UPDATES

കര്‍ത്തൃശൂന്യ അമേധ്യ കുറിപ്പുകള്‍; തുടരുന്ന ‘ദിലീപ് പ്രതിഭാസം’

ദിലീപിനെതിരെ നിലപാട്; വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കും മാതൃഭൂമി ലേഖികയ്ക്കും ഭീഷണിക്കത്ത്

‘ദിലീപിലൂടെ വെളിപ്പെടുന്ന കേരളം എന്ന ക്രൈം സ്റ്റേറ്റ്’: ദിലീപ് അറസ്റ്റിലായ ജൂലൈ പത്താം തിയതി അഴിമുഖം പ്രസിദ്ധീകരിച്ച ഒരു കുറിപ്പിന്റെ തലക്കെട്ട് ഇതായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മൂന്നു ക്രിമിനല്‍ സംഭവങ്ങളിലെ പൊതു ഘടകം ദിലീപുമായി ബന്ധപ്പെട്ട നടപടികളും വാര്‍ത്തകളുമാണ് എന്നതില്‍ നിന്നും വെളിവാകുന്നത് ആ തലക്കെട്ടിന്റെ സാംഗത്യമാണ്.

ഇന്നലെ തിരുവനന്തപുരത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നത് എന്നതിനേക്കാള്‍ ഉപരി ലജ്ജിപ്പിക്കുന്നതും കൂടിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി തനിക്ക് ഭീഷണി കത്തും അതോടൊപ്പം മനുഷ്യ മലവും തപാലില്‍ ലഭിച്ചു എന്നതായിരുന്നു ജോസഫൈന്‍റെ വെളിപ്പെടുത്തല്‍.

“വധഭീഷണി ഉണ്ടായിട്ടില്ല. കമ്മീഷന്‍ ഓഫീസിലേക്ക് തപാലില്‍ മനുഷ്യ വിസര്‍ജ്ജ്യവും ഭീഷണി കത്തുകളും ലഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി. എടുത്തുചാടി പ്രതികരിക്കാതിരുന്നത് തന്റെ പക്വത കൊണ്ടാണ്. ഇതുകൊണ്ടൊന്നും വനിതാ കമ്മീഷനെ നിശബ്ദമാക്കാമെന്ന് കരുതരുത്.” എം സി ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിക്കത്ത് പോലീസിന് കൈമാറും എന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

നടിക്കെതിരെ നടന്ന ആക്രമത്തില്‍ വനിതാ കമ്മീഷന്‍ ശക്തമായി നിലപാട് സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ വേണം ഈ ഭീഷണിക്കത്തിനെ കാണാന്‍. ദിലീപിനെ അനുകൂലിച്ചും നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയും പിസി ജോര്‍ജ്ജ് എം എല്‍ എ പ്രസ്താവന നടത്തിയതിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് വനിതാ കമ്മീഷനും ജോസഫൈനും എതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി പിസി ജോര്‍ജ്ജ് രംഗത്ത് വരികയും ചെയ്തു.

‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

തനിക്ക് വന്ന കത്തില്‍ പിസി ജോര്‍ജ്ജിനെയും നടിയെയും പരാമര്‍ശിക്കുന്നുണ്ടെന്ന് ജോസഫൈന്‍ പറഞ്ഞതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. “മറുപടികള്‍ കൊടുത്തതിന് ശേഷം എംഎല്‍എ നിശബ്ദനായെങ്കിലും അതിനു ശേഷമാണ് ഈ സംഭവം നടന്നത്. ഞങ്ങള്‍ കുറച്ചു വോട്ടര്‍മാരാണ് എന്നു പരിചയപ്പെടുത്തുന്ന കത്തുകളില്‍ എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പല സംശയങ്ങളുമുണ്ട്” ജോസഫൈന്‍ പറഞ്ഞു.

കത്തിന് പിന്നില്‍ പിസി ജോര്‍ജ്ജാണോ എന്ന ചോദ്യത്തിന് “അതൊന്നും ഊഹിക്കേണ്ട കാര്യമില്ലല്ലോ, വ്യക്തമാണല്ലോ” എന്നാണ് ജോസഫൈന്‍ പ്രതികരിച്ചത് (മലയാള മനോരമ)

അതോടൊപ്പം നടിയെ ആക്രമിച്ച കേസില്‍ ഇടപെട്ട വനിതാ കൂട്ടായ്മയ്ക്കും എതിരെ ഭീഷണിയുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീഷണിക്കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു കഴിഞ്ഞു. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദിലീപിനെതിരെ ലേഖനമെഴുതിയതിന്റെ പേരില്‍ തനിക്ക് ഭീഷണിക്കത്ത് ലഭിച്ചു എന്ന് മാതൃഭൂമി ലേഖിക നിലീന അത്തോളി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത് ഇന്നലെ തന്നെയാണ്. ‘കുറ്റാരോപിതന്‍ ആപത്തില്‍പ്പെട്ടവനും നടി ഇരയുമാകുന്ന നെറികെട്ട സിനിമാകാലം’ എന്ന പേരില്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് ആക്ഷേപങ്ങളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അടങ്ങിയ കത്ത് നിലീനയ്ക്ക് ലഭിച്ചത്.

കത്ത് അയച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ ഭാവിയില്‍ ഒരു ലൈംഗികാതിക്രമം തടയാന്‍ സാധിക്കുമെന്ന് നിലീന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

എനിക്കും കിട്ടി കൊറിയറായി ഒരു കവര്‍. മലമല്ല. പക്ഷെ അതിനേക്കാള്‍ ബീഭത്സമായ 8 പേജുള്ള ഒരെഴുത്ത്. അതിന്റെ സംക്ഷിപ്തം എന്നാല്‍ അറിയാവുന്ന നല്ല ഭാഷയില്‍ ഞാന്‍ പറയാം.
1. നടി ആക്രമണം ചോദിച്ചു വാങ്ങി.
2. ഒരുങ്ങി നടക്കുന്ന അവരും മറ്റ് നടിമാരും ഇത് അര്‍ഹിക്കുന്നു.
3. പോരാടുന്നവള്‍ക്ക് വേണ്ടി എഴുതുന്നവര്‍ കൈക്കൂലിക്കാര്‍.
4. ലൈംഗികാതിക്രമത്തെ അതിജീവിച്ചവര്‍ നന്നായി ജീവിക്കരുത്, കരഞ്ഞോ പുറത്തിറങ്ങാതെയോ കാലം കഴിച്ചോളണം.
5. സുനി പാവമാണ്, സുനി മാത്രമല്ല കുറ്റാരോപിതനായ ദിലീപും.
കിട്ടിയത് ഊമക്കത്താണ്. പേരില്ല. പക്ഷെ അക്രമിക്കപ്പെട്ട നടിയേക്കാളും പോലീസിനേക്കാളും കാറില്‍ നടന്ന സംഭവങ്ങള്‍ വ്യക്തമായി അറിയാവുന്ന തരത്തിലാണ് കത്തെഴുതിയത്.
ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ ഭാവിയില്‍ ഒരു ലൈംഗികാതിക്രമം തടയാനാവും. അത്രയും സ്ത്രീ വിരുദ്ധനാണ്. മാത്രമല്ല. ബോല്‍ഡ് ആയ സ്ത്രീകള്‍ ലൈംഗികമായി അക്രമിക്കപ്പെടേണ്ടവരാണെന്ന മനോഭാവം വെച്ചു പുലര്‍ത്തുന്നയാളാണ് ഇയാള്‍.
ലൈംഗികാതിക്രമങ്ങള്‍ നടന്ന ശേഷം കുറ്റവാളിയെ കണ്ടു പിടിക്കുന്നതിനേക്കാള്‍ നല്ലതല്ലെ കുറ്റകൃത്യം കാലേക്കൂട്ടി തടയുന്നത്. ഇയാള്‍ക്ക് കൃത്യമായ ബോധവത്കരണവും ക്ലാസ്സും നല്‍കേണ്ട ബാധ്യത പൊതു സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്.
He is an upcoming rapist.

ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടന്‍ ശ്രീനിവാസന്റെ കണ്ണൂരിലുള്ള വീട്ടില്‍ കരി ഓയില്‍ ഒഴിച്ചതാണ് മറ്റൊരു സംഭവം. സെപ്തംബര്‍ പത്തിന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.

ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്നു വിശ്വസിക്കുന്നില്ലെന്നും ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നുമായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.

ആലുവാ ജയിലിലേക്കുള്ള സിനിമാക്കാരുടെ ലോംഗ് മാര്‍ച്ച് ഒരു ‘ക്രിമിനല്‍ ഗൂഡാലോചന’ തന്നെയാണ്

ആരാണ് ശ്രീനിവാസന്റെ വീടാക്രമണത്തിന് പിന്നില്‍ എന്നു പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദിലീപിനെതിരെയുള്ള പൊതുവികാരമായിരിക്കാം ഇതിന് പിന്നില്‍ എന്നു സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ ശ്രീനിവാസന്‍ ഈ അടുത്തകാലത്തായി കണ്ണൂര്‍ സിപിഎമ്മിനെയും അക്രമ രാഷ്ട്രീയത്തെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് നിരവധി പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയമായ മുതലെടുപ്പ് ഇതിന് പിന്നില്‍ ഉണ്ടോ എന്നും സംശയിക്കാവുന്നതാണ്.

എന്തു തന്നെയായാലും അഭിപ്രായ സ്വാതന്ത്ര്യത്തെ നേരിടാന്‍ ആക്രമണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് അപലപിക്കപ്പെടേണ്ടതും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരേണ്ടപ്പെടേണ്ടതും ആണ് എന്ന കാര്യത്തില്‍ സംശയമില്ല.

ദിലീപിനെ അനുകൂലിച്ച് മുഖപ്രസംഗം എഴുതിയ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പൊളിനോട് വിയോജനം അറിയിച്ച ജേണലിസ്റ്റുകളോട് പിരിഞ്ഞുപോകാന്‍ സൌത്ത് ലൈവ് മാനേജ്മെന്‍റ് ആവശ്യപ്പെട്ടതായുള്ള വാര്‍ത്തയും ഇന്നലെ വൈകുന്നേരത്തോടെ പുറത്തു വന്നു. അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തിലും സെബാസ്റ്റ്യന്‍ പോള്‍ തന്റെ മുന്‍നിലപാടില്‍ ഉറച്ചു നിന്നിരുന്നു. അതേസമയം സൌത്ത് ലൈവിന്റെ എഡിറ്റോറിയല്‍ പോളിസിക്ക് വിരുദ്ധമാണ് സെബാസ്റ്റ്യന്‍ പോളിന്റെ കുറിപ്പ് എന്ന് പോര്‍ട്ടല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.കെ ഭൂപേഷും സ്ഥാപകാംഗവും മുന്‍ ചീഫ് എഡിറ്ററുമായ എം പി ബഷീറും വ്യക്തമാക്കിയിരുന്നു.

സെബാസ്റ്റ്യന്‍ പോളിനോട് വിയോജിപ്പുള്ളവര്‍ പിരിഞ്ഞുപോകണമെന്നു സൗത്ത് ലൈവ് മാനേജ്‌മെന്റ്; നടപടിയെടുക്കാന്‍ വെല്ലുവിളിച്ച് മധ്യമപ്രവര്‍ത്തകരും

മാനേജ്മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സൗത്ത് ലൈവ് മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി ഫെയ്‌സ്ബുക്ക് പോസ്റ്റും ഇന്നലെ പുറത്തിറക്കി. അതിങ്ങനെ..

നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ ലേഖനം(സെപ്തംബര്‍ 10) സൗത്ത് ലൈവ് എന്ന മാധ്യമ സ്ഥാപനത്തിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഇന്ന് അറിയിച്ചിരിക്കുന്നു. ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവര്‍ പുറത്തുപോകണം എന്ന സെബാസ്റ്റ്യന്‍ പോളിന്റെ പ്രഖ്യാപനവും സൗത്ത് ലൈവിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി ജീവനക്കാരുടെ യോഗം വിളിച്ച് അറിയിച്ചിരിക്കുന്നു. മാനേജിംഗ് ഡയറക്ടര്‍ സാജ് കുര്യനും സി ഇ ഒ ജോഷി സിറിയക്കുമാണ് തീരുമാനം ഞങ്ങള്‍ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ നയം അതെന്താണോ അതാണ് സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ നയം എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറിയല്‍ നയംമാറ്റത്തോട് അതിശക്തമായി വിയോജിക്കുന്നതായി ഞങ്ങള്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും യോഗത്തില്‍ എം ഡി സാജ് കുര്യനെയും സിഇഒയെയും അറിയിച്ചു. സൗത്ത് ലൈവിന്റെ നിലപാട് അറിയിച്ച് മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളിലുള്ള കടുത്ത വിയോജിപ്പും മാനേജ്‌മെന്റിനെ എല്ലാ ജീവനക്കാരും അറിയിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സി പി സത്യരാജ് , അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിവര്‍ സെബാസ്റ്റ്യയന്‍ പോളിന്റെ നിലപാടുകള്‍ക്ക് വേണ്ടി, സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയെ വിമര്‍ശിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടുകളാണ് സ്ഥാപനത്തിന്റെതെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചത്. മാനേജ്‌മെന്റിന്റെ നിലപാടിനോട് യോജിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കൂ എന്ന് യോഗത്തില്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചര്‍ച്ച ചെയ്ത് തള്ളികളഞ്ഞിട്ടും ആ ലേഖനത്തിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടര്‍നയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഈ നിലപാടിനെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. നടിയെ ആക്രമിച്ചവര്‍ക്കും ആസൂത്രണം ചെയ്തവര്‍ക്കും അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.

എന്‍ കെ ഭൂപേഷ്
സിപി സത്യരാജ്
മനീഷ് നാരായണന്‍
രഞ്ജിമ ആര്‍
നിര്‍മല്‍ സുധാകരന്‍
സികേഷ് ഗോപിനാഥ്
അജ്മല്‍ ആരാമം
ശ്യാമ സദാനന്ദന്‍
എയ്ഞ്ചല്‍ മേരി മാത്യു
ആല്‍ബിന്‍ എം യു
ശ്രിന്‍ഷ രാമകൃഷ്ണന്‍
റെയക്കാഡ് അപ്പു ജോര്‍ജ്ജ്
നിര്‍മ്മലാ ബാബു
നിസാം ചെമ്മാട്‌

സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിക്കുന്നു: പ്രകോപനം ദീദിയും വിനയനും; ചീഫ് എഡിറ്ററോട് വിയോജിപ്പുള്ളവര്‍ക്ക് പിരിഞ്ഞു പോകാം

വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് മനുഷ്യ മലം അയച്ചുകൊടുക്കുന്ന, ലേഖനം എഴുതിയ ലേഖികയ്ക്ക് നേരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി ഊമക്കത്തയയ്ക്കുന്ന, തന്റെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നടന്റെ വീട് കരി ഓയിലിനാല്‍ ആക്രമിക്കപ്പെടുന്ന, ഒരു മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ പോളിസി തന്നെ അട്ടിമറിക്കപ്പെടുന്ന ‘ദിലീപ് പ്രതിഭാസം’ സെപ്തംബര്‍ പത്തിന് അഴിമുഖം എഴുതിയത് ഉറപ്പിക്കുന്നു.

“അതേ,ദിലീപിലൂടെ വെളിപ്പെടുന്നത് കേരളമെന്ന ക്രിമിനല്‍വത്ക്കരിക്കപ്പെട്ട സ്റ്റേറ്റ് എന്ന യാഥാര്‍ഥ്യമാണ്.”

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍