UPDATES

ബ്ലോഗ്

നിപയും പ്രളയും ഉരുള്‍ പൊട്ടലും കടലാക്രമണവുമൊക്കെ അതിജീവിച്ച സംസ്ഥാനത്തെ ഇവരുടെ ഇച്ഛാശക്തിയുടെ ഫലമാണീ എസ്എസ്എല്‍സി റിസള്‍ട്ട്

നിപാ ബാധിത പ്രദേശങ്ങളില്‍ ജൂണ്‍ 12 നാണു ക്ലാസ് തുടങ്ങിയതു തന്നെ. അതിനു തൊട്ടു പുറകെ തുടങ്ങി ഉരുള്‍ പൊട്ടലും കടലാക്രമണവും സ്‌കൂളുകള്‍ക്ക് അവധിയും.

പ്രളയത്തെ അതിജീവിച്ച ഒരു സംസ്ഥാനത്തെ വിദ്യാലയങ്ങളും കുട്ടികളുമാണു ഈ എസ് എസ് എല്‍ സി പരീക്ഷയെഴുതിയത് എന്ന വസ്തുത എല്ലാ ചാനലുകളും സൗകര്യപൂര്‍വ്വം മറക്കുന്നത് കാണാന്‍ നല്ല രസമുണ്ട്.

രണ്ടോ മൂന്നോ ദിവസമല്ല കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ അദ്ധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ടത്. നിപാ ബാധിത പ്രദേശങ്ങളില്‍ ജൂണ്‍ 12 നാണു ക്ലാസ് തുടങ്ങിയതു തന്നെ. അതിനു തൊട്ടു പുറകെ തുടങ്ങി ഉരുള്‍ പൊട്ടലും കടലാക്രമണവും സ്‌കൂളുകള്‍ക്ക് അവധിയും. ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഏതാണ്ട് ഒന്നിടവിട്ട ദിവസങ്ങളില്‍ സ്‌കൂളവധിയായിരുന്നെന്നു പറയാം. ഉച്ചയ്ക്ക് അവധി പ്രഖ്യാപിച്ച ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ഏതാണ്ട് ജൂലൈ മാസം മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓണപ്പരീക്ഷയോടടുത്തു കൊണ്ടിരുന്ന സമയത്താണല്ലോ പ്രളയത്തിന്റെ സംഹാരതാണ്ഡവം മൂര്‍ദ്ധന്യത്തിലെത്തുന്നത്. ഓണപ്പരീക്ഷ പോയിട്ട് ഇക്കൊല്ലം എസ്. എസ്. എല്‍. സി പരീക്ഷ എങ്ങനെ നടത്തുമെന്ന് പിടിയില്ലാത്ത അവസ്ഥ.

രണ്ടാം നില വരെ മുങ്ങിപ്പോയ സ്‌കൂളുകള്‍. ലാബുകള്‍, ലൈബ്രറികള്‍, ഓഫീസ് ഫയലുകള്‍ – എല്ലാം നഷ്ടപ്പെട്ട സ്‌കൂളുകള്‍. പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും യൂണിഫോമും, സാധാരണ വസ്ത്രങ്ങളും എല്ലാം നഷ്ടപ്പെട്ട കുട്ടികള്‍. വീടുകള്‍ നഷ്ടപ്പെട്ടവര്‍.

ഈ സാഹചര്യങ്ങളെ അതിജീവിച്ചാണു കേരളം ഈ കുട്ടികളെ എസ്. എസ്. എല്‍. സി പരീക്ഷയ്ക്ക് അയച്ചതെന്ന് മറക്കരുത്.

റെക്കോഡ് വേഗതയില്‍ ടെക്സ്റ്റ് ബുക്കുകള്‍ അച്ചടിച്ച് സ്‌കൂളുകളിലെത്തി. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും തയ്യാറാക്കിക്കൊടുത്തു. സൗജന്യമായി യൂണിഫോം വിതരണാം ചെയ്തു.

ലാബുകളിലേക്ക് വേണ്ട ഉപകരണങ്ങളെത്തി ഉച്ചഭക്ഷണപദ്ധതി പുനരാരംഭിച്ചു. . പാത്രങ്ങള്‍ പോലും ഒലിച്ചു പോയ സ്‌കൂളുകളുണ്ടായിരുന്നല്ലൊ.

ഒരുപക്ഷെ, ആരുമറിയാതെ, അദ്ധ്യാപക സംഘടനകളുടെയും വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനമായിരുന്നു നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വേണ്ട നോട്ടുകള്‍ തയ്യാറാക്കിക്കൊടുക്കല്‍. അദ്ധ്യാപക സംഘടനകളുടെ വെബ് സൈറ്റുകളും ബ്ലോഗുകളും വഴി അഭ്യര്‍ത്ഥനകള്‍ വന്നു – എല്ലാ അദ്ധ്യാപകരും പരമാവധി നോട്ടുകള്‍ സ്‌കാന്‍ ചെയ്‌തോ, ടൈപ്പ് ചെയ്‌തോ പറ്റും പോലെയൊക്കെ അപ് ലോഡ് ചെയ്യാന്‍. ആ നോട്ടുകളുടെ പ്രിന്റ് ഔട്ട് എടുത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഒരുപാട് വളണ്ടിയര്‍മാരും നോട്ടുകള്‍ എഴുതിക്കൊടുക്കുന്ന ജോലിയില്‍ സഹകരിച്ചു. എച്ച്. എസ് എസ്. ലൈവ് തുടങ്ങിയ വെബ് സൈറ്റുകളും കണക്ക് അദ്ധ്യാപകരുടെ ബ്ലോഗ് തുടങ്ങിയവയും വളരെ വലിയ പ്രവര്‍ത്തനമാണു ചെയ്തതെന്നറിയുന്നു.

വിദ്യാഭ്യാസവകുപ്പിന്റെയും അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ഇച്ഛാശക്തിയുടെ ഫലമാണീ വര്‍ഷത്തെ എസ്. എസ്. എല്‍. സി. റിസള്‍ട്ടെന്നത് മറക്കാതിരിക്കുക.

(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

രേണു രാമനാഥ്

രേണു രാമനാഥ്

ജേര്‍ണലിസ്റ്റ്, കലാ, സാംസ്കാരിക, നാടക പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍