UPDATES

എബി വാജ്പേയ് അന്തരിച്ചു

മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നു. 1996ലാണ് ആദ്യമായി പ്രധാനമന്ത്രിയായത്.

മുന്‍ പ്രധാനമന്ത്രി എബി വാജ്പേയ് അന്തരിച്ചു. 93 വയസായിരുന്നു. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജൂണ്‍ 11ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില കഴിഞ്ഞ ദിവസം മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നു. പത്ത് തവണ ലോക് സഭാംഗമായി.

1996ലാണ് ആദ്യമായി പ്രധാനമന്ത്രിയായത്. എന്നാല്‍ വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 13 ദിവസത്തിന് ശേഷം രാജി വച്ചു. അങ്ങനെ ഏറ്റവും കുറച്ച് ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയായി. 1998ല്‍ വീണ്ടും പ്രധാനമന്ത്രിയായി. എന്‍ഡിഎ മുന്നണിയെ വിജയത്തിലേയ്ക്ക് നയിച്ച് അധികാരത്തിലെത്തി. 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വന്നെങ്കിലും ഈ സര്‍ക്കാരും കാലാവധി പൂര്‍ത്തിയാക്കിയില്ല. ബിജെപിയുടെ സ്ഥാപക ദേശീയ പ്രസിഡന്റാണ്. 1993 മുതല്‍ 96 വരെയും 1996-97 കാലത്തും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാപക ചെയര്‍മാനായിരുന്നു. ആര്‍എസ്എസിലൂടെ സംഘടനാപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം ഭാരതീയ ജനസംഖിലും ജനത പാര്‍ട്ടിയിലും പിന്നീട് ബിജെപിയിലും പ്രവര്‍ത്തിച്ചു.

1974ലെ ആദ്യ അണുബോംബ് പരീക്ഷണത്തിന് ശേഷം പൊഖ്റാനില്‍ ഇന്ത്യ രണ്ടാമത് ആണവ പരീക്ഷണം നടത്തിയത് 1998ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു. ഇന്ത്യ ഏറ്റവുമൊടുവില്‍ യുദ്ധം നേരിട്ടതും വാജ്‌പേയിയുടെ കാലത്താണ് – 1999ലെ കാര്‍ഗില്‍ യുദ്ധം. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷമുള്ള സമാധാന പുനസ്ഥാപനത്തിനായി പാകിസ്താനിലെ ലാഹോറിലേക്ക് വാജ്പേയി നടത്തിയ ബസ് യാത്രയും പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് ഷരീഫുമായി നടത്തിയ ചര്‍ച്ചയും പിന്നീട് പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫുമായി ആഗ്രയില്‍ നടത്തിയ ചര്‍ച്ചയും ശ്രദ്ധേയമായിരുന്നു. 1999ല്‍ ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചി യാത്രക്കാരെ അഫ്ഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ബന്ദികളാക്കി വച്ചതും 2001ല്‍ പാര്‍ലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണവും വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോളായിരുന്നു. 2002ല്‍ മുസ്ലീങ്ങളെ ലക്‌ഷ്യം വച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൂട്ടക്കൊലകളുടെ സമയത്ത്, അന്ന് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേത്രുത്വത്തിലുള്ള സര്‍ക്കാര്‍ കലാപകാരികള്‍ക്ക് സഹായം നല്‍കുന്നതായി പരാതി ഉയര്‍ന്നു. വാര്‍ത്താസമ്മേളനത്തില്‍ മോദിയെ അടുത്തിരുത്തിക്കൊണ്ട് ‘രാജധര്‍മ്മം’ പാലിക്കാന്‍ വാജ്പേയ് നിര്‍ദ്ദേശിച്ചതും മോദി അസ്വസ്ഥനായതും വലിയ ചര്‍ച്ചയായിരുന്നു. 2004ല്‍ ബിജെപിയുടേയും എന്‍ഡിഎയുടേയും തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞു.

1924 ഡിസംബര്‍ 25ന് ഗ്വാളിയോറിലാണ് എബി വാജ്‌പേയിയുടെ ജനനം. കൃഷ്ണ ബിഹാരി (ഗൗരി ശങ്കര്‍ എന്നും അറിയപ്പെട്ടിരുന്നു) വാജ്‌പേയിയുടേയും കൃഷ്ണ ദേവിയുടേയും മകനായി. ഗ്വാളിയോറിലെ സരസ്വതി ശിശു മന്ദിറില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. നിലവില്‍ ലക്ഷ്മിബായ് കോളേജ് എന്നറിയപ്പെടുന്ന അന്നത്തെ വിക്ടോറിയ കോളേജില്‍ നിന്നാണ് വാജ്‌പേയ് ബിരുദം നേടിയത്. പിന്നീട് കാണ്‍പൂരിലെ ഡിഎവി കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ. 1939ല്‍ 14ാം വയസില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് തുടങ്ങി. പിന്നീട് ആര്യസമാജിന്റെ യുവജനസംഘടനയായ ആര്യകുമാര്‍ സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1944ല്‍ ആര്യകുമാര്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായി. 1947ല്‍ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഥവാ പ്രചാരക് ആയി. ഇന്ത്യ വിഭജന കാലത്തെ വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് നിയമ പഠനം ഉപേക്ഷിച്ചു. യുപിയില്‍ (ഇന്നത്തെ ഉത്തര്‍പ്രദേശ്, അന്ന് യുണൈറ്റഡ് പ്രൊവിന്‍സ്) പ്രചാരകനായി വാജ്‌പേയിയെ ആര്‍എസ്എസ് നിയോഗിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായയ്‌ക്കൊപ്പം ആര്‍എസ്എസ് പ്രസിദ്ധീകരണങ്ങളായ രാഷ്ട്രധര്‍മ്മയിലും പാഞ്ചജന്യയിലും പ്രവര്‍ത്തിച്ചുതുടങ്ങി. സ്വദേശ് വീര്‍ അര്‍ജ്ജുന്‍ തുടങ്ങിയ സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു.

ക്വിറ്റ് ഇന്ത്യ സമരത്തിനും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനും എതിരായതും ബ്രിട്ടീഷ് ഗവണ്‍മെന്റിന് അനുകൂലമായതുമായ നിലപാടുകളാണ് ആര്‍എസ്എസ് സ്വീകരിച്ചിരുന്നതെങ്കിലും വാജ്‌പേയിയും അദ്ദേഹത്തിന്റെ സഹോദരന്‍ പ്രേമും സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചതായി സംഘപരിവാര്‍ അവകാശപ്പെട്ടിരുന്നു. 1942 ഓഗസ്റ്റിലായിരുന്നു ഇത്. എന്നാല്‍ 1942 സെപ്റ്റംബര്‍ ഒന്നിന് ബ്രിട്ടീഷ് കോടതി മജിസ്‌ട്രേറ്റിന് മുന്നില്‍ താന്‍ ചെയ്തത് തെറ്റായി പോയി എന്നും ആള്‍ക്കൂട്ടത്തില്‍ വെറുതെ നടന്നു എന്താണ് നടക്കുന്നത് എന്നറിയാന്‍ പോയപ്പോള്‍ സമരത്തില്‍ പെട്ട് പോയതാണെന്നും വാജ്‌പേയി പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ ഒരു പ്രക്ഷോഭത്തിലും താന്‍ പങ്കെടുക്കില്ലെന്നും വാജ്പേയ് ഉറപ്പ് നല്‍കി. വാജ്പേയിയുടെ കോടതിയിലെ ഈ മൊഴി 1970കളില്‍ തന്നെ ബ്ലിറ്റ്സ് പുറത്തുവിട്ടിരുന്നു. പിന്നീട് ഫ്രണ്ട് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു.

1952ലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലക്‌നൗവില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1957ല്‍ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. 1975 ജൂണ്‍ 25ന് ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പിറ്റേ ദിവസം രാവിലെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ വാജ്‌പേയി ആയിരുന്നു. അതേസമയം ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്ദിര ഗാന്ധിക്ക് മാപ്പപേക്ഷ കത്ത് നല്‍കിയതായും പരോള്‍ നേടിയിരുന്നതായും നിലവിലെ ബിജെപി എംപിയും അന്നത്തെ ജനത പാര്‍ട്ടി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. 1977ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ജനത പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി. ആര്‍എസ്എസ് അംഗത്വം ജനതാ പാര്‍ട്ടിക്കുള്ളില്‍ വിവാദമായപ്പോള്‍ വിദേശകാര്യ മന്ത്രിയായിരുന്ന വാജ്‌പേയിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്ന എല്‍കെ അദ്വാനിയും രാജി വച്ചു.

1980ല്‍ ബിജെപി രൂപം കൊണ്ടപ്പോള്‍ ആദ്യ ദേശീയ പ്രസിഡന്റായി. എന്നാല്‍ 80കളില്‍ അയോധ്യയിലെ രാമജന്മഭൂമി പ്രശ്‌നമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യത്താകെ വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടും കലാപങ്ങള്‍ക്ക് തിരികൊളുത്തിയും എല്‍കെ അദ്വാനി മുന്നോട്ട് പോയപ്പോള്‍ അദ്വാനിയുടെ നിഴലിലായി സംഘപരിവാറില്‍ വാജ്‌പേയി. 1991ല്‍ പിവി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്വാനിയായിരുന്നു പ്രതിപക്ഷ നേതാവ്. 93ല്‍ വാജ്‌പേയ് പ്രതിപക്ഷ നേതാവായി വീണ്ടും ബിജെപിയുടെ പാര്‍ലമെന്ററി നേതൃമുഖമായി. 1996ല്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആയി മാറി. 1996 മേയ് 16ന് വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക് സഭയിലെ വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 13 ദിവസത്തിന് ശേഷം രാജി വച്ചു. 1998ലും 99ലും വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു.

ജയലളിതയുടെ എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ 1998ല്‍ അധികാരത്തില്‍ വന്ന വാജ്‌പേയ് സര്‍ക്കാര്‍ വീണു. 1999 ഏപ്രില്‍ 17ന്റെ വിശ്വാസവോട്ടില്‍ വാജ്‌പേയ് സര്‍ക്കാര്‍ പരാജയപ്പെട്ടു. 1999 ഒക്ടോബറില്‍ അധികാരത്തില്‍ വന്ന വാജ്പേയി സര്‍ക്കാരിനും കാലാവധി പൂര്‍ത്തിയാക്കാനായില്ല. കാര്‍ഗില്‍ സൈനികര്‍ക്ക് വേണ്ടിയുള്ള ശവപ്പെട്ടി വാങ്ങുന്നതിലെ അഴിമതിയും ബിജെപി ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണെ ആയുധ കോഴ ഇടപാടില്‍ കുടുക്കിയ ടെഹല്‍ക്ക സ്റ്റിംഗ് ഓപ്പറേഷനും അടക്കം വലിയ വിവാദങ്ങളാണ് സര്‍ക്കാര്‍ നേരിട്ടത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ത്വരിതപ്പെടുത്തിയതും ആദ്യമായി പൊതുമേഖല ഓഹരികള്‍ വിറ്റഴിക്കുന്നതിനായി മന്ത്രാലയം രൂപീകരിച്ചതും വാജ്പേയി സര്‍ക്കാര്‍ ആയിരുന്നു.
2004ലെ ലോക് സഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത വാജ്പേയി പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ല. എല്‍കെ അദ്വാനി വീണ്ടും പ്രതിപക്ഷ നേതാവായി. പൊതുവേദികളില്‍ നിന്ന് പതിയെ അപ്രത്യക്ഷനാവുകയായിരുന്നു വാജ്പേയി പിന്നീട്. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ വാജ്പേയിയെ അലട്ടിയിരുന്നു.

2009ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സംസാരശേഷി നഷ്ടമായി. വീല്‍ചെയറിന്റെ സഹായം അനിവാര്യമായി. അല്‍ഷിമേഴ്‌സ് ബാധിതനായതിനെ തുടര്‍ന്ന് ആളുകളെ തിരിച്ചറിയാതെയുമായി. എയിംസിലെ പതിവ് ചെക്ക് അപ്പുകള്‍ക്കൊഴിച്ചാല്‍ അദ്ദേഹം മിക്കവാറും വീടിനകത്ത് തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ജൂണ്‍ 11ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വാജ്പേയിയുടെ നില ഗുരുതരമാണെന്നും ജീവന്‍രക്ഷാ ഉപോധികള്‍ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് എന്നും എയിംസ് വാര്‍ത്താക്കുറിപ്പ് വഴി അറിയിച്ചത്.

മികച്ച പ്രാസംഗികന്‍, പാര്‍ലമെന്റേറിയന്‍ എന്നതിനെല്ലാം പുറമേ കവി, സംഗീതാരാധകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും വാജ്‌പേയി പ്രശസ്തനായി. 1992ല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലയന്‍ ബഹുമതിയായ പദ്മവിഭൂഷണ്‍ പുരസ്‌കാരം നേടി. 2015ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌നയും അദ്ദേഹത്തിന് നല്‍കി. India’s Foreign Policy: New Dimensions (1977), Assam Problem: Repression no Solution (1981), Atal Bihari Vaj Mem Tina Dasaka (1992), Pradhan Mantri Atal Bihari Vajpayee Ke Chune Hue Bhashana (2000), Values, Vision & Verses of Vajpayee: India’s Man of Destiny (2001), Dynamics of an Open Society (1977), Kucha Lekha, Kucha Bhashana (1996) തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. Meri Ikyavana Kavitaem (1995), Meri Ikyavana Kavitaem (Hindi Edition, 1995), Sreshtha Kabita (1997), Nayi Disha (1995), Kya Khoya Kya Paya: Atal Bihari Vajapeyi, Vyaktitva Aur Kavitaem (Hindi Edition, 1999), Samvedna (1995), Twenty-One Poems (2003) എന്നിവയാണ് കവിതകള്‍. ഇതില്‍ നയി ദിശയും സംവേദനയും ഗസല്‍ ഗായകന്‍ ജഗ്ജീത് സിംഗ് ആല്‍ബങ്ങളാക്കി മാറ്റി. അവിവാഹിതനായി തുടര്‍ന്ന വാജ്പേയിക്ക് ഒരു ദത്തുപുത്രിയുണ്ട് – നമിത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍