UPDATES

ന്യൂസ് അപ്ഡേറ്റ്സ്

223000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; രക്ഷാ പ്രവര്‍ത്തനം യുദ്ധകാലടിസ്ഥാനത്തില്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കേന്ദ്രസേനയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നീ നാല് ജില്ലകളിലാണ് ഗുരുതരമായ സ്ഥിതിവിശേഷം തുടരുന്നതെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനം അവലോകനം ചെയ്തുകൊണ്ടുള്ള ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആയിരക്കണക്കിനാളുകള്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് തീവ്രമായി തുടരുന്നത്. പല ഇടത്തും മഴ ശക്തമായി തുടരുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായി രാവിലെ സംസാരിച്ചിരുന്നു.

കേന്ദ്രസേനയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് 52856 കുടുംബങ്ങളില്‍ നിന്നുള്ള 223000 പേര്‍ 1568 ദുരിതാശ്വാസക്യാംപുകളില്‍ കഴിയുന്നുണ്ട്. ആഗസ്റ്റ് 8 മുതല്‍ ഉള്ള കണക്കനു,സരിച്ച് 164 പേര്‍ മരണപ്പെട്ടു.

ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററുകളും, ബോട്ടുകളും രംഗത്തുണ്ട്. ചാലക്കുടി 3, എറണാകുളം 5, പത്തനംതിട്ട 1, ആലപ്പുഴ 1 ഹെലികോപ്ടറുകള്‍ ഉണ്ട്. ആലപ്പുഴയിലും പത്തനംതിട്ടയിലും ഹെലികോപ്റ്ററുകള്‍ തുടര്‍ന്ന് എത്തും. ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയിലേക്ക് രണ്ട് ഹെലികോപ്റ്റര്‍ പെട്ടെന്ന് തന്നെ എത്തിച്ചേരും. ഇത് കൂടാതെ പതിനൊന്ന് ഹെലികോപ്റ്റര്‍ കൂടി എയര്‍ ഫോഴ്‌സിന്റെ പക്കലുണ്ടാകും. അത് കൂടുതല്‍ പ്രശ്‌നമേഖലയിലേക്ക് അയക്കുന്നതിനായാകും ഉപയോഗിക്കുക.

പ്രതിരോധമന്ത്രിയോട് കൂടുതല്‍ ഹെലികോപ്റ്റുകളുടെ ആവശ്യകത അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള മറ്റ് സജ്ജീകരണങ്ങളും ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലത്തെ യോഗതീരുമാനം അനുസരിച്ച് തൃശ്ശൂര്‍, ചാലക്കുടി ആലുവ, ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലേക്കും കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാനായിട്ടുണ്ട്. 150തിലേറെ ബോട്ടുകള്‍ ഇന്ന് രാവിലെ തന്നെ എത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ചാലക്കുടി എന്നിവിടങ്ങളില്‍ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ ബോട്ട് വരെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അവരെ ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്തും.

ആര്‍മിയുടെ 16 ടീമുകള്‍ രംഗത്തുണ്ട്. വിവിധ മേഖലകളിലായി അവരുടെ ചുമതല നിര്‍വഹിക്കുന്നുണ്ട്. നാവികസേനയുടെ 13 ടീമുകള്‍ തൃശ്ശൂര്‍ ഉണ്ട്. 10 ടീമുകള്‍ വയനാട്ടിലും 4 ടീമുകള്‍ ചെങ്ങനന്നൂരിലും 12 ടീമുകള്‍ ആലുവയിലും, 3 ടീമുകള്‍ പത്തനംതിട്ട മേഖലയിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. എയര്‍ഫോഴ്‌സിന് പുറമേ നാവികസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ രംഗത്തുണ്ട്. കോസ്റ്റഗാര്‍ഡ് ടീമുകള്‍ 28 കേന്ദ്രങ്ങളിലുണ്ട്. രണ്ട് ഹെലികോപ്ടറുകളും അവര്‍ ഉപയോഗിക്കുന്നുണ്ട്. എല്‍ആര്‍എഫിന്റെ 39 ടീമുകള്‍ ഇപ്പോള്‍ രംഗത്തുള്ളത്. ഇതിന് പുറമേ 14 ടീമു കൂടി എത്തും. എല്‍ഡിആര്‍എഫ് മാത്രം നാലായിരത്തിലധികം പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നാവികസേന 550 പേരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് പ്രകാരം ഇടുക്കിയിലും വയനാട്ടിലും മഴ കുറഞ്ഞിട്ടുണ്ട്. റാന്നി കോഴഞ്ചേരി എന്നിവിടങ്ങളില്‍ വെള്ളം താഴ്ന്നിട്ടുണ്ട്. ചെങ്ങന്നൂരും, തിരുവല്ലയിലും വെള്ളത്തിന്റെ ഒഴുക്ക് ശക്തിയായിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. ഒറ്റപ്പെട്ട് പോയവര്‍ക്ക് ഹെലികോപ്ടറിലും ബോട്ടിലും ഭക്ഷണം കൊണ്ടെത്തിക്കുന്നുണ്ട്. ഇങ്ങനെ എത്തിക്കാനായി ആവശ്യമായുള്ള ഭക്ഷണപാക്കറ്റുകള്‍ സംഭരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസംസ്‌കരണ വിഭാഗം ഒരുലക്ഷം ഭക്ഷണപാക്കറ്റുകള്‍ എത്തിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ ഡിആര്‍ഡിഒയും ഭക്ഷണപാക്കറ്റുകള്‍ എത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതലയും നല്‍കിയിട്ടുണ്ട്.

കൂടുതല്‍ പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ നിന്ന് ഓരോ മണിക്കൂറിലും വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഓരോ നാല് മണിക്കൂറും ക്രോഡീകരിച്ചിട്ടുള്ള വിവരങ്ങള്‍ നല്‍കണം. അതനുസരിച്ചുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുക. വൈകുന്നേരം ഉന്നതതല യോഗം വീണ്ടും ചേരും. ഓരോ മേഖലയിലും പ്രത്യേകമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. അവരെല്ലാം സജീവമായി തന്നെ രക്ഷാപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രധാനമായും ചില പ്രദേശങ്ങള്‍ പ്രളയം ബാധിതമാകുമെന്ന് കണ്ടുള്ള വിവരങ്ങള്‍ കിട്ടുമ്പോള്‍ ഒഴിഞ്ഞു പോകാന്‍ തയാറാകണം. കൂടുതല്‍ ആപത്ത് വരാതിരിക്കാനാണ് ഒഴിഞ്ഞു പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന് ആളുകളുടെ കണക്ക് ജില്ലകളില്‍ എടുക്കുന്നുണ്ട്. ഇന്ന് പകലുകൊണ്ട് ഒറ്റപ്പെട്ട ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനായാണ് ഹെലികോപ്ടറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലകളും പ്രളയബാധിത മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞു. നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് കേന്ദ്രത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍. മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍