UPDATES

പെണ്‍സുന്നത്തെന്ന വൈകാരിക ഷണ്ഡീകരണം; അനിസ്ലാമികമായ ഈ ആചാരം ആര്‍ക്കുവേണ്ടി?

മുത്തലാക്ക് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് മുസ്ലീം സ്ത്രീകള്‍ക്ക് ആശ്വാസമായെങ്കിലും മതനിയമങ്ങളുടെ പേര് പറഞ്ഞ് ഇപ്പോഴും മനുഷ്യത്വവിരുദ്ധമായ ആചാരങ്ങള്‍ തുടരുന്നു എന്നാണ് വാര്‍ത്തകള്‍

“ലൈംഗിക ചോദനകളെ ഇത് ഏറെ ബാധിക്കും. കൈയും കാലും കെട്ടുന്നില്ലെങ്കിലും വൈകാരികമായി സ്ത്രീയെ ബന്ധനസ്ഥയാക്കുന്നതിന് തുല്യമാണ്. വൈകാരികമായ ഷണ്ഡീകരണം എന്നു പറയാം.” കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റിട്ടയേര്‍ഡ് ഗൈനക്കോളജി പ്രൊഫസര്‍ ഡോ. ടി നാരായണന്റെ ഒരു കമന്‍റ് ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാ കര്‍മ്മം; ക്രൂരം പ്രാകൃതം’ എന്ന റിപ്പോര്‍ട്ടില്‍ ഉണ്ട്. മുസ്ലീം സ്ത്രീകള്‍ എത്ര പ്രാകൃതമായ രീതിയിലാണ് അസ്വാതന്ത്ര്യത്തിന്റെ തടവറകളില്‍ അടയ്ക്കപ്പെടുന്നത് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ചേലാ കര്‍മ്മത്തെ കുറിച്ചുള്ള വാര്‍ത്തകള്‍. മുത്തലാക്ക് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവ് മുസ്ലീം സ്ത്രീകള്‍ക്ക് ആശ്വാസമായെങ്കിലും മത നിയമങ്ങളുടെ പേര് പറഞ്ഞു ഇനിയും മനുഷ്യവിരുദ്ധമായ നിരവധി ആചാരങ്ങള്‍ പിന്‍തുടര്‍ന്നു പോകുന്നുണ്ട് എന്നതിന് തെളിവാണ് സംസ്ഥാനത്ത് നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍.

പെണ്‍ ചേലാ കര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സഹിയോ എന്ന സംഘടന ആഗസ്ത് 14നു പുറത്തു വിട്ട ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് മാതൃഭൂമി അന്വേഷണം നടത്തിയിരിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും ജനിച്ചു മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കടക്കം ചേലാ കര്‍മ്മം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരിഫാ ജോഹരി, ആയിഷ മഹ്മൂദ് എന്നിവരാണ് സഹിയോയ്ക്ക് വേണ്ടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സഹിയോ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ രണ്ടാഴ്ച മുമ്പ് അഴിമുഖം പുറത്തുവിട്ടിരുന്നു:

കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. 

സഹിയോ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍
“ഫെബ്രുവരിയിൽ നടത്തിയ ഒരു അണ്ടർകവർ അന്വേഷണത്തിൽ, സഹിയോയുടെ പ്രവർത്തകർ, കോഴിക്കോട്ടുള്ള ഒരു ക്ലിനിക്കിൽ, പെൺചേലാകർമ്മം ചെയ്യാറുണ്ടെന്നു സമ്മതിക്കുന്ന രണ്ട് ഡോക്ടർമാരെ പരിചയപ്പെടുകയുണ്ടായി. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ചേലാകര്‍മ്മം അവരുടെ ക്ലിനിക്കിൽ സ്ഥിരമായി നടക്കാറുണ്ടെന്ന് അവർ അവകാശപ്പെട്ടു. അവരുടെ വാദമനുസരിച്ച് കേരളത്തിന്റ പലഭാഗങ്ങളിൽ നിന്നും സ്ത്രീകൾ സുന്നത്ത് ചെയ്യാനായി അവരെ സമീപിക്കുകയും, അവരുടെ പെൺമക്കളെയും, മരുമകളെയും കൊണ്ട് വരാറുണ്ടെന്നും പറയുന്നു. ഇവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടെന്ന് അവർ പറയുന്നു.”

സഹിയോ ബന്ധപ്പെട്ട ഡോക്ടര്‍ പറഞ്ഞത്; “വൈവാഹികജീവിതം അത്യാഹ്ളാദകരമാക്കുന്നു”. മാത്രമല്ല ചില ഭർത്താക്കന്മാരും, ഭാര്യമാരും ഇതിനു നിർബന്ധം പിടിക്കുകയും ചെയ്യുന്നു. സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും ഇത് സർവ്വസാധാരണമാണെന്നും- ഇതിൽ യാതൊരു അപകടം ഇല്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

“ഒരു പ്രവർത്തക തന്നെ ഭർതൃവീട്ടിൽ നിന്നും നിർബന്ധിക്കുന്നു എന്ന വ്യാജേന അതിനെ പറ്റി കൂടുതൽ അറിയാൻ വന്നതാണെന്നും പേടിയുണ്ടെന്നും പറഞ്ഞു. “ഇവിടെ ഇഷ്ടം പോലെ ചെയ്യാറുണ്ടല്ലോ” എന്നായിരുന്നു ലേഡി ഡോക്ടറുടെ മറുപടി. തുടർന്ന് അത് ചെയ്യുന്ന രീതി വിശദമായി പറഞ്ഞു തരികയും “ലൈംഗിക സുഖം വർദ്ധിക്കുകയും” “വൈവാഹികജീവിതത്തിനു ഒഴിച്ച് കൂടാനാവാത്തതും” എന്ന് ഊട്ടിഉറപ്പിക്കുന്ന രീതിയിൽ പറയുകയും ചെയ്തു. തങ്ങളുടെ അടുത്ത് വൈവാഹിക കൗസലിങ്ങിന് വരുന്നവരോട് തങ്ങൾ പെൺസുന്നത്ത് നീർദ്ദേശിക്കാറുണ്ടെന്നും, അതവരുടെ ലൈംഗികജീവിതവും വിവാഹജീവിതവും ആനന്ദപ്രദമാക്കും എന്നും ഇവർ അവകാശപ്പെടുന്നു.”

“കൈക്കുഞ്ഞായിരിക്കുമ്പോൾ ചെയ്യുന്നതാണ് അഭികാമ്യം. പക്ഷെ ഇപ്പോൾ ഒരു പാട് സ്ത്രീകൾ അവരുടെ പ്രസവ ശേഷം, സുന്നത്ത് ചെയ്യാറുണ്ട്. അതാകുമ്പോൾ പ്രസവസമയത്ത് ഉള്ള തുന്നലും, ഇതിന്റെ തുന്നലും എല്ലാം ഒരു വേദനയിൽ കഴിഞ്ഞു കിട്ടും. ശേഷം അവരുടെ ലൈംഗികസുഖവും ഇരട്ടിക്കും. പ്രസവശേഷം പലരുടെയും സുഖം കുറയുന്നതായി കാണാം.” എന്ന് ലേഡി ഡോക്ടർ വിശദീകരിക്കുന്നു.”

ഓണ്‍ലൈനിലെ ഇടനിലക്കാര്‍ വഴിയാണ് തിരുവനന്തപുരത്തെ ഒരു ക്ലിനിക്കില്‍ ചെലാ കര്‍മ്മം നടത്തുന്നത് എന്ന് മാതൃഭൂമിയുടെ റിപ്പോര്‍ട്ട് പറയുന്നു. “ഇടനിലക്കാരെന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടവരുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ടു. ഒട്ടേറെ ക്ലിനിക്കുകളില്‍ ഇത് നടത്തുന്നുണ്ടെന്നും ചെലവ് കുറഞ്ഞ രീതിയില്‍ പരമ്പര്യമായി സ്ത്രീകള്‍ക്ക് ചേലാ കര്‍മ്മം നടത്തുന്നുവരെ ഏര്‍പ്പാടാക്കാം എന്നുമായിരുന്നു മറുപടി” മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു. നല്ല ആശുപത്രികള്‍ ആണെങ്കില്‍ 6000 മുതല്‍ 8000 വരെയാണ് ഇതിന്റെ ചിലവ്.

മാതൃഭൂമി റിപ്പോര്‍ട്ടിനോട് പ്രതികരിച്ച മുസ്ലീം മതപണ്ഡിതന്‍മാര്‍ ഇത് അനിസ്ലാമികവും ദുരാചാരവും ആണെന്നാണ് അഭിപ്രായപ്പെട്ടത്. “പലതരം ഉദ്ദേശ്യത്തോടെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ മതവുമായി കൂട്ടിക്കെട്ടേണ്ട. ഖുര്‍ ആനില്‍ ഇല്ല. ഹദീസിലും ശ്രദ്ധയില്‍ പെട്ടിട്ടില്ല.” കേരള നദ്വത്തുല്‍ മുജാഹിദ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരളത്തില്‍ മുസ്ലീം സംഘടനകള്‍ ആരും സ്ത്രീകളിലെ ചേലാ കര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും മടവൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേ സമയം സഹിയോ ബന്ധപ്പെട്ട ഡോക്ടര്‍ ചേലാകര്‍മ്മത്തെ ന്യായീകരിച്ചുകൊണ്ട് ഹദീസിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചതായി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

“ഇത് ഇസ്ലാമികമല്ല. ഖുര്‍ ആനിലെ 114 അദ്ധ്യായങ്ങളില്‍ ഒരിടത്തും ഇതേ പറ്റി പറഞ്ഞിട്ടില്ല” എന്നു ഖുര്‍ ആന്‍ സുന്നത്ത് സൊസെറ്റിയും “അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂഢ ധാരണകളും മതത്തെ വികലമാക്കാനേ ഉപകരിക്കുകയുള്ളൂ” എന്ന് ജമാ അത്തെ ഇസ്ലാമിയുടെ നേതാവ് ശൈഖ് മുഹമ്മദ് ഖാരക്കുന്നും പറയുന്നു. “ഇത് മനുഷ്യാവകാശ ലംഘനമാണ് എന്നാണ്” സ്ത്രീ പ്രവര്‍ത്തകയായ വിപി സുഹറ അഭിപ്രായപ്പെട്ടത്.

“ലോകാരോഗ്യ സംഘടനാ മനുഷ്യത്വ വിരുദ്ധം എന്ന് വിശേഷിപ്പിച്ച സ്ത്രീകളിലെ ചേലാ കര്‍മ്മം “സ്ത്രീകളിലെ ലൈംഗിക തൃഷ്ണ കുറയ്ക്കാനും വിവാഹ പൂര്‍വ്വവും വിവാഹ ബാഹ്യവുമായ ലൈംഗിക വൃത്തികളില്‍ നിന്നു തടയാനുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്” എന്നാണ് വിശ്വസിക്കപ്പെടുന്നത്. “ടൈപ്പ് വൺ FGM/ Cയുടെ ദൂഷ്യഫലങ്ങൾ വേദന, രക്തംപോക്ക്, മൂത്രാശയ അണുബാധ, യോനീകോശങ്ങൾക്കു സംഭവിക്കാവുന്ന പരിക്ക്, ലൈംഗികപ്രശ്നങ്ങൾ, മാനസികമായ ആഘാതങ്ങൾ എന്നിവ WHO രേഖപെടുത്തുന്നു. യോനിയുടെയും മൂത്രനാളത്തിന്റെയും ഇടയിലുള്ള യോനീച്ഛദം അഥവാ ക്ലിറ്റോറിസ് അതിവൈകാരികമായ നാഡികോശങ്ങളാൽ സമ്പന്നമായ ഒരു അവയവഭാഗമാണ്. അതിന്റെ ഏകലക്ഷ്യം സ്ത്രീകളുടെ ലൈംഗിക ആനന്ദം മാത്രമാണ്. അത് മുറിച്ച് മാറ്റുകയോ, പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതിലൂടെ ലൈംഗികാസ്വാദനവും ഉത്തേജനവും കുറയുകയാണ് ചെയ്യുന്നത്.” സഹിയോ റിപ്പോര്‍ട്ട് പറയുന്നു.

“യുഎന്‍ കണക്കുകള്‍ പറയുന്നത് ഇന്ന് ജീവിച്ചിരിക്കുന്ന 20 കോടി സ്ത്രീകളും പെണ്‍കുട്ടികളും ഏതെങ്കിലും തരത്തിലുള്ള ലിംഗഛേദനത്തിന് വിധേയരായിട്ടുണ്ട് എന്നാണ്. ജനസംഖ്യയില്‍ വര്‍ധനയുണ്ടായ 2014-ല്‍ ഏഴു കോടി പേര്‍ ഇതിനു വിധേയരാക്കപ്പെട്ടു. കാര്യമായ ജനസംഖ്യാ വളര്‍ച്ചയുണ്ടാകുന്നതിനാല്‍ അടുത്ത 15 വര്‍ഷത്തിനകം ഇരകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഇനിയുമുണ്ടാകുമെന്ന് യുഎന്‍ പ്രവചിക്കുകയും ചെയ്യുന്നു.”

ലോകത്തെ 41 രാജ്യങ്ങളിൽ പെൺചേലാകർമ്മം നിയമവിരുദ്ധമാണ്. ഇതിൽ ഈജിപ്തും ചില ആഫ്രിക്കൻ രാജ്യങ്ങളും ഉൾപെടും. ഇന്ത്യയിൽ ഇതിനെതിരെ നിലവിൽ ഒരു നിയമങ്ങളും ഇല്ല. ഇന്ത്യയില്‍ ഈ ആചാരം കൊണ്ടു നടക്കുന്ന ഒരേ ഒരു വിഭാഗമാണ് ദാവൂദി ബോറകള്‍ മാത്രമാണ്. ഖട്‌ന എന്ന് ഇവര്‍ വിശേഷിപ്പിക്കുന്ന ഈ ആചാരത്തിന് 1400 വര്‍ഷം പഴക്കമുണ്ടെന്നാണ് ബോറ പുരോഹിതര്‍ പറയുന്നത്.

Also Read: ഇനി വേണ്ട പെണ്‍കുട്ടികള്‍ക്ക് ലിംഗഛേദനം

എന്നാല്‍ 2016ല്‍ ഈ ആചാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമുദായംഗങ്ങളായ ഒരു സംഘം സ്ത്രീകള്‍ ബോറകളുടെ ആഗോള തലവനായ മുംബൈയിലെ സയ്ദ്‌നാ മുഹമ്മദ് ബുര്‍ഹാനുദ്ദീനെ സമീപിക്കുകയുണ്ടായി. എന്നാല്‍ ആ അപേക്ഷ തള്ളുകയാണുണ്ടായത്. ഏപ്രിലില്‍ സയ്ദ്‌ന നടത്തിയ ഒരു പ്രഭാഷണത്തില്‍ ലിംഗഛേദനം നടത്തിയിരിക്കണം എന്നു തീര്‍ത്തു പറയുകയും ചെയ്തു. ജൂണില്‍ ഒരു പത്രകുറിപ്പിലൂടെ ഈ വിഷയം അദ്ദേഹത്തിന്റെ ഓഫീസ് വീണ്ടും പുറത്തെടുത്തു. ഈ ആചാരത്തിനു മതപരമായ അംഗീകാരം ഉണ്ടെന്നും അതുകൊണ്ട് തുടരണമെന്നുമായിരുന്നു ആ കുറിപ്പില്‍ വ്യക്തമാക്കിയത്. ഇത്രയുമായതോടെ സ്പീക്ക് ഔട്ട് എന്ന സംഘത്തിലെ 17 സ്ത്രീകള്‍ ലിംഗഛേദനത്തിന് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. വളരെ രഹസ്യമായിരുന്ന വിഷയത്തെ ഇവര്‍ പരസ്യമാക്കുകയും മതനേതൃത്വത്തെ തള്ളി അവര്‍ രാജ്യത്തിനു മുമ്പാകെ തങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്തു.

ഇസ്ളാമിക പണ്ഡിതന്മാര്‍ അനിസ്ലാമികം എന്നും മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മനുഷ്യത്വ വിരുദ്ധമെന്നും സ്ത്രീ വിരുദ്ധമെന്നും അഭിപ്രായപ്പെടുന്ന പെണ്‍ ചേലാ കര്‍മ്മം കേരളം പോലുള്ള സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന സംസ്ഥാനത്ത് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഉള്ള ശ്രമം സമിപകാലത്ത് വ്യാപകമായ നടന്നുകൊണ്ടിരിക്കുന്ന തീവ്ര ഇസ്ളാമിക വത്ക്കരണത്തിന്റെ ഭാഗമാണ് എന്ന് വേണം കരുതാന്‍. പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്ലീം മതമേലദ്ധ്യക്ഷന്മാരും പൊതുസമൂഹവും സര്‍ക്കാരും ഇതിനെതിരെ രംഗത്ത് വരികയും ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് പോകുന്നവരെ ഒറ്റപ്പെടുത്തുകയും തുറന്നു കാണിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കാം.

Also Read:  ‘പെൺസുന്നത്ത്/ചേലാകർമ്മം കേരളത്തിലും – ഒരു സഹിയോ അന്വേഷണം 

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍