UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീമായതിന്റെ പേരില്‍ അധ്യാപകര്‍ പിഡിപ്പിച്ചു; കാണ്‍പൂരില്‍ 11കാരന്റെ ആത്മഹത്യാശ്രമം

എല്ലാ ദിവസവും എന്റെ ബാഗ് തുറന്നുപരിശോധിക്കുന്നു. ഞാനൊരു ഭീകരനല്ല, ഒരു വിദ്യാര്‍ത്ഥി മാത്രമാണ് എന്നാണ് കുട്ടി പറയുന്നത്. തോക്ക് കൊണ്ടുവരുന്നു എന്ന് മറ്റും പറഞ്ഞ് കുട്ടിയെ നിരന്തരം അധിക്ഷേപിക്കുന്നതായി പരാതിയുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മുസ്ലീം ആയതിന്റെ പേരില്‍ 11 കാരനായ ആണ്‍കുട്ടിയെ അദ്ധ്യാപകര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന്, വിദ്യാര്‍ത്ഥി ആത്മഹത്യാ ശ്രമം നടത്തി. കാണ്‍പൂര്‍ ജില്ലയിലെ കല്യാണ്‍പൂരിലാണ് സംഭവം. കല്യാണ്‍പൂരിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയാണ് ഭീകരനെന്ന് മുദ്ര കുത്തി പ്രിന്‍സിപ്പാള്‍ അടക്കമുള്ള അദ്ധ്യാപകര്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കിയതെന്ന് thewire.in റിപ്പോര്‍്ട്ട് ചെയ്യുന്നു. ഉറക്ക ഗുളികകള്‍ അമിതമായി കഴിച്ച വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ധ്യാപകര്‍ തന്നോട് കാണിക്കുന്ന കടുത്ത വിവേചനങ്ങളെക്കുറിച്ച് ആത്മഹത്യാകുറിപ്പില്‍ കുട്ടി എഴുതിവച്ചിരുന്നു. കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന്റെ പേരില്‍ ഐപിസി 305ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

തന്നെ ഉപദ്രവിച്ച നാല് അദ്ധ്യാപകര്‍ക്കും പ്രിന്‍സിപ്പാളിനുമെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ കത്തില്‍ കുട്ടി ആവശ്യപ്പെടുന്നു. ഞാനൊരു ഭീകരനല്ല, ഒരു വിദ്യാര്‍ത്ഥി മാത്രമാണ് എന്നാണ് കുട്ടി പറയുന്നത്. എല്ലാ ദിവസവും എന്റെ ബാഗ് തുറന്നുപരിശോധിക്കുന്നു. ക്ലാസില്‍ പിന്‍ബഞ്ചില്‍ മാത്രമേ ഇരിക്കാന്‍ അനുവദിക്കുന്നുള്ളൂ. എന്തെങ്കിലും ചോദിച്ചാല്‍ ടീച്ചര്‍മാര്‍ ക്ലാസില്‍ നിന്ന് പുറത്താക്കുന്നു. ടീച്ചര്‍മാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം മൂലം മറ്റ് കുട്ടികളും എന്നോട് അകലം കാണിക്കുന്നു. തോക്ക് കൊണ്ടുവരുന്നു എന്ന് മറ്റും പറഞ്ഞ് കുട്ടിയെ നിരന്തരം അധിക്ഷേപിക്കുന്നതായി പരാതിയുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു.

കുട്ടിയോട് സംസാരിക്കരുതെന്ന് മറ്റ് കുട്ടികളെ ചട്ടം കെട്ടിയിരിക്കുകയാണ് അദ്ധ്യാപകര്‍ എന്നാണ് ഇവര്‍ പറയുന്നത്. സ്‌കൂളില്‍ ചേര്‍ന്ന് രണ്ട് മാസമാകുമ്പോളും ഇതാണ് അവസ്ഥ. കുട്ടിയുടെ അമ്മയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയ അദ്ധ്യാപകര്‍, കുട്ടി പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ എല്ലാവരുടേയും മുന്നില്‍ വച്ച് അമ്മ കുട്ടിയെ ശകാരിച്ചു. ഈ സംഭവം ചൂണ്ടിക്കാട്ടി അദ്ധ്യാപകര്‍ പിന്നീട് എല്ലാ ദിവസവും കുട്ടിയെ മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വച്ച് അപമാനിച്ചിരുന്നു എന്നാണ് പറയുന്നത്. അമ്മയുടെ സഹോദരിയോട് കുട്ടി പരാതി പറയുകയും സ്‌കൂളില്‍ വന്ന് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിന് ശേഷമാണ് ജീവനൊടുക്കാന്‍ കുട്ടി തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍