UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗെയില്‍ പൈപ്പ്‌ലൈന്‍: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; നഷ്ടപരിഹാര തുക കൂട്ടണമെന്നും അഭിഭാഷക കമ്മീഷന്‍

തീരമേഖലയിലൂടെ കുഴല്‍ സ്ഥാപിക്കാനുള്ള ബദല്‍റൂട്ടിന്റെ സാധ്യത ഈ ഘട്ടത്തിലും പരിഗണിക്കാവുന്നതാണെന്നും അഭിഭാഷക കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗെയ്ല്‍ പ്രകൃതിവാതകക്കുഴല്‍ സ്ഥാപിക്കുമ്പോള്‍ സുരക്ഷാമാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് അഭിഭാഷക കമ്മിഷണര്‍. പലസ്ഥലത്തും കുഴല്‍ കടന്നുപോകുന്നത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ക്കൂടിയാണ്. ഇവിടങ്ങളില്‍ വിദഗ്ധര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് കമ്മീഷന്‍ പറയുന്നു. നിലവില്‍ പലയിടത്തും നഷ്ടപരിഹാരം കുറവാണ് എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാര തുക ഉയര്‍ത്തണം. തീരമേഖലയിലൂടെ കുഴല്‍ സ്ഥാപിക്കാനുള്ള ബദല്‍റൂട്ടിന്റെ സാധ്യത ഈ ഘട്ടത്തിലും പരിഗണിക്കാവുന്നതാണെന്നും അഭിഭാഷക കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പിന്നീട് കോടതിയുടെ പരിഗണനയില്‍ വരും.

ഹരിതസേന സമഗ്ര കാര്‍ഷിക ഗ്രാമവികസന സമിതിക്ക് വേണ്ടി ചെയര്‍മാന്‍ വി.ടി.പ്രദീപ് കുമാറും കുഴല്‍ പോകുന്നയിടങ്ങളിലെ സ്ഥാപന ഉടമകളും വീട്ടുകാരും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിലാണ് അഭിഭാഷക കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിക്കാര്‍ ആക്ഷേപമുന്നയിച്ച പ്രദേശങ്ങളിലായിരുന്നു പരിശോധന നടന്നത്. അതേസമയം ഗെയില്‍ പൈപ്പ് ലൈനിനായി ഭൂമി വിട്ടുനല്‍കേണ്ടി വരുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരേയും വീട് വയ്ക്കാന്‍ മറ്റ് സ്ഥലങ്ങളില്ലാത്തവരേയും പുനരധിവസിപ്പിക്കുമെന്നാണ് വ്യവസായ മന്ത്രി എസി മൊയ്തീന്‍ പറയുന്നത്.

റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റുകാര്യങ്ങള്‍:

* ജനസാന്ദ്രത കുറഞ്ഞതെന്നനിലയില്‍ ഗെയ്ല്‍ മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ പലസ്ഥലങ്ങളിലും ജനം തിങ്ങിപ്പാര്‍ക്കുന്നു. ഈ പ്രദേശങ്ങള്‍ നാലാം വിഭാഗത്തില്‍ വരേണ്ടതാണ്.

* സുരക്ഷാ പരിശോധനയ്ക്ക് വിദഗ്ധനെ നിയോഗിക്കണം. കുഴലിന്റെ മികവ് വിദഗ്ധര്‍ പരിശോധിക്കേണ്ടതുണ്ട്. ഉപയോഗത്തിനായി എത്തിച്ച കുഴലുകളുടെ പുറംഭാഗത്ത് തുരുമ്പുപിടിച്ചിട്ടുണ്ട്.

* ചിലയിടങ്ങളില്‍ വാല്‍വ് സ്റ്റേഷന്‍ 23 കിലോമീറ്റര്‍ വരെ അകലത്തിലായുണ്ട്. ജനവാസപ്രദേശത്ത് എട്ടുമുതല്‍ 16 വരെ അടുപ്പിച്ച് വാല്‍വ് സ്റ്റേഷന്‍ വേണമെന്നാണ് സുരക്ഷാവ്യവസ്ഥ.

* ചിലസ്ഥലങ്ങളില്‍ പാര്‍പ്പിടത്തില്‍നിന്ന് നിര്‍ദിഷ്ട അകലം പാലിക്കാതെ അലൈന്‍മെന്റ് നിശ്ചയിച്ചിട്ടുണ്ട്.

* നെല്‍പ്പാടങ്ങളിലൂടെ നിശ്ചയിച്ച ആദ്യ അലൈന്‍മെന്റ് പിന്നീട് പാര്‍പ്പിടമേഖലയിലൂടെയാക്കി. ഇതിന് യുക്തിസഹമായ കാരണം കാണുന്നില്ല.

* നാദാപുരം കാക്കുംപള്ളിയില്‍ ബദല്‍ റൂട്ട് തയ്യാറാക്കിയെങ്കിലും രേഖകള്‍ കൈവശമില്ലെന്ന് ഗെയ്ല്‍ പറയുന്നു. അതിനാല്‍ ഇവിടങ്ങളില്‍ പരിശോധന നടത്താനായില്ല.

* ഉണ്ണികുളത്ത് വില്ലേജ് ഓഫീസര്‍ നിര്‍ദേശിച്ച ബദല്‍റൂട്ട് സ്വീകരിച്ചാല്‍ ജനവാസമേഖല ഒഴിവാക്കാം.

കോടതി ചോദിച്ചത്

* കുഴല്‍ പോകുന്ന സ്ഥലം ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ ഏതുവിഭാഗത്തില്‍ വരും?
* നിര്‍ദിഷ്ട സുരക്ഷാമാനദണ്ഡം പാലിച്ചാണോ കുഴലുകള്‍ സ്ഥാപിച്ചത്.

* കുഴല്‍ സുരക്ഷാമാനദണ്ഡപ്രകാരമുള്ളതാണോ?
* മറ്റുപ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടോ?

സന്ദര്‍ശിച്ചയിടങ്ങള്‍:

* തൃശ്ശൂര്‍ പെരുമ്പിലാവ് കവല * മലപ്പുറം വളാഞ്ചേരി ടൗണ്‍ * മലപ്പുറം ടൗണ്‍ * വടകരയ്ക്കടുത്ത് തൂണേരി * നാദാപുരം കാക്കുംപള്ളി * നാദാപുരം കുമ്മനംകോട് * താമരശ്ശേരി ശിവപുരം, ഉണ്ണികുളം, ചൊക്കൂര്‍, മുക്കം ചെറുതടം-താഴിക്കോട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍