UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്ക് അക്കൗണ്ട്‌ വിവരങ്ങളടക്കം 13 കോടി ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

13 കോടി ആധാര്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായാണ് വാര്‍ത്ത. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി നാല് സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആധാര്‍ നമ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ചോര്‍ന്നതായുള്ള വിവരമാണ് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റേയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റേയും രണ്ട് വീതം വെബ്‌സൈറ്റുകളിലെ വിവരങ്ങളാണ് ചോര്‍ന്നത്. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനും ആദായ നികുതി അടയ്ക്കുന്നതിനും സബ്‌സിഡികള്‍ക്കും മറ്റും ആധാര്‍ നിര്‍ബന്ധമാക്കാനുമുള്ള തീരുമാനത്തിന് പിന്നാലെയാണ് ഗുരുതരമായ വീഴ്ച. 10 കോടിയ്ക്കടുത്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായാണ് കണ്ടെത്തല്‍.

നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (എന്‍എസ്എപി), നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരണ്ടി സ്‌കീം എന്ന തൊഴിലുറപ്പ് പദ്ധതി വെബ്‌സൈറ്റ്, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ചന്ദ്രണ്ണ ബീമ പദ്ധതി, ഡെയ്‌ലി ഓണ്‍ലൈന്‍ പെയ്‌മെന്റ് റിപ്പോര്‍ട്ട് എന്നിവയുടെ വെബ്‌സൈറ്റുകളിലാണ് ആധാര്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട് ആധാറിന്റെ സുരക്ഷയെ സംബന്ധിച്ച് തുടക്കം മുതലേയുള്ള ആശങ്കകളെ ശരി വയ്ക്കുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

ആധാര്‍ നമ്പര്‍, ജാതി, മതം, മേല്‍വിലാസം, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആര്‍ക്കും ലഭ്യമാകുംവിധം നല്‍കിയിരുന്നത്. പാസ് വേഡ് ഉപോയഗിച്ച് ലോഗ് ഇന്‍ ചെയ്യാത്തവര്‍ക്ക് പോലും വിവരങ്ങള്‍ ലഭ്യമാകും വിധമായിരുന്നു വെബ്സൈറ്റില്‍ നല്‍കിയിരുന്നത്. ചില വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം അവര്‍ക്കാണെന്ന് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍