UPDATES

ട്രെന്‍ഡിങ്ങ്

സംസ്ഥാന പാര്‍ട്ടി ആയാലും കുഴപ്പമില്ല; കടുത്ത നീക്കത്തിന് തയ്യാറായി വീരന്‍ ജനതാദള്‍

മറ്റൊരു രാഷ്ട്രീയ മാറ്റത്തിന് ഒരുങ്ങുകയാണോ എംപി വീരേന്ദ്രകുമാര്‍?

ഇടതുപക്ഷത്തിനും യുഡിഎഫിനും ജനതാദള്‍ – യുവിനെ എഴുതിത്തള്ളാനാവില്ല എന്ന് എം പി വീരേന്ദ്രകുമാര്‍ എംപി. ഇന്നലെ കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ വീരന്‍ ഇങ്ങനെ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതെന്താപ്പാ ഇപ്പോ ഇങ്ങനെ? തെരഞ്ഞെടുപ്പെങ്ങാനും അടുത്തോ എന്ന് സംശയം വരിക സ്വഭാവികം. കാരണം തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴാണ് കേരളത്തിലെ ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് തങ്ങളുടെ ശക്തിയെ കുറിച്ച് ഓര്‍മ്മ വരിക.

നിയമസഭയിലും ലോക്സഭയിലും അംഗങ്ങള്‍ ഇല്ലെങ്കിലും രാജ്യസഭാംഗം എന്ന നിലയിലുള്ള വിലയേറിയ ഒരു വോട്ട് വീരന്‍ പക്ഷത്തിനുണ്ട്. തങ്ങളുടെ ദേശീയ രൂപമായ ജനതാദള്‍- യു ബിജെപിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം കേരള ജനതയെ ഓര്‍മ്മിപ്പിക്കാനുള്ള അസുലഭ നിമിഷം വീരേന്ദ്രകുമാര്‍ പക്ഷത്തിന് കിട്ടിയിരിക്കുന്നു. തങ്ങള്‍ എന്നും കൈക്കൊണ്ടിട്ടുള്ള വര്‍ഗ്ഗീയ രാഷ്ട്രീയ വിരുദ്ധ നിലപാട് കൈവിട്ടു കളിക്കാന്‍ തയ്യാറല്ല എന്ന പ്രഖ്യാപനമായിരുന്നു നിതീഷ് കുമാറിന്റെ നിലപാടിനെതിരെ അതേ ദിവസം തന്നെ തന്റെ വോട്ട് ബിജെപിക്ക് ആയിരിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വീരേന്ദ്രകുമാര്‍ നടത്തിയത്. മീരാ കുമാര്‍ ജയിക്കുമോ തോല്‍ക്കുമോ എന്നത് നിര്‍ണ്ണയിക്കുന്നതില്‍ വീരന്റെ വോട്ടിന് പങ്കൊന്നും ഇല്ലെങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമായ ജനതാദള്‍- യുവിന് നിവര്‍ന്നു നില്‍ക്കാനുള്ള പിടിവള്ളി ആയിരിക്കുകകയാണ് ഈ വോട്ട്.

അതേ സമയം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ചുകൊണ്ട് സംസ്ഥാന പാര്‍ട്ടിയാകാനുള്ള അണിയറ നീക്കം ജനതാദള്‍ – യുവില്‍ ശക്തമായി എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. “സിപിഎമ്മിന്റെ ക്ഷണം സ്വീകരിച്ച് കേരളത്തില്‍ മുന്നണിമാറ്റത്തിനുള്ള അരങ്ങൊരുക്കവും ഇക്കൂട്ടത്തില്‍ നടക്കുന്നുണ്ട്” എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു മാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ചപ്പോള്‍ അത്തരമൊരു സൂചന നല്‍കിയതായും വാര്‍ത്തകള്‍ വന്നിരുന്നു.

എന്തു രാഷ്ട്രീയ നഷ്ടം സഹിച്ചാലും കേരളത്തിലെ പാര്‍ട്ടി ഘടകം ജനാധിപത്യ മതേതരത്വ സങ്കല്‍പ്പങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ജനതാദള്‍ – യു ദേശീയ സെക്രട്ടറി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞതായി മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ കേരളത്തില്‍ എത്തിയ മീരാകുമാറും പറഞ്ഞത് ഇതേ കാര്യമാണ്. “പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിലല്ല, മൂല്യങ്ങളുടെ വിജയത്തിലാണ് തനിക്ക് വിശ്വാസം” എന്നാണ് മീരാകുമാര്‍ പറഞ്ഞത്. ഒ രാജഗോപാല്‍ ഒഴികെയുള്ള ജനപ്രതിനിധികളുടെ വോട്ട് ഉറപ്പിച്ചിട്ടാണ് മീരാകുമാര്‍ പോയത്.

മീരാകുമാര്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്താലും വീരേന്ദ്ര കുമാറിന് അദ്ദേഹത്തിന്റെ പക്ഷത്തിന് രാഷ്ട്രീയ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാന പാര്‍ട്ടിയാകുമ്പോള്‍ ഒറ്റയ്ക്ക് നില്‍ക്കുമോ അതോ എല്ലാ സോഷ്യലിസ്റ്റുകളും കൂടി ഒന്നിച്ചു നില്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍