UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാപം; 20 അന്വേഷണ ഉദ്യോഗസ്ഥരെ ഒറ്റദിവസം കൊണ്ട് സി ബി ഐ സ്ഥലംമാറ്റി

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട 50 ഓളം കേസുകള്‍ പാതി വഴിയില്‍ നില്‍ക്കുമ്പോഴാണ് പുതിയ നടപടി

വ്യാപം കേസ് അന്വേഷിക്കുന്ന 20 അന്വേഷണ ഉദ്യോഗസ്ഥരെ ഒറ്റദിവസം കൊണ്ട് സി ബി ഐ സ്ഥലംമാറ്റി. ഭോപ്പാലിലെ പ്രത്യേക വ്യാപം സ്കാം ബ്രാഞ്ചില്‍ നിന്നാണ് ഉദ്യോഗസ്ഥരെ മാറ്റിയത്. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട 50 ഓളം കേസുകള്‍ പാതി വഴിയില്‍ നില്‍ക്കുമ്പോഴാണ് പുതിയ നടപടി. ഡല്‍ഹിയില്‍ അഴിമതി വിരുദ്ധ ബ്രാഞ്ചിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

നൂറിലധികം ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് 2016ലാണ് സിബിഐ പ്രത്യേക വ്യാപം ബ്രാഞ്ച് തുടങ്ങിയത്. 20 പേരുടെ സ്ഥലം മാറ്റത്തോടെ ബ്രാഞ്ചിലെ 70 ശതമാനത്തോളം ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റം ചെയ്യപ്പെട്ടു എന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിഷയം വലിയ രാഷ്ട്രീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്ന സൂചനയുമായി കോണ്‍ഗ്രസ്സ് രംഗത്ത് എത്തിക്കഴിഞ്ഞു. “വ്യാപം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടത് ഏറെ പ്രതീക്ഷകളോടെയാണ്. എന്നാല്‍ അഴിമതിയില്‍ ഉള്‍പ്പെട്ട പലര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്ന രീതിയിലാണ് അന്വേഷണത്തിന്റെ പോക്ക്. ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിടുമെന്നാണ് തോന്നുന്നത്” കോണ്‍ഗ്രസ്സ് വക്താവ് കെ കെ മിശ്ര പറഞ്ഞു.

എന്നാല്‍ സിബിഐ വിശദീകരിക്കുന്നത് ബാക്കിയുള്ള 50 കേസുകളില്‍ 40 എണ്ണത്തിന്റെയും അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നാണ്. “നൂറില്‍ അധികം കേസുകളില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിക്കഴിഞ്ഞു. പല കേസുകളുടെയും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണ്. ഭോപ്പാലിലെ പ്രത്യേക അന്വേഷണ ബ്രാഞ്ച് പൂട്ടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.” ഒരു സിബിഐ ഓഫീസര്‍ പറഞ്ഞു.

2015 ജൂലൈ 13നു മധ്യപ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സില്‍ നിന്നും വ്യാപം കേസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തത്തിന് ശേഷം വേഗത്തില്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യപ്രവര്‍ത്തകരും പ്രതീക്ഷിച്ചത്. തുടക്കത്തില്‍ 40 അംഗ അന്വേഷണ സംഘത്തെയാണ് നിയമിച്ചത്. എന്നാല്‍ അധികം താമസിയാതെ തന്നെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിത്തരണമെന്ന് ഉദ്യോഗസ്ഥന്‍മാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയെന്ന് ചില വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ കേസിന്റെ അടിത്തട്ട് കണ്ടെത്താന്‍ ദശാബ്ദങ്ങള്‍ എടുക്കുമെന്നു ചില ഉദ്യോഗസ്ഥര്‍ ഭയന്നിരുന്നതാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍