UPDATES

സിപിഐ എംഎല്‍എ ഗീത ഗോപിയുടെ മകളുടെ കല്യാണവും മിശ്രഭുക്കായ അദ്വാനിയുടെ മകളും; ചില രാഷ്ട്രീയ സൂചനകള്‍

ബീഫ്, പരിപ്പ് വട, കട്ടന്‍ ചായ പിന്നെ വടക്കുംനാഥന്റെ പടച്ചോറും

“ആഹാരത്തിന്‍മേലുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ നമ്മുടെ 70 ശതമാനം സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നത്. ഓരോരുത്തരുടെയും ആഹാരവും ഇഷ്ടങ്ങളും രൂപപ്പെടുന്നത് അവരവരുടെ ചുറ്റുപാടുകളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നുമാണ്.” സിപിഐയുടെ മുതിര്‍ന്ന നേതാവും എം എല്‍ എയുമായ മുല്ലക്കര രത്നാകരന്‍ ഇന്നലത്തെ കശാപ്പു നിയന്ത്രണത്തിനെതിരെയുള്ള നിയമസഭ പ്രത്യേക സമ്മേളനത്തില്‍ ഇങ്ങനെ പ്രസംഗിച്ചതായി ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു. തികച്ചും ശരിയായ കാര്യം. ഇന്നലെ എം എല്‍ എ ഹോസ്റ്റല്‍ കാന്റീനില്‍ നിന്നും ബീഫും പറോട്ടയും (പറോട്ട ഒരു ആരോഗ്യപ്രശ്നമാണ്) കഴിച്ചിട്ടാണൊ അദ്ദേഹം സഭയില്‍ വന്നതെന്ന് അറിയില്ല. മുല്ലക്കരയുടെ പാര്‍ട്ടിയിലെ വൈക്കം എം എല്‍ എ ആശ ബീഫ് കഴിക്കുന്ന ഫോട്ടോ പത്രത്തില്‍ കണ്ടായിരുന്നു. എന്തായാലും മുല്ലക്കര പറഞ്ഞത് അച്ചട്ട് ശരിയാണ്.

മുല്ലക്കരയെ പോലെ സിപിഐ യുടെ പരമോന്നത നേതാക്കളില്‍ ഒരാള്‍ ആണ് സി എന്‍ ജയദേവന്‍ എം പിയും. അദ്ദേഹവും ഇന്നലെ ഭക്ഷണത്തിന്റ്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരു പ്രസ്താവന നടത്തി. “കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ബീഡിയും വലിച്ചു ജീവിക്കുന്ന കാലം കഴിഞ്ഞു” എന്ന് ജയദേവന്‍ എം പി പറഞ്ഞതായി മാതൃഭൂമിയടക്കമുള്ള പ്രധാന പത്രങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാട്ടിക എം എല്‍ എ ഗീത ഗോപിയുടെ മകളുടെ ‘ആഡംബര’ വിവാഹം വിവാദമായപ്പോഴാണ് സിപിഐ എം പിയുടെ ഈ പരാമര്‍ശം. സ്വര്‍ണ്ണാഭരണ വിഭൂഷിതയായ എം എല്‍ എയുടെ മകളുടെ ചിത്രം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചാ വിഷയമാവുകയും ഒടുവില്‍ സിപിഐ നേതൃത്വം എം എല്‍ എയോട് വിശദീകരണം ചോദിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തിരുന്നു.

“മകളുടെ വിവാഹത്തിന് 75 പവന്‍ സ്വര്‍ണ്ണാഭരണം മാത്രമേ നല്‍കിയിട്ടുള്ളൂ”വെന്നും “ഇതില്‍ 25 പവന്‍ ബന്ധുക്കള്‍ നല്‍കിയതാണ്. ഭക്ഷണമടക്കമുള്ളവ ഒരുക്കിയത് ബന്ധുക്കളുടെ സഹായത്തോടെയാണ്” ഗീതഗോപിയുടെ വിശദീകരണം മാതൃഭൂമി നല്‍കിയിട്ടുണ്ട്. സാമാന്യ ഗതിയില്‍ പാര്‍ട്ടിക്ക് ഗീത ഗോപിയെ ശാസിക്കാന്‍ പോലുമുള്ള കാരണം ഇതില്‍ കാണുന്നില്ല. ബന്ധുക്കള്‍ എന്തു നല്‍കണം എന്തു നല്‍കേണ്ട എന്നു പാര്‍ട്ടിക്ക് നിര്‍ദ്ദേശിക്കാന്‍ പറ്റുമോ? വേണമെങ്കില്‍ എം എല്‍ എയുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവുണ്ടായി എന്നു പറഞ്ഞു ശാസിക്കാം എന്നു മാത്രം.

കഴിഞ്ഞ ദിവസം തൊട്ടടുത്ത മണ്ഡലത്തിലെ സിപിഎം എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തു എന്ന കാര്യം വല്യ ചര്‍ച്ച ആയപ്പോള്‍ ആ പാര്‍ട്ടി എന്താ ചെയ്തത്. ക്ലീനായിട്ട് അങ്ങ് ശാസിച്ചു. ഇനിയങ്ങോട്ട് ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തോളാം എന്നും അരുണന്‍ എം എല്‍ എ പറയുകയും ചെയ്തു. അത്രതന്നെ!

ഇന്നലെ സി എന്‍ ജയചന്ദ്രന്‍ എം എല്‍ എ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു. പട്ടിക ജാതി വിഭാഗക്കാരിയായ ഗീത ഗോപി എം എല്‍ എയുടെ മകളുടേത് ഒരു മിശ്ര വിവാഹമാണ്. ആ കാര്യത്തിന് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന് എം പി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാതി ചോദിക്കരുത് പറയരുത് എന്ന ശ്രീനാരായണ ഗുരു വചനത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് വരന്റെ ജാതി ചോദിക്കുന്നില്ല.

മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികത്തില്‍ നടക്കുന്ന ഈ ചര്‍ച്ചകള്‍ക്ക് ചരിത്രപരമായ പ്രധാന്യമുണ്ട്. സഹോദരന്‍ അയ്യപ്പന്‍ എന്തിന് വേണ്ടിയാണോ 1917 മെയ് 29ന് ചെറായിയില്‍ മിശ്രഭോജനം നടത്തിയത് ആ കാലം ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല എന്നു തന്നെയാണ് ഈ ഭക്ഷണരാഷ്ട്രീയ വിവാദം വ്യക്തമാക്കുന്നത്. അതേ വര്‍ഷം തന്നെയാണ് ലോക കമ്യൂണിസത്തിന്റെ സുപ്രധാന സംഭവമായ റഷ്യന്‍ വിപ്ലവവും നടന്നതെന്ന് ഓര്‍ക്കുക.

മറ്റേതൊരു വിഭവത്തിനും ഇല്ലാത്ത രാഷ്ട്രീയ അര്‍ത്ഥഭാരം ബീഫിനും പരിപ്പുവടയ്ക്കും ഉണ്ട്. അത് യഥാക്രമം ആര്‍ എസ് എസ് പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രവും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിനിധാനം ചെയ്യുന്ന തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രവുമാണ്. “വടക്കും നാഥന്റെ പടച്ചോറ് തിന്നിട്ട്” ഇനി പാര്‍ട്ടി വളര്‍ത്താന്‍ സാധിക്കില്ലെന്ന് ജയദേവന്‍ എംപി പറയുന്നതിലെ കാലത്തിന്റെ മാറ്റം തിരിച്ചറിയുക. ഇപ്പോള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ആഴ്ചയില്‍ ഒരിക്കല്‍ 1.25 ലക്ഷം രൂപ ചിലവാക്കി ഡല്‍ഹിയിലേക്ക് പറന്നു നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

ഇന്നലെ കോട്ടയത്ത് കുമരകത്ത് അവധി ആഘോഷിക്കാന്‍ എത്തിയ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ മെനുവിനെ കുറിച്ച് ഇന്നത്തെ ചില പത്രങ്ങള്‍ എഴുതിയിട്ടുണ്ട്. “പൂര്‍ണ്ണമായും സസ്യഭുക്കായ നേതാവ് തക്കാളി സൂപ്പ് കഴിച്ചു” എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. (എന്തായാലും ഉള്ളിക്കറിയല്ല). എന്നാല്‍ അദ്വാനിയുടെ മകള്‍ മിശ്രഭുക്കാണ് എന്ന് മാതൃഭൂമി എഴുതുന്നു. “മകളും സംഘാംഗങ്ങളും മത്സ്യം, ഉരുളക്കിഴങ് വിഭവം,കോഴിക്കറി, മലബാര്‍ മട്ടന്‍ ബിരിയാണി എന്നിവ കഴിച്ചു” എന്നാണ് “അദ്വാനി സസ്യഭുക്ക്; മകള്‍ മിശ്രഭുക്ക്” എന്ന തലക്കെട്ടോടെയുള്ള വാര്‍ത്തയില്‍ പറയുന്നത്. കോട്ടയംകാരുടെ ഇഷ്ട ഭോജന വസ്തുവായ പോത്ത് വരട്ടിയത് കഴിച്ചോ എന്ന് വ്യക്തമല്ല.

അദ്വാനിയുടെ പാര്‍ട്ടി നേതാവ് അമിത് ഷാജി കഴിഞ്ഞ ആഴ്ച കേരളത്തില്‍ വന്നപ്പോള്‍ ഒരു പ്രഭാതം നീക്കി വെച്ചത് ഈ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിന് തന്നെയാണ്. ചെങ്കല്‍ ചൂള കോളനിയിലെ ഒരു ദളിത് കുടുംബത്തിന്റെ വീട്ടില്‍ ചമ്രം പടിഞ്ഞിരുന്നു ഇഡലിയും സാമ്പാറുമാണ് അദ്ദേഹ കഴിച്ചത്.

ഈ ഇഡലിയുടെ രാഷ്ട്രീയ സൂചന എന്താണാവോ? മുല്ലക്കരയുടെ നിയമസഭ പ്രസംഗത്തില്‍ അതിനുമുള്ള ഉത്തരമുണ്ട്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍