UPDATES

വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണാനെത്തിയ ചന്ദ്രബാബു നായിഡുവിന്റെ സംഘത്തില്‍ ഇവിഎം മോഷണ കേസ് പ്രതിയും

ടിഡിപി സംഘത്തില്‍ ഇവിഎം മോഷണ കേസ് പ്രതിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, കമ്മീഷന്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് എന്നാണ് ടിഡിപിയുടെ മറുപടി.

മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണാനെത്തിയ ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തില്‍ വോട്ടിംഗ് യന്ത്രം മോഷ്ടിച്ച കേസിലെ പ്രതി ഉള്‍പ്പെട്ടത് വിവാദമായി. വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് ആരോപിച്ച് ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള നായിഡുവിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ടിഡിപി സംഘത്തില്‍ ഇവിഎം മോഷണ കേസ് പ്രതിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, കമ്മീഷന്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് എന്നാണ് ടിഡിപിയുടെ മറുപടി.

വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച പരാതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ന്യൂഡല്‍ഹിയില്‍ ചേരാനിരിക്കെയാണ് ടിഡിപിയുടെ മറുപടി. ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായ ആന്ധ്രപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം വോട്ടിംഗ് മെഷിന്‍ സംബന്ധിച്ച വ്യാപക പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവഗണിക്കുകയാണ് എന്ന് ടിഡിപി കുറ്റപ്പെടുത്തുന്നു. യഥാര്‍ത്ഥ പ്രശ്‌നം കാണാതെയാണ് ഇത്തരം വിഷയങ്ങള്‍ കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്നത്. ആന്ധ്രപ്രദേശിലെ മുപ്പത് മുതല്‍ 40 ശതമാനം വരെ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ട് എന്ന് ചന്ദ്രബാബു നായിഡു ആരോപിക്കുന്നു. 150 പോളിംഗ് സ്‌റ്റേഷനുകളില്‍ റീ പോളിംഗ് വേണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും നായിഡു ആരോപിച്ചു.

2010ല്‍ വോട്ടിംഗ് യന്ത്രം മോഷ്ടിച്ച കേസില്‍ പ്രതിയായ ആള്‍ എങ്ങനെ ടിഡിപി സംഘത്തില്‍ ഉള്‍പ്പെട്ടു എന്നാണ് കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിക്കുന്നത്. ഹരിപ്രസാദ് വെമുരു എന്നയാണ് 2010ല്‍ മുംബൈയിലെ ഇവിഎം മോഷണ കേസ് പ്രതി. അതേസമയം ഒമ്പത് വര്‍ഷമായിട്ടും ഹരിപ്രസാദ് വെമ്രുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും യുഎസിലെ ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍ പയനിയര്‍ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വെമ്രുവെന്നുമെല്ലാമാണ് ടിഡിപിയുടെ ന്യായീകരണം. ഇന്ത്യന്‍ വോട്ടിംഗ് മെഷിനുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളയാളാണ് ഹരിപ്രസാദ് വെമ്രു എന്നും ടിഡിപി പറയുന്നു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായിരുന്ന എസ് വൈ ഖുറേഷിയും വിഎസ് സമ്പത്തും അടക്കമുള്ളവര്‍ വെമ്രുവിന്റെ ആശയങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. വിവിപാറ്റ് (വോട്ടര്‍ വെരിഫൈ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍) ഇങ്ങനെയാണ് വന്നത് എന്നു ടിഡിപി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍