UPDATES

ട്രെന്‍ഡിങ്ങ്

രാംനാഥ് കോവിന്ദിന്റെ വാക്കുകള്‍ പൊന്‍തൂവലാക്കിക്കോളൂ; പക്ഷേ, പറഞ്ഞ കൂലി നല്‍കാതെ നഴ്സുമാരെ ഇനിയും പറ്റിക്കരുത്

മണലാരണ്യങ്ങളില്‍ കഷ്ടപ്പെട്ട് ഈ മാലാഖമാര്‍ കൂടി അയക്കുന്ന മണിഓര്‍ഡറുകള്‍ കൊണ്ടുകൂടിയാണ് നമ്മള്‍ ഒന്നാം സ്ഥാനത്തെത്തുന്നത് എന്നു സര്‍ക്കാരുകള്‍ എന്നാണ് തിരിച്ചറിയുക.

“പുഞ്ചിരിച്ചുകൊണ്ട് മാത്രം രോഗികളെ ശുശ്രൂഷിക്കുന്ന മലയാളികളായ നഴ്സുമാരില്ലാതെ രാജ്യത്തിനകത്തും പുറത്തുമുള്ള ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല”. രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ തുടര്‍ച്ചയായ രണ്ടാം സന്ദര്‍ശനത്തിനിടെ തിരുവനന്തപുരത്തു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

“ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും റോബോട്ടിക്സുമൊക്കെ മുന്നേറുന്നുണ്ടെങ്കിലും അവയ്ക്ക് ഒരു നഴ്സില്‍ നിന്നുള്ള വൈകാരിക പിന്തുണ നല്‍കാനാവില്ല” രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

രാഷ്ട്രപതിയുടെ നല്ല വാക്കുകള്‍ തുച്ഛ ശമ്പളത്തില്‍ സ്വന്തം നാട്ടിലും യുദ്ധവും സംഘര്‍ഷങ്ങളും തൃണവത്ഗണിച്ച് വീടും നാടും വിട്ട് കുടുംബത്തെ കാക്കാന്‍ വേണ്ടി മൈലുകള്‍ക്കപ്പുറത്തും അത്യധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ക്കുള്ള പൂച്ചെണ്ടുകളാണ്. അവരതില്‍ ആഹ്ളാദിക്കുകയും ചെയ്യും. പക്ഷേ സ്വന്തം നാട് അവരോട് കാണിക്കുന്നതോ?

ഏറ്റവുമൊടുവില്‍ നഴ്‌സുമാരുടെ സമരം തുടരുന്ന ചേര്‍ത്തല കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു എന്നാണ്. നിയമാനുസൃതമുള്ള വേതനം ലഭ്യമാക്കുക, ജോലി സമയക്രമം പുന:പരിശോധിക്കുക, കരാര്‍ കാലാവധി കഴിഞ്ഞ രണ്ടു നേഴ്‌സുമാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്നത്. മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പോലും അവിടെ പരാജയപ്പെട്ടിരുന്നു.

2010നു മുന്‍പ് തീര്‍ത്തും അസംഘടിതരായിരുന്ന നഴ്സുമാര്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റുകളുടെ ചൂഷണം സഹിക്കവയ്യാതെ സംഘടിക്കുകയും സമര രംഗത്ത് എടുത്തു ചാടുകയും ആയിരുന്നു. തുടര്‍ന്ന് ഭൂമിയിലെ മാലാഖമാരുടെ നിരവധി സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. ഏറ്റവും ഒടുവില്‍ ജൂണ്‍ 28നു ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ഐതിഹാസിക സമരം സാങ്കേതികാര്‍ത്ഥത്തില്‍ വിജയം കണ്ടെങ്കിലും അന്ന് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ആശുപത്രി മാനേജ്മെന്‍റുകള്‍ അംഗീകരിച്ച തീരുമാനങ്ങള്‍ ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല.

സുപ്രീം കോടതി 2016 ജനുവരി 29 നു പുറപ്പെടുവിച്ച ഉത്തരവിന്നെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ ജഗദീഷ് പ്രസാദ് ചെയര്‍മാനായ കമ്മറ്റി നിശ്ചയിച്ചതിന്‍ പ്രകാരമുള്ള ശമ്പള പരിഷ്‌കരണമാണ് നഴ്സുമാര്‍ ആവശ്യപ്പെട്ടത്. 200 ബെഡ്ഡില്‍ അധികം ഉള്ള ആശുപത്രികള്‍, നൂറിനും ഇരുന്നൂറിനും ഇടയ്ക്ക് ബെഡ്ഡുകള്‍ ഉള്ളവ, അന്‍പതിനും നൂറിനും ഇടയ്ക്കുള്ളവ, അന്‍പതില്‍ താഴെ ഉള്ളവ എന്നിങ്ങനെ ആശുപത്രികളെ തരം തിരിച്ച് അതനുസരിച്ച് 27800 മുതല്‍ 20000 വരെയുള്ള വ്യത്യസ്ത അടിസ്ഥാന ശമ്പളമാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് കേരളത്തിലെ ആശുപത്രികള്‍ കൈക്കൊണ്ടത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഡോ. ബലരാമന്‍ കമ്മീഷനും സര്‍ക്കാര്‍ മേഖലയില്‍ നല്‍കുന്നതിന് തുല്യമായ വേതനം സ്വകാര്യ മേഖലയിലും നല്‍കണം എന്നു നിദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ ആശുപത്രി മാനേജ്മെന്‍റുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഈ നിര്‍ദേശങ്ങള്‍ പരണത്ത് വെക്കുകയായിരുന്നു.

പനിയുടെ സീസണില്‍ നഴ്സുമാര്‍ നടത്തിയ സമരത്തിനെതിരെ ആശുപത്രികള്‍ അടച്ചിട്ട് പൊതുജനവികാരം എതിരാക്കാന്‍ ആശുപത്രി മാനേജ്മെന്‍റ് ശ്രമിച്ചെങ്കിലും സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ നഴ്സുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ കുറഞ്ഞത് 50 കിടക്കകള്‍ ഉള്ള ആശുപത്രികള്‍ മിനിമം ശമ്പളം 20,000 രൂപ നല്‍കണം എന്നു തീരുമാനിക്കുകയായിരുന്നു. 80,000ത്തോളം വരുന്ന കേരളത്തിലെ നഴ്സുമാരെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമായ തീരുമാനമായിരുന്നു അത്. ആ തീരുമാനമാണ് ഇപ്പോള്‍ അട്ടിമറിക്കാന്‍ ആശുപത്രി മാനേജ്മെന്റുകള്‍ ശ്രമിക്കുന്നത്.

ഇവരെ ഇനിയും തെരുവില്‍ നിര്‍ത്തരുത്; സമരം ചെയ്യേണ്ടവരല്ല ഭൂമിയിലെ മാലാഖമാര്‍

നാട്ടിലെ തൊഴില്‍ സുരക്ഷിതത്വം ഇല്ലായ്മയാണ് നഴ്സുമാരില്‍ പലരെയും യുദ്ധവും ആഭ്യന്തര സംഘര്‍ഷവും കൊണ്ട് ആശാന്തമായ രാജ്യങ്ങളിലേക്ക് തള്ളിവിടുന്നത്. ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നും നൂറു കണക്കിനു നഴ്സുമാരാണ് ജീവനും കൊണ്ട് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങിയത്.

“ജീവന്‍ കൈയില്‍ പിടിച്ച് ഇവിടെ ജോലി ചെയ്യേണ്ടി വരുന്നത് ഞങ്ങളുടെ ഗതികേടുകൊണ്ടാണ്. ബാങ്ക് ലോണിന്റെ ഭാരം, മാതാപിതാക്കളുടെ നിസ്സഹായത; ഇതൊക്കെ ഞങ്ങളെയിവിടെ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണ്. നാട്ടില്‍ തിരികെ വന്നാല്‍ തന്നെ എങ്ങനെ ജീവിക്കും? മാന്യമായ ശമ്പളത്തോടെ എവിടെ ജോലി കിട്ടും?” ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ മലയാളി നഴ്സിന്റെ ഈ ചോദ്യം വന്നു കൊള്ളുന്നത് പല കാര്യങ്ങളിലും ഒന്നാം നംബര്‍ എന്നഹങ്കരിക്കുന്ന സംസ്ഥാനത്തിന്റെ വ്യാജ പ്രൌഡിയിലാണ്.

മണലാരണ്യങ്ങളില്‍ കഷ്ടപ്പെട്ട് ഈ മാലാഖമാര്‍ കൂടി അയക്കുന്ന മണിഓര്‍ഡറുകള്‍ കൊണ്ടുകൂടിയാണ് നമ്മള്‍ ഒന്നാം സ്ഥാനത്തെത്തുന്നത് എന്നു സര്‍ക്കാരുകള്‍ എന്നാണ് തിരിച്ചറിയുക.

യുദ്ധമല്ല, പേടി ജീവിതത്തെ; കൊലക്കളങ്ങളില്‍ നിന്നുയരുന്ന നഴ്സുമാരുടെ വിലാപങ്ങള്‍

“ലോകത്തിലൊരിടത്തും സമാനതകളില്ലാത്ത ഒരു സമൂഹിക പ്രതിഭാസമാണത്. നമ്മുടെ നരവശംശാസ്ത്രജ്ഞന്മാര്‍ തലമുറകളോളം പഠിക്കേണ്ട ഒരു വിഷയവുമാണത്. ഒരു നഴ്‌സിംഗ് ബിരുദവും താഴ്ന്ന ഇംഗ്ലീഷ് പരിജ്ഞാനവും വിവരണാതീതമായ ധൈര്യവും മാത്രം കൈമുതലായുള്ള ഒരു തലമുറ സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിതവും സാമ്പത്തികാവസ്ഥയും നാടകീയമായി മാറ്റിമറിക്കപ്പെട്ട ഒരു ഇടവും ഈ ഭൂഗോളത്തില്‍ ഉണ്ടാവില്ല. വിയര്‍പ്പില്‍ കുതിര്‍ന്ന നോട്ടുകള്‍ നാട്ടിലേക്കയയ്ക്കാനായി അവര്‍ കേരളത്തില്‍ നിന്നും തീവണ്ടികളിലും വിമാനങ്ങളിലും പുറപ്പെടുന്നു.” ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരെ കുറിച്ചുള്ള എഡിറ്റോറിയലില്‍ 2014ല്‍ അഴിമുഖം ഇങ്ങനെ എഴുതി. “ബീവറേജസ് ക്വ്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ഇടയിലോ വഴിയോരത്ത് ഫിറ്റായി കിടക്കുന്നവര്‍ക്ക് ഇടയിലോ ഒരു സര്‍വേ നടത്തിയാല്‍ അവരില്‍ മിക്കവരുടെയും സഹോദരിയോ ഭാര്യയോ തിക്രിത്തിലോ ഓസ്ട്രിയയിലോ സൗദിയിലോ അല്ലെങ്കില്‍ യുഎസിലോ ജീവിതത്തിന്റെ നല്ല സമയങ്ങള്‍ മുഴുവന്‍ ഹോമിച്ചുകൊണ്ടിരിക്കുകയാവും.”

തീര്‍ച്ചയായും രാം നാഥ് കോവിന്ദിന്റെ വാക്കുകള്‍ നമ്മുടെ വ്യാജ പ്രൌഡിക്ക് മേല്‍ ഒരു പൊന്‍തൂവല്‍ കൂടി ആയിരിക്കാം. സംഘ പരിവാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള ഒരു രാഷ്ട്രീയ ആയുധം കൂടിയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ആ യുദ്ധത്തില്‍ നഴ്സുമാരെ ആയുധമാക്കികോളൂ. അവര്‍ക്കതില്‍ എതിര്‍പ്പുണ്ടാകും എന്നും തോന്നുന്നില്ല. പക്ഷേ നഴ്സുമാര്‍ക്ക് വേണ്ടത് കഴിഞ്ഞ ജൂലൈയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി നല്കിയ ഉറപ്പ് നടപ്പാക്കലാണ്. എന്നാല്‍ മാത്രമേ അവരുടെ മുഖത്ത് യഥാര്‍ത്ഥ പുഞ്ചിരി വിരിയൂ..

തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍