UPDATES

ട്രെന്‍ഡിങ്ങ്

“സുപ്രീം കോടതിയിലെ ഭിന്നത ഇല്ലെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു”

ഭരണഘടനാ സാധുത നല്‍കിയ നിരാശയ്ക്കിടയിലും സുപ്രീം കോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്ന് ആധാറിനെതിരെ സജീവമായി പ്രചാരണം നടത്തുന്ന വ്യക്തികളിലൊരാളായ അനിവര്‍ അരവിന്ദ് അഴിമുഖത്തോട് പറഞ്ഞു

ആധാറിന് ഭരണഘടനാ സാധുത നല്‍കിയ നിരാശയ്ക്കിടയിലും സുപ്രീം കോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്ന് ആധാറിനെതിരെ സജീവമായി പ്രചാരണം നടത്തുന്ന വ്യക്തികളിലൊരാളും ഐടി വിദഗ്ധനുമായ അനിവര്‍ അരവിന്ദ് അഴിമുഖത്തോട് പറഞ്ഞു. നേരത്തെ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ ബഞ്ച് മാറിയ സാഹചര്യമുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള പുതിയ ബഞ്ച് ആണ് വാദം കേട്ടത്. ഈ ബഞ്ചിന്‍റെ 38 ദിവസത്തെ വാദം കേള്‍ക്കല്‍ വച്ച് നോക്കുമ്പോള്‍ ഈ വിധി പോസിറ്റീവ് ആണ് എന്നാണ് ഉദ്ദേശിച്ചത്. സുപ്രീം കോടതിയിലെ പ്രതിസന്ധിയും ഭിന്നതകളും കേസിനെ ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഇല്ലാതിരുന്നെങ്കില്‍ ആധാര്‍ ഭരണഘടനാവിരുദ്ധമാണ് എന്ന വിധി തന്നെ വരുമായിരുന്നു എന്നാണ് കരുതുന്നത്. അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച പണ ബില്ലിന് (മണി ബില്‍) അംഗീകാരം നല്‍കിയതില്‍ ചീഫ് ജസ്റ്റിസ് രൂപീകരിച്ച അഞ്ചംഗ ബഞ്ചിലെ ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

ആധാര്‍ നിയമത്തിലെ 33 (2), 47, 57 വകുപ്പുകള്‍ റദ്ദാക്കിയ സുപ്രീം കോടതി തീരുമാനവും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ന്യൂനപക്ഷ വിധി ന്യായവും പോസിറ്റീവായതും പ്രതീക്ഷ നല്‍കുന്നതുമാണെന്ന് അനിവര്‍ അഭിപ്രായപ്പെട്ടു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട 33ാം വകുപ്പ് റദ്ദാക്കിയിരിക്കുന്നു. സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് അടക്കം യുഐഡിഎഐയ്‌ക്കെതിരെ (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) പരാതി നല്‍കാന്‍ വ്യക്തികള്‍ക്ക് കഴിയും എന്ന് വളരെ പോസിറ്റീവായ കാര്യമാണ്. നേരത്തെ ഇത് സാധ്യമായിരുന്നില്ല. ആധാര്‍ നിയമത്തിലെ 47ാം വകുപ്പ് റദ്ദാക്കിയതോടെ ഈ ഇത് സാധ്യമാകും. ഏത് ആവശ്യത്തിനും വ്യക്തികളുടെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിനും സ്വകാര്യ ഏജന്‍സികള്‍ക്കും അനുമതി നല്‍കുന്ന സെക്ഷന്‍ 57 റദ്ദാക്കിയിരിക്കുന്നു.

സ്‌കൂള്‍ പ്രവേശനത്തിനും മറ്റും ആധാര്‍ നിര്‍ബന്ധമാക്കിയ തീരുമാനം എടുത്തുകളഞ്ഞതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. രക്ഷിതാക്കളുടെ/മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികള്‍ക്ക് ആധാര്‍ എടുപ്പിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. അതേസമയം യാതൊരു നിയമനിര്‍മ്മാണവുമില്ലാതെ വ്യക്തികളുടെ അനുവാദമില്ലാതെ വിവരശേഖരണം നടത്തിയതടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട് ഇനിയും ജനങ്ങള്‍ ഇക്കാര്യത്തില്‍ കുറേ കാലത്തേയ്ക്ക് ബുദ്ധമുട്ട് അനുഭവിക്കേണ്ടി വരുമെന്നും അനിവര്‍ ചൂണ്ടിക്കാട്ടി.

വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന സാഹചര്യത്തിലും സുരക്ഷയെക്കുറിച്ചും സാങ്കേതികവിദ്യയെക്കുറിച്ചുമുള്ള ധാരണാ കുറവ് സുപ്രീം കോടതി വിധിയില്‍ പ്രതിഫലിക്കുന്നുണ്ട്. ടെക്‌നോളജിസ്റ്റുകള്‍ക്കെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇത് മനസിലാകുന്നുണ്ട്. ആധാറിന്‍റെ സാങ്കേതികവിദ്യയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള വിധിന്യായം എന്ന പ്രശ്നമുണ്ട്. പവര്‍ പോയിന്റ് പ്രസന്റേഷന്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആധാര്‍ സുരക്ഷ ഉറപ്പെന്ന കോടതി നിരീക്ഷണം എന്ന കാര്യം ദൗര്‍ഭാഗ്യകരമാണ് (ഏകീകൃത തിരിച്ചറിയൽ അതോറിറ്റി CEO ഡോ. അജയ് ഭൂഷൺ പാണ്ഡെയുടെ പവർ പോയിന്റ് പ്രെസെന്റേഷൻ) എന്നും അനിവര്‍ പറഞ്ഞു. നിയമം കൊണ്ടുവരുന്നതിന് മുമ്പുള്ള വിവരം ശേഖരണം, ഡാറ്റ ചോര്‍ച്ച തുടങ്ങിയവയൊന്നും പരിഗണിക്കാതെയാണ് ജസ്റ്റിസ് എകെ സിക്രിയുടെ ആധാര്‍ സുരക്ഷ സംബന്ധിച്ച വിധിന്യായം. പണം കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റിന്റേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ആധാറുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങള്‍ വളരെ സാവധാനത്തിലായിരിക്കും മുന്നോട്ട് പോവുക. ഈ സമയത്തിനുള്ള നിരവധി പേര്‍ തട്ടിപ്പിനിരയാകും. നിരവധി പേര്‍ മരിക്കും. ഒടുവില്‍ ആധാറും അവസാനിക്കും. ആധാറിനെ മനസിലാക്കുന്ന, ബോധ്യപ്പെടുത്തുന്ന പരിപാടി വേഗത്തിലാക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. ആധാറിന്റെ കാര്യത്തില്‍ രാഷ്ട്രീയ പരിഹാരമാണ് ആവശ്യം.

ആദായനികുതി റിട്ടേണിന് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്ന ആദായനികുതി നിയമത്തിലെ 139എഎ വകുപ്പിന് സുപ്രീം കോടതി സാധുത നല്‍കിയിരിക്കുന്നു. അതേസമയം മുഴുവന്‍ വിധിപകര്‍പ്പും ലഭ്യമായ ശേഷം മാത്രമേ ഇതേക്കുറിച്ച് വിശദമായി പറയാന്‍ കഴിയൂ എന്ന് അനിവര്‍ പറയുന്നു.
ബംഗളൂരുവില്‍ സ്വകാര്യ ഐ ടി കമ്പനി ജീവനക്കാരനും ഐടി ആക്ടിവിസ്റ്റുമായ അനിവര്‍, ആധാറിനെതിരെ സോഷ്യല്‍ മീഡിയ കാംപെയിനിലൂടെയും വസ്തുതാപരിശോധനകളിലൂടെയും ശ്രദ്ധേയനാണ്.

ആധാര്‍ സ്വകാര്യതക്ക് എതിരോ?; നിര്‍ണായക സുപ്രീം കോടതി വിധി ഇന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍