UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

യോഗിയോട് എന്തുപറയും? 59 ശതമാനത്തില്‍ കിതച്ച് സംസ്ഥാനത്തെ എം ആര്‍ വാക്സിനേഷന്‍

മലപ്പുറം ഏറ്റവും പിന്നില്‍; കണ്ണൂരില്‍ 50 ശതമാനം

ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച സംസ്ഥാനത്തെ എം ആര്‍ വാക്സിനേഷന്‍ ക്യാമ്പയില്‍ അവസാനിക്കാന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം. പുറത്തുവരുന്ന കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 59 ശതമാനം കുട്ടികള്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് സാധിച്ചിട്ടുള്ളൂ. പകുതിയോടടുത്തുവരുന്ന എണ്ണം കുട്ടികള്‍ എന്തുകൊണ്ട് വാക്സിനേഷന്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല എന്ന പ്രശ്നത്തെ വിശദീകരിക്കാനോ പരിഹരിക്കാനോ നമ്മുടെ പുകള്‍പെറ്റ ആരോഗ്യമാതൃകയ്ക്ക് സാധിക്കുന്നില്ല.

എം.ആര്‍ വാക്‌സിനെതിരേ സോഷ്യല്‍ മീഡിയകളിലൂടെ നടന്ന വ്യാപക പ്രചാരണം കാംപയിനെ ദോഷകരമായി ബാധിച്ചുവെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടാതെ സ്വകാര്യ സി ബി എസ് ഇ സ്‌കൂളുകളുടെ ഭാഗത്തു നിന്നുണ്ടായ നിസഹകരണവും തിരിച്ചടിയായി എന്നു കരുതുന്നു.

76 ലക്ഷത്തോളം കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇതുവരെ 44,30,854 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് എന്നു ആരോഗ്യ വകുപ്പിന്റെ കണക്കുകളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ എം ആര്‍ വാക്സിന്‍ എടുത്തത് പത്തനംതിട്ട ജില്ലയിലാണ്. 87 ശതമാനം. അതേ സമയം മലപ്പുറം വീണ്ടും വാക്സിനേഷന്‍ ക്യാംപയിനില്‍ വില്ലനാവുകയാണ്. 34 ശതമാനം മാത്രമാണ് മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത്. പൊതുവേ കേരളത്തിന്റെ തെക്കന്‍ മേഖല എം ആര്‍ ക്യാംപയിനോട് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ജില്ലയായ കണ്ണൂരില്‍ ഇതുവരെ 50 ശതമാനം മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. യോഗിയോട് ഇനി എന്തു പറയുമോ ആവോ?

ജില്ല തിരിച്ചുള്ള കണക്കുകള്‍ താഴെ കൊടുക്കുന്നു (സുപ്രഭാതം ഓണ്‍ലൈന്‍)

വിവിധ ജില്ലകളിലെ കുത്തിവയ്‌പെടുത്ത കുട്ടികളുടെ എണ്ണം (ബ്രാക്കറ്റില്‍ ശതമാനം). തിരുവനന്തപുരം 4,80,173 (74 ശതമാനം), കൊല്ലം 3,91,593 (68), പത്തനംതിട്ട 1,76,271 (87), ആലപ്പുഴ 3,20,984 (80), കോട്ടയം 2,87,636 (71), ഇടുക്കി 1,69,138 (77), എറണാകുളം 4,20,714 (62), തൃശൂര്‍ 4,19,925 (64), പാലക്കാട് 3,74,083 (56), മലപ്പുറം 4,26,931 (34), കോഴിക്കോട് 3,54,220 (48), വയനാട് 1, 40,534 (69). കണ്ണൂര്‍ 2,88,052 (50), കാസര്‍കോട് 1,80,600 (56).

പ്രതിരോധ കുത്തിവെയ്പ്പിനെതിരെ വ്യാജ പ്രചരണം നടത്തുന്ന 12 പോസ്റ്റുകള്‍ കൊച്ചി പോലീസ് ഫേസ്ബുക്കിന്റെ ലീഗല്‍ സെല്ലിന് അയച്ചുകൊടുത്തു എന്ന് ഒക്ടോബര്‍ 28-ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ‘ഭാഷാ പ്രശ്നങ്ങള്‍’ കാരണം നടപടി വൈകുകയാണ്. മലയാളം പോസ്റ്റായതിനാല്‍ ഉള്ളടക്കം മനസിലാക്കാതെ നടപടി എടുത്താല്‍ നിയമ പ്രശ്നം ഉണ്ടാകും എന്നതുകൊണ്ടാണ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും നടപടി വൈകുന്നത് എന്നാണ് മനോരമ റിപ്പോര്‍ട്ട് പറയുന്നത്.

പ്രബുദ്ധ ജനങ്ങളേ, സര്‍ക്കാരേ…എം ആര്‍ വാക്‌സിനേഷന്‍ യജ്ഞം പരാജയപ്പെടുമ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ നിങ്ങളാണ്

എം ആര്‍ വാക്സിന്‍ ക്യാമ്പയിന്‍ തുടങ്ങിയപ്പോള്‍ തന്നെ മലപ്പുറം ജില്ല വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തിരൂരിലെ ഒരു സ്കൂളില്‍ തടയാന്‍ വന്ന ഒരു യൂവാവിന് മുന്‍പില്‍ ഡോക്ടര്‍ കൈ കൂപ്പി നില്‍ക്കുന്ന ചിത്രം മാതൃഭൂമി പ്രസിദ്ധീകരിക്കുകയും വലിയ ചര്‍ച്ച ആവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അത് ട്വീറ്റ് ചെയ്യുകയും വര്‍ഗ്ഗീയ ധ്രുവീകരണ ചര്‍ച്ച സൃഷ്ടിക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നുണ്ടാവുകയും ചെയ്തു. എന്നാല്‍ എം ആര്‍ വാക്സിന്‍ എടുക്കണം എന്നാവശ്യപ്പെട്ട് സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസല്യാര്‍, പാണക്കാട് ഹൈദരലി തങ്ങള്‍, ആലിക്കുട്ടി മുസല്യാര്‍ തുടങ്ങിയ മത നേതാക്കള്‍ നവ മാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശങ്ങള്‍ നല്‍കിയെങ്കിലും അതും വേണ്ടത്ര ഫലം ചെയ്തില്ല എന്നാണ് മലപ്പുറത്തെ കണക്കുകള്‍ തെളിയിക്കുന്നത്.

വാക്സിനേഷനെ പിന്തുണച്ച് കാന്തപുരം, പാണക്കാട് തങ്ങള്‍, ആലിക്കുട്ടി മുസല്യാര്‍: കുമ്മനവും സുരേന്ദ്രനും കാണണം ആ വീഡിയോകള്‍

“ലോകാരോഗ്യ സംഘടനയുടെ ഡല്‍ഹി ഓഫിസിലെ വാക്സിനേഷന്‍ വിഭാഗത്തില്‍ ഏറ്റവുമധികം തവണ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മലപ്പുറം. ഇത് ഈ ലേഖകനോട് പറഞ്ഞത് മറ്റാരുമല്ല, ലോകാരോഗ്യ സംഘടനയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി തന്നെയാണ്. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 640-ഉം ഇപ്പോഴത്തെ ഔദ്യോഗികമല്ലാത്ത കണക്കുകള്‍ പ്രകാരം ഏകദേശം 710-ഉം ജില്ലകളുള്ള ഒരു രാജ്യത്താണ് ‘മലപ്പുറം’ വേറിട്ട് നില്‍ക്കുന്നത്.” മാധ്യമ പ്രവര്‍ത്തകന്‍ സന്തോഷ് ക്രിസ്റ്റി അഴിമുഖത്തില്‍ എഴുതി.

എന്നാല്‍ മലപ്പുറം പിന്നിലാവുന്നതിന് മതത്തെ മാത്രം കുറ്റം പറയാന്‍ സാധിക്കില്ല എന്നും സന്തോഷ് ക്രിസ്റ്റി എഴുതുന്നു. “വാക്സിനേഷനുകളോട് എന്തുകൊണ്ട് മലപ്പുറം മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്നതിന്റെ കാരണത്തെ ഒരു പരിധിവരെ മാത്രമേ സാമുദായികം എന്ന് വിളിക്കാനാകൂ. ഒരു വിഭാഗം ചികില്‍സകരും ചില പ്രത്യേക സംഘടനകളും വ്യക്തികളുമാണ് പ്രധാനമായും ജില്ലയില്‍ വാക്സിന്‍ വിരുദ്ധ ക്യാംപെയിനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭയപ്പെടുത്തി ക്യാംപെയിനില്‍ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കാനാണ് ഇവരുടെ ശ്രമം.”

മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധ പ്രചരണം: പിന്നില്‍ മതമല്ല, അന്ധവിശ്വാസികള്‍

മലപ്പുറം തരുന്ന ചിത്രം ഇതാണെങ്കില്‍ കണ്ണൂരോ? ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കോട്ടയായ സാമൂഹ്യ ജീവിതത്തിന്റെ സര്‍വ്വമേഖലകളിലും പുരോഗമന പ്രസ്ഥാനങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്ന കണ്ണൂര്‍ ജില്ല എന്തുകൊണ്ട് പിന്നിലായി എന്നതും പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്.

കഴിഞ്ഞ ഒക്ടോബര്‍ 20ന് പ്രതിരോധ കുത്തിവെപ്പില്‍ ജില്ല പിന്നോക്കമാണ് എന്നു മനസ്സിലാക്കിയ ജില്ലാ അധികൃതര്‍ ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു യോഗം വിളിച്ച് ചേര്‍ത്തു. അതില്‍ കുപ്രചരണങ്ങളെ ശക്തമായി നേരിടാനും 30-നകം ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. കുപ്രചരണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത് എന്നാണ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മാധ്യമങ്ങളോട് പറഞ്ഞത്. “രക്ഷിതാക്കളുടെ വിസമ്മതമാണ് പലയിടങ്ങളിലും തടസ്സം. കുത്തിവെപ്പ് എടുക്കുന്നതിന് ചില അദ്ധ്യാപകര്‍ തന്നെ തടസ്സം നില്‍ക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്” കെ വി സുമേഷ് പറഞ്ഞതായി ഒക്ടോബര്‍ 21-ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമുണ്ടായിട്ടും 50 ശതമാനത്തില്‍ കിതച്ചു നില്‍ക്കുകയാണ് ആ ജില്ല.

എംആര്‍ വാക്‌സിനേഷനുമായി സഹകരിക്കുന്നില്ല: സിബിഎസ്ഇ സ്‌കൂളുകള്‍ക്കെന്താ കൊമ്പുണ്ടോ?

അപ്പോള്‍ നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലൂടെ, പ്രാദേശിക പഞ്ചായത്തുകളിലൂടെ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ, കുടുംബശ്രീയിലൂടെ, ഗ്രന്ഥശാല പ്രസ്ഥാനങ്ങളിലൂടെ, സാക്ഷരതാ പ്രസ്ഥാനത്തിലൂടെ നാം കൈവരിച്ചു എന്നു പറയുന്ന ആ പ്രബുദ്ധത എന്താണ്. ഒരു ചെറു സംഘം അന്ധവിശ്വാസികള്‍ക്കും പ്രകൃതി മൌലിക വാദികള്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നത്ര ദുര്‍ബലമാണോ നമ്മുടെ ആരോഗ്യ ബോധം; കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍?

എന്തായാലും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഉറക്കമില്ലാത്ത ദിവസങ്ങള്‍ കഴിയുന്നില്ല തന്നെ. കുറ്റം നവമാധ്യമങ്ങളിലും അന്ധവിശ്വാസികളും ചാര്‍ത്തുന്ന തിരക്കില്‍ കുത്തഴിഞ്ഞു കിടക്കുന്ന സ്വന്തം വകുപ്പ് തന്നെയാണ് ഉടച്ചു വാര്‍ക്കേണ്ടത് എന്നു മന്ത്രിക്ക് ആരാണ് പറഞ്ഞു കൊടുക്കുക? ആസ്ഥാന പരിഷത്ത് ഡോക്ടര്‍മാരൊന്നും നാട്ടിലില്ലേ?

രണ്ടു സംസ്ഥാന സെക്രട്ടറിമാര്‍ ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള യാത്ര നടത്തുമ്പോള്‍ അവരുടെ പാര്‍ട്ടികള്‍ ഭരണത്തില്‍ വീണ്ടും തമ്മിലടിക്കാന്‍ തുടങ്ങുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു പുതിയ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍. പ്രഭവകേന്ദ്രം റവന്യൂ വകുപ്പ് തന്നെ. നേരത്തെ മൂന്നാര്‍ വിഷയം ആയിരുന്നെങ്കില്‍ ഇപ്പോള്‍ തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റമാണ്. നേരത്തെ റവന്യൂ വകുപ്പിനെതിരെ വാളെടുത്തത് സഹമന്ത്രിയായ എം എം മണിയാണ്. ഇത്തവണയും പ്രശ്നത്തിന് കാരണം മറ്റൊരു മന്ത്രിയായ തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍. രണ്ടു വിഷയത്തിലും റവന്യൂ മന്ത്രിയുടെ നിലപാടല്ല മുഖ്യമന്ത്രിക്കുള്ളത് എന്ന സൂചനയാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.

ചാണ്ടിയെ രക്ഷിക്കാന്‍ എജിയെ മുന്നില്‍ നിര്‍ത്തി സിപിഐയെ കുരുതി കൊടുക്കണോ എന്നാണ് ചോദ്യം

കഴിഞ്ഞ ദിവസം ‘റവന്യൂ വകുപ്പ് ആരുടേയും തറവാട്ട് സ്വത്തല്ല’ എന്ന അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദിന്റെ പത്രസമ്മേളനത്തിനെതിരെ ‘കേരളമെന്ന തറവാട്ടിന് വേണ്ടിയാണ്’ താന്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മറുപടി പറഞ്ഞത്. എ ജിയും മന്ത്രിയും തമ്മിലുള്ള യുദ്ധം സിപിഎം –സിപിഐ പോരാട്ടമായി മാറും എന്ന സൂചനയാണ് ഒന്നാം പേജില്‍ മുഖ്യ വാര്‍ത്തയായി നല്‍കിക്കൊണ്ട് മലയാള മനോരമ പറയുന്നത്.

അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ നിയമിക്കണം എന്ന മന്ത്രിയുടെ നിര്‍ദേശമാണ് എ ജിയെ പ്രകോപിപ്പിച്ചത്. “ജനങ്ങളുടെ സ്വത്തായ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ടതു റവന്യൂ വകുപ്പിന്റെയും മന്ത്രിയായ തന്റെയും ചുമതലയാണെന്നും അതിനു വേണ്ടത് ചെയ്യുമെന്നും” ഉറച്ച നിലപാടിലാണ് മന്ത്രി എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു “മന്ത്രിക്കെതിരെ എ ജി ഉപയോഗിക്കേണ്ട ഭാഷയല്ലിത്. കൂടുതല്‍ പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ല” മന്ത്രി കാസര്‍കോട് പറഞ്ഞു.

അതേ സമയം “അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന്റെ മുകളില്‍ അല്ലെ”ന്നാണ് കാനം സഖാവ് അഭിപ്രായപ്പെട്ടത്. “തോമസ് ചാണ്ടിയുടെ ഭൂമി പ്രശ്നത്തില്‍ നിയമപരമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും” കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേ സമയം ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതേവരെ പ്രതികരിച്ചിട്ടില്ല. മറ്റൊരു ജനജാഗ്രതക്കാരന്‍ മിനികൂപ്പര്‍ വിഷയത്തില്‍ പെട്ട് സൂയിപ്പായതുകൊണ്ടാണോ എന്തോ എന്നറിയില്ല, ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും കേള്‍പ്പിച്ചിട്ടില്ല. കൂടെ നടക്കുന്ന സി പി ഐ നേതാവ് സത്യന്‍ മൊകേരി എന്തെങ്കിലും പറയുമായിരിക്കും.

ചുവന്ന കാര്‍, ഉടമ ‘കാരാട്ട്’, പിന്നൊന്നും നോക്കിയില്ല; ഒരു മിനി കൂപ്പര്‍ കൊണ്ടുപോയ ജന’ജാഗ്രത’

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍