UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധി വിളിച്ചില്ല, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് എഎപി

രാഹുലിന് മോദിയെ കെട്ടിപ്പിടിക്കാമെങ്കില്‍ എന്തുകൊണ്ട് കെജ്രിവാളിനെ വിളിച്ചുകൂടാ എന്നാണ് സഞ്ജയ് സിംഗ് ചോദിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തങ്ങളെ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിക്കാത്തതിനാല്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തന്റെ പാര്‍ട്ടി പ്രതിനിധിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ഹരിവംശ് നാരായണ്‍ സിംഗിന് പിന്തുണ അഭ്യര്‍ത്ഥിച്ച് അരവിന്ദ് കെജ്രിവാളിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാവില്ലെന്ന എഎപിയുടെ നിലപാട് കെജ്രിവാള്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് തങ്ങളുടെ പിന്തുണ വേണ്ടാത്തതിനാല്‍ ഈ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് എഎപി രാജ്യസഭ എംപിമാരിലൊരാളായ സഞ്ജയ് സിംഗ് ട്വിറ്ററില്‍ പറഞ്ഞു. കെജ്രിവാള്‍ ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് രാജ്യസഭാംഗങ്ങളാണ് എഎപിയ്ക്കുള്ളത്.

രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പ്രതിനിധിയായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാം എന്നാണ് കഴിഞ്ഞ ദിവസം എഎപി അറിയിച്ചിരുന്നത്. കോണ്‍ഗ്രസിലെ ബികെ ഹരിപ്രസാദ് ആണ് പ്രതിപക്ഷത്തിന്റെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി. രാഹുലിന് മോദിയെ കെട്ടിപ്പിടിക്കാമെങ്കില്‍ എന്തുകൊണ്ട് കെജ്രിവാളിനെ വിളിച്ചുകൂടാ എന്നാണ് സഞ്ജയ് സിംഗ് ചോദിക്കുന്നത്. സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ പ്രതിപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അത്താഴവിരുന്നുകളിലേയ്‌ക്കൊന്നും ആം ആദ്മി പാര്‍ട്ടി നേതാക്കളെ ക്ഷണിക്കാറില്ല. കര്‍ണാടകയിലെ കുമാരസ്വാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കെത്തിയപ്പോളും സോണിയയോ രാഹുലോ കെജ്രിവാളിനെ കണ്ട ഭാവം നടിച്ചില്ല. പഞ്ചാബിലും ഡല്‍ഹിയിലും എഎപിയുമായി ധാരണയുണ്ടാക്കുന്നതിനെപറ്റിയുള്ള ആലോചനകള്‍ കോണ്‍ഗ്രസില്‍ വന്നിരുന്നെങ്കിലും സംസ്ഥാന ഘടകങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇതില്‍ നിന്ന് നേതൃത്വം പിന്‍വാങ്ങുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍