UPDATES

ട്രെന്‍ഡിങ്ങ്

അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; കോണ്‍ഗ്രസിനും സിധുവിന്റെ ഭാര്യയ്ക്കുമെതിരെ പ്രതിപക്ഷം

ഒഴിവാക്കാനാകുമായിരുന്ന ദുരന്തമെന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് കേന്ദ്ര മന്ത്രിയും അകാലി ദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആരോപിച്ചു.

പഞ്ചാബിലെ അമൃത്സറില്‍ ദസറ ആഘോഷത്തിനിടെ റെയില്‍വേ ട്രാക്കില്‍ നിന്നിരുന്ന ആള്‍ക്കൂട്ടത്തിലേയ്ക്ക് ട്രെയിന്‍ ഇടിച്ചുകയറിയുണ്ടായ ദുരന്തത്തില്‍ മരണം 61 ആയി. പൊലീസോ മറ്റ് അധികൃതരോ ക്രോസ് അടക്കുന്ന സമയം ആളുകളെ ഇവിടെ നിന്ന് നീക്കാന്‍ ശ്രമിച്ചില്ലെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരക്കേറിയ ഈ റെയില്‍വേ ട്രാക്കിന് സമീപം ഇത്തരമൊരു ആഘോഷത്തിന് അനുമതി നല്‍കിയതിനെക്കുറിച്ച് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം അപകടത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അമൃത്സര്‍ ഈസ്റ്റ് എംഎല്‍എയും കോണ്‍ഗ്രസ് മന്ത്രിയുമായ മുന്‍ ക്രിക്കറ്റ് താരം നവ്‌ജോത് സിംഗ് സിധുവിന്റെ ഭാര്യയായിരുന്നു ദസറ ആഘോഷ പരിപാടിയിലെ മുഖ്യാതിഥി.

ട്രെയിന്‍ ദുരന്തം – വീഡിയോ

ഒഴിവാക്കാനാകുമായിരുന്ന ദുരന്തമെന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് കേന്ദ്ര മന്ത്രിയും അകാലി ദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആരോപിച്ചു. ഗവണ്‍മെന്റിന്റേയും അധികൃതരുടേയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായിരിക്കുന്നത്. ഇതില്‍ അന്വേഷണം വേണം – ഹര്‍സിമ്രത് കൗര്‍ ബാദല്‍ പ്രതികരിച്ചു.

സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നും ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും സിധുവിന്റെ ഭാര്യയും അമൃത്സര്‍ ഈസ്റ്റിലെ മുന്‍ ബിജെപി എംഎല്‍എയുമായ നവ്‌ജോത് കൗര്‍ സിധു പ്രതികരിച്ചു. ദസറ ആഘോഷം എല്ലാ വര്‍ഷവും അവിടെ നടക്കുന്നതാണ്. ഞങ്ങള്‍ അവരോട് ട്രാക്കില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു എന്നാണോ നിങ്ങള്‍ പറയുന്നത്? ഞങ്ങളാണോ അവരുടെ പുറത്തുകൂടെ ട്രെയിന്‍ ഓടിച്ച് കയറ്റിയത്? – നവ്‌ജോത് കൗര്‍ ചോദിച്ചു. അപകടം നടന്നയുടന്‍ താന്‍ സ്ഥലം വിട്ടെന്ന ആരോപണം നവ്‌ജോത് കൗര്‍ നിഷേധിച്ചു. എന്റെ പ്രസംഗത്തിന് ശേഷം പകുതിയോളം പേര്‍ പിരിഞ്ഞുപോയിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ഞാന്‍ അപകടമുണ്ടായ കാര്യവും ആളുകള്‍ മരിച്ച കാര്യവുമറിഞ്ഞത്. പൊലീസ് കമ്മീഷണറെ വിളിച്ച് അങ്ങോട്ട് വരണോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അവിടെ ആകെ പ്രശ്‌നമായതിനാല്‍ വരേണ്ട എന്നായിരുന്നു കമ്മീഷണറുടെ മറുപടി. പരിക്കേറ്റവരുടെ കാര്യങ്ങള്‍ ആശുപത്രിയില്‍ ശ്രദ്ധിക്കുകയാണ് താന്‍ ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവായ നവ്‌ജോത് കൗര്‍ പറഞ്ഞു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ മിത്തു മദന്‍ ആയിരുന്നു പരിപാടിയുടെ പ്രധാന സംഘാടകന്‍. അകാലി ദള്‍ ഭരിക്കുമ്പോളും അവര്‍ ഇവിടെ തന്നെയാണ് ദസറ ആഘോഷം സംഘടിപ്പിച്ചിരുന്നത്. റെയില്‍വേ ആണ് ദുരന്തത്തിന് ഉത്തരവാദിയെന്നും അവര്‍ ആരോപിച്ചു. ഇത്തരത്തില്‍ വലിയ പരിപാടികള്‍ നടക്കുന്നയിടങ്ങളില്‍ ട്രെയിനുകള്‍ വേഗത കുറച്ചുവന്ന് നിര്‍ത്താറുണ്ട്. ഇത്രയും ആളുകള്‍ കൂടിനില്‍ക്കുന്ന പ്രദേശത്തേയ്ക്ക് ഇത്ര വേഗതയില്‍ എങ്ങനെ ട്രെയിന്‍ ഓടിക്കാന്‍ കഴിയും? – നവ്‌ജോത് കൗര്‍ ചോദിച്ചു.

അതേസമയം ട്രാക്കില്‍ ആളുകള്‍ കടന്നുകയറുകയായിരുന്നുവെന്നും ഒരുതരത്തിലും ഇവിടെ പരിപാടിക്ക് ഒരു തരത്തിലും അനുമതി നല്‍കിയിട്ടില്ലെന്നും റെയില്‍വെ പ്രതികരിച്ചു. പ്രാദേശിക ഭരണകൂടത്തിനാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും റെയില്‍വെ വ്യക്തമാക്കി. വലിയ തോതില്‍ പുകയുണ്ടായിരുന്നു ആ സമയം. ഡ്രൈവര്‍ക്ക് ദൂരെ നിന്നുള്ള കാഴ്ച വ്യക്തമായിരുന്നില്ല. നൂറ് കണക്കിനാളുകളാണ് ദസറ ആഘോഷങ്ങള്‍ കാണുന്നതിനായി ദോജ ഫടകിലെ റെയില്‍വേ ക്രോസിന് സമീപമുള്ള സ്ഥലത്ത് നിന്നിരുന്നത്. വൈകീട്ട് 7.15ഓടെയാണ് അപകമുണ്ടായത്. അമൃത്സര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ക്രോസിംഗ് ട്രെയിന്‍ കടന്നുപോകുന്നതിനായി ആ സമയം അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും രാവണ രൂപം കത്തിക്കുന്നത് കാണുന്നതിനായി ആളുകള്‍ ധാരാളമായി അവിടെ കൂടിനില്‍ക്കുകയായിരുന്നു. പലരും ഫോണില്‍ ഇതിന്റെ വീഡിയോ പകര്‍ത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ട്രെയിന്‍ വരുന്ന ശബ്ദം ആരും കേട്ടില്ല. ട്രെയിന്‍ ഇടിച്ച് ആളുകള്‍ പലയിടങ്ങളിലേയ്ക്ക് ചിതറിത്തെറിച്ചിരുന്നു.

മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ദുരന്ത സ്ഥലത്തേയ്ക്ക് തിരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തം ഹൃദയഭേദകമാണെന്ന്‌ മോദി ട്വീറ്റ് ചെയ്തു.

യുഎസിലുള്ള റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. റെയില്‍വെ സഹമന്ത്രി മനോജി സിന്‍ഹ അപകടസ്ഥലം സന്ദര്‍ശിക്കുകയും റെയില്‍വെ അന്വേഷണം തുടങ്ങിയതായി അറിയിക്കുകയും ചെയ്തു. എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍