UPDATES

77 ബാറുകള്‍ ഇന്ന് തുറക്കുന്നു; കൂടുതല്‍ ബാറുകള്‍ എറണാകുളത്ത്

രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പുതുക്കിയ പ്രവര്‍ത്തനസമയം.

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 77 ബാറുകള്‍ ഇന്ന് തുറക്കും. നാല് ബാറുകളുടെ അപേക്ഷ നിലവില്‍ എക്‌സൈസ് കമ്മിഷണറുടെ പരിഗണനയിലാണ്. 2112 കള്ളുഷാപ്പ് ലൈസന്‍സുകളും പുതുക്കി നല്‍കിയിട്ടുണ്ട്. രണ്ടായിരത്തിലേറെ കള്ളുഷാപ്പുകള്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ചിട്ടില്ല. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പുതുക്കിയ പ്രവര്‍ത്തനസമയം. നേരത്തേ ഇത് രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് മണി വരെയായിരുന്നു. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ത്രീ സ്റ്റാറിന് മുകളില്‍ പദവിയുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് 500 മീറ്റര്‍ അകലവും ഉണ്ടായിരിക്കണം.

ഇന്നലെ വരെ 81 പേരാണ് ലൈസന്‍സിനായി അപേക്ഷിച്ചത്. അതില്‍ 77 പേര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ട്. നാല് അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാകാനുണ്ട്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ ബാറുകള്‍ തുറക്കുക – 20 എണ്ണം. തിരുവനന്തപുരം- 11, തൃശൂര്‍- ഒന്‍പത്, കണ്ണൂര്‍- എട്ട്, കോട്ടയം- ആറ്, പാലക്കാട്- ആറ്, കോഴിക്കോട്- അഞ്ച്, മലപ്പുറം- നാല്, ആലപ്പുഴ- രണ്ട്, വയനാട്- രണ്ട്, ഇടുക്കി- ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ തുറക്കുന്ന ബാറുകളുടെ എണ്ണം. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

2014 മാര്‍ച്ച് 31-നുമുമ്പ് സംസ്ഥാനത്ത് 730 ബാറാണുണ്ടായിരുന്നത്. ഇതില്‍ 412 എണ്ണം നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സര്‍ക്കാര്‍ പൂട്ടുകയായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും അതിന് മുകളില്‍ ഉള്ളവയ്ക്കും മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്തിയപ്പോള്‍ 318 കൂടി പൂട്ടി. ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന പല ഹോട്ടലുകളും നിലവാരമുയര്‍ത്തിയെങ്കിലും പലതിനും നക്ഷത്ര പദവികള്‍ ലഭിച്ചിട്ടില്ല. ചില ഹോട്ടലുകള്‍ക്ക് നക്ഷത്രപദവി ലഭിച്ചെങ്കിലും ദേശീയ, സംസ്ഥാന പാതയുടെ 500 മീറ്റര്‍ ദൂരപരിധി പ്രതികൂലമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍