UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാര്‍ സമ്മര്‍ദ്ദമെന്ന് സംശയം: റാഫേല്‍ കരാറിനെ ന്യായീകരിച്ച് വ്യോമസേന മേധാവി ധനോവ

റാഫേല്‍ കരാറില്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്നതിനായി വ്യോമസേന ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്നതായും സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വ്യോമസേന മേധാവി ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിവാദമായ റാഫേല്‍ യുദ്ധ വിമാനകരാറില്‍ മോദി സര്‍ക്കാരിനെ ന്യായീകരിച്ചും പിന്തുണച്ചും വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദ്ര സിംഗ് ധനോവ. ഇന്ത്യയെ പോലെ മറ്റൊരു രാജ്യവും ഇത്ര വലിയ സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് ബിഎസ് ധനോവ വാദിക്കുന്നു. എയര്‍ഫോഴ്സിന്‍റെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ശത്രുക്കളായ അയല്‍ക്കാര്‍ വെറുതെ ഇരിക്കുകയല്ല. ചൈന തങ്ങളുടെ വ്യോമസേനയെ ആധുനീകരിക്കുകയും കാര്യമായി വികസിപ്പിക്കുകയും ചെയ്തത് എയര്‍ ചീഫ് മാര്‍ഷല്‍ ചൂണ്ടിക്കാട്ടി. ഐഎഎഫ് ഫോഴ്സ് സ്ട്രക്ചര്‍ 2035 എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയര്‍ഫോഴ്സിന്‍റെ കുറവുകള്‍ നികത്താനും പരിഹരിക്കാനും ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ധനോവ അഭിപ്രായപ്പെട്ടു. 42 സ്ക്വാഡ്രണ്‍ വിമാനങ്ങള്‍ വേണ്ടിടത്ത് നിലവില്‍ എയര്‍ഫോഴ്സിനുള്ളത് 31 എണ്ണം മാത്രമാണ്. 42 എണ്ണം ഉണ്ടായാല്‍ പോലും ചൈനയുടേയും പാകിസ്താന്‍റേയും സ്ക്വാഡ്രണുകള്‍ മൊത്തത്തിലെടുത്താല്‍ ഇതിനേക്കാള്‍ അധികം വരും. യുപിഎ കാലത്തെ കരാറില്‍ മാറ്റം വരുത്തി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ റാഫേല്‍ കരാറുമായി ബന്ധപ്പെച്ച് അഴിമതി ആരോപണം നിലനില്‍ക്കുകയും വിവാദങ്ങള്‍ തുടരുകയും ചെയ്യുന്നതിന് ഇടയിലാണ് വ്യോമസേന മേധാവിയുടെ പ്രസ്താവന. റാഫേല്‍ കരാറില്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്നതിനായി വ്യോമസേന ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്നതായും സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വ്യോമസേന മേധാവി ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സാമൂഹ്യപ്രവര്‍ത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍, റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് വാര്‍ത്താസമ്മേളനം നടത്തി ആരോപിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാല്‍ ന്യായീകരണത്തിനായി വ്യോമസേന ഉദ്യോഗസ്ഥരെ ഇറക്കിയിരിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. 126 വിമാനങ്ങള്‍ വാങ്ങാനുള്ള യുപിഎ സര്‍ക്കാരിന്‍റെ തീരുമാനവും നടപടികളും മാറ്റി, അതിലും കൂടിയ വിലയ്ക്ക് 36 വിമാനങ്ങള്‍ മാത്രം വാങ്ങാനുള്ള തീരുമാനമാണ് വലിയ വിവാദമായത്. ഫ്രഞ്ച് കമ്പനി ദസോള്‍ട്ട് ഏവിയേഷന്‍റെ കരാര്‍ പങ്കാളിയായി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്ന് മാറ്റി, പ്രതിരോധ രംഗത്ത് യാതൊരു മുന്‍ പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിയായ, അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിന് നല്‍കിയതാണ് മറ്റൊരു പ്രധാന വിവാദം. വലിയ അഴിമതിയാണ് റാഫേല്‍ ഇടപാടില്‍ നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍