UPDATES

സിനിമ

സെക്സി ദുര്‍ഗ്ഗ ഇനി ഹിന്ദുത്വയെ തുളയ്ക്കുന്ന ‘S’ കത്തിയാണ് സംഘപരിവാറുകാരേ…

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക വഴി കേരള സര്‍ക്കാരും വിവാദത്തില്‍ തങ്ങളുടെ ‘ചരിത്രപരമായ’ കടമ നിര്‍വഹിച്ചു

ഒടുവില്‍ സംഘപരിവാര്‍ ഭരണകൂടം EXY എന്നീ മൂന്നക്ഷരങ്ങള്‍ വെട്ടിക്കളഞ്ഞു. ഇനി സനല്‍കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ്ഗ, എസ് ദുര്‍ഗ്ഗയാകും. സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി എന്ന് സനല്‍കുമാര്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയുടെ പേരിനെതിരെ രംഗത്തു വന്ന സംഘപരിവാര്‍ സംഘടനകള്‍ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. സിനിമയുടെ പേര് ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആരോപണം.സിനിമ സെന്‍സര്‍ ചെയ്തതതിന് ശേഷം സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെങ്കില്‍ പേര് മാറ്റണം എന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന് യു-എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്.

തീരുമാനത്തെ കുറിച്ച് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു, “സുഹൃത്തുക്കളേ, കലയുടെ ഭാഷ വ്യത്യസ്തമാണ്. അതിന്റെ അക്ഷരമാല നിങ്ങളുടേതല്ല. അതിന്റെ പദസഞ്ചയം നിങ്ങളുടേതില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തം. ഈ ദുര്‍ഗ്ഗ നിങ്ങളുടെ ദുര്‍ഗ്ഗയല്ല. ഇവള്‍ പരിപൂര്‍ണ്ണമായും സെക്സി. ഭാവനയ്ക്ക് നിങ്ങള്‍ക്ക് കത്രിക വെയ്ക്കാന്‍ കഴിയില്ല”

ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളില്‍ ഒന്നായ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ചിത്രമാണ് സെക്സി ദുര്‍ഗ്ഗ. രാജ്യം പൂമാലയിട്ട് സ്വീകരിക്കേണ്ട സംവിധായകനെയാണ് മധ്യകാല മത നിയമങ്ങളുടെ പ്രത്യയശാസ്ത്രവും പേറി ഒരു ഭരണകൂടം വേട്ടയാടുന്നത്.

റോട്ടര്‍ഡാമില്‍ പുരസ്കാരം ലഭിച്ചപ്പോള്‍ തന്നെ സനല്‍കുമാറിന് ഭീഷണിയുമായി സംഘപരിവാര്‍ രംഗത്ത് വന്നിരുന്നു. അന്ന് സനല്‍കുമാര്‍ അഴിമുഖത്തോട് ഇങ്ങനെ പറഞ്ഞു; “പ്രശ്‌നങ്ങള്‍ ഇല്ലാതെ ആര്‍ട്ട് ഉണ്ടാകില്ല, പേരിന്റെ പേരിലുള്ള അസ്വാരസ്യങ്ങളെല്ലാം കപടമാണ്. സിനിമ കാണാതെ അതേക്കുറിച്ച് വഴക്കടിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ചിലര്‍ക്കൊക്കെ പേര് പ്രശ്‌നമാകുന്നുണ്ട്”.

Also Read: സെക്സി ദുര്‍ഗ്ഗ; പേരിനെ ചൊല്ലി വഴക്കടിക്കുന്നവര്‍ക്ക് കാപട്യം-സനല്‍കുമാര്‍ ശശിധരന്‍

ഈ പ്രശ്നക്കാര്‍ ഭരണകൂടത്തിന്റെ തണലില്‍ കഴിയുന്നവരാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നടപടി. “ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്നും താന്‍ ഇതിനെതിരെ പോരാടുമെന്നും” എന്നാണ് സനല്‍ പ്രതികരിച്ചത്. ഇന്ത്യ ഗോള്‍ഡ് എന്ന വിഭാഗത്തിലാണ് ഈ ചിത്രത്തിനെ പരിഗണിച്ചിരുന്നത്.

Also Read: സെക്‌സി ദുര്‍ഗയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്; മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഒഴിവാക്കി

ഇതിനിടെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക വഴി കേരള സര്‍ക്കാരും വിവാദത്തില്‍ തങ്ങളുടെ ‘ചരിത്രപരമായ’ കടമ നിര്‍വഹിച്ചു. രാജ്യാന്തര തലത്തില്‍ ഏറ്റവും മികച്ച പുരസ്കാരം അടൂരിന് ശേഷം മലയാളത്തിലേക്കു കൊണ്ടുവന്ന ഒരു സംവിധായകന്റെ സിനിമ ഉചിതമായ രീതിയില്‍ ഉള്‍പ്പെടുത്താന്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് സാധിച്ചില്ല. അവരെ നയിച്ചത് സ്ഥാപിത താത്പര്യങ്ങളും പെറ്റിയായ രാഷ്ട്രീയ വിയോജിപ്പുകളും ആയിരുന്നു.

കഴിഞ്ഞ ഐ എഫ് എഫ് കെയില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സംഘപരിവാര്‍ അതിദേശീയതയ്ക്കെതിരെ ശക്തമായി നിലപാട് എടുക്കുകയും ചലച്ചിത്രോത്സവ വേദിയില്‍ ശക്തമായ പ്രക്ഷോഭം നടത്തുകയും ചെയ്ത സംവിധായകനാണ് സനല്‍കുമാര്‍. പ്രഖ്യാപിത ഇടതുപക്ഷ സിനിമാക്കാര്‍ പലരും നിശബ്ദത പാലിച്ചപ്പോഴാണ് ഈ പ്രതിഷേധം എന്നോര്‍ക്കണം.

Also Read: മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതല്ല പ്രശ്‌നം, കൊഞ്ഞനംകുത്തി കാണിക്കരുത്: സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിക്കുന്നു

സനല്‍ കുമാറിന്റെ സെക്സി ദുര്‍ഗ്ഗയെ ഐ എഫ് എഫ് കെയിലേക്ക് ഉചിതമായ രീതിയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമായി അത് മാറിയേനെ. ആ അവസരമാണ് ആവിഷ്കാര സ്വാതന്ത്ര്യതിന്റെ പേര് പറഞ്ഞ് സംഘപരിവാറിനെതിരെ കുരിശുയുദ്ധം നടത്തുന്ന ഇടതുപക്ഷം കളഞ്ഞുകുളിച്ചത്.

ഒഴിവുദിവസത്തെ കളിക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സെക്സി ദുര്‍ഗ. ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നമ്മുടെ കപട സദാചാരത്തെ ചോദ്യം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ മൂല്യങ്ങളെയും പ്രശ്നവത്ക്കരിക്കുന്നുണ്ട്. ഡല്‍ഹിയിലെ കൂട്ടമാനഭംഗ കേസില്‍ നിന്നാണ് ഈ ചിത്രത്തിന്റെ ആശയം സനല്‍കുമാറിന്റെ മനസില്‍ എത്തിയത്.

എസ് ദുര്‍ഗ്ഗ ഹിന്ദുത്വയെ തുളയ്ക്കുന്ന S കത്തിയാണ് സംഘപരിവാറുകാരാ..

Also Read: സെക്സി ദുര്‍ഗ്ഗ ഇനി എസ് ദുര്‍ഗ്ഗ; ഭാവനയ്ക്ക് കത്രിക വെയ്ക്കാന്‍ കഴിയില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍

മറ്റ് പ്രധാന വാര്‍ത്തകള്‍

അമിത് ഷായുടെ മകന്‍ ജയ്ഷായുടെ ആഴിമതി; മാധ്യമ പ്രവര്‍ത്തകര്‍ക്ക് വധഭീഷണി’ എന്നതാണ് ദേശാഭിമാനിയുടെ മുഖ്യ തലക്കെട്ട്. വാര്‍ത്ത പുറത്തു കൊണ്ടുവന്ന വയര്‍ ലേഖിക രോഹിണി സിങ്ങിനാണ് വധഭീഷണി. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് വധഭീഷണിയും അവഹേളനവും നടത്തുന്നത്. തന്റെ വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞുകൊണ്ട് രോഹിണി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

താര സംഘടനായ അമ്മയില്‍ 50 ശതമാനം സംവരണം വേണമെന്ന് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നു രമ്യ നമ്പീശന്‍ പറഞ്ഞു. ദിലീപിന്റെ സിനിമ കാണണം എന്ന മഞ്ജുവാര്യരുടെ അഭിപ്രായം വ്യക്തിപരമാണ് എന്നും നടി പറഞ്ഞു.

ബിജെപി സംസ്ഥാനങ്ങള്‍ ഇന്ധന വില കുറയ്ക്കുന്നു എന്ന വാര്‍ത്തയാണ് മലയാള മനോരമയുടെ മുഖ്യ ലീഡ്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യ വര്‍ദ്ധിത നികുതിയില്‍ കുറവുവരുത്താന്‍ ഗുജറാത്ത്, മഹാരാഷ്ട്ര, സംസ്ഥാനങ്ങളില്‍ ജനരോക്ഷം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിജെപിയുടെ നടപടി. വരാന്‍ പോകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ഭീതിയും മുഖ്യകാരണമാണ്.

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഐ എം എഫ് കുറച്ചു എന്ന് മാതൃഭൂമിയുടെ ഒന്നാം പേജ് വാര്‍ത്ത. മാന്ദ്യത്തില്‍ നിന്നും ലോക സമ്പദ് വ്യവസ്ഥ അതിവേഗം കരകയറുകയാണ് എന്നു വിലയിരുത്തുമ്പോഴാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് പ്രവചിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ച 0.5 ശതമാനം കുറഞ്ഞ് 6.7 ശതമാനം ആകുമെന്നാണ് വിലയിരുത്തല്‍. നോട്ട് നിരോധനവും ജിഎസ് ടിയുമാണ് വളര്‍ച്ചാ മുരടിപ്പിന് കാരണം എന്നാണ് വിലയിരുത്തല്‍.

ശബരിമലയിലും അബ്രാഹ്മണ ശാന്തി നിയമനം പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ പൂജാരിമാരെ നിയമിച്ചത് നിശബ്ദ വിപ്ലവമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കടകംപള്ളി ക്ഷേത്ര പ്രവേശനം നടത്തിയത് എന്തിനാണെന്ന് ഇപ്പോള്‍ മനസിലായല്ലോ, അല്ലേ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍