UPDATES

ട്രെന്‍ഡിങ്ങ്

കണ്ണ് ചൂഴ്ന്നെടുക്കാന്‍ പോകുന്നവര്‍ക്ക് എന്തു കണ്ണുനീര്‍ത്തുള്ളി? താജിനെ വിടാതെ സംഘപരിവാര്‍

താജ്മഹല്‍ തേജോമഹാലയ എന്ന ക്ഷേത്രമായിരുന്നു എന്നു പുതിയ വാദം

താജ് മഹലിന് പിന്നാലെയുള്ള സംഘപരിവാര്‍ പദ്ധതി ഗംഭീരമായി മുന്‍പോട്ട് പോവുകയാണ്. ഇന്നലെ ബിജെപി എം.പി വിനയ് കട്യാറിന്റെ വകയായിരുന്നു ചരിത്ര ഗവേഷണം. താജ്മഹല്‍ നേരത്തെ ക്ഷേത്രമായിരുന്നെന്നും മുഗളന്മാരാണ് അത് തകര്‍ത്തതെന്നും തേജോമഹാലയ് എന്നാണ് മുന്‍പ് അറിയപ്പെട്ടിരുന്നതെന്നുമാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപിയുടെ അഭിപ്രായം.

“താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണ്. അവിടം സന്ദര്‍ശിച്ചാല്‍ ഹിന്ദുസംസ്കാരത്തിന്റെ സൂചനകളും ചിഹ്നങ്ങളും ദൈവരൂപങ്ങളും കാണാന്‍ കഴിയും. അവിടെയുള്ള ശിവലിംഗം നീക്കം ചെയ്താണ് സ്മാരകം നിര്‍മ്മിച്ചത്.” കട്ട്യാര്‍ പറഞ്ഞു. (മാതൃഭൂമി)

എന്നാല്‍ ബാബറിമസ്ജിദ് പൊളിച്ചതുപോലെ താജ്മഹല്‍ പൊളിക്കണം എന്നു കട്യാര്‍ പറയുന്നില്ല. കാരണം “ഇന്ത്യന്‍ തൊഴിലാളികള്‍ നിര്‍മ്മിച്ചതാണത്.” വിവാദമുണ്ടായ സാഹചര്യത്തില്‍ മുഗള്‍ കാലഘട്ടത്തില്‍ എന്താണ് സംഭവിച്ചത് എന്നു ജനങ്ങളോട് പറയേണ്ട കടമയുള്ളതുകൊണ്ടാണ് ചരിത്ര സത്യം വെളിപ്പെടുത്തുന്നത് എന്നാണ് കട്യാറിന്റെ വിശദീകരണം.

കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ നിന്നു തന്നെയുള്ള ബിജെപി എംല്‍എയായ സംഗീത് സോം മുഗളന്‍മാരെ രാജ്യദ്രോഹികളെന്നും താജ്മഹല്‍ തീരാകളങ്കമെന്നും വിശേഷിപ്പിച്ചുകൊണ്ടാണ് രംഗത്ത് എത്തിയത്.

താജ്മഹല്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമല്ല. കൂടാതെ ഒരു രാജ്യദ്രോഹി ഇന്ത്യന്‍ സംസ്‌കാരത്തിന് മേല്‍ പടുത്തുയര്‍ത്തിയ കളങ്കമാണ് താജ്മഹലെന്നും എംഎല്‍എ വിശേഷിപ്പിക്കുന്നു. താജ്മഹല്‍ നിര്‍മ്മിച്ച ഷാജഹാന്‍ തന്റെ പിതാവിനെ ജയിലില്‍ അടച്ചാണ് അധികാരം പിടിച്ചെടുത്തത്. ഹിന്ദുക്കളെയെല്ലാം തുടച്ചുനീക്കുകയായിരുന്നു അയാളുടെ ആവശ്യം. ഇത്തരം ആളുകളൊക്കെയാണ് നമ്മുടെ ചരിത്രത്തിന്റെ ഭാഗമെന്നത് കഷ്ടമാണ്. ഈ ചരിത്രത്തെ നാം മാറ്റേണ്ടതുണ്ട്- സോം പറയുന്നു.

എന്നാല്‍ സംഗീത് സോമിന് ചരിത്ര ബോധമില്ലാത്തത് കൊണ്ടാണ് ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നത് എന്ന് അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഷാജഹാനല്ല, അദ്ദേഹത്തിന്റെ മകന്‍ ഔറംഗസേബാണ് പിതാവിനെ തടവിലിട്ടതെന്ന് സോഷ്യല്‍ മീഡിയ അടക്കം സോമിനെ തിരുത്തുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് താജ്മഹലിനെ ഒരു ‘തൊഴിലാളിവര്‍ഗ്ഗ’ കാഴ്ചപ്പാടില്‍ വിലയിരുത്തിയത്. ആയിരക്കണക്കിന് ഭാരതമക്കളായ തൊഴിലാളികളുടെ ചോരയുടെയും വിയര്‍പ്പിന്റെയും വിലയാണ് താജ്മഹല്‍ എന്നായിരുന്നു കഴിഞ്ഞ ദിവസം ആദിത്യനാഥ് പറഞ്ഞത്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം കൈപ്പുസ്തകത്തില്‍ നിന്നും താജ്മഹല്‍ ഒഴിവാക്കിയത് വിവാദമായതോടെയാണ് താജ് മഹലിന്റെ നിര്‍മ്മാണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. അത് എല്ലാകാലത്തെയും പോലെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാനുള്ള അവസരമായി സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി എന്‍ ഒക് എഴുതിയ ‘താജ്മഹല്‍-ദി ട്രൂ സ്റ്റോറി’ എന്ന പുസ്തകത്തിലെ ക്ഷേത്രമുണ്ടായിരുന്നു എന്ന വാദമാണ് സംഘപരിവാര്‍ തങ്ങളുടെ ചരിത്ര വിശകലനത്തിന് ഉപോത്ഭലകമാക്കിയിരിക്കുന്നത്.

ബാബറി മസ്ജിദിന് കീഴെ ക്ഷേത്രമുണ്ടായിരുന്നു എന്നു പറഞ്ഞുകൊണ്ടു തങ്ങളുടെ വാദത്തിന് ബലം പകര്‍ന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നോര്‍ത്ത് റീജ്യണല്‍ ഡയറക്ടര്‍ ആയി വിരമിച്ച കെ.കെ മുഹമ്മദ് പക്ഷേ താജ്മഹലിന്റെ കാര്യത്തില്‍ സംഘപരിവാറിന് സന്തോഷം പകരുന്ന നിലപാടല്ല കൈകൊണ്ടിരിക്കുന്നത്. ഇന്നത്തെ മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുതിയ, ‘വെറുതെ വിടൂ, താജിനെ’ എന്ന ലേഖനത്തില്‍ ക്ഷേത്രം പൊളിച്ചുകളഞ്ഞാണ് താജ് നിര്‍മ്മിച്ചതെന്ന വാദം വിചിത്രവും അസംബന്ധമാണെന്നാണ് പറയുന്നത്.

“ഞാന്‍ ഇന്ത്യയില്‍ നൂറിലധികം ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നേവരെ ഇത്തരത്തിലൊരു ക്ഷേത്രത്തെ കുറിച്ചു കേട്ടിട്ടില്ല”- കെ കെ മുഹമ്മദ് എഴുതുന്നു. “ലോകമാകെ 1076 ചരിത്ര പൈതൃക സ്മാരകങ്ങളാണ് ഉള്ളത്. അതില്‍ 36 എണ്ണം ഇന്ത്യയിലാണ്”- മുഹമ്മദ് പറയുന്നു. ഇത്തരം വാദങ്ങളുമായി മുന്‍പോട്ട് പോയാല്‍ അത് നമ്മുടെ ടൂറിസം സാധ്യതയെ ബാധിക്കും എന്നും മുഹമ്മദ് ഓര്‍മ്മപ്പെടുത്തുന്നു.

‘ചരിത്രത്തെ നിന്ദിക്കരുത്’ എന്ന ഒരു എഡിറ്റോറിയാലും മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഇന്ത്യയുടെ സാസ്കാരികവും സാമൂഹികവും സാമുദായികവുമായ വൈവിധ്യം തിരസ്കരിച്ചുകൊണ്ട് ഏകശിലാമയമായ ദേശീയതയുടെ വ്യവഹാരം സൃഷ്ടിക്കാനും ഹിന്ദു-മുസ്ലീം വൈരുധ്യമായി ഇന്ത്യാ ചരിത്രത്തെ വ്യാഖ്യാനിക്കാനുമുള്ള വിപത്ക്കരമായ ശ്രമമാണിത്”, എഡിറ്റോറിയല്‍ പറയുന്നു.

‘കാലത്തിന്റെ കവിള്‍ത്തടത്തിലെ ഏകാന്തമായ കണ്ണുനീര്‍ത്തുള്ളി’ എന്നാണ് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ താജ് മഹലിനെ വിശേഷിപ്പിച്ചത്. കണ്ണു ചൂഴ്ന്നെടുക്കാന്‍ പോകുന്നവര്‍ക്ക് എന്തു കണ്ണുനീര്‍ത്തുള്ളി… അല്ലേ?

ഒരു രാജ്യദ്രോഹി ഇന്ത്യന്‍ സംസ്‌കാരത്തിന് മേല്‍ പടുത്തുയര്‍ത്തിയ കളങ്കമാണ് താജ്മഹല്‍: ബിജെപി എംഎല്‍എ

മറ്റ് പ്രധാന വാര്‍ത്തകള്‍

അച്ഛന്‍ ആശുപത്രിയിലെ രജിസ്ട്രേഷന്‍ കൌണ്ടറില്‍ ക്യൂ നില്‍ക്കേ ഒന്‍പതു വയസുകാരി ചികിത്സ കിട്ടാതെ രോഗം മൂര്‍ച്ഛിച്ചു മരിച്ചു. പാട്നയിലാണ് സംഭവം. കടത്തിവിടാനുള്ള അപേക്ഷ ക്യൂവിലെ മറ്റുള്ളവര്‍ ചെവി കൊണ്ടില്ല എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കജ്റ എന്ന ഗ്രാമത്തില്‍ നിന്നും പാട്നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിയതായിരുന്നു മാതാപിതാക്കള്‍.

മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഗുരുതര വീഴ്ചയെന്ന് പോലീസ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. അന്വേഷണവുമായി മെഡിക്കല്‍ കോളേജ് അധികൃതര്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് കുറ്റപ്പെടുത്തി. ചികിത്സ നിഷേധിച്ചത് വെന്റിലേറ്ററിന്റെ അഭാവം കൊണ്ടാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ല.

വേണ്ടത് മനുഷ്യത്വത്തിന്റെ വെന്റിലേറ്റര്‍; അറിഞ്ഞുകൊണ്ട് ഒരാളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നോ?

സോളാര്‍ കേസില്‍ സരിതാ നായരുടെ വ്യക്തി വിരോധമാണ് തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന് ഐ ജി പത്മകുമാര്‍. ഈ കാര്യം ചൂണ്ടിക്കാണിച്ചു പത്മകുമാര്‍ സര്‍ക്കാരിന് കത്തു നല്‍കി. കഴിഞ്ഞ ദിവസം അന്വേഷണ സംഘതലവനായിരുന്ന ഡിജിപി ഹേമചന്ദ്രന്‍ സര്‍ക്കാരിന് കത്ത് നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. അതേ സമയം ഹേമചന്ദ്രന്‍ കത്തുനല്‍കി എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന റിപ്പോര്‍ട്ടുമായി ദേശാഭിമാനി രംഗത്ത് എത്തി.

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അവധിക്കൊരുങ്ങുന്നതായി സൂചന. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടിയുടെ നീക്കമെന്നു കരുതുന്നു. എന്നാല്‍ ഈ കാര്യം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്.

ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍