UPDATES

കാനം ഒന്നു സൂക്ഷിച്ചോളൂ; അമിത് ഷാ കണ്ണുവച്ചിരിക്കുന്ന രണ്ടു സീറ്റുകള്‍ നിങ്ങളുടെയാണ്

തിരുവനന്തപുരവും തൃശൂരും ബിജെപി കണ്ണുവയ്ക്കുന്നത് എന്തായാലും പണ്ടത്തെപ്പോലെ കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്ന പോലെയല്ല

അമിത് ഷാ സ്വപ്നം കാണുന്നത് പോലെ 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ നടന്നാല്‍ കൂടുതല്‍ വിഷമിക്കുക കാനം രാജേന്ദ്രനായിരിക്കും. ബിജെപിക്ക് അതായത് എന്‍ഡിഎ മുന്നണിക്ക് ആഞ്ഞുപിടിച്ചാല്‍ വിജയിക്കും എന്നു കരുതുന്ന നാല് മണ്ഡലങ്ങളില്‍ രണ്ടെണ്ണം തിരുവനന്തപുരവും തൃശൂരുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ തൃശൂര്‍ സിപിഐയുടെ സിറ്റിംഗ് സീറ്റാണ്. അവരുടെ ലോകസഭയിലെ ഏക ശബ്ദം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് കച്ചവടത്തോടെ തിരുവനന്തപുരത്തേക്ക് ഇനി സിപിഐ തിരിഞ്ഞുനോക്കേണ്ടി വരില്ല. ഈ കാരണങ്ങള്‍ ഒക്കെ പറഞ്ഞ് സംസ്ഥാനത്തെ പ്രെസ്റ്റീജ് സീറ്റുകളില്‍ ഒന്നായ തിരുവനന്തപുരം വല്യേട്ടന്‍ ഏറ്റെടുക്കാനും വഴിയുണ്ട്. അമിത് ഷാ ഒരു കാര്യം ആഗ്രഹിച്ചു മീശ പിരിച്ചാല്‍ നടക്കുമെന്നാണ് വടക്കോട്ടുള്ള ചൊല്ല്. അതുകൊണ്ടു തന്നെ ഇനിയുള്ള ദിവസങ്ങള്‍ അത്ര സുഖകരമായിരിക്കില്ല എംഎന്‍ ഗോവിന്ദന്‍ നായര്‍ മന്ദിരത്തിലെ ദിനങ്ങള്‍.

തിരുവനന്തപുരവും തൃശൂരും ബിജെപി കണ്ണുവയ്ക്കുന്നത് എന്തായാലും പണ്ടത്തെപ്പോലെ കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്ന പോലെയല്ല. തിരുവനന്തപുരം ശ്രീ പത്മനാഭന്റെ മണ്ണാണ്. തീര്‍ഥാടന നഗരം. നഗരത്തിനും ചുറ്റുവട്ടത്തിലുമായി നൂറുകണക്കിന് ക്ഷേത്രങ്ങളാണ് ഉള്ളത്. ഇവയില്‍ എല്ലാം തന്നെ അധികാര സ്ഥാനങ്ങളില്‍ ബിജെപി നേതാക്കന്‍മാര്‍ ഇരിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഉദാഹരണം പറഞ്ഞാല്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച സി ജയന്‍ ബാബു പാങ്ങോട് കൌണ്‍സിലില്‍ തോറ്റത് നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ ഉദിയന്നൂര്‍ ക്ഷേത്ര ഭാരവാഹി കൂടിയായ ബിജെപി നേതാവിനോടാണ്. ഇത് യാദൃശ്ചികമല്ല. വര്‍ഷങ്ങളായി സിപിഎം ജയിച്ചു കൊണ്ടിരുന്ന ആറ്റുകാല്‍ കൌണ്‍സിലിലിലും ബിജെപിയാണ് ജയിച്ചത്. തിരുവനന്തപുരം നഗരസഭയിലെ മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസല്ല, ബിജെപിയാണ് എന്നു കൂടി ഓര്‍ക്കണം. 100-ല്‍ 36 അംഗങ്ങള്‍. സിപിഐക്കുള്ളത് നാലും.

ഇനി തൃശൂരെടുക്കുക. പൂരനഗരിയാണ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നു വിളിക്കപ്പെടുന്നു. വടക്കുംനാഥന്റെ മണ്ണ്. ക്രിസ്ത്യന്‍ മത വിഭാഗത്തിനും അത്യാവശ്യം വളക്കൂറുള്ള മണ്ണ്. ക്രിസ്ത്യന്‍ മത മേലധ്യക്ഷന്‍മാരുമായി ഷാ എന്തെങ്കിലും ഡീല്‍ ഉറപ്പിച്ചാല്‍ അത് നന്നായി പ്രതിഫലിക്കാന്‍ സാധ്യതയുള്ള ഇടം. കൂടാതെ കൊടുങ്ങല്ലൂര്‍ ക്ഷേത്രവുമായി ചുറ്റിപ്പറ്റി കഴിഞ്ഞ കുറെ കാലങ്ങളായി ആര്‍എസ്എസ് പരീക്ഷിച്ചു കൊണ്ടിരിക്കുന്ന തീവ്രഹിന്ദുത്വ പരിപാടികളുടെ അലയൊലികള്‍ തൃശൂര്‍ മണ്ഡലത്തില്‍ ആകെ വ്യാപിപ്പിക്കാന്‍ ബിജെപിയുടെ നിലവിലുള്ള രാഷ്ട്രീയ അജണ്ട വെച്ച് എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും.

മറ്റ് സംസ്ഥാനങ്ങളില്‍ പ്രയോഗിച്ച ജാതി കാര്‍ഡ് കേരളത്തില്‍ ഫലപ്രദമായി പ്രയോഗിക്കുന്നില്ല എന്ന് അമിത് ഷാ വിമര്‍ശിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആ ദിശയിലേക്കുള്ള നീക്കം എന്ന നിലയില്‍ തിരുവനന്തപുരം ചെങ്കല്‍ ചൂള കോളനിയില്‍ സഹോദരന്‍ അയ്യപ്പന്റെ മിശ്രഭോജന സ്മരണ ഉയര്‍ത്തുന്ന പരിപാടിയും അമിത് ഷാ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്.

ക്രിസ്തീയ മത മേലധ്യക്ഷന്‍മാരെ കണ്ടതിന് പിന്നാലെ നടന്ന എന്‍ഡിഎ യോഗത്തില്‍ കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം അമിത് ഷാ വ്യക്തമാക്കിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഗോവ, കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രയോഗിച്ച തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മാതൃകയാണ് അമിത് ഷായുടെ മനസിലെന്ന് വ്യക്തം. അത് നടപ്പിലാകുകയാണെങ്കില്‍ തിരുവനന്തപുരവും തൃശൂരും ആറ്റിങ്ങലും കാസര്‍ഗോഡും മാത്രമല്ല പല മണ്ഡലങ്ങളിലെയും ചിത്രം മാറും. പാലക്കാടും കോഴിക്കോടും പത്തനംതിട്ടയും ആഞ്ഞു പിടിക്കാവുന്ന മണ്ഡലങ്ങളാണ് എന്നാണ് അവരുടെ കണക്കുകൂട്ടല്‍. കേരളത്തിലെ ഇടതു, വലതു മുന്നണികളെ പിന്തള്ളാനാകും എന്ന അമിത് ഷായുടെ പ്രസ്താവന കേരള കൌമുദിയുടെ ഇന്നത്തെ മുഖ്യ വാര്‍ത്തകളില്‍ ഒന്നായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു എന്നത് ഇവിടത്തെ ഇടതു, വലതു മുന്നണികളുടെ ശ്രദ്ധയില്‍ പെട്ടാല്‍ കൊള്ളാം.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍