UPDATES

ജാനുവിന്റെ വേദിയില്‍ അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും ആദിവാസിയാവണമെന്ന് സുരേഷ് ഗോപി പറയാതിരുന്നതെന്തേ?

സുരേഷ് ഗോപിക്ക് അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു അര പിസി ജോര്‍ജ്ജ് എങ്കിലും ആകാമായിരുന്നു

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന് യോഗക്ഷേമ സഭാ വേദിയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ സികെ ജാനുവിന്റെ ഭൂസമര വേദിയിലാണ് എത്തിയത്. പക്ഷേ അടുത്ത ജന്മത്തില്‍ ആദിവാസിയായി ജനിക്കണമെന്ന് എന്തോ, സുരേഷ് ഗോപി നായര്‍ പറഞ്ഞില്ല.

ഇന്നലെ പറഞ്ഞത് ഇതൊക്കെയായിരുന്നു;

“മണ്ണ് അറിയുന്നവനും മണ്ണിനെ സ്നേഹിക്കുന്നവനും ഭൂമി നല്‍കണം.” “മൃഗങ്ങള്‍ക്ക് കാട് അവകാശപ്പെട്ടതുപോലെ കാടിന്റെ മക്കള്‍ക്കും ആ ഭൂമി അവകാശപ്പെട്ടതാണ്. സംവരണം നടപ്പിലാക്കിയപ്പോള്‍ വനവാസികളെ മുന്‍നിരയില്‍ കൊണ്ടുവരാന്‍ പ്രത്യേക നിയമം നടപ്പിലാക്കിയിട്ടും സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു.” സുരേഷ് ഗോപിയുടെ പത്രമായ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ മലയാള മനോരമ കുറച്ചുകൂടി അതിന്റെ രാഷ്ട്രീയ വിവാദ സാധ്യതയ്ക്കാണ് ഊന്നല്‍ നല്‍കിയത്. പ്രത്യേകിച്ചും എ കെ ആന്‍റണിയെ കുറിച്ചുള്ള പരാമര്‍ശം തലക്കെട്ടാക്കിക്കൊണ്ട്. “മുത്തങ്ങ സമരത്തില്‍ നല്ലത് മാത്രം ആഗ്രഹിച്ച അന്നത്തെ മുഖ്യമന്ത്രി എ കെ ആന്‍റണി രാഷ്ട്രീയം മറന്ന് അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍ ആ സമരം പരാജയപ്പെടില്ലായിരുന്നു” എന്നാണ് സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. “മുത്തങ്ങ സമരത്തിന് അനുകൂല നിലപാടിനായി താന്‍ എത്ര പേരോട് കെഞ്ചിയിട്ടുണ്ട് എന്ന് ആന്റണിക്ക് അറിയാം” സുരേഷ് ഗോപി തുടരുന്നു.

2001 ആഗസ്റ്റിലാണ് 48 ദിവസം നീണ്ടു നിന്ന ഭൂമിക്ക് വേണ്ടിയുള്ള കുടില്‍ കെട്ടി സമരം സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്ര മഹാസഭ നടത്തിയത്. തലസ്ഥാനം അതുവരെ കണ്ടിട്ടില്ലാത്ത സമര രീതിക്ക് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുകയുണ്ടായി. നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങളും നേതാക്കളും സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു തിരുവനന്തപുരത്തെത്തി. ഈ കൂട്ടത്തില്‍ സുരേഷ് ഗോപിയും എത്തിയിട്ടുണ്ടാകാം.

ഇപ്പോള്‍ ഒരു ജനപ്രതിനിധി കൂടിയായ സുരേഷ് ഗോപി പറയുന്നതു അവിശ്വസിക്കേണ്ട കാര്യമില്ല; പ്രത്യേകിച്ച് മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ആന്റണിക്ക് അറിയാം എന്നു കൂടി പറയുമ്പോള്‍. മാത്രമല്ല സുരേഷ് ഗോപി അന്ന് കോണ്‍ഗ്രസ്സുകാരനും കൂടിയായിരുന്നു. (കരുണാകര ഭക്തന്‍ എന്നു രാഷ്ട്രീയ പാപ്പരാസികള്‍ പറയും). അന്ന് താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ ഭരണത്തലവനുമായി താന്‍ ആത്മാര്‍ഥമായും പരിഹരിക്കണം എന്നു ആഗ്രഹിക്കുന്ന ഒരു പ്രശ്നത്തില്‍ തീരുമാനമുണ്ടാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടാവുക സ്വാഭാവികം.

എന്തായാലും സുരേഷ് ഗോപിയുടെ വാക്കുകള്‍ കേട്ടിട്ടോ എന്തോ എന്നറിയില്ല ഒന്നര മാസത്തിനു ശേഷം ഗവണ്‍മെന്‍റ് സമരക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി.

എന്നാല്‍ പിന്നീട് നടപടികള്‍ പാലിക്കുന്നതില്‍ നിന്നും ഗവണ്‍മെന്‍റ് പിന്നോക്കം പോയതിനെ തുടര്‍ന്ന് മുത്തങ്ങ കാടുകള്‍ ആദിവാസികള്‍ കയ്യേറി കുടില്‍ കെട്ടുകയും അത് പോലീസ് വെടിവെപ്പില്‍ കലാശിക്കുകയും 5 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്നത് കേരളം മറക്കാത്ത ചരിത്രം; ഒപ്പം വിങ്ങി വീര്‍ത്ത കവിളുകളുമായി നിന്ന ജാനുവിന്റെ മുഖവും.

ഇന്നലെ പ്രസംഗിക്കുന്നതിന്റെ കൂട്ടത്തില്‍ ജാനുവിനെ സാക്ഷി നിര്‍ത്തി ഒരു കാര്യം കൂടി സുരേഷ് ഗോപി പറഞ്ഞു. “വിഷവിത്തുകളുടെ കടന്നു കയറ്റം കാരണം ആ സമരം പരാജയപ്പെട്ടു” എന്നതായിരുന്നു അത്.

ഈ ആരോപണത്തില്‍ വേണ്ടത് സി കെ ജാനുവിന്റെ വിശദീകരണമാണ്. ആരാണ് വിഷവിത്തുകള്‍? സമരത്തെ പിന്തുണച്ചെത്തിയ മുന്‍ നക്സലൈറ്റുകളോ അതോ ജമാ അത്ത ഇസ്ലാമിയുടെ സോളിഡാരിറ്റിയോ? ജാനു ഇതുവരെയായി എവിടേയും അത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല എന്നാണ് അറിവ്.

Also Read: ‘ചെകുത്താന്റെ കയ്യില്‍ നിന്നാണെങ്കിലും സഹായം സ്വീകരിക്കും’; സി കെ ജാനു നിലപാട് വ്യക്തമാക്കുന്നു

ആദിവാസികളുടെ ആവശ്യം നേടിയെടുക്കാന്‍ ഏത് ചെകുത്താന്റെയും കൂടെ കൂടും എന്ന് ബിജെപി മുന്നണിയില്‍ ചേരാന്‍ പോകുന്നതിനു മുന്‍പ് ജാനു അഴിമുഖത്തോട് പറഞ്ഞത് ഓര്‍ത്തു പോകുന്നു. എന്തായാലും പഴയ ചെകുത്താന്‍മാരുടെ പേര് വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

അതേ സമയം യോഗക്ഷേമ സഭയില്‍ കണ്ട വൈകാരിക പരാമര്‍ശങ്ങള്‍ ഒന്നും ഇന്നലെ ഉണ്ടായില്ല. “പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്. ഈശ്വരനോട് പ്രാര്‍ത്ഥിക്കാന്‍ പിന്തുണ നല്‍കുന്ന പൂജാരിയും കണ്‍കണ്ട ദൈവമാണ്. ചോരയും മാംസവുമുള്ള ഈശ്വരന്മാരാണ് പൂണൂല്‍ ഇടുന്നവര്‍. മരിച്ച് മണ്ണടിഞ്ഞ് ചാരമായി, വളമായി അതില്‍ നിന്നും ഒരു ബീജം ഉത്ഭവിച്ച് അടുത്ത ജന്മത്തിലെങ്കിലും പൂണൂല്‍ ഇടുന്ന വര്‍ഗത്തില്‍ പെട്ട് ജനിക്കണമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനാവണമെന്നും” ആയിരുന്നു സുരേഷ് ഗോപിയുടെ യോഗക്ഷേമ സഭാ പ്രസംഗം.

Also Read: ഏതൊരു ബുദ്ധിരഹിത സംഘിയുടെയും സിറോക്സ് കോപ്പി മാത്രമാണ് സുരേഷ് ഗോപി

അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും, ആദിവാസി വേണ്ട, സംഘപരിവാര്‍ ഭാഷയില്‍ വനവാസിയാവണമെന്ന് സുരേഷ് ഗോപിക്ക് പറയാമായിരുന്നു. ആവണമെന്നില്ല. ആയോ ഇല്ലയോ എന്ന് ആര് കണ്ടുപിടിക്കാനാണ്. ഇപ്പോ ഇതെഴുതുന്ന ഞാന്‍ എന്തായിട്ടാണ് ജനിക്കുക? ആര്‍ക്കറിയാം? എല്ലാം മായയല്ലേ…?

ഒരു കാര്യം കൂടി. രാജ്യസഭ എം പിയായ സുരേഷ് ഗോപി ഇതുവരെയായി 4 ചോദ്യങ്ങളാണ് സഭയില്‍ ചോദിച്ചിട്ടുള്ളത്. അതിലൊന്ന് വയനാട്ടിലെ ആദിവാസി വീരനായ കരിന്തണ്ടന് വേണ്ടി ഒരു സ്മാരകവും സാംസ്കാരിക കേന്ദ്രവും പണിയുന്നതിന് വേണ്ടിയായിരുന്നു.

ഇപ്പോള്‍ മനസിലായല്ലോ, സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരന്റെ കമ്മിറ്റ്മെന്‍റ്.

പക്ഷേ സുരേഷ് ഗോപിക്ക് ഒരു അര പിസി ജോര്‍ജ്ജ് എങ്കിലും ആകാമായിരുന്നു. ഇന്നലത്തെ പിസിയുടെ തിരുവായ് മൊഴി കേള്‍ക്കുക;

“അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹം. അങ്ങനെ ജനിച്ചാൽ, ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കും”

ഷാര്‍ജ സുല്‍ത്താനും തോമസ് ചാണ്ടിയും ഉത്തര കൊറിയയും ഭീകരസ്ഥാനും ഒക്കെ ഒന്നാം പേജ് കയ്യടക്കിയപ്പോള്‍ ഇന്ന് ശ്രദ്ധിക്കേണ്ട മൂന്നു വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു.

1.പ്രമുഖ ദളിത് ചിന്തകനും ഗ്രന്ഥകാരനുമായ പ്രൊഫ. കാഞ്ച ഐലയ്ക്ക് നേരെ ആക്രമണം. വാറങ്കലില്‍ സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ഇളയ്യയുടെ പുതിയ പുസ്തകത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് വൈശ്യ സമുദായ സംഘടനയുടെ നേതൃത്വത്തില്‍ തെലങ്കാനയിലും ആന്ധ്രയിലും പ്രതിഷേധം നടക്കുന്നുണ്ട്. (മലയാള മനോരമ)

Also Read: ‘നാവരിയും’; അവര്‍ വേട്ട തുടരുക തന്നെയാണ്

2. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ ബനാറസ് സര്‍വ്വകലാ ശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥിനികളെ പോലീസ് തല്ലിച്ചതച്ചു. ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥിനിയുടെ നേരെ നടന്ന ശാരീരികാക്രമണത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്യുന്നത്. (ദേശാഭിമാനി)

3. കേരള കൌമുദിയുടെ വര്‍ക്കല ലേഖകനെ പോലീസ് ഭാര്യയുടെയും കുട്ടിയുടെയും മുന്‍പില്‍ വെച്ചു മര്‍ദ്ദിച്ചു. (കേരള കൌമുദി)

(കവര്‍ ചിത്രം -കടപ്പാട്: കേരളകൌമുദി)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍