UPDATES

ട്രെന്‍ഡിങ്ങ്

അയയുക ഉമ്മനോ തൊമ്മനോ? ആദ്യം ‘വെള്ളത്തിലാവുക’ ഏത് ചാണ്ടി?

‘അടുത്തവിക്കറ്റ് തെറിക്കുമോ’ എന്നത് പിണറായി തീരുമാനിക്കും

വേങ്ങര തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കോണ്‍ഗ്രസ് കൂടാരത്തിലേക്ക് സോളാര്‍ ബോംബെറിഞ്ഞ ഇടതു മുന്നണിയെ കാത്ത് ഒരു പടക്കം ആലപ്പുഴയില്‍ തയ്യാറാകുന്നുണ്ടായിരുന്നു. വേങ്ങര ഫലം കഴിഞ്ഞ ഉടനെ അത് പൊട്ടുമെന്ന് മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിരുന്നു. വേങ്ങരയും ദീപാവലിയും ജനരക്ഷായാത്രയും കഴിഞ്ഞ് അതിന്നലെ അങ്ങ് പൊട്ടി.

മലയാള മനോരമ പത്രം ഒന്നാം ലീഡായും മറ്റ് പത്രങ്ങള്‍ ഒന്നാം പേജ് വാര്‍ത്തയായും മന്ത്രി തോമസ് ചാണ്ടിയുടെ വിക്രിയകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മനോരമ സ്വതസിദ്ധമായ ശൈലിയില്‍ നിയമലംഘനങ്ങളുടെ ഗ്രാഫിക്കല്‍ ചിത്രം അടക്കം കൊടുത്തുകൊണ്ട് സംഗതി കൊഴുപ്പിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ ആകെ സുയിപ്പായി കിടക്കുന്ന മറ്റേ ചാണ്ടിക്ക് ഒരുകൈ സഹായം.

ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയാണ് സംഭവം അന്വേഷിക്കുന്നത് എന്നറിഞ്ഞപ്പോള്‍ തന്നെ ചാണ്ടിയുടെ ഗതി ഇതുതന്നെയായിരിക്കും എന്നു തീര്‍ച്ചയായിരുന്നു. നേരത്തെ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ആയിരുന്നപ്പോള്‍ ഇവിടത്തെ ചില മുതലാളിമാരെ നന്നായിട്ട് വിറപ്പിച്ച ഉദ്യോഗസ്ഥയാണ് അവര്‍. സത്യവിരുദ്ധമായി അവര്‍ ഒന്നും ചെയ്യില്ല എന്നതുറപ്പായിരുന്നു. ഗവണ്‍മെന്‍റ് അനാവശ്യമായ കൈകടത്തല്‍ നടത്തില്ലെന്നും.

റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഇതാണ്;
1. തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് റിസോര്‍ട്ട്, മാര്‍ത്താണ്ഡം കായല്‍ കയ്യേറി.
2. പൊതുപണം ഉപയോഗിച്ച് ലേക്ക് പാലസിലേക്ക് റോഡ് പണിതത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചുകൊണ്ട്.
3. റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൌണ്ട് നിര്‍മ്മാണത്തിന് നിലം നികത്തുകയും നീര്‍ച്ചാല്‍ തിരിച്ചു വിടുകയും ചെയ്തു.
4. റോഡ് നിര്‍മ്മാണത്തിനും ബണ്ട് നിര്‍മ്മാണത്തിനും വേണ്ട സാധനങ്ങള്‍ ഇറക്കാന്‍ എന്ന പേരില്‍ മൂന്നിടത്ത് നിലം നികത്തി.
5. ലേക്ക് പാലസിന്റെ മുന്‍പില്‍ കായല്‍ കയ്യേറി ബോയ സ്ഥാപിച്ചു.

കൂടുതല്‍ വ്യക്തതയ്ക്ക് മനോരമ പ്രസിദ്ധീകരിച്ച ഗ്രാഫ് ചിത്രം താഴെകൊടുക്കുന്നു.

ടിവി അനുപമയുടെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ കയ്യില്‍ എത്തിക്കഴിഞ്ഞു. അതായത് റവന്യൂ മന്ത്രി കാണുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കയ്യില്‍ എത്തും. വകുപ്പ് മന്ത്രിയെ അറിയിക്കാതെ മൂന്നാറില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വ്വകക്ഷി യോഗം വിളിച്ചയാളാണ് പി എച്ച് കുര്യന്‍. അന്വേഷണത്തിന് ഉത്തരവിട്ടത് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ആണെങ്കിലും കാര്യങ്ങളുടെ നിയന്ത്രണം മുഖ്യമന്ത്രിയുടെ കയ്യിലാണ്.

അപ്പോള്‍ വിടി ബല്‍റാമിന്റെ ഭാഷയില്‍ ‘അടുത്തവിക്കറ്റ് തെറിക്കുമോ’ എന്നത് പിണറായി തീരുമാനിക്കും. സംഗതി വിഷയമായപ്പോള്‍ തന്നെ താന്‍ കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ രേഖകളുടെ ഭാണ്ഡക്കെട്ടുമായി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടിരുന്നു. തന്റെ നിരപരാധിത്വം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി എന്നാണ് ചാണ്ടി അന്ന് പറഞ്ഞത്. എന്നതായാലും ചാണ്ടി കൂടി ഉള്‍പ്പെട്ട ഗവണ്‍മെന്‍റ് നിയമിച്ച കളക്ടറാണ് ചാണ്ടിയുടെ സ്ഥാപനത്തിന്റെ പേരില്‍ ഗുരുതരമായ കുറ്റങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇനി രണ്ടു വഴികളാണ് തോമസ് ചാണ്ടിക്ക് മുന്‍പിലുള്ളത്. ലേക് പാലസ് തന്റെ ഉടമസ്ഥതയിലല്ല എന്നു കണ്ണുംപൂട്ടി വാദിക്കുക. മന്ത്രി ആയതിനു ശേഷം കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ചാണ്ടി രാജിവെച്ചിരുന്നു. പങ്കാളിയായ മാത്യു ജോസഫ് മാപ്പിളശേരിയാണ് മാനേജിംഗ് ഡയറക്ടര്‍. എന്നാല്‍ ചാണ്ടിക്കും ഭാര്യയ്ക്കും മക്കള്‍ക്കുമാണ് കമ്പനിയുടെ 90 ശതമാനം ഓഹരിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പ്രകടനപത്രിക വെള്ളത്തിലാക്കി ചാണ്ടി; എല്‍ ഡി എഫ് വെട്ടില്‍’ എന്ന സുജിത് നായരുടെ റിപ്പോര്‍ട്ടില്‍ എല്‍ ഡി എഫിലെ ആശയകുഴപ്പം കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. “കേരളത്തിന്റെ മണ്ണും ജലവും ജലവൈവിധ്യവും സംരക്ഷിക്കുമെന്ന” വാഗ്ദാനം ഇടതുമുന്നണി പ്രകടന പത്രികയില്‍ നല്‍കിയ കാര്യം സുജിത് നായര്‍ ഓര്‍മ്മിപ്പിക്കുന്നു.

33 കേസില്‍ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഴിമതിയും ലൈംഗിക പീഡനവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കോണ്‍ഗ്രസ്സ് നേതാക്കളെ കോടതികയറ്റാന്‍ നടത്തുന്ന പിണറായിയുടെ ശ്രമത്തെ പുതിയ സാഹചര്യം ഉപയോഗിച്ച് നേരിടാന്‍ യുഡിഎഫ് ശ്രമിക്കും. നിയമോപദേശത്തെയും സര്‍ക്കാര്‍ നടപടിയെയും വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ്സ് ഇപ്പോള്‍ ജൂഡീഷ്യല്‍ കമ്മീഷനെതിരെ വാളെടുത്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നു എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാമോലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ പയറ്റിയ തന്ത്രം പ്രയോഗിക്കാന്‍ നോക്കുന്നു എന്നാണ് ആരോപണം.

എന്തായാലും പ്രത്യേക നിയമ സഭാസമ്മേളനം നവംബര്‍ ഒന്‍പതിന് വരാന്‍ പോകൂന്നു.

അതിനു ശേഷം അറിയാം ഏത് ചാണ്ടിയാണ് ആദ്യം വെള്ളത്തിലാവുക എന്നത്..!

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ നിയമപോരാട്ടം കടുപ്പിക്കാനും സാധിക്കുമെങ്കില്‍ സിബിഐയെ കൂടുതലായി ഇടപ്പെടുവിക്കാനും ബിജെപി ശ്രമം തുടങ്ങി എന്നൊരു വാര്‍ത്ത മംഗളവും റിപ്പോര്‍ട്ട് ചെയ്യുന്നു. കേരള രാഷ്ട്രീയത്തിന് കുരുക്കുകള്‍ മുറുകുന്നു എന്നു സാരം.

ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..

മറ്റ് പ്രധാന വാര്‍ത്തകള്‍

വ്യവസായ സ്ഥാപനങ്ങളിലെ കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളികളെ ഉപയോഗിക്കാം എന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ച വാര്‍ത്തയാണ് മാതൃഭൂമിയുടെ ലീഡ്. രജിസ്റ്റര്‍ ചെയ്ത ചുമട്ടുതൊഴിലാളികള്‍ക്ക് ഇനി ഈ കാര്യത്തില്‍ അവകാശം ഉന്നയിക്കാന്‍ സാധിക്കില്ല. നേരത്തെ ഗാര്‍ഹിക ആവശ്യത്തിനുള്ള കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളികളെ ഉപയോഗിക്കാം എന്ന വ്യവസ്ഥ നിലവില്‍ വന്നിരുന്നു. ട്രേഡ് യൂണിയന്‍ മേഖലയില്‍ നിന്നും വലിയ പ്രതിഷേധം ഉയരാന്‍ ഇടയുള്ള തീരുമാനമാണ് ഗവണ്‍മെന്‍റ് കൈക്കൊണ്ടിരിക്കുന്നത്. കേരളത്തെ നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത് എന്നാണ് വ്യവസായ മന്ത്രി എസി മൊയ്തീന്‍ പറയുന്നത്. നോക്കുകൂലി അടക്കം ജനവിരുദ്ധമായ വിവിധ നടപടികളിലൂടെ പ്രതിസ്ഥാനത്താക്കപ്പെട്ട അംഗീകൃത ട്രേഡ് യൂണിയനുകളുടെ ഈ കാര്യത്തിലുള്ള അഭിപ്രായം എന്താണ് എന്നു അറിയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും സി ഐ ടി യു, എ ഐ ടി യു സി തുടങ്ങിയ ഇടതു സംഘടനകളുടെ.

കെപിസിസി പട്ടിക കാര്യത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും കേരളത്തിനെ മാറ്റിനിര്‍ത്തും എന്നു ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു ഗ്രൂപ്പുകളും തങ്ങളുടെ കടുംപിടുത്തത്തില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് കയറിക്കളിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം പട്ടിക, സംവരണ തത്വങ്ങള്‍ അടിസ്ഥാനമാക്കി അഴിച്ചു പണിയണം എന്നു കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായി കേരള കൌമുദിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

കല്‍ബുര്‍ഗിയുടേത് പോലെ ഗൌരി ലങ്കേഷ് വധക്കേസിലും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പതിവ് ജോലികളില്‍ മുഴുകി ഇരിക്കുകയാണ് എന്നു മാതൃഭൂമി. 65 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഇനിയും ഉണ്ടാകും എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗുജറാത്ത് സന്ദര്‍ശത്തിനിടയ്ക്കാണ് മോദി ഇങ്ങനെ പറഞ്ഞത്. വികസനത്തിന് ഒപ്പം നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ കൂടടെയാണ് തന്റെ ഗവണ്‍മെന്‍റ് എന്നും മോദി പറഞ്ഞു.

കുവൈറ്റ് ചാണ്ടി, മന്ത്രി തോമസ് ചാണ്ടിയാകുമ്പോള്‍; കേരളം മാറുകയാണ്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍