര്‍മ്മലന്‍മാരും

എന്നാല്‍ “സാധാരണക്കാരന്‍റെ കൈയേറ്റമാണെങ്കില്‍ ഇടിച്ചു തകര്‍ക്കില്ലേ?” എന്ന ഹൈക്കോടതിയുടെ ചോദ്യത്തോടെ സിപിഎമ്മിന് കളി കയ്യില്‍ നിന്നു പോകുന്നതായി തിരിച്ചറിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി പുകഞ്ഞു. ആലപ്പുഴയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ സിപിഎം എന്തിനാണ് തോമസ് ചാണ്ടി എന്ന വിഴുപ്പ് ചുമക്കുന്നത് എന്ന മട്ടിലുള്ള ചര്‍ച്ച ഉയര്‍ന്നു. വിഷയം മുഖ്യമന്ത്രിയുടെ കോര്‍ട്ടിലേക്ക് തട്ടിയിട്ട് കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തി.

ആ ഒരു സാഹചര്യമാണ് സിപിഐയുടെ വര്‍ദ്ധിത വീര്യത്തോടെയുള്ള ചാണ്ടി ആക്രമണത്തിന്റെ പിന്നില്‍. ഇനി സിപിഎമ്മിന് ഒതുങ്ങിയിരിക്കാന്‍ പറ്റില്ല. കാരണം കേരളത്തിലെ ഏക ആദര്‍ശ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള ഗപ്പ് സിപിഐ അടിച്ചുകൊണ്ടു പോകും.

അഴിമുഖം ന്യൂസ് കോഡിനേറ്റര്‍ യാസിര്‍ എ.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നതു പോലെ “സഖാവെ, തോമസ് ചാണ്ടിയെ പുറത്താക്കേണ്ട, ദയവായി പാര്‍ട്ടിയുടെ ബ്രാക്കറ്റില്‍ നിന്നും മാര്‍ക്‌സിനെ ഒഴിവാക്കൂ. മാര്‍ക്‌സ് പാവപ്പെട്ടവന്റെ മൂലധനമാണ്.” (സിപിഐ (എം), സിപിഐ ആകരുത് എന്നു വ്യംഗ്യം എന്നും വ്യാഖ്യാനിക്കാം.)

ഇപ്പോള്‍ എല്‍ ഡി എഫ് തീരുമാന പ്രകാരം തോമസ് ചാണ്ടിയുടെ ഉത്തരവാദിത്തം ഇനി അത് ഏറ്റെടുത്ത പിണറായിയുടേതാണ്.

വന്നു വന്ന് ചാണ്ടിയെ പുറത്താക്കണമെങ്കിലും മുഖ്യമന്ത്രിക്ക് എന്‍സിപിയുടെ അനുമതി വേണോ?

ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍