UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാനിപ്പോഴും ജയിലില്‍ ആണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു; മദനി

കേരളത്തില്‍ വരാന്‍ സാഹചര്യം ഒരുക്കിയ എല്ലാവര്‍ക്കും നന്ദി

താനിപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ അല്ല കഴിയുന്നതെന്നും മൂന്നു വര്‍ഷം മുമ്പ് ജാമ്യം കിട്ടിയെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. ഒരു വര്‍ഷത്തിനുശേഷം കേരളത്തില്‍ എത്തിയ മദനി കൊച്ചി വിമാനത്താവളത്തില്‍വച്ച് സംസാരിക്കുകയായിരുന്നു. താനിപ്പോഴും ജയിലില്‍ ആണെന്നു തെറ്റിദ്ധരിക്കുന്നവരുണ്ട്. ആരോഗ്യപ്രശ്‌നങ്ങളാലുള്ള ജാമ്യമല്ല കിട്ടിയത്. സ്വതന്ത്രമായ ജാമ്യമാണ്. ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന നിബന്ധന മാത്രമേയുള്ളൂ. ഈ നിബന്ധനയില്‍ മാറ്റം വരുത്താനായാണ് എന്‍ ഐ എ കോടതിയെയും സുപ്രിം കോടതിയേയും സമീപിച്ചത്. അപ്പോഴാണ് ഇത്രയും ക്രൂരമായ സമീപനമുണ്ടായതെന്നും മദനി പറഞ്ഞു.

സുപ്രിം കോടതിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്നും ഇടപെട്ട എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും മദനി പറഞ്ഞു. ജാതിമതഭേദമന്യേ കേരളത്തിലെ ആളുകളും മനുഷ്യാവകാശ പക്ഷത്തു നില്‍ക്കുന്നവരും കേരള സര്‍ക്കാരും പ്രതിപക്ഷവും അഭിഭാഷകരും തനിക്ക് വേണ്ടി ഇടപെട്ടു. എല്ലാവരും നീതിയുടെ പക്ഷത്തു നിന്നു. ഈ സമീപനത്തിലും ഇടപെടലിലും വളരെയധികം നന്ദിയുണ്ട്. മദനി പറഞ്ഞു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗബാധിതയായ മാതാവിനെ സന്ദര്‍ശിക്കുന്നതിനുമാണ് മദനിക്ക് സുപ്രിം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.

ഒരു വര്‍ഷത്തിനുശേഷം കേരളത്തില്‍ എത്തിയ മദനിയെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആവേശപൂര്‍വമാണ് സ്വീകരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മദനിയെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എതിരേറ്റു. വിമാനത്താവളത്തില്‍ നിന്നും കൊല്ലത്ത് അന്‍വാര്‍ശേരിയിലേക്ക് മദനി പുറപ്പെട്ടു. കര്‍ണാടക പൊലീസിലെ അസി. കമ്മിഷണറും സി ഐ യും മദനിക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നു. അന്‍വാര്‍ശേരിയിലേക്കുള്ള യാത്രയില്‍ മദനിയുടെ വാഹനത്തിന് അകമ്പടിയായി രണ്ടു പൊലീസ് വാഹനങ്ങളും ഉണ്ടായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍