UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്റ്റവെസ്റ്റ്‌ലാന്റ് കേസ്: ക്രിസ്റ്റ്യന്‍ മിഷേലിനെ ഡിസംബര്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ദുബായില്‍ നിന്ന് നേരത്തെ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുള്ള ക്രിസ്റ്റ്യന്‍ മിഷേല്‍ വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നല്‍കുന്നതിനെ സിബിഐ എതിര്‍ത്തു.

അഗസ്റ്റവെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹി കോടതി ഡിസംബര്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ 22ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ദുബായില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന മിഷേല്‍ കഴിഞ്ഞ 14 ദിവസമായി സിബിഐ കസ്റ്റഡിയിലായിരുന്നു ക്രിസ്റ്റ്യന്‍ മിഷേല്‍. തനിക്കെതിരെ ഒരു തെളിവും സിബിഐയുടെ കയ്യിലില്ലെന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍ കോടതിയില്‍ വാദിച്ചു.

പണമിപാട് നടത്തിയതായി സംശയിക്കുന്ന ക്രിസ്റ്റ്യന്‍ മിഷേലിന്റെ ദുബായിലെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ നേടാനുള്ള സിബിഐയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. മിഷേലിന് അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കിനെ എച്ച്എസ്ബിസി എറ്റെടുത്തത് മൂലം പഴയ രേഖകള്‍ ലഭ്യമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണിത്. ഇന്ത്യയുടെ എക്‌സ്ട്രാഡിഷന്‍ അപേക്ഷ പരിഗണിച്ച് ഡിസംബര്‍ മൂന്നിനാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുതരാന്‍ ദുബായ് ഗവണ്‍മെന്റ് ഉത്തരവിട്ടത്. ഡിസംബര്‍ നാലിന് മിഷേലിനെ ഡല്‍ഹിയിലെത്തിച്ചു.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ളവര്‍ക്ക് സഞ്ചരിക്കുന്നതിനായി 12 വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ കരാറിലാണ് അഴിമതി ആരോപണം. കൈക്കൂലി ആരോപണങ്ങളെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിന്റ അവസാന വര്‍ഷം കരാറില്‍ നിന്ന് പിന്മാറിയിരുന്നു. ക്രിസ്റ്റ്യന്‍ മിഷേല്‍ അടക്കം മൂന്ന് ഇടനിലക്കാര്‍ അഗസ്റ്റവെസ്റ്റ്‌ലാന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആരോപിക്കുന്നു. 225 കോടി രൂപയോളം അഗസ്റ്റ, മിഷേലിന് കൈക്കൂലിയായി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

ദുബായില്‍ നിന്ന് നേരത്തെ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുള്ള ക്രിസ്റ്റ്യന്‍ മിഷേല്‍ വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നല്‍കുന്നതിനെ സിബിഐ എതിര്‍ത്തു. ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളുമായും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ളയാളാണ് ക്രിസ്റ്റിയന്‍ മിഷേല്‍ എന്ന് സിബിഐ പറയുന്നു. വളരെ ബുദ്ധിമുട്ടിയാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചത്. മിഷേല്‍ അന്വേഷണവുമായി വേണ്ടവിധം സഹകരിക്കുന്നില്ല. ഇനിയും മിഷേലിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. മുംബൈയിലെ പവന്‍ ഹാന്‍സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട മിഷേലിന്റെ വിലപേശലുകളും ചര്‍ച്ചകളും പരിശോധിക്കേണ്ടതുണ്ട്. മിഷേലിനെ ഇതിനായി മുംബൈയിലേയ്ക്ക് കൊണ്ടുപോകണമെന്നും സിബിഐ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍