UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെടുമ്പാശേരിയില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി; യാത്രക്കാര്‍ സുരക്ഷിതര്‍, ഒഴിവായത് വന്‍ ദുരന്തം

അബുദാബിയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനമാണ് ലാന്‍ഡിംഗിന് ശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍പെട്ടത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം ട്രാക്കില്‍ നിന്ന് ഓടയിലേക്ക് തെന്നിമാറി. ലാന്‍ഡിംഗിന് പിന്നാലെയാണ് സംഭവം. അബുദാബിയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ ബോയിംഗ് 737-800 വിമാനമാണ് ലാന്‍ഡിംഗിന് ശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍പെട്ടത്. വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരടക്കം എല്ലാവരും സുരക്ഷിതരാണ്.

പുലര്‍ച്ചെ 2.40നാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. വിമാനത്തിന്റെ നോസ് വീല്‍ തകര്‍ന്നു. ടാക്‌സിവേയും ഏപ്രണിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് പാതയിലാണ് അപകടം. ഇവിടെ യഥാർത്ഥ ദിശയിൽ നിന്ന് 90 മീറ്റർ മുമ്പായി വിമാനം തിരിഞ്ഞതാണ് അപകടകാരണം. ഇതോടെ വിമാനത്തിന്റെ പിൻചക്രങ്ങൾ കാനയിൽ കുടുങ്ങി. യാത്രക്കാരെ ലാഡറിലൂടെ പുറത്തെത്തിച്ചു.

ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡിജിസിഎയും (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) സംഭവം അന്വേഷിക്കും. കഴിഞ്ഞയാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒമ്പത് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍