UPDATES

പ്രയാറിന്റെ ആ.ഭാ.സം.; ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ വരുന്നത് സെക്സ് ടൂറിസത്തിനോ?

തായ്‌ലാന്‍ഡിലെ ഏതെങ്കിലും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിട്ടല്ല ആ രാജ്യം സെക്സ് ടൂറിസം ഒരു വരുമാനമാര്‍ഗമായി കണ്ടെത്തിയത്.

“വിനോദ സഞ്ചാരകേന്ദ്രമായ തായ്‌ലാന്‍ഡില്‍ ആര്‍ക്കും പോകാമെന്നതുപോലെയല്ല ശബരിമല യാത്ര. അത്തരം കാര്യങ്ങള്‍ അനുവദിക്കില്ല. ശബരിമലയിലെ സ്ത്രീ പ്രവേശം ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. കോടതി വിധി ഉണ്ടായാലും മാനവും മര്യാദയുമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ പോകില്ല”- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതാണ് ഇത്.

ഒരു പൊതു പദവിയിലിരുന്ന് അദ്ദേഹം പറയുന്ന നിരന്തര വിവരക്കേടുകളുടെയും അധിക്ഷേപ പരാമര്‍ശങ്ങളുടെയും തുടര്‍ച്ച എന്ന നിലയില്‍ കണ്ടുകൊണ്ട് ചവറ്റുകൊട്ടയില്‍ എറിയേണ്ട ഒന്നായി വേണമെങ്കില്‍ ഇതിനെയും കാണാം. പക്ഷേ പ്രയാര്‍ ഈ പ്രസ്താവന നടത്തിയ സന്ദര്‍ഭത്തെ വിലയിരുത്തുമ്പോള്‍ അത്ര എളുപ്പത്തില്‍ ജാമ്യം കൊടുക്കേണ്ട ഒരു കൃത്യമല്ല ഈ വാഗ് പ്രയോഗം എന്നു കാണേണ്ടിവരും.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ ഭരണഘടനാബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് ഇന്നലെയാണ്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ ഉത്തരവിറക്കിയത്. മതവിശ്വാസത്തിന്റെ തുല്യതയ്ക്ക് ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനം ആണോ പത്തു വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടയുന്നത് എന്നതടക്കം അഞ്ചു പരിഗണനാ വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന് തയ്യാറാക്കി നല്‍കിയിരിക്കുന്നത്.

ഇന്നലത്തെ പ്രസ്താവനയിലൂടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഗുരുതരമായ തെറ്റുകളാണ് ചെയ്തിരിക്കുന്നത്.

ഒന്നാമത്തേത്, സ്ത്രീ സമൂഹത്തിന്റെ അന്തസിനെ അപകീര്‍ത്തിപ്പെടുത്തി എന്നുള്ളത് തന്നെ. സെക്സ് ടൂറിസത്തിന്റെ ആഗോള തലസ്ഥാനമായി അറിയപ്പെടുന്ന തായ്‌ലാന്‍ഡിനോട് ഉപമിക്കുക വഴി ആരാധനാലായങ്ങളിലേക്ക് വരുന്ന സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ക്ക് വരുന്നവരാണ് എന്ന പരോക്ഷ സൂചനയാണ് പ്രയാര്‍ നല്‍കിയിരിക്കുന്നത്. തെളിച്ചു പറഞ്ഞാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചാല്‍ അവിടം സെക്സ് ടൂറിസത്തിന്റെ ഹബായി മാറും എന്ന് ബഹുമാന്യ ദേവസ്വം അധ്യക്ഷന്‍ ഭയപ്പെടുന്നു. അങ്ങനെ പറയാന്‍ മാത്രം എന്തു തെളിവുകളാണ് ഈ മഹാന്റെ കയ്യില്‍ ഉള്ളത്? സ്ത്രീകള്‍ വല്ലാതെ കടന്നുവന്നതുകൊണ്ട് സെക്സ് ഹബായി മാറിയ ഏതെങ്കിലും ആരാധന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടോ?

പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്ന സവര്‍ണ ഹിന്ദു പുരുഷനല്ല സ്ത്രീകള്‍ എവിടെ കുളിക്കണമെന്ന്‍ തീരുമാനിക്കേണ്ടത്

തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണമുള്ള സ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് തന്റെ തന്നെ കീഴിലുള്ള ക്ഷേത്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയല്ലേ ഇദ്ദേഹം ചെയ്തത്. തിരുവിതാംകൂറിലെ ഏതൊക്കെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് സെക്സ് ടൂറിസം പരാതി ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നയാള്‍ എന്നനിലയില്‍ അത് ജനങ്ങള്‍ മുന്‍പാകെ വെളിപ്പെടുത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.

മൂന്നാമത്തെ തെറ്റ് കോടതി അധിക്ഷേപമാണ്. കോടതി ഉത്തരവിനെ മറികടക്കാനുള്ള ആഹ്വാനമാണ് പ്രയാര്‍ നടത്തിയിരിക്കുന്നത്. കോടതി വിധി ഉണ്ടായാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ പോകില്ല എന്നു പ്രസ്താവിച്ചുകൊണ്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ് ഇയാള്‍. വരാന്‍ പോകുന്ന കോടതി വിധി എന്തായാലും ഹിന്ദു മതവും ക്ഷേത്രങ്ങളും അത് അനുസരിക്കേണ്ടതില്ല എന്ന സൂചനയും അതിലുണ്ട്.

എന്തായാലും പ്രയാറിന് കടുത്ത മറുപടി തന്നെ ദേവസ്വം മന്ത്രി കടകം പള്ളി കൊടുത്തു കഴിഞ്ഞു;

ശബരിമലയെ തായ്‌ലാന്‍ഡ് ആക്കാന്‍ അനുവദിക്കില്ലെന്ന് പ്രയാര്‍ പറഞ്ഞതായി കണ്ടു.  എന്ത് താരതമ്യമാണ് പ്രയാര്‍ നടത്തിയിരിക്കുന്നത്. ഈ പ്രയോഗത്തിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്. ശബരിമലയില്‍ 10 വയസ്സിന് താഴെയുള്ളതും അമ്പത് വയസിന് മുകളിലുള്ളതുമായ സ്ത്രീകള്‍ക്ക് നിലവില്‍ തന്നെ ഒരു വിലക്കുമില്ല. അവരെയെല്ലാം മോശം പ്രതികരണത്തിലൂടെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ചെയ്തിരിക്കുന്നത്.

കോടതി അനുവദിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ല എന്ന് പ്രയാര്‍ പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്. ശബരിമല കയറുന്നവരെല്ലാം മോശക്കാരാണെന്നാണോ? സംസ്‌കാരശൂന്യമായ ജല്‍പ്പനങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതിവിധിയെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരു മുന്‍വിധിയുമില്ലെന്നും കോടതിവിധി എന്ത് തന്നെയായാലും അത് സംസ്ഥാനസര്‍ക്കാരും, ദേവസ്വംബോര്‍ഡും അംഗീകരിച്ചേ മതിയാകൂവെന്നും ദേവസ്വംമന്ത്രി പറഞ്ഞു.

അതുകൊണ്ട് സ്ത്രീകളെ, ഇനിയും കാത്തിരിക്കണമെന്ന് പറയാന്‍ അനുവദിക്കരുത്

ഈ സാഹചര്യത്തില്‍ കോടതിയെ വെല്ലുവിളിക്കുകയും, ശബരിമലയെയും അയ്യപ്പഭക്തരെയും സ്ത്രീസമൂഹത്തെയും അവഹേളിക്കുകയുമാണ് പ്രയാര്‍ ചെയ്തിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ അവിടം പ്രയാര്‍ കരുതുന്നത് പോലെ മോശമാകുമെങ്കില്‍ ഇത്തരം വിലക്കുകളില്ലാത്ത ക്ഷേത്രങ്ങളെ കുറിച്ച് എന്ത് പ്രതിച്ഛായയാണ് അദ്ദേഹം നല്‍കുന്നത്. സ്വന്തം മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഉണ്ടാകണം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തിന് നിരക്കാത്ത ഈ വിവാദപ്രസ്താവന പിന്‍വലിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍  മാപ്പ് പറഞ്ഞേ മതിയാകൂ കടകംപള്ളി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

അവിടെ നടക്കുന്നത് ‘അത്തരം കാര്യങ്ങള്‍’ മാത്രമല്ല; പ്രയാറിനറിയാത്ത തായ്‌ലന്‍ഡിനെക്കുറിച്ചു തന്നെ

ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രയാറിനെതിരെ പ്രസ്താവനയുമായി രംഗത്ത് എത്തിക്കഴിഞ്ഞു. കൂടുതല്‍ വനിതാ-വിശ്വാസി സംഘടനകള്‍ എത്തുമെന്നും ഈ വിവരക്കേടിനു മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രയാറിനോട് ഒരു കാര്യം കൂടി. തായ്‌ലാന്‍ഡിലെ ഏതെങ്കിലും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിട്ടല്ല ആ രാജ്യം സെക്സ് ടൂറിസം ഒരു വരുമാനമാര്‍ഗമായി കണ്ടെത്തിയത്. മറിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട യുവാക്കളും യുവതികളും തൊഴില്‍തേടിയാണ് ബാങ്കോക്കിലേക്കും മറ്റ് ടൂറിസ്റ്റ് ഹബുകളിലേക്കും കുടിയേറിയത്. പിംഗ്പോംഗ് ഷോ കാണാന്‍ ആര്‍ഷ ഭാരതത്തില്‍ നിന്നടക്കം പോകുന്ന വിനോദ സഞ്ചാരികളുടെ മുന്‍പില്‍ ഉടുതുണി ഊരി നൃത്തം ചെയ്യുന്നത്; അത് അവരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ, അവഹേളിക്കേണ്ടതില്ല.

ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ – ഐതിഹ്യം -ചരിത്രം

മറ്റ് ചില പ്രധാനാ വാര്‍ത്തകള്‍

ദുബായ് മനുഷ്യക്കടത്ത് റാക്കറ്റിന്റെ കയ്യില്‍ അഞ്ഞൂറില്‍ അധികം മലയാളി യുവതികള്‍ കുടുങ്ങിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കടത്തപ്പെട്ടവരില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ രക്ഷപ്പെട്ട് നാട്ടില്‍ എത്തിയത് 12 പേരാണ്. 2013ലാണ് സി ബി ഐ കേസ് അന്വേഷിക്കാന്‍ തുടങ്ങിയത്. രക്ഷപ്പെട്ടവരില്‍ എട്ടുപേര്‍ മാത്രമാണ് സിബിഐക്ക് മൊഴി നല്‍കാന്‍ തയ്യാറായത്.

മാനുഷികപരിഗണന വെച്ച് രോഹിങ്ക്യന്‍ മുസ്ലീങ്ങളെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണം എന്ന് സുപ്രീം കോടതി പറഞ്ഞു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ട അഭയാര്‍ത്ഥികളുടെ യാതനകള്‍ കണ്ടു നില്‍ക്കാന്‍ സര്‍ക്കാരിന് ആകുമോ എന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. രാജ്യതാല്‍പ്പര്യത്തിനൊപ്പം മനുഷ്യാവകാശവും പരിഗണിച്ചു തീരുമാനമെടുക്കണം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടുനിന്നു എന്ന വി.ടി ബല്‍റാം എംഎല്‍എയുടെ പ്രസ്താവനയില്‍ പോലീസ് അന്വേഷിക്കണം എന്നു ബിജെപി അധ്യക്ഷന്‍ രാജശേഖരന്‍ കോട്ടയത്ത് ആവശ്യപ്പെട്ടു. ബല്‍റാമിന്റെ മൊഴി എടുക്കണം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ഡിജിപിക്ക് പരാതി നല്കും. അതേ സമയം ബല്‍റാമിനെ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ല സെക്രട്ടറി പോലീസിന് പരാതി നല്‍കിയിട്ടുമുണ്ട്.

വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ബൂമറാംഗാകുമോ? ടി പി കേസില്‍ ബിജെപി സി ബി ഐയെ ഇറക്കുമോ?

സോളാര്‍ അന്വേഷണം ഏറ്റെടുക്കാന്‍ വൈമനസ്യം കാണിച്ചു എന്ന മനോരമ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡിജിപി രാജേഷ് ദിവാനും ഐ ജി ദിനേന്ദ്ര കാശ്യപും രംഗത്തെത്തി. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചയുടനെ ചുമതല ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് ഇവര്‍ ദേശാഭിമാനിയോട് പറഞ്ഞു.

ദളിത് ശാന്തി നിയമനം നടത്തിയ കേരളത്തിന്റെ നടപടി മഹത്തരമാണെന്ന് പ്രമുഖ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ പറഞ്ഞു. പെരിയാറും ദ്രാവിഡ സംഘടനകളും തമിഴ്നാട്ടില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും അവിടെ ഇതുപോലൊരു നടപടി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നടപടിയാണ് ഇതെന്നും പെരുമാള്‍ മുരുഗന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍