UPDATES

ട്രെന്‍ഡിങ്ങ്

ടീം കുമ്മനം വിട്ട് വെള്ളാപ്പള്ളി ഇറങ്ങുകയായി സുഹൃത്തുക്കളേ; അടുത്തത് ജാനുവോ?

“കേരളത്തില്‍ ബിജെപി ഒരു കാലത്തും അധികാരത്തില്‍ വരാന്‍ പോകുന്നില്ല”. ശാപവാക്കുകളുമായാണ് വെള്ളാപ്പള്ളി ഇന്നലെ പിണറായി വിജയനെ കണ്ടിറങ്ങിയത്.

“കേരളത്തില്‍ ബിജെപി ഒരു കാലത്തും അധികാരത്തില്‍ വരാന്‍ പോകുന്നില്ല”. ശാപവാക്കുകളുമായാണ് വെള്ളാപ്പള്ളി ഇന്നലെ പിണറായി വിജയനെ കണ്ട് ക്ലിഫ് ഹൌസിന്റെ പടികള്‍ ഇറങ്ങിയത്.

രാഷ്ട്രീയമായ ഏറെ കൌതുകമുണ്ടാക്കിയ കൂടിക്കാഴ്ചയ്ക്ക് ശേഷം താന്‍ മനസുകൊണ്ട് ഇടതുപക്ഷത്താണ് എന്നു പറഞ്ഞ വെള്ളാപ്പള്ളി പിണറായിയുമായി നല്ല സ്നേഹബന്ധത്തിലുമാണ് എന്നും തട്ടി വിട്ടു.

മുന്നണി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനാകാതെ നിന്നു കിതയ്ക്കുന്ന ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ബിഡിജെഎസ് നേതാവായ വെള്ളാപ്പള്ളിയുടെ പുതിയ നീക്കം. എന്‍ ഡി എയിലെ രണ്ടാം കക്ഷിയായ ബിഡിജെഎസ് പോകുന്നതോടെ സികെ ജാനുവും പിസി തോമസും എവി താമരാക്ഷനും ഒക്കെയേ അവശേഷിക്കുന്നുള്ളൂ എന്ന ദുരന്ത യാഥാര്‍ഥ്യം ബിജെപിയെ തുറിച്ചുനോക്കുകയാണ്. വെള്ളാപ്പള്ളിക്ക് പിന്നാലെ ആരൊക്കെ ടീം കുമ്മനം വീട്ടുപോകും എന്നറിയാന്‍ അധിക കാലം കാത്തിരിക്കേണ്ടി വരില്ല എന്നതിന് തെളിവാണ് ചേര്‍ത്തലയില്‍ കഴിഞ്ഞ തവണ നടന്ന എന്‍ ഡി എ യോഗത്തില്‍ സി കെ ജാനു അടക്കമുള്ളവര്‍ പൊട്ടിത്തെറിച്ചത്.

ഇന്നലെ ‘എന്‍ ഡി എയ്ക്ക് കേരളം ഘടകം ഉണ്ടോ’ എന്നു പരിഹസിച്ച വെള്ളാപ്പള്ളി ‘അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും’ എന്ന സ്വതസിദ്ധമായ പ്രയോഗവും നടത്തി. “ബിജെപി നേതാക്കള്‍ക്ക് കച്ചവട താതപര്യം മാത്രമേയുള്ളൂ. നേതാക്കള്‍ക്ക് കച്ചവടം നടത്താനുള്ള ഉപാധി മാത്രമാണു കേരളത്തിലെ ബിജെപി” വെള്ളാപ്പള്ളി വിമര്‍ശനം കടുപ്പിച്ചു.

അപ്പോള്‍ വെള്ളാപ്പള്ളിക്ക് കാര്യം മനസിലായിക്കാണുമെല്ലോ അല്ലേ?

“എന്‍ ഡി എയുടെ ഭാഗമായാല്‍ കേന്ദ്ര പദവികളടക്കം നല്‍കാമെന്നത് പാര്‍ട്ടി രൂപീകരണത്തിന് മുന്‍പുതന്നെ ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ വാഗ്ദാനമാണ്. ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികളൊന്നും നല്‍കിയില്ല. അമിത് ഷായടക്കം ആവര്‍ത്തിച്ചു നല്‍കിയ ഉറപ്പുകള്‍ പാഴായി.” മലയാള മനോരമയുടെ സുജിത് നായര്‍ എഴുതുന്നു.

അപ്പോള്‍ അതാണ് കാര്യം. പദവികളൊന്നും കിടച്ചില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി മലമുഴക്കി വേഴാമ്പലിനെ പോലെ കാത്തിരിക്കുകായിയിരുന്നു വെള്ളാപ്പള്ളി. ആകെ കിട്ടിയത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു ഹെലികോപ്റ്ററും സുരക്ഷാ ഭടന്‍മാരും മാത്രം. മകന്‍ തുഷാറിന് ഒരു മന്ത്രി സ്ഥാനം എന്ന അതിമോഹവും ഉണ്ടായിരുന്നു. സ്വപ്നം കാണുന്നതില്‍ പിശുക്ക് കാണിക്കുന്നതെന്തിന്?

ഏറ്റവും ഒടുവില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രി സ്ഥാനം കിട്ടുന്നതുവരെ പ്രതീക്ഷയോടെ പിടിച്ചു നിന്നു. ഇനി ആവതില്ല. വയസ്സ് എണ്‍പത് കഴിഞ്ഞേ. സര്‍വ്വ തെറ്റുകളും ഏറ്റുപറഞ്ഞ് സാഷ്ടാംഗ നമസ്കാരം നടത്തിക്കളയാം എന്ന ഉദ്ദേശത്തോടെയായിരിക്കാം ഇന്നലെ പിണറായിയുടെ മുന്‍പില്‍ എത്തിയത്.

അതേ സമയം കേരളത്തിലെ ബിജെപി നേതാക്കള്‍ നിസഹായരാണ് എന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്. കണ്ണന്താനത്തിന്റെ കാര്യത്തില്‍ വെള്ളാപ്പള്ളിയെക്കാള്‍ വേദന അവര്‍ക്കുണ്ട്. ആരോട് പറയാന്‍. എല്ലാം ഉള്ളിലൊതുക്കി സഹിക്കുക തന്നെ. വെളുക്കുവോളം വിറകു വെട്ടിയും വെള്ളം കൊരിയും അത്യധ്വാനം ചെയ്യുന്നവര്‍ക്ക് യാതൊരു നീതിയുമില്ലേ? തങ്ങളുടെ കാര്യം പോലും നേരാംവണ്ണം നടക്കുന്നില്ല. അപ്പോഴാണ് അച്ഛന്റെയും മകന്റെയും ആവശ്യം.

‘ത്രികാലജ്ഞാനി’ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പ്രവചനങ്ങള്‍; തുഷാറിന് പോലും സുഖിക്കുന്നില്ല

എന്തായാലും കുമ്മനത്തിന്റെ ജനരക്ഷാ യാത്രയുമായി സഹകരിക്കേണ്ടതില്ല എന്ന അറ്റകൈ തീരുമാനത്തില്‍ ബിഡിജെഎസ് എത്തി എന്നാണ് സൂചനകള്‍. എന്നാല്‍ എന്‍ ഡി എ വിട്ട് എങ്ങോട്ട് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അച്ഛന്‍ ഹൃദയം കൊണ്ട് ഇടതുപക്ഷമാണ് എന്നു പറയുന്നുണ്ടെങ്കിലും മകന്‍ മനസ് തുറന്നിട്ടില്ല. മുന്നണി വിപുലീകരണ പരിപാടിയുമായി മുന്നോട്ട് പോകുന്ന യുഡിഎഫിന് മുന്‍പിലും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ബിഡിജെഎസ് എന്നും കേള്‍ക്കുന്നുണ്ട്. മെച്ചപ്പെട്ട ഡീല്‍ എവിടെ നിന്നു ശരിയാവുന്നോ അതിനനുസരിച്ച് രാഷ്ട്രീയ നയങ്ങള്‍ പ്രഖ്യാപിക്കും. അത്ര തന്നെ.

കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ ഒരു ഡസന്‍ മണ്ഡലങ്ങള്‍ തങ്ങളുടെ കയ്യില്‍ ഉണ്ട് എന്നതു തന്നെയാണ് ബിഡിജെസിന്റെ തുരുപ്പ് ചീട്ട്. അതത്ര മോശം നംബര്‍ അല്ലല്ലോ?

കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി ഏത് ‘ചെകുത്താന്റെ കയ്യില്‍ നിന്നായാലും സഹായം സ്വീകരിക്കും’ എന്നു പ്രഖ്യാപിച്ച് ബിജെപി പാളയത്തില്‍ എത്തിയ സി കെ ജാനുവിലാണ് ഇനി രാഷ്ട്രീയ കേരളത്തിന്റെ നോട്ടം.

‘ചെകുത്താന്റെ കയ്യില്‍ നിന്നാണെങ്കിലും സഹായം സ്വീകരിക്കും’; സി കെ ജാനു നിലപാട് വ്യക്തമാക്കുന്നു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍