UPDATES

ഐഎസിലേക്ക് ചേരാന്‍ പോയവര്‍ തിരിച്ചു വരാന്‍ സാധ്യതയെന്ന് എന്‍ഐഎ; 10 കോടി തന്നാലും വരില്ലെന്ന് സംഘം

ഐഎസില്‍ ചേരാന്‍ പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി റെഡ് കോര്‍ണര്‍ നോട്ടീസ്

ഇറാഖ്, സിറിയ, അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് ഐ എസിലേക്ക് ചേരാന്‍ രാജ്യത്തു നിന്നും പോയവര്‍ തിരിച്ചുവന്നേക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കാന്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് ഐബി നിര്‍ദേശം നല്കി. ഐഎസില്‍ ചേരാന്‍ പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്.

അതേ സമയം കേന്ദ്ര സര്‍ക്കാര്‍ 10 കോടി വാഗ്ദാനം ചെയ്താലും നാട്ടിലേക്ക് തിരിച്ചു വരില്ല എന്ന് കേരളത്തില്‍ നിന്നും പോയവരുടെ സംഘ തലവന്‍ എന്ന് സംശയിക്കുന്ന കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റാഷിദ് വാട്സാപ്പ് സന്ദേശമയച്ചു. നാട്ടിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബന്ധുക്കള്‍ അയച്ച സന്ദേശത്തിന് മറുപടി ആയാണ് റാഷിദിന്റെ മെസേജ് വന്നത്. മെസേജ് ടു കേരള എന്ന ഐ എസ് പ്രചാരണ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ഇയാള്‍.

കേരളത്തില്‍ നിന്നും 23 പേരാണ് ഐ എസിലേക്ക് ചേരാന്‍ പോയത്. ഇതില്‍ കാസര്‍ഗോഡ് ജില്ലയിലെ തീരദേശ ഗ്രാമമായ പടന്നയില്‍ നിന്നും കഴിഞ്ഞ ജൂലൈ മുതല്‍ 11 പേരാണ് ഐ എസില്‍ ചേരാന്‍ നാടുവിട്ടത്. ഇവിടെ നിന്നു അഫ്ഗാനിസ്ഥാനിലേക്ക് പോയി എന്നു കരുതുന്ന യുവാക്കളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നത് സമീപ കാലത്താണ്. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുമ്പോഴാണ് അമേരിക്കന്‍ ആക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടത്.

ഐഎസിലേക്ക് ചേക്കേറിയ മലയാളികളാണ് മെസേജ് ടു കേരള എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നതായും പരാതി ഉണ്ടായിരുന്നു. അനുവാദമില്ലാതെ ഗ്രൂപ്പില്‍ അംഗമാക്കി എന്നു കാണിച്ച് കാസര്‍ഗോഡ് അണങ്കൂര്‍ കൊല്ലമ്പാടിയിലെ ഹാരിസ് നല്കിയ പരാതിയില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍