UPDATES

ഹരിയാനയിലെ ബലാത്സംഗ സ്വാമി ആള്‍ദൈവങ്ങളുടെ മണ്ണായ കേരളത്തോട് പറയുന്നത്

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഈ ആള്‍ദൈവങ്ങള്‍ക്ക് പല കാലങ്ങളായി നല്കിയ സാമൂഹ്യ അംഗീകാരമാണ് അവരുടെ മുതല്‍ മുടക്ക്

ഗുര്‍മീത് റാം റഹീമിനെതിരെ അയാളുടെ വനിതാ അനുയായി പരാതിയുമായി വന്നത് 2002ലാണ്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് യുവതി കത്തയച്ചതോടെയാണ് ഹരിയാനയിലെ ദേര സച്ച ആശ്രമത്തിലെ നിഗൂഢ കഥകള്‍ പുറംലോകം അറിയുന്നത്. ഇതേ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി കേസെടുത്ത് സിബിഐക്ക് വിടുകയായിരുന്നു.

ആശ്രമത്തിലെ 18 വനിതകളെ സിബിഐ ചോദ്യം ചെയ്തപ്പോള്‍ രണ്ടു പേര്‍ മൊഴി നല്കിയത് സ്വാമി തങ്ങളെ ബലാത്സംഗം ചെയ്തതോടെ തങ്ങള്‍ വിശുദ്ധരായി എന്നാണ്.(കേരളകൌമുദി).

ബലാത്സംഗം ചെയ്യപ്പെട്ട് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാരാതി കൊടുത്ത യുവതികളുടെ മൊഴി രേഖപ്പെടുത്തപ്പെട്ടത്. സിബിഐ ജഡ്ജിന് മുന്‍പില്‍ ഈ യുവതികള്‍ കൊടുത്ത മൊഴി തങ്ങളെയും ആശ്രമത്തിലെ മറ്റ് വനിതാ അനുയായികളെയും സ്വാമി എങ്ങിനെയാണ് ലൈംഗികമായി ചൂഷണം ചെയ്തത് എന്നതിന്റെ ഞെട്ടിക്കുന്ന സാക്ഷ്യങ്ങള്‍ ആയിരുന്നു.

In baba’s dark world, sadhvi’s referred to rape a ‘pardon’ എന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ അതിങ്ങനെ വിശദീകരിക്കുന്നു.

‘പിതാജി മാപ്പ് നല്‍കിയോ?’ എന്ന മറ്റ് വനിതാ സന്യാസിനിമാരുടെ ചോദ്യത്തിന്റെ അര്‍ത്ഥം എന്താണെന്ന് ആദ്യം തനിക്ക് മനസിലായിരുന്നില്ല എന്നു 1999 മുതല്‍ ദേരയില്‍ താമസിക്കുന്ന പരാതി കൊടുത്ത യുവതി പറഞ്ഞു. 1999 ആഗസ്ത് 28/29 തിയ്യതികളില്‍ റാം റഹീമിന്റെ അണ്ടര്‍ഗ്രൌണ്ട് മുറിയിലേക്ക് വിളിക്കപ്പെട്ടപ്പോഴാണ് മാപ്പിന്റെ അര്‍ത്ഥം തനിക്ക് പിടികിട്ടിയത്. മുറിയില്‍ എത്തിയ തന്നോട് ഭൂതകാലത്തില്‍ താന്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടോ എന്നു സ്വാമി ചോദിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് തനിക്ക് ഒരു പയ്യനുമായി ബന്ധമുണ്ടായിരുന്ന കാര്യം സ്വാമിയോട് പറഞ്ഞു. ഇപ്പോള്‍ നീ ഈ ഒരു സാധ്വി ആയിരിക്കുന്നു എന്നും നിന്റെ ശരീരത്തിന്റെയും മനസിന്റെയും പൂര്‍ണ്ണ നിയന്ത്രണം തനിക്കാണെന്നും വേഴ്ചയിലൂടെ നിന്റെ അപവിത്രമായ ശരീരത്തെ ശുദ്ധീകരിക്കുകയാണെന്നും റാം റഹീം പറഞ്ഞു. യുവതിയുടെ മൊഴി തുടരുന്നു.

ഈ യുവതി പിന്നീട് ദേര വിടുകയും 2001ല്‍ വിവാഹിതയാവുകയും ചെയ്തു. തന്റെ സഹോദരിയുടെ നീതിക്കു വേണ്ടി പോരാടിയ യുവതിയുടെ സഹോദരന്‍ പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

Also Read: റാം റഹിം സിംഗ്; വെറുമൊരു കോമാളിയല്ല കരുണാമയനായ ഈ പഞ്ചനക്ഷത്ര ബാബ

ഈ കുപ്രസിദ്ധ റോക്ക് സ്റ്റാര്‍ ബാബയുടെ വിക്രിയകളെ കുറിച്ചുള്ള കഥകളാണ് ഇന്നത്തെ മാധ്യമങ്ങള്‍ നിറയെ. തീര്‍ച്ചയായും എരിവും പുളിയും ഉള്ള ഈ കഥകള്‍ കുറച്ചുകൂടി മസാല ചേര്‍ത്തു മാധ്യമങ്ങള്‍ വിളമ്പും എന്ന കാര്യത്തില്‍ സംശയമില്ല. ആവേശത്തോടെ നമ്മള്‍ എല്ലാവരും വായിക്കുകയും ചെയ്യും.

എന്നാല്‍ രാജ്യത്തെ നീതിന്യായ സംവിധാനത്തെ മുള്‍ മുനയില്‍ നിര്‍ത്തി 31 പേരുടെ മരണത്തിനും 250 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്നതിനും കാരണമായി ഈ കള്ള സന്യാസിയുടെ കപട ആത്മീയത എന്നിടത്താണ് നമ്മുടെ സമൂഹവും ഭരണകൂടവും രാഷ്ട്രീയ മേലാളന്‍മാരും എത്രത്തോളം കളങ്കിതരാണ് എന്നു നാം തിരിച്ചറിയേണ്ടത്. എല്ലാ കലാത്തും ഭരണ തമ്പുരാക്കള്‍ ഇവരുടെ പാദ സേവകരായിരുന്നു എന്നതിന് ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തന്നെ തെളിവ്. നേരത്തെ കോണ്‍ഗ്രസ്സ് ഭരികുമ്പോള്‍ റാം റഹീം കോണ്‍ഗ്രസ്സ് ആശയങ്ങളുടെ പിന്തുണക്കാരനായിരുന്നു എന്നതാണ് കൌതുകകരം. ഓരോ കാലത്തെയും അധികാര കേന്ദ്രങ്ങളുടെ തണല്‍ ഈ ആള്‍ദൈവങ്ങള്‍ക്ക് അവരുടെ കച്ചവടം മുന്‍പോട്ട് കൊണ്ടുപോകാന്‍ വേണമായിരുന്നു.

ആള്‍ദൈവങ്ങള്‍ക്ക് ഫലഭൂയിഷ്ടമായ മണ്ണാണ് കേരളം എന്നറിഞ്ഞ ഗുര്‍മീത് കേരളത്തിലും എത്തി ആശ്രമം പണിയാന്‍ ശ്രമിച്ചിരുന്നു. വാഗമണ്ണിലും വയനാട്ടിലും എത്തിയ സ്വാമി വയനാട്ടില്‍ വൈത്തിരിക്കടുത്ത് 40 ഏക്കര്‍ ഭൂമി വാങ്ങുകയും ചെയ്തതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വൈത്തിരിയില്‍ ആശ്രമം തുടങ്ങാനുള്ള പദ്ധതി പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലത്തിന്റെ പ്രത്യേകത കണക്കെടുത്ത് പഞ്ചായത്ത് അധികൃതര്‍ തടയുകയായിരുന്നു.

Also Read: ലൈംഗിക ചൂഷണ കേന്ദ്രങ്ങളാകുന്ന മതസ്ഥാപനങ്ങള്‍; കര്‍ശന നിരീക്ഷണം അനിവാര്യം

(പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി സദ്ഗുരു എന്ന പേരില്‍ അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് എന്ന ആള്‍ദൈവം കോയമ്പത്തൂരില്‍ നിര്‍മ്മിച്ച പടകൂറ്റന്‍ ശിവ പ്രതിമ നമ്മുടെ പ്രാധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത് എന്ന കാര്യം ഓര്‍ക്കുക. ലൈംഗിക പീഡനത്തിന് പിടിക്കപ്പെട്ട ആശാറാം ബാപ്പുവുമായുള്ള മോദിയുടെ ബന്ധവും പരസ്യമാണ്. എന്തിന് പറയുന്നു നമ്മുടെ കുമ്മനം ജിയും ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദയും ഒരുമിച്ചല്ലേ ഹിന്ദു മത രക്ഷയ്ക്ക് അന്നത്തെ മുഖ്യമന്ത്രി വി എസിനെ കാണാന്‍ പോയത്. യമുനാ നദീ തടം നശിപ്പിച്ച ശ്വാസോച്ഛ്വാസ സ്വാമി രവിശങ്കറിനോട് നഷ്ടപരിഹാരം നല്‍കാന്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടതും ഈ അടുത്ത കാലത്താണ്)

Also Read: ആള്‍ദൈവങ്ങള്‍ക്കും ന്യൂ ഏജ് ഗുരുക്കള്‍ക്കും ഇടയിലാണ് നമ്മള്‍: ശശികുമാര്‍; ഇന്ത്യയെ അസഹിഷ്ണുതയുടെ നാടായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍: സദ്ഗുരു

2014ല്‍ ഗായത്രി എന്ന ഗെയില്‍ ട്രെഡ്വെല്‍ എഴുതിയ ‘വിശുദ്ധ നരകത്തിലെ’ വെളിപ്പെടുത്തലുകളെ മാതാ അമൃതാനന്ദ മയി ഭക്തരെ എത്രമാത്രമാണ് പ്രകോപിപ്പിച്ചത് എന്നു നാം കണ്ടതാണ്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വാമി സന്ദീപാനന്ദഗിരിയെ അമൃതാനന്ദമയിയുടെ അനുയായികള്‍ ആക്രമിക്കുകയും തലയ്ക്ക് മുറിവേറ്റ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ഇടതു, ജനാധിപത്യ രാഷ്ട്രീയം ശക്തമായതുകൊണ്ടും ശക്തമായ ഒരു സിവില്‍ സമൂഹം ഇവിടെ ഉള്ളതുകൊണ്ടും അത്രയേ നടന്നുള്ളൂ എന്നു ആശ്വസിക്കാം.

പക്ഷേ ഗെയില്‍ ട്രെഡ്വെല്‍ ഉയര്‍ത്തിയ ആരോപണങ്ങളോ സത്നാം സിംഗിന്റെ കൊലപാതകമോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ഒരു പോലീസും കോടതിയും സര്‍ക്കാരും അന്വേഷിച്ചില്ല എന്നത് പ്രബുദ്ധമായ നമ്മുടെ സംസ്ഥാനത്തും ആള്‍ദൈവങ്ങള്‍ക്കുള്ള പിടിപാടുകളെ തന്നെയാണ് സൂചിപ്പിക്കുന്നത്.

Also Read: അമ്മവിളയാട്ടം: ഇനിയും നമ്മള്‍ ഗെയിലിനെ അവിശ്വസിക്കണോ?

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഈ ആള്‍ദൈവങ്ങള്‍ക്ക് പല കാലങ്ങളായി നല്കിയ സാമൂഹ്യ അംഗീകാരമാണ് അവരുടെ മുതല്‍ മുടക്ക്. അതുവെച്ചാണ് അവര്‍ തങ്ങളുടെ ആത്മീയതയുടെ കള്ള കൊട്ടരങ്ങള്‍ കെട്ടിപ്പടുക്കുന്നത് എന്നു രാഷ്ട്രീയ നേതാക്കള്‍ എന്നാണ് തിരിച്ചറിയുക.

റാം റഹീം അനുയായികള്‍ ഭരണകൂടത്തെ അമ്മാനമാടുന്നത് കണ്ടിട്ടെങ്കിലും നേതാക്കളുടെ കണ്ണു തുറക്കും എന്നു പ്രതീക്ഷിക്കാം.

Also Read: (F)art of Living: ആത്മീയ ആനന്ദവ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍